മുംബൈ: ഏഷ്യാ കപ്പിനായുള്ള അവസാന ഘട്ട പടയൊരുക്കത്തിലാണ് ഇന്ത്യ. ഏകദിന ലോകകപ്പ് വരാനിരിക്കെ ഏഷ്യാ കപ്പ് സ്വന്തമാക്കേണ്ടത് ഇന്ത്യയെ സംബന്ധിച്ച് അഭിമാന പ്രശ്‌നമാണെന്ന് പറയാം. അതുകൊണ്ടുതന്നെ ഏഷ്യാ കപ്പിനെ വലിയ പ്രാധാന്യത്തോടെയാണ് ഇന്ത്യ കാണുന്നത്. രോഹിത് ശര്‍മക്ക് കീഴില്‍ ശക്തമായ താരനിരയുമായാണ് ഇന്ത്യ ഇറങ്ങുന്നത്. ശ്രേയസ് അയ്യര്‍, കെ എല്‍ രാഹുല്‍ എന്നിവരെല്ലാം ഇന്ത്യന്‍ ടീമിലേക്ക് തിരിച്ചെത്തിയിട്ടുണ്ട്.
ഇത് ടീമിന് ആത്മവിശ്വാസം നല്‍കും. അവസാന ഏഷ്യാ കപ്പില്‍ ഫൈനല്‍ കളിക്കാന്‍ സാധിക്കാത്ത ഇന്ത്യക്ക് ഇത്തവണ കപ്പ് നേടേണ്ടത് പ്രധാനപ്പെട്ട കാര്യമാണ്. ഏഷ്യാ കപ്പില്‍ ഇന്ത്യയുടെ മാച്ച് വിന്നര്‍മാരായ ചില താരങ്ങളുണ്ട്. വിരാട് കോലിയുടെ ക്യാപ്റ്റന്‍സിക്ക് കീഴില്‍ വളരുകയും രോഹിത് ശര്‍മ വജ്രായുധങ്ങളായി കാണുകയും ചെയ്യുന്ന ചില താരങ്ങള്‍. അത് ആരൊക്കെയാണെന്ന് പരിശോധിക്കാം.
ഒന്നാമത്തെ താരം മുഹമ്മദ് സിറാജാണ്. മൂന്ന് ഫോര്‍മാറ്റിലും ഇന്ത്യയുടെ വിശ്വസ്തനായ പേസറായി മാറാന്‍ സിറാജിന് സാധിച്ചിട്ടുണ്ട്. കോലിക്ക് കീഴില്‍ വളര്‍ന്ന താരമാണ് സിറാജ്. ഐപിഎല്ലില്‍ ആര്‍സിബിക്കൊപ്പം കളിച്ചാണ് സിറാജ് ഇന്ത്യന്‍ ടീമിലേക്കെത്തുന്നത്. കരിയറിന്റെ തുടക്ക സമയത്ത് തല്ലുകൊള്ളിയായ ബൗളറെന്ന വിശേഷണമായിരുന്നു സിറാജിന് ഉണ്ടായിരുന്നത്. റണ്‍സ് വിട്ടുകൊടുക്കാന്‍ മടിയില്ലാത്ത സിറാജിന് വലിയ പിന്തുണയാണ് കോലി നല്‍കിയത്.
എല്ലാവരും വിമര്‍ശിക്കുമ്പോഴും സിറാജിന്റെ മികവില്‍ കോലി വിശ്വാസം അര്‍പ്പിച്ചു. തെറ്റുകളില്‍ നിന്ന് പഠിക്കുകയും പ്രകടനം മെച്ചപ്പെടുത്തുകയും ചെയ്ത സിറാജ് ഇന്ന് ഇന്ത്യയുടെ സുപ്രധാന ബൗളര്‍മാരിലൊരാളാണ്. ന്യൂബോളിലും ഡെത്തോവറിലും ഒരുപോലെ മികവ് കാട്ടുന്ന സിറാജ് ഏഷ്യാ കപ്പിലും ഏകദിന ലോകകപ്പിലും ഇന്ത്യന്‍ ടീമിലുണ്ടാവും. കോലി വളര്‍ത്തിയ സിറാജാണ് ഇന്ന് രോഹിത്തിന്റെ ബൗളിങ് നിരയിലെ പ്രധാനിയെന്ന് പറയാം.

