Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

Asia Cup 2023: ബംഗ്ലാദേശിനോട് തലകുനിച്ച് ഇന്ത്യ, പിഴവ് പറ്റിയത് എവിടെ? തോല്‍വിയുടെ കാരണമിതാ

കൊളംബോ: ഏഷ്യാ കപ്പിലെ സൂപ്പര്‍ ഫോര്‍ പോരാട്ടത്തില്‍ ബംഗ്ലാദേശിനോട് തലകുനിച്ചിരിക്കുകയാണ് ഇന്ത്യ. 11 വര്‍ഷത്തിന് ശേഷമാണ് ഏഷ്യാ കപ്പില്‍ ബംഗ്ലാദേശിനോട് ഇന്ത്യ തോല്‍ക്കുന്നത്. നേരത്തെ തന്നെ ഫൈനല്‍ ഉറപ്പിച്ച ഇന്ത്യ അഞ്ച് മാറ്റങ്ങളോടെയാണ് ബംഗ്ലാദേശിനെതിരേ ഇറങ്ങിയത്. സൂപ്പര്‍ ഫോറില്‍ ആശ്വാസ ജയം തേടി ഇറങ്ങിയ ബംഗ്ലാദേശ് ഇന്ത്യയെ പൊരുതി തോല്‍പ്പിക്കുകയായിരുന്നു.

ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശ് 50 ഓവറില്‍ എട്ട് വിക്കറ്റിന് 265 റണ്‍സ് നേടിയപ്പോള്‍ മറുപടിക്കിറങ്ങിയ ഇന്ത്യ 49.5 ഓവറില്‍ 259 റണ്‍സില്‍ ഓള്‍ഔട്ടാവുകയായിരുന്നു. ഇതോടെ 6 റണ്‍സിന്റെ തോല്‍വി ഇന്ത്യന്‍ ടീമിന് വഴങ്ങേണ്ടി വന്നു. ശക്തരായ നിരയായിട്ടും ഇന്ത്യക്ക് പിഴച്ചതെവിടെയാണ്? തോല്‍വിയുടെ പ്രധാന കാരണങ്ങള്‍ പരിശോധിക്കാം.

ഒന്നാമത്തെ കാര്യം മോശം ഫീല്‍ഡിങ് പ്രകടനമാണ്. ബംഗ്ലാദേശിനെ 200നുള്ളില്‍ ഒതുക്കാന്‍ ഇന്ത്യക്ക് സാധിക്കാതെ പോയതിന് കാരണം മോശം ഫീല്‍ഡിങ്ങാണെന്ന് നിസംശയം പറയാം. മെഹതി ഹസന്‍ മിറാസിനെ ഒരോവറില്‍ രണ്ട് തവണയാണ് ഇന്ത്യ കൈവിട്ടത്. ആദ്യം തിലക് വര്‍മയും പിന്നാലെ സൂര്യകുമാര്‍ യാദവും മിറാസിന് ലൈഫ് നല്‍കി. ബംഗ്ലാദേശ് നായകന്‍ ഷാക്കീബ് അല്‍ ഹസനെ തിലക് വര്‍മയുടെ പന്തില്‍ കെ എല്‍ രാഹുലും വിട്ട് കളഞ്ഞു.

80 റണ്‍സോടെ ബംഗ്ലാദേശിന്റെ ടോപ് സ്‌കോററായത് ഷാക്കീബായിരുന്നു. ഇന്ത്യ മികച്ച ഫീല്‍ഡിങ് കാഴ്ചവെച്ചിരുന്നെങ്കില്‍ ചെറിയ സ്‌കോറിലേക്ക് ബംഗ്ലാദേശ് ഒതുങ്ങുമായിരുന്നു. 59 റണ്‍സിന് നാല് വിക്കറ്റ് എന്ന നിലയിലേക്ക് തകര്‍ന്ന ശേഷമാണ് ബംഗ്ലാദേശിന്റെ തിരിച്ചുവരവ്. ഇതിന് കാരണം ഇന്ത്യയുടെ മോശം ഫീല്‍ഡിങ്ങായിരുന്നു. 2019ന് ശേഷം ഏറ്റവും മോശം ഫീല്‍ഡിങ് നിലവാരമുള്ള ടീമുകളിലൊന്നാണ് ഇന്ത്യ. ലോകകപ്പ് വരാനിരിക്കെ ഏറ്റവും ആശങ്കപ്പെടുത്തുന്നത് ഇന്ത്യയുടെ ഫീല്‍ഡിങ്ങാണ്.

ind vs ban

രണ്ടാമത്തെ കാരണം ഡെത്തോവറിലെ ബൗളിങ്ങാണ്. ജസ്പ്രീത് ബുംറയും മുഹമ്മദ് സിറാജും ഇല്ലാതിരുന്നതോടെ അവസാന ഓവറുകളില്‍ റണ്ണൊഴുകി. വാലറ്റക്കാരനായ നസും അഹമ്മദ് 45 പന്തില്‍ 44 റണ്‍സാണ് നേടിയത്. 6 ഫോറും 1 സിക്‌സും ഉള്‍പ്പെടെയാണ് താരത്തിന്റെ ബാറ്റിങ് വെടിക്കെട്ട്. അവസാന ഓവറുകളില്‍ ഇന്ത്യന്‍ ബൗളര്‍മാരെ തല്ലിപ്പറത്താന്‍ നസും അഹമ്മദിന് സാധിച്ചു. മെഹതി ഹസന്‍ (29*), തന്‍സിം ഹസന്‍ ഷാക്കീബ് (14*) എന്നിവരെല്ലാം നിര്‍ണ്ണായക റണ്‍സുകള്‍ നേടി.

ബംഗ്ലാദേശ് വാലറ്റത്തെ വേഗത്തില്‍ ചുരുട്ടിക്കൂട്ടാന്‍ ഇന്ത്യക്ക് സാധിച്ചില്ല. ശാര്‍ദ്ദുല്‍ താക്കൂര്‍ 3 വിക്കറ്റ് നേടിയെങ്കിലും 6.50 ആയിരുന്നു ഇക്കോണമി. ഇന്ത്യയുടെ ഡെത്തോവര്‍ ബൗളിങ് ദുര്‍ബലമായതിനെ മുതലാക്കി നിര്‍ണ്ണായക റണ്‍സ് ബംഗ്ലാദേശ് നേടി. ഇത് മത്സരത്തില്‍ അവര്‍ക്ക് ഗുണം ചെയ്യുകയും ചെയ്തു. ഡെത്തോവറില്‍ ഇന്ത്യയുടെ ബൗളര്‍മാരുടെ നിറം മങ്ങിയ പ്രകടനം തോല്‍വിയുടെ പ്രധാന കാരണമായി.

മൂന്നാമത്തെ കാരണം ഉത്തരവാദിത്തമില്ലാത്ത ബാറ്റിങ് നിരയാണ്. ഒരു വശത്ത് ശുബ്മാന്‍ ഗില്‍ (121) തകര്‍പ്പന്‍ സെഞ്ച്വറിയാണ് നേടിയത്. 133 പന്ത് നേരിട്ട് 8 ഫോറും 5 സിക്‌സും ഉള്‍പ്പെടെയാണ് ഗില്ലിന്റെ പ്രകടനം. അക്ഷര്‍ പട്ടേലും (34 പന്തില്‍ 42) ഭേദപ്പെട്ട പ്രകടനം കാഴ്ചവെച്ചു. എന്നാല്‍ ഇന്ത്യയുടെ മറ്റ് ബാറ്റ്‌സ്മാന്