കൊളംബോ: ഏഷ്യാ കപ്പിന്റെ ഫൈനല്‍ ചിത്രം വ്യക്തമായിരിക്കുകയാണ്. കിരീട പോരാട്ടത്തില്‍ ഇന്ത്യയുടെ എതിരാളികളായി ശ്രീലങ്കയാവും എത്തുക. സൂപ്പര്‍ ഫോറില്‍ പാകിസ്താനേയും ശ്രീലങ്കയേയും തോല്‍പ്പിച്ചാണ് ഇന്ത്യ ഫൈനലില്‍ പ്രവേശിച്ചത്. അതേ സമയം നിര്‍ണ്ണായക മത്സരത്തില്‍ പാകിസ്താനെ കീഴടക്കിയാണ് ശ്രീലങ്ക ഫൈനലില്‍ സീറ്റുറപ്പിച്ചിരിക്കുന്നത്. ഏഷ്യാ കപ്പിലെ നിലവിലെ ചാമ്പ്യന്മാരാണ് ശ്രീലങ്ക. നിലവിലെ ഫോം വിലയിരുത്തുമ്പോള്‍ ഇന്ത്യക്കാണ് മുന്‍തൂക്കം.
സൂപ്പര്‍ ഫോറില്‍ കരുത്തരായ പാകിസ്താനേയും ശ്രീലങ്കയേയും ഇന്ത്യ മുട്ടുകുത്തിച്ചു. ബാറ്റിങ്ങിലും ബൗളിങ്ങിലും വ്യക്തമായ മുന്‍തൂക്കം ഇന്ത്യക്ക് അവകാശപ്പെടാനാവും. എന്നാല്‍ ഫൈനലില്‍ ഇന്ത്യയെക്കാള്‍ കിരീട സാധ്യത കൂടുതല്‍ ശ്രീലങ്കയ്ക്കാണ്. ഇത് പറയാന്‍ ചില കാരണങ്ങളുണ്ട്. അത് എന്തൊക്കെയാണെന്ന് പരിശോധിക്കാം. ഒന്നാമത്തെ കാര്യം ശ്രീലങ്കയുടെ സ്പിന്‍ കരുത്താണ്. ഫൈനലിനും വേദിയാവുന്നത് കൊളംബോയാണ്.
സ്പിന്നിന് വലിയ മുന്‍തൂക്കം ലഭിക്കുന്ന പിച്ചാണ് കൊളംബോയിലേത്. അതുകൊണ്ടുതന്നെ മത്സരഗതി നിര്‍ണ്ണയിക്കുന്നതില്‍ സ്പിന്നര്‍മാര്‍ക്ക് നിര്‍ണ്ണായക പങ്കുണ്ട്. ഇന്ത്യക്കെതിരായ സൂപ്പര്‍ ഫോര്‍ പോരാട്ടത്തില്‍ ശ്രീലങ്കയുടെ സ്പിന്നര്‍മാര്‍ കാഴ്ചവെച്ചത് ഗംഭീര പ്രകടനമാണ്. ദുനിത് വെല്ലാലാഗെയുടെ അഞ്ച് വിക്കറ്റ് പ്രകടനമാണ് ഇന്ത്യയുടെ പേരുകേട്ട ബാറ്റിങ് നിരയെ തകര്‍ത്തത്. മത്സരം ഇന്ത്യ ജയിച്ചെങ്കിലും ശ്രീലങ്കയുടെ സ്പിന്‍ മികവ് ഇന്ത്യയെ വിറപ്പിച്ചിരുന്നു.
ഇന്ത്യയുടെ പ്രധാന ബാറ്റ്‌സ്മാന്‍മാര്‍ക്കെല്ലാം സ്പിന്നിനെ നേരിടുന്നതില്‍ പ്രയാസമുണ്ട്. പ്രത്യേകിച്ച് ഇടം കൈയന്‍ സ്പിന്നര്‍മാരെ. ഇത് കൃത്യമായി മുതലാക്കാന്‍ ശ്രീലങ്കയ്ക്ക് സാധിച്ചിരുന്നു. ഫൈനലിലും ഇതാവര്‍ത്തിച്ചാല്‍ ഇന്ത്യ പ്രയാസപ്പെടും. ശ്രീലങ്കയുടെ ബാറ്റ്‌സ്മാന്‍മാരെല്ലാം ഭേദപ്പെട്ട നിലയില്‍ പന്തെറിയുന്നവരുമാണ്. അതുകൊണ്ടുതന്നെ നിരവധി ബൗളിങ് ഓപ്ഷനുകള്‍ ശ്രീലങ്കയ്ക്കുണ്ട്. ഇത് ഇന്ത്യക്കെതിരേ ശ്രീലങ്കയ്ക്ക് മുന്‍തൂക്കം നല്‍കുന്നു.

രണ്ടാമത്തെ കാര്യം തട്ടകത്തിന്റെ ആധിപത്യമാണ്. ശ്രീലങ്കയുടെ തട്ടകമായ കൊളംബോയിലാണ് കലാശപ്പോരാട്ടം. പിച്ചിന്റെ സ്വഭാവത്തെ ഇന്ത്യയെക്കാള്‍ നന്നായി ശ്രീലങ്കയ്ക്ക് അറിയാം. ആതിഥേയരെന്ന മുന്‍തൂക്കം ശ്രീലങ്കയെ തുണച്ചേക്കും. പ്രധാന മത്സരത്തില്‍ ഇന്ത്യയെക്കാള്‍ മാനസിക മുന്‍തൂക്കം ലഭിക്കാന്‍ ഇത് ശ്രീലങ്കയെ സഹായിച്ചേക്കും. പാകിസ്താനെ തോല്‍പ്പിച്ചതിന്റെ ആത്മവിശ്വാസവും ശ്രീലങ്കയ്ക്കുണ്ട്. ഇതും ഫൈനലില്‍ ടീമിന് ഗുണം ചെയ്‌തേക്കും.
ഇന്ത്യ 7 തവണ ഏഷ്യാ കപ്പ് കിരീടം നേടിയ ടീമാണ്. ശ്രീലങ്ക 6 തവണയും കിരീടത്തില്‍ മുത്തമിട്ടിട്ടുണ്ട്. ഏഷ്യാ കപ്പില്‍ ഇന്ത്യയെപ്പോലെ തന്നെ വലിയ സ്ഥിരതയുള്ള ടീമാണ് ശ്രീലങ്ക. ഏഷ്യാ കപ്പിലെ നേര്‍ക്കുനേര്‍ കണക്കില്‍ 11 ജയങ്ങള്‍ വീതം നേടി ഇന്ത്യയും ശ്രീലങ്കയും തുല്യത പങ്കിടുകയാണ്. ഈ കണക്കുകള്‍ പ്രകാരം പരിശോധിച്ചാലും ഇന്ത്യയെ പിടിച്ചുകെട്ടാന്‍ ശ്രീലങ്കയ്ക്ക് സാധിച്ചേക്കും. നായകന്‍ ദസുന്‍ ഷനകയുടെ മികവ് എടുത്തു പറയേണ്ടതാണ്.
ഗ്രൂപ്പുഘട്ടത്തില്‍ ഇന്ത്യ സര്‍വാധിപത്യത്തോടെ തുടങ്ങിയെങ്കിലും പിന്നീട് 213 എന്ന സ്‌കോറിലേക്ക് തളച്ചിടാന്‍ ശ്രീലങ്കയ്ക്ക് സാധിച്ചു. ഇതിന് പിന്നില്‍ ഷനകയുടെ നായക മികവാണ് എടുത്തു പറയേണ്ടത്. ഫൈനലിലും ഇന്ത്യ ഭയക്കേണ്ടത് ഷനകയുടെ ക്യാപ്റ്റന്‍സി ബ്രില്യന്‍സിനെയാണ്. ബൗളര്‍മാരെ കൃത്യമായി ഉപയോഗിക്കാന്‍ അറിയുന്ന നായകനാണ് ഷനക. ഇന്ത്യക്കെതിരേ കളിച്ച് വലിയ അനുഭവസമ്പത്തും ഷനകയ്ക്കുണ്ട്. ഇതും ഫൈനലില്‍ ശ്രീലങ്കയെ സഹായിച്ചേക്കും.
സൂപ്പര്‍ ഫോറില്‍ ശ്രീലങ്കയുടെ ബാറ്റിങ് നിര പൊരുതി വീഴുകയായിരുന്നു. വെല്ലാലാഗെ മികച്ച ബാറ്റിങ് പ്രകടനം നടത്തിയെങ്കിലും മികച്ച പിന്തുണ ലഭിക്കാത്തതാണ് തോല്‍ക്കാന്‍ കാരണമായത്. ഇന്ത്യയെപ്പോലെ മികച്ച ബാറ്റിങ് ശ്രീലങ്കയ്ക്കും അവകാശപ്പെടാനാവും. പതും നിസങ്ക, കുശാല്‍ പെരേര, കുശാല്‍ മെന്‍ഡിസ്, ചരിത് അസലന്‍ക എന്നിവരെല്ലാം തങ്ങളുടേതായ ദിവസം മത്സരഫലത്തെ മാറ്റിമറിക്കാന്‍ ശേഷിയുള്ളവരാണ്. അതുകൊണ്ടുതന്നെ ഇന്ത്യന്‍ ബൗളര്‍മാര്‍ക്ക് കാര്യങ്ങള്‍ എളുപ്പമായിരിക്കില്ലെന്നുറപ്പ്.