ഏഷ്യാ കപ്പിനായുള്ള കാത്തിരിപ്പ് അവസാനിക്കാന്‍ ഇനി 10 ദിവസമാണ് ബാക്കി. ഈ മാസം 30നാണ് ഏഷ്യയിലെ രാജാക്കന്മാരെ തേടിയുള്ള ക്രിക്കറ്റ് പോരിന് തുടക്കമാവുന്നത്. അവസാന ഏഷ്യാ കപ്പില്‍ ശ്രീലങ്കയാണ് ചാമ്പ്യന്മാരായത്. ഇത്തവണ ഏഷ്യാ കപ്പില്‍ കിരീടം തിരിച്ചുപിടിക്കാമെന്ന പ്രതീക്ഷയിലാണ് ഇന്ത്യ. ഏകദിന ലോകകപ്പ് പടിവാതുക്കല്‍ എത്തിനില്‍ക്കവെ ഇത്തവണ ഏഷ്യയിലെ രാജാക്കന്മാരാവേണ്ടത് ഇന്ത്യയെ സംബന്ധിച്ച് അഭിമാന പ്രശ്‌നമാണ്.
ഇത്തവണ കരുത്തുറ്റ താരനിരയാണ് ഇന്ത്യക്കുള്ളത്. ബാറ്റിങ്ങിലും ബൗളിങ്ങിലും ടീം സംതുലിതമാണ്. മികച്ച പ്രകടനം കാഴ്ചവെക്കാന്‍ ശേഷിയുള്ള താരങ്ങളാണ് ഇന്ത്യക്കൊപ്പമുള്ളത്. അവസാന അഞ്ച് ഏഷ്യാ കപ്പ് ടൂര്‍ണമെന്റുകള്‍ പരിഗണിച്ചാല്‍ ഇന്ത്യക്കായി കൂടുതല്‍ റണ്‍സ് നേടിയ താരങ്ങള്‍ ആരൊക്കെയാണെന്ന് അറിയാമോ?. പരിശോധിക്കാം. 2012ലെ ഏഷ്യാ കപ്പില്‍ ഇന്ത്യക്കായി കൂടുതല്‍ റണ്‍സ് നേടിയത് വിരാട് കോലിയാണ്. ടൂര്‍ണമെന്റില്‍ 357 റണ്‍സാണ് കോലി നേടിയത്.

രണ്ട് സെഞ്ച്വറിയും ഒരു അര്‍ധ സെഞ്ച്വറിയുമടക്കം ടൂര്‍ണമെന്റിലെ ടോപ് സ്‌കോററാവാന്‍ കോലിക്ക് സാധിച്ചു. 2014ലെ ഏഷ്യാ കപ്പില്‍ ഇന്ത്യന്‍ താരങ്ങളുടെ പ്രകടനം പൊതുവേ നിരാശപ്പെടുത്തുന്നതായിരുന്നു. ഇടം കൈയന്‍ ഓപ്പണര്‍ ശിഖര്‍ ധവാനാണ് ഇന്ത്യക്കാരില്‍ തലപ്പത്ത്. നാല് മത്സരത്തില്‍ നിന്ന് 192 റണ്‍സാണ് ധവാന്‍ അടിച്ചെടുത്തത്. രണ്ട് അര്‍ധ സെഞ്ച്വറിയും ഇതില്‍ ഉള്‍പ്പെടും. വിരാട് കോലി 189 റണ്‍സും അജിന്‍ക്യ രഹാനെ 174 റണ്‍സുമാണ് നേടിയത്.
279 റണ്‍സുമായി ലഹിരു തിരുമനെയാണ് 2014ലെ ഏഷ്യാ കപ്പിലെ റണ്‍വേട്ടക്കാരില്‍ ഒന്നാമതായത്. 2016ലെ ഏഷ്യാ കപ്പില്‍ ഇന്ത്യക്കായി കൂടുതല്‍ റണ്‍സടിച്ചത് വിരാട് കോലിയാണ്. 153 റണ്‍സാണ് അദ്ദേഹം നേടിയത്. ഒരു അര്‍ധ സെഞ്ച്വറി മാത്രമാണ് അദ്ദേഹത്തിന്റെ അക്കൗണ്ടില്‍ ഉണ്ടായിരുന്നത്. 194 റണ്‍സുമായി ഹോങ്കോങ്ങിന്റെ ബാബര്‍ ഹയാത്താണ് റണ്‍വേട്ടക്കാരില്‍ ഒന്നാമതായത്. രോഹിത് ശര്‍മ 138 റണ്‍സാണ് 2016ലെ ഏഷ്യാ കപ്പില്‍ നേടിയത്.
2018ലെ ഏഷ്യാ കപ്പില്‍ ടോപ് സ്‌കോററായ ഇന്ത്യക്കാരന്‍ ശിഖര്‍ ധവാനാണ്. അഞ്ച് മത്സരത്തില്‍ നിന്ന് 342 റണ്‍സുമായി ടൂര്‍ണമെന്റിലെ റണ്‍വേട്ടക്കാരില്‍ ധവാന്‍ തലപ്പത്തായിരുന്നു. രണ്ട് സെഞ്ച്വറികളാണ് അദ്ദേഹം നേടിയത്. 317 റണ്‍സുമായി രോഹിത്തും കസറിയിരുന്നു. 1 സെഞ്ച്വറിയും 2 ഫിഫ്റ്റുമാണ് രോഹിത് അടിച്ചെടുത്തത്. 2018ല്‍ രോഹിത് ശര്‍മക്ക് കീഴില്‍ ഇന്ത്യ ഏഷ്യാ കപ്പ് കിരീടം സ്വന്തമാക്കുകയും ചെയ്തു. വിരാട് കോലിയുടെ അഭാവത്തിലാണ് ഇന്ത്യയെ രോഹിത് നയിച്ചത്.
അവസാന ഏഷ്യാ കപ്പില്‍ ഇന്ത്യക്ക് ഫൈനലില്‍ കടക്കാനായില്ല. ഇന്ത്യയുടെ റണ്‍വേട്ടക്കാരില്‍ ഒന്നാം സ്ഥാനത്ത് നിന്നത് വിരാട് കോലിയാണ്. 276 റണ്‍സുമായി റണ്‍വേട്ടക്കാരില്‍ രണ്ടാം സ്ഥാനത്തായിരുന്നു കോലി. 1 സെഞ്ച്വറിയും 2 അര്‍ധ സെഞ്ച്വറിയുമാണ് കോലി നേടിയത്. ദൗര്‍ഭാഗ്യവശാല്‍ ഇന്ത്യക്ക് ഫൈനല്‍ സീറ്റ് നേടാനായില്ല.
ഇത്തവണത്തെ ഏഷ്യാ കപ്പില്‍ ആരാവും ഇന്ത്യയുടെ റണ്‍വേട്ടക്കാരനെന്നത് കാത്തിരുന്ന് കണ്ടറിയണം. രോഹിത് ശര്‍മ, വിരാട് കോലി എന്നിവരുടെ ബാറ്റിലാണ് ഇന്ത്യയുടെ എല്ലാ പ്രതീക്ഷകളും. ശ്രീലങ്കയിലാണ് ഇത്തവണ ഇന്ത്യയുടെ മത്സരങ്ങള്‍ നടക്കാന്‍ പോകുന്നത്. കോലിക്കും രോഹിത്തിനും ശ്രീലങ്കയില്‍ ഗംഭീര റെക്കോഡ് അവകാശപ്പെടാം. അതുകൊണ്ടുതന്നെ ഇന്ത്യക്ക് കപ്പ് നേടാന്‍ ഇരുവരുടേയും തകര്‍പ്പന്‍ പ്രകടനം അത്യാവശ്യമാണെന്ന് പറയാം.
വിരാട് കോലിയാണ് അവസാന അഞ്ച് ഏഷ്യാ കപ്പില്‍ മൂന്ന് തവണയും ഇന്ത്യയുടെ റണ്‍വേട്ടക്കാരില്‍ തലവനായത്. രണ്ട് തവണ ധവാന്‍ ഈ നേട്ടത്തിലെത്തി. ഇത്തവണ ധവാന്‍ ഇന്ത്യന്‍ ടീമിലുണ്ടാകില്ലെന്നുറപ്പാണ്. അതുകൊണ്ടുതന്നെ കോലി റണ്‍വേട്ടക്കാരില്‍ വീണ്ടും ഒന്നാമനാവുമോ അതോ രോഹിത് ശര്‍മ കോലിയുടെ കുതിപ്പിനെ മറികടക്കുമോ അതോ മറ്റാരെങ്കിലും ഈ സ്ഥാനത്തേക്ക് എത്തുമോ എന്നത് കാത്തിരുന്ന് കാണാം.