രണ്ടാമത്തെ താരം കുല്‍ദീപ് യാദവാണ്. ഇന്ത്യയുടെ ചൈനാമാന്‍ സ്പിന്നറാണ് കുല്‍ദീപ്. ഇപ്പോള്‍ പരിമിത ഓവറിലെ സ്‌പെഷ്യലിസ്റ്റ് സ്പിന്നറായി ഇന്ത്യ പരിഗണിക്കുന്നത് കുല്‍ദീപിനെയാണ്. ഏഷ്യാ കപ്പില്‍ കുല്‍ദീപ് ഇടം നേടിക്കഴിഞ്ഞു. ഏകദിന ലോകകപ്പിലും കുല്‍ദീപ് യാദവിന് ഇന്ത്യ ടീമിലിടം നല്‍കുമെന്നുറപ്പ്. കോലിക്ക് കീഴില്‍ വളര്‍ന്ന കുല്‍ദീപിനെ രോഹിത് നായകനായ ശേഷവും ടീമില്‍ സ്ഥാനം നല്‍കുന്നു. രോഹിത്തിന്റെയും വിശ്വസ്തനായ സ്പിന്നറാണ് കുല്‍ദീപ്.
കൂട്ടുകെട്ടുകള്‍ പൊളിക്കാനും മധ്യ ഓവറുകളില്‍ വിക്കറ്റ് നേടാനും കുല്‍ദീപ് മിടുക്കനാണ്. ഈ കഴിവ് അധികമാര്‍ക്കും അവകാശപ്പെടാനാവാത്തതാണ്. ഏഷ്യാ കപ്പിലും ഏകദിന ലോകകപ്പിലും ഇന്ത്യ വലിയ പ്രാധാന്യത്തോടെയാണ് കുല്‍ദീപിനെ കാണുന്നത്. കോലി പ്രതിഭ തിരിച്ചറിയുകയും വളര്‍ത്തുകയും ചെയ്ത താരമാണ് കുല്‍ദീപ് യാദവ്. താരത്തിന്റെ സമീപകാല പ്രകടനങ്ങളെല്ലാം മികച്ചതാണ്.
ശര്‍ദ്ദുല്‍ താക്കൂറാണ് മറ്റൊരാള്‍. ഇന്ത്യയുടെ പേസ് ഓള്‍റൗണ്ടറായ ശര്‍ദ്ദുല്‍ മൂന്ന് ഫോര്‍മാറ്റിലും ഒരുപോലെ മികവ് കാട്ടുന്നവനാണ്. മധ്യ ഓവറുകളില്‍ വിക്കറ്റ് നേടാനും അത്യാവശ്യ ഘട്ടങ്ങളില്‍ ബാറ്റുകൊണ്ട് മികവ് കാട്ടാനും ശര്‍ദ്ദുലിന് കഴിവുണ്ട്. ഹാര്‍ദിക് പാണ്ഡ്യയ്‌ക്കൊപ്പം ഇന്ത്യ പരിഗണിക്കുന്ന പേസ് ഓള്‍റൗണ്ടറാണ് ശര്‍ദ്ദുല്‍. ഇന്ത്യന്‍ സാഹചര്യങ്ങളില്‍ വിക്കറ്റ് നേടാന്‍ താരത്തിന് കഴിവുണ്ട്. നന്നായി സ്ലോ ബോളുകളെറിയാന്‍ ശര്‍ദ്ദുലിന് സാധിക്കും. സ്ലോ ബൗണ്‍സറുകളിലൂടെ വിക്കറ്റ് നേടാനും മിടുക്കന്‍.
വിരാട് കോലി ക്യാപ്റ്റനായിരിക്കെ പിന്തുണച്ച വളര്‍ത്തി ശര്‍ദ്ദുല്‍ നിര്‍ണ്ണായക സമയത്ത് ബാറ്റുകൊണ്ട് മിടുക്കുകാട്ടുന്നവനാണ്. അതുകൊണ്ടാണ് ശര്‍ദ്ദുലിനെ ലോര്‍ഡ് ശര്‍ദ്ദുല്‍ എന്ന് ആരാധകര്‍ വിശേഷിപ്പിക്കുന്നത്. ഏഷ്യാ കപ്പില്‍ സീറ്റ് നേടിയ ശര്‍ദ്ദുല്‍ ഏകദിന ലോകകപ്പിലും ഇന്ത്യന്‍ ടീമിലുണ്ടാവുമെന്ന കാര്യം ഉറപ്പാണ്. ശര്‍ദ്ദുലിന്റെ പ്രകടനം ഏഷ്യാ കപ്പിലും ഇന്ത്യക്ക് നിര്‍ണ്ണായകമായി മാറും.