ഏഷ്യാ കപ്പ് ക്രിക്കറ്റ് ടൂര്‍ണമെന്റിന്റെ ആവേശ പോരാട്ടങ്ങള്‍ 30ന് ആരംഭിക്കുകയാണ്. ഏകദിന ലോകകപ്പിന് മുമ്പ് ഏഷ്യയിലെ രാജാക്കന്മാരാവുകയെന്ന ലക്ഷ്യത്തോടെയാണ് ഇന്ത്യയും പാകിസ്താനും ശ്രീലങ്കയുമെല്ലാം ഇറങ്ങുന്നത്. ഏഷ്യാ കപ്പിന്റെ ചരിത്രത്തില്‍ കൂടുതല്‍ കിരീടമെന്ന നേട്ടം ഇന്ത്യയുടെ പേരിലാണ്. ഏഴ് കിരീടങ്ങളാണ് ഇന്ത്യ സ്വന്തമാക്കിയത്. ആറ് തവണയാണ് ശ്രീലങ്ക ഏഷ്യയിലെ ചാമ്പ്യന്മാരായത്. ഇത്തവണയും ഇന്ത്യ, പാകിസ്താന്‍, ശ്രീലങ്ക എന്നിവരാണ് കിരീട പോരാട്ടത്തില്‍ മുന്‍നിരയിലുള്ളത്.
അവസാന ഏഷ്യാ കപ്പില്‍ ശ്രീലങ്കയാണ് ചാമ്പ്യന്മാരായത്. ഇത്തവണ ടീം കരുത്ത് നോക്കുമ്പോള്‍ ഇന്ത്യയും പാകിസ്താനും ശ്രീലങ്കയുമെല്ലാം ഒന്നിനൊന്ന് മെച്ചമാണ്. അതുകൊണ്ടുതന്നെ കിരീട പോരാട്ടം കടുക്കും. എന്നാല്‍ ഇത്തവണത്തെ ഏഷ്യാ കപ്പില്‍ എല്ലാവരും ഭയക്കേണ്ട ടീം അഫ്ഗാനിസ്ഥാനാണ്. ഇത്തവണ കറുത്ത കുതിരകളാവാന്‍ കരുത്തുള്ളവരാണ് അഫ്ഗാന്‍. എന്തുകൊണ്ടാണ് അഫ്ഗാന്‍ ഇത്തവണ വലിയ ശക്തികളായി മാറുന്നത്? കാരണങ്ങളിതാ.
ഒന്നാമത്തെ കാര്യം ലോകോത്തര സ്പിന്നര്‍മാര്‍ ഒപ്പമുണ്ടെന്നതാണ്. റാഷിദ് ഖാന്‍, മുജീബുര്‍ റഹ്‌മാന്‍, മുഹമ്മദ് നബി എന്നിവര്‍ അഫ്ഗാനിസ്ഥാനൊപ്പമുണ്ട്. മൂന്ന് പേരും മികച്ച റെക്കോഡ് അവകാശപ്പെടാന്‍ സാധിക്കുന്ന സൂപ്പര്‍ സ്പിന്നര്‍മാരാണ്. റാഷിദ് ഖാന്‍ ആധുനിക ക്രിക്കറ്റിലെ ഏറ്റവും മികച്ച സ്പിന്നര്‍മാരിലൊരാളാണ്. ഇത്തവണ പാകിസ്താനിലും ശ്രീലങ്കയിലുമായാണ് ഏഷ്യാ കപ്പ് നടക്കുന്നത്. രണ്ട് പിച്ചിലും സ്പിന്നര്‍മാര്‍ക്ക് വ്യക്തമായ മുന്‍തൂക്കമുണ്ട്.
അതുകൊണ്ടുതന്നെ അഫ്ഗാന്റെ സ്പിന്‍ ബൗളിങ് നിരയെ എല്ലാവരും ഭയപ്പെടുന്നു. റാഷിദ് ഖാനായിരിക്കും അഫ്ഗാനിസ്ഥാന്റെ തുറുപ്പുചീട്ട്. പാകിസ്താനോട് ഏകദിന പരമ്പര കൈവിട്ട നാണക്കേടിലാണ് അഫ്ഗാനിസ്ഥാന്‍ എത്തുന്നതെങ്കിലും ഇത്തവണ സ്പിന്‍ മികവില്‍ അഫ്ഗാന്‍ നിര എല്ലാവര്‍ക്കും വലിയ ഭീഷണി ഉയര്‍ത്തുമെന്ന കാര്യം നിസംശയം പറയാം. രണ്ടാമത്തെ കാര്യം ഓപ്പണര്‍മാരുടെ മികവാണ്. റഹ്‌മാനുല്ല ഗുര്‍ബാസ്, ഇബ്രാഹിം സദ്രാന്‍ എന്നീ രണ്ട് സൂപ്പര്‍ ഓപ്പണര്‍മാരാണ് അഫ്ഗാനുള്ളത്.

