കൊളംബോ: ഏഷ്യാ കപ്പിലെ സൂപ്പര്‍ ഫോര്‍ പോരാട്ടത്തില്‍ ശ്രീലങ്കയെ 41 റണ്‍സിന് തോല്‍പ്പിച്ച് ഇന്ത്യ. ആദ്യം ബാറ്റുചെയ്ത ഇന്ത്യ 49.1 ഓവറില്‍ 213 റണ്‍സില്‍ കൂടാരം കയറിയപ്പോള്‍ 41.3 ഓവറില്‍ 172 റണ്‍സില്‍ ശ്രീലങ്കയെ കൂടാരം കയറ്റിയാണ് ഇന്ത്യ വിജയം ആഘോഷിച്ചത്.
ഇന്ത്യക്കായി കുല്‍ദീപ് യാദവ് നാല് വിക്കറ്റ് നേടിയപ്പോള്‍ ജസ്പ്രീത് ബുംറ, രവീന്ദ്ര ജഡേജ എന്നിവര്‍ രണ്ടും മുഹമ്മദ് സിറാജ്, ഹാര്‍ദിക് പാണ്ഡ്യ എന്നിവര്‍ ഓരോ വിക്കറ്റും വീഴ്ത്തി.ജയത്തോടെ ഇന്ത്യ ഫൈനലിലും കടന്നു.
ടോസ് നേടി ആദ്യം ബാറ്റിങ് തിരഞ്ഞെടുത്ത രോഹിത് ശര്‍മയുടെ തീരുമാനം ശരിയാണെന്ന് തെളിയിക്കുന്നതായിരുന്നു ഇന്ത്യയുടെ തുടക്കം. രോഹിത് ശര്‍മയും ശുബ്മാന്‍ ഗില്ലും ചേര്‍ന്ന് 80 റണ്‍സിന്റെ ഒന്നാം വിക്കറ്റ് കൂട്ടുകെട്ടാണ് സൃഷ്ടിച്ചത്. അടുത്ത സെഞ്ച്വറി ഓപ്പണിങ് കൂട്ടുകെട്ടിലേക്ക് ഇന്ത്യ പോകുമെന്ന് തോന്നിക്കവെയാണ് ശ്രീലങ്ക വജ്രായുധത്തെ കളത്തിലിറക്കിയത്. 20കാരനായ വെല്ലാലാഗെ ശുബ്മാന്‍ ഗില്ലിനെ (19) പുറത്താക്കി ഇന്ത്യക്ക് ആദ്യ മുന്നറിയിപ്പ് നല്‍കി.
25 പന്ത് നേരിട്ട് 2 ബൗണ്ടറി നേടിയ ഗില്ലിനെ വെല്ലാലാഗെ ക്ലീന്‍ ബൗള്‍ഡ് ചെയ്യുകയായിരുന്നു. പാകിസ്താനെതിരേ സെഞ്ച്വറി നേടിയ വിരാട് കോലിയെ (12 പന്തില്‍ 3) വെല്ലാലാഗെ ദസുന്‍ ഷനകയുടെ കൈയിലെത്തിച്ചു. അര്‍ധ സെഞ്ച്വറിയോടെ മിന്നിച്ച നായകന്‍ രോഹിത് ശര്‍മയേയും (53) വെല്ലാലാഗെ പുറത്താക്കി. 7 ഫോറും 2 സിക്‌സും ഉള്‍പ്പടെ തകര്‍പ്പന്‍ പ്രകടനം നടത്തിയ രോഹിത്തിനേയും വെല്ലാലാഗെ ക്ലീന്‍ബൗള്‍ഡ് ചെയ്യുകയായിരുന്നു.
ഇതോടെ വിക്കറ്റ് പോവാതെ 80 റണ്‍സെന്ന നിലയില്‍ നിന്ന് 91ന് മൂന്ന് എന്ന നിലയിലേക്ക് ഇന്ത്യ തകര്‍ന്നു. നാലാം വിക്കറ്റില്‍ ഇഷാന്‍ കിഷനും (33) കെ എല്‍ രാഹുലും (39) ചേര്‍ന്ന് രക്ഷാപ്രവര്‍ത്തനത്തിന് ശ്രമിച്ചു. 63 റണ്‍സ് കൂട്ടുകെട്ട് സൃഷ്ടിച്ചപ്പോഴേക്കും രാഹുലിനെ വെല്ലാലാഗെ പുറത്താക്കി. 44 പന്ത് നേരിട്ട് 39 റണ്‍സ് നേടിയ രാഹുലിനെ വെല്ലാലാഗെ റിട്ടേണ്‍ ക്യാച്ചിലൂടെയാണ് പുറത്താക്കിയത്. അധികം വൈകാതെ ഇഷാന്‍ കിഷനും പുറത്തായി.

