കറാച്ചി: ആധുനിക ക്രിക്കറ്റിലെ ഏറ്റവും മികച്ച ബാറ്റ്‌സ്മാന്‍ ആരാണെന്ന ചോദ്യത്തിന് വിരാട് കോലിയെന്നാണ് കൂടുതല്‍ ആളുകളും പറയുന്ന ഉത്തരം. ഇത് വെറുതേ പറയുന്നതല്ല, കളിക്കണക്കുകളില്‍ നിന്ന് തന്നെ കോലിയാണ് ബെസ്റ്റ് എന്ന് വ്യക്തം. എന്നാല്‍ പാകിസ്താന്‍ ആരാധകരെ സംബന്ധിച്ച് കോലിയേക്കാള്‍ മികച്ചവന്‍ ബാബര്‍ ആസമാണ്. ഫാബുലസ് ഫോര്‍ മാറ്റി ഫാബുലസ് ഫൈവാക്കി ബാബറിനേയും അതില്‍ ഉള്‍പ്പെടുത്തണമെന്നാണ് പാക് ആരാധകര്‍ ആവശ്യപ്പെടുന്നത്.
പ്രതിഭാശാലിയായ ബാബര്‍ ടെസ്റ്റില്‍ വലിയ മികവ് കാട്ടുന്നില്ലെങ്കിലും പരിമിത ഓവറില്‍ 50ന് മുകളില്‍ ശരാശരിയുണ്ട്. പരിമിത ഓവറിലെ കോലിയുടെ കണക്കിനോട് കിടപിടിക്കാന്‍ ബാബറിന് സാധിക്കാറുണ്ട്. എന്നാല്‍ പ്രധാന ടൂര്‍ണമെന്റുകളിലെ പ്രകടനവും സ്ഥിരതയും വിലയിരുത്തുമ്പോള്‍ കോലിയോടൊപ്പം നില്‍ക്കാന്‍ ബാബറിന് യോഗ്യതയില്ല. ബാബറിനെക്കാളും മികച്ച ആരാധക പിന്തുണ കോലിക്കുണ്ട്. ലോകത്തെല്ലായിടത്തും കോലിക്ക് ആരാധകരുണ്ടെന്ന് പറയാം.
എന്നാല്‍ മുന്‍ പാക് താരങ്ങളും ഇതിഹാസങ്ങളുമായ ചില താരങ്ങള്‍ക്ക് തങ്ങളുടെ സൂപ്പര്‍ താരമായ ബാബറിനെക്കാളും ഇഷ്ടം ഇന്ത്യയുടെ വിരാട് കോലിയെയാണ്. ഈ പാക് താരങ്ങള്‍ ആരൊക്കെയാണെന്ന് പരിശോധിക്കാം. ഒന്നാമത്തെയാള്‍ മുന്‍ പാകിസ്താന്‍ സൂപ്പര്‍ പേസറും ഇതിഹാസവുമായ ഷുഹൈബ് അക്തറാണ്. ബാബറിനെക്കാളും മികച്ച ബാറ്റ്‌സ്മാന്‍ കോലിയാണെന്ന് തുറന്ന് പറഞ്ഞിട്ടുള്ളയാളാണ് അക്തര്‍.
കോലിയുടെ മികച്ച പ്രകടനങ്ങളുണ്ടാവുമ്പോള്‍ സാമൂഹ്യ മാധ്യമങ്ങളിലൂടെ അഭിനന്ദിക്കാനും അക്തര്‍ മടികാട്ടാറില്ല. എന്നാല്‍ ബാബറിനെ വിമര്‍ശിക്കാനാണ് അക്തര്‍ കൂടുതല്‍ താല്‍പര്യം കാട്ടുന്നത്. ബാബര്‍ മികച്ച നായകനല്ലെന്ന് പലവട്ടം അക്തര്‍ തുറന്ന് പറഞ്ഞിട്ടുണ്ട്. താന്‍ കോലിയുടെ കടുത്ത ആരാധകനാണെന്ന് പറയാന്‍ മടികാട്ടാത്ത ആളാണ് അക്തര്‍.

രണ്ടാമത്തെ പാക് താരം മുന്‍ പാകിസ്താന്‍ നായകനും സൂപ്പര്‍ ഓള്‍റൗണ്ടറുമായ ഷാഹിദ് അഫ്രീദിയാണ്. ബൂം ബൂം അഫ്രീദിയായി ലോക ക്രിക്കറ്റ് ആരാധകരുടെ മനസ് കീഴടക്കിയ അദ്ദേഹത്തിന് ഇന്ത്യന്‍ താരങ്ങളില്‍ സുഹൃത്തുക്കളായുള്ളത് ചുരുക്കം ചില ആളുകളാണ്. ഇതിലൊരാളാണ് കോലി. മുന്‍ ഇന്ത്യന്‍ നായകന്റെ പ്രകടനത്തെ അഫ്രീദി പല തവണ പ്രശംസിച്ചിട്ടുണ്ട്. എന്നാല്‍ ബാബറിന്റെ നായകമികവിനെപ്പോലും അഫ്രീദി ചോദ്യം ചെയ്തിട്ടുണ്ട്.
ഇരുവര്‍ക്കും നേര്‍ക്കുനേര്‍ കളിക്കാനുള്ള അവസരം വിരളമാണ് ലഭിച്ചത്. എന്നാല്‍ കോലിയോട് സംസാരിക്കാനും സമയം കിട്ടുമ്പോള്‍ പ്രശംസിക്കാനും അഫ്രീദി മടികാട്ടിയിട്ടില്ല. മൂന്നാമത്തെയാള്‍ മുന്‍ പാക് പേസ് ഇതിഹാസം വസിം അക്രമാണ്. റിവേഴ്‌സ് സ്വിങ്ങിലൂടെ ലോക ക്രിക്കറ്റിനെ വിറപ്പിച്ച അക്രം ഇപ്പോള്‍ അവതാരകനായും കമന്റേറ്ററായുമെല്ലാം തിളങ്ങുന്നു. ഇന്ത്യയോട് വളരെ അടുപ്പം കാട്ടുകയും ഇന്ത്യന്‍ താരങ്ങളുമായി നല്ല സൗഹൃദം സൃഷ്ടിക്കുകയും ചെയ്ത താരമാണ് അക്രം.
അക്രം കോലിയുടെ കടുത്ത ആരാധകനാണ്. കോലിയെ നിരവധി തവണ അദ്ദേഹം പ്രശംസിച്ചിട്ടുണ്ട്. കോലിയെക്കാള്‍ മികച്ച ബാറ്റ്‌സ്മാനില്ലെന്നും സച്ചിനോടും ബ്രാഡ്മാനോടും ഒപ്പം നില്‍ക്കുന്ന ബാറ്റിങ് പ്രതിഭയാണ് കോലിയെന്നുമെല്ലാം അക്തര്‍ പറഞ്ഞിട്ടുണ്ട്. ടെസ്റ്റില്‍ ഒരു ഇരട്ട സെഞ്ച്വറി പോലും നേടാത്ത ബാബറിനെ കോലിയുമായി താരതമ്യം ചെയ്യരുതെന്നും അക്രം പറഞ്ഞിട്ടുണ്ട്. ഇപ്പോഴും കോലിയുടെ കട്ട ഫാനായി അക്രം തുടരുന്നു.