ചിരവൈരികളായ പാകിസ്താനെതിരായ ഏഷ്യാ കപ്പില്‍ ടീം ഇന്ത്യ അനായാസ വിജയം കൊയ്തപ്പോള്‍ ബൗളിങിലെ ഹീറോ സ്റ്റാര്‍ സ്പിന്നര്‍ കുല്‍ദീപ് യാദവായിരുന്നു. കൊളംബോയിലെ പ്രേമദാസ സ്റ്റേഡിയത്തില്‍ റിസര്‍വ് ദിനത്തിലേക്കു കടന്ന പോരാട്ടത്തില്‍ പാക് പടയെ ഇന്ത്യ 228 റണ്‍സിനു മുക്കുകയായിരുന്നു. റണ്‍സിന്റെ അടിസ്ഥാനത്തില്‍ പാകിസ്താനെതിരേ ഇന്ത്യയുടെ എക്കാലത്തെയും വലിയ വിജയം കൂടിയാണിത്.
ഫൈഫറുമായിട്ടാണ് കുല്‍ദീപ് ഇന്ത്യന്‍ ബൗളിങിലെ കുന്തമുനയായത്. താരത്തിന്റെ കറങ്ങുന്ന പന്തുകള്‍ക്കു മുന്നില്‍ പാക് ബാറ്റിങ് നിരയുടെ പക്കല്‍ മറുപടിയില്ലായിരുന്നു. എട്ടോവറില്‍ 25 റണ്‍സ് മാത്രം വിട്ടുകൊടുത്താണ് കുല്‍ദീപ് അഞ്ചു പേരെ മടക്കിയത്. 3.1 എന്ന ഗംഭീര ഇക്കോണമി റേറ്റിലായിരുന്നു ഇത്. ഫഖര്‍ സമാന്‍, ആഗ സല്‍മാന്‍, ഇഫ്തിഖാര്‍ അഹമ്മദ്, ഷദാബ് ഖാന്‍, ഫഹീം അഷ്‌റഫ് എന്നിവരായിരുന്നു കുല്‍ദീപിന്റെ ഇരകള്‍.

ഈ പ്രകടനത്തോടെ ഒരു ഗംഭീര റെക്കോര്‍ഡിനൊപ്പവും കുല്‍ദീപ് എത്തിയിരിക്കുകയാണ്. ഏഷ്യാ കപ്പിന്റെ (ഏകദിന ഫോര്‍മാറ്റ്) ചരിത്രത്തില്‍ അഞ്ചു വിക്കറ്റുകള്‍ പിഴുത രണ്ടാമത്തെ ഇന്ത്യന്‍ ബൗളറായി അദ്ദേഹം മാറി. നേരത്തേ ഇന്ത്യയുടെ ഒരേയൊരു ബൗളര്‍ മാത്രമേ ടൂര്‍ണമെന്റി്ല്‍ ഫൈഫറിനു അവകാശിയായിട്ടുള്ളൂ.
1988ലെ ഏഷ്യാ കപ്പില്‍ അര്‍ഷദ് അയൂബാണ് ആദ്യമായി ഫൈഫര്‍ നേടിയ ഇന്ത്യന്‍ ബൗളര്‍. 35 വര്‍ഷങ്ങള്‍ക്കു ശേഷം കുല്‍ദീപ് ഈ റെക്കോര്‍ഡിനൊപ്പം തന്റെ പേരും ചേര്‍ത്തിരിക്കുകയാണ്. അന്നു പാകിസ്താനെതിരേ തന്നെയായിരുന്നു അര്‍ഷദിന്റെയും അഞ്ചു വിക്കറ്റ് നേട്ടം.
ഈ റെക്കോര്‍ഡ് കൂടാതെ ഏകദിനത്തില്‍ കൂടുതല്‍ തവണ ഫൈഫറുകള്‍ നേടിയ ഇന്ത്യന്‍ സ്പിന്നര്‍മാരുടെ എലൈറ്റ് ക്ലബ്ബില്‍ രണ്ടാംസ്ഥാനത്തും കുല്‍ദീപ് എത്തിയിട്ടുണ്ട്. കരിയറില്‍ ഇതു രണ്ടാം തവണയാണ് അദ്ദേഹം ഈ ഫോര്‍മാറ്റില്‍ അഞ്ചു വിക്കറ്റ് നേട്ടം കൊയ്തത്.
ഇതോടെ രണ്ടു ഫൈഫറുകളെന്ന മുന്‍ ഇതിഹാസം അനില്‍ കുംബ്ലെ, യുസ്വേന്ദ്ര ചഹല്‍, അമിത് മിശ്ര, മുന്‍ ബാറ്റിങ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കര്‍, മുന്‍ ക്യാപ്റ്റന്‍ കെ ശ്രീകാന്ത് എന്നിവരുടെ നേട്ടത്തിനൊപ്പവും കുല്‍ദീപ് എത്തി. ഇനി മുന്‍ ഇതിഹാസ സ്പിന്നര്‍ ഹര്‍ഭജന്‍ സിങ് മാത്രമേ കുല്‍ദീപിനു മുന്നിലുള്ളൂ. മൂന്നു ഫൈഫറുകളാണ് ഭാജിയുടെ പേരിലുള്ളത്.

അതേസമയം, ആദ്യം ബാറ്റിങിലും പിന്നീട് ബൗളിങിലും പാകിസ്താനെ നിഷ്പ്രഭരാക്കിയാണ് ഇന്ത്യന്‍ ടീം വമ്പന്‍ വിജയം സ്വന്തമാക്കിയത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങിനു അയക്കപ്പെട്ട ഇന്ത്യ രണ്ടു വിക്കറ്റ് നഷ്ടത്തില്‍ 356 റണ്‍സെന്ന കൂറ്റന്‍ സ്‌കോര്‍ പടുത്തുയര്‍ത്തുകയായിരുന്നു. ഇന്ത്യയുടെ ഇന്നിങ്‌സ് കഴിഞ്ഞപ്പോള്‍ തന്നെ പാകിസ്താന്‍ പരാജയം മണത്തിരുന്നു.
ബാറ്റിങിനു പിന്നാലെ ബൗളിങിലും പാകിസ്താനു മേല്‍ ഇന്ത്യ കത്തിക്കയറി. ആദ്യ ഓവര്‍ മുതല്‍ പാക് ബാറ്റിങിനു മൂക്കുകയറിടാന്‍ ഇന്ത്യന്‍ ബൗളിങ് നിരയ്ക്കു സാധിച്ചു. ഇതൊടെ 32 ഓവറില്‍ വെറും 128 റണ്‍സിനു അവര്‍ കൂടാരംകയറുകയും ചെയ്തു.
പരിക്കു കാരണം പാകിസ്താന്റെ അവസാനത്തെ രണ്ടു താരങ്ങളായ നസീം ഷായും ഹാരിസ് റൗഫും ബാറ്റിങിന് ഇറങ്ങിയതുമില്ല. പാക് നിരയില്‍ 20ന് മുകളില്‍ സ്‌കോര്‍ ചെയ്തത് മൂന്നു പേര്‍ മാത്രമായിരുന്നു. 27 റണ്‍സുമായി ഫഖര്‍ സമാന്‍ ടീമിന്റെ ടോപ്‌സ്‌കോററായപ്പോള്‍ ആഗ സല്‍മാനും ഇഫ്തിഖാര്‍ അഹമ്മദും 23 റണ്‍സ് വീതമെടുത്തു.