61 പന്ത് നേരിട്ട് 33 റണ്‍സ് നേടിയ ഇഷാനെ ചരിത് അസലന്‍കയുടെ പന്തില്‍ വെല്ലാലാഗെ തകര്‍പ്പന്‍ ക്യാച്ചിലൂടെയാണ് പുറത്താക്കിയത്. വൈസ് ക്യാപ്റ്റന്‍ ഹാര്‍ദിക് പാണ്ഡ്യ രക്ഷകനാവുമെന്ന് കരുതിയെങ്കിലും അതുണ്ടായില്ല. 18 പന്ത് നേരിട്ട് 5 റണ്‍സെടുത്ത ഹാര്‍ദിക്കിനെ വെല്ലാലാഗെ വിക്കറ്റ് കീപ്പര്‍ കുശാല്‍ മെന്‍ഡിസിന്റെ കൈയിലെത്തിക്കുകയായിരുന്നു. ഈ വിക്കറ്റോടെ അഞ്ച് വിക്കറ്റുകളും പൂര്‍ത്തിയാക്കാന്‍ 20കാരനായ സ്പിന്നര്‍ക്കായി.
ഇന്ത്യയുടെ ടോപ് ഓഡറിനെ വെല്ലാലാഗെ തകര്‍ത്തപ്പോള്‍ വാലറ്റത്തെ അസലന്‍കയും പൂട്ടി. രവീന്ദ്ര ജഡേജയെ (19 പന്തില്‍ 4) അസലന്‍ക മെന്‍ഡിസിന്റെ കൈയിലെത്തിച്ചു. ജസ്്പ്രീത് ബുംറയെ (5) അസലന്‍ക ക്ലീന്‍ബൗള്‍ഡ് ചെയ്തപ്പോള്‍ കുല്‍ദീപ് യാദവിനെ ക്ലീന്‍ബൗള്‍ഡുമാക്കി. 47 ഓവറില്‍ 9ന് 197 എന്ന നിലയില്‍ ഇന്ത്യ നില്‍ക്കവെ മഴ വില്ലനായെത്തി. പിന്നീട് മത്സരം പുനരാരംഭിച്ചു. അക്ഷര്‍ പട്ടേലും (26) മുഹമ്മദ് സിറാജും (5) അവസാന വിക്കറ്റില്‍ പൊരുതിയെങ്കിലും 49.1 ഓവറില്‍ 213 റണ്‍സില്‍ ഇന്ത്യ ഓള്‍ഔട്ടായി.
ശ്രീലങ്കയ്ക്കായി ദുനിത് വെല്ലാലാഗെ അഞ്ചും ചരിത് അസലന്‍ക നാലും മഹേഷ് തീക്ഷണ ഒരു വിക്കറ്റും നേടി. ഏകദിന ചരിത്രത്തില്‍ ആദ്യമായാണ് ഇന്ത്യയുടെ 10 വിക്കറ്റുകളും സ്പിന്നര്‍മാര്‍ മാത്രം വീഴ്ത്തുന്നത്. പേസര്‍മാര്‍ക്ക് ഒരു വിക്കറ്റ് പോലും നല്‍കാതെയാണ് ശ്രീലങ്കന്‍ സ്പിന്നര്‍മാര്‍ ഇന്ത്യയെ കുടുക്കിയത്.
മറുപടിക്കിറങ്ങിയ ശ്രീലങ്കയെ പേസ് ബൗളര്‍മാരെ ഉപയോഗിച്ചാണ് ഇന്ത്യ വിറപ്പിച്ചത്. പതും നിസങ്കയെ (6) കെ എല്‍ രാഹുലിന്റെ കൈയിലെത്തിച്ച് ജസ്പ്രീത് ബുംറ ശ്രീലങ്കയെ ഞെട്ടിച്ചു. കുശാല്‍ മെന്‍ഡിസിനെ (15) ബുംറ സബ്സ്റ്റിറ്റിയൂട്ട് ഫീല്‍ഡറായ സൂര്യകുമാര്‍ യാദവിന്റെ കൈയിലുമെത്തിച്ചപ്പോള്‍ ദിമുത് കരുണരത്‌നയെ (2) മുഹമ്മദ് സിറാജിന്റെ പന്തില്‍ സ്ലിപ്പില്‍ ശുബ്മാന്‍ ഗില്‍ പിടികൂടി.
പിന്നീട് സ്പിന്നര്‍മാരെ രോഹിത് കളത്തിലിറക്കി. സദീര സമരവിക്രമയെ (17) കുല്‍ദീപ് യാദവിന്റെ പന്തില്‍ കെ എല്‍ രാഹുല്‍ സ്റ്റംപ് ചെയ്ത് പുറത്താക്കിയപ്പോള്‍ ചരിത് അസലന്‍കയെ (22) കുല്‍ദീപിന്റെ പന്തില്‍ രാഹുല്‍ ക്യാച്ചിലൂടെ മടക്കുകയായിരുന്നു. ശ്രീലങ്കന്‍ നായകന്‍ ദസുന്‍ ഷനകയെ (9) രവീന്ദ്ര ജഡേജയുടെ പന്തില്‍ തകര്‍പ്പന്‍ ക്യാച്ചിലൂടെ രോഹിത് പുറത്താക്കി. ഷനക മടങ്ങുമ്പോള്‍ 25.1 ഓവറില്‍ 99ന് 6 എന്ന നിലയിലായിരുന്നു ശ്രീലങ്ക.
എഴാം വിക്കറ്റില്‍ ധനഞ്ജയ് ഡി സില്‍വയും (41) വെല്ലാലാഗെയും ചേര്‍ന്ന് അര്‍ധ സെഞ്ച്വറി കൂട്ടുകെട്ടോടെ ശ്രീലങ്കയ്ക്ക് പ്രതീക്ഷ നല്‍കി. എന്നാല്‍ സ്‌കോര്‍ബോര്‍ഡ് 162ല്‍ നില്‍ക്കവെ ധനഞ്ജയിയെ ജഡേജ ഗില്ലിന്റെ കൈയിലെത്തിച്ചു. 66 പന്ത് നേരിട്ട് 5 ബൗണ്ടറി ഉള്‍പ്പെടെ തകര്‍പ്പന്‍ പ്രകടനം കാഴ്ചവെച്ചാണ് ധനഞ്ജയ് മടങ്ങിയത്. ചെറുത്തുനിന്ന മഹേഷ് തീക്ഷണയെ (14 പന്തില്‍ 2) ഹാര്‍ദിക്കിന്റെ പന്തില്‍ സൂര്യകുമാര്‍ യാദവ് കൈയിലാക്കി.
തകര്‍പ്പന്‍ ക്യാച്ചിലൂടെയാണ് സൂര്യ തീക്ഷണയെ പുറത്താക്കിയത്. കസുന്‍ രജിതയെ (1) കുല്‍ദീപ് യാദവ് ക്ലീന്‍ബൗള്‍ഡും ചെയ്തു. മതീഷ പതിരാനയെയും (0) കുല്‍ദീപ് ക്ലീന്‍ബൗള്‍ഡ് ചെയ്തതോടെ 41.3 ഓവറില്‍ ശ്രീലങ്ക 172ല്‍ ഒതുങ്ങി. വെല്ലാലാഗെ (42*) പുറത്താവാതെ നിന്നു.
പ്ലേയിങ് 11- ഇന്ത്യ-രോഹിത് ശര്‍മ (c), ശുബ്മാന്‍ ഗില്‍, വിരാട് കോലി, കെ എല്‍ രാഹുല്‍, ഇഷാന്‍ കിഷന്‍, ഹാര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, അക്ഷര്‍ പട്ടേല്‍, കുല്‍ദീപ് യാദവ്, ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്
ശ്രീലങ്ക- പതും നിസങ്ക, ദിമുത് കരുണരത്ന, കുശാല്‍ മെന്‍ഡിസ്, സദീര സമരവിക്രമ, ചരിത് അസലന്‍ക, ധനഞ്ജയ് ഡി സില്‍വ, ദസുന്‍ ഷണക (c), വെല്ലെലാഗെ, മഹേഷ് തീക്ഷണ, കസുന്‍ രജിത, മതീഷ പതിരണ