രണ്ട് പേരും മികച്ച റെക്കോഡുകള്‍ അവകാശപ്പെടാന്‍ സാധിക്കുന്നവരാണ്. 21കാരനായ ഗുര്‍ബാസിന്റെ ശരാശരി 43.09 ആണ്. 86.65 ആണ് സ്‌ട്രൈക്ക് റേറ്റ്. പാകിസ്താനെതിരേ 151 റണ്‍സുമായി തിളങ്ങിയാണ് ഗുര്‍ബാസെത്തുന്നത്. സദ്രാന്‍ 16 ഏകദിനമാണ് ഇതുവരെ കളിച്ചത്. 60നടുത്താണ് ശരാശരി. ഏഷ്യന്‍ പിച്ചുകളില്‍ തിളങ്ങുന്ന ബാറ്റിങ് ശരാശരിയാണ് ഇവരുടേത്. അതുകൊണ്ടുതന്നെ ഇരുവരുടേയും ബാറ്റിങ് പ്രകടനം എല്ലാ എതിരാളികള്‍ക്കും ഭീഷണിയാണ്.
മൂന്നാമത്തെ കാര്യം സാഹചര്യങ്ങളുടെ മുന്‍തൂക്കമാണ്. ശ്രീലങ്കയിലെ സാഹചര്യം അഫ്ഗാന്‍ ടീമിന്റെ ശൈലിയോട് ചേര്‍ന്ന് നില്‍ക്കുന്നതാണ്. അഫ്ഗാനിസ്ഥാനിലുള്ളതിന് സമാനമായ പിച്ചാണ് ശ്രീലങ്കയിലുള്ളത്. രണ്ട് പിച്ചിന്റെയും സ്വഭാവം ഏറെക്കുറെ ഒരുപോലെയാണ്. അതുകൊണ്ടുതന്നെ അഫ്ഗാനിസ്ഥാനില്‍ നിന്ന് ഏറ്റവും മികച്ച പ്രകടനം പ്രതീക്ഷിക്കാം. കപ്പിലേക്കെത്താന്‍ സാധ്യതയില്ലെങ്കിലും പല വമ്പന്മാരുടേയും വഴിമുടക്കാന്‍ ഇത്തവണ അഫ്ഗാന് സാധിച്ചേക്കും.
ഇന്ത്യന്‍ ടീമിനെ സംബന്ധിച്ച് ഇത്തവണ കിരീട പ്രതീക്ഷകള്‍ സജീവമാണെങ്കിലും പരിക്ക് വലിയ ഭീഷണി ഉയര്‍ത്തുന്നു. ശ്രേയസ് അയ്യര്‍, കെ എല്‍ രാഹുല്‍, ജസ്പ്രീത് ബുംറ എന്നീ മൂന്ന് സൂപ്പര്‍ താരങ്ങള്‍ പരിക്കിന്റെ ഇടവേളക്ക് ശേഷമാണ് തിരിച്ചെത്തുന്നത്. അതുകൊണ്ടുതന്നെ ഇവരുടെ പ്രകടനം എങ്ങനെയാവുമെന്നത് കണ്ടറിയണം. ബുംറ അയര്‍ലന്‍ഡ് പരമ്പരയില്‍ കളിച്ച് ഭേദപ്പെട്ട പ്രകടനം കാഴ്ചവെച്ചിരുന്നു. എന്നാല്‍ ശരിയായ പരീക്ഷണം വരാനിരിക്കുന്നതേയുള്ളു.
ഇത്തവണ പാകിസ്താനാണ് കൂടുതല്‍ കിരീട സാധ്യത. ബാറ്റിങ്ങിലും ബൗളിങ്ങിലും അവര്‍ സംതുലിതമായ ടീമാണ്. ഷഹീന്‍ ഷാ അഫ്രീദി, ഹാരിസ് റഊഫ്, നസീം ഷാ എന്നിവരുടെ തകര്‍പ്പന്‍ പേസും ഷദാബ് ഖാന്റെ ഓള്‍റൗണ്ട് മികവുമെല്ലാം പാകിസ്താന് കരുത്ത് പകരുന്നു. ബാബര്‍ ആസം, മുഹമ്മദ് റിസ്വാന്‍, ഫഖര്‍ സമാന്‍, ഉമാം ഉല്‍ ഹഖ് എന്നിവരെല്ലാം ഉള്‍പ്പെടുന്ന പാക് ബാറ്റിങ് നിരയും അതി ശക്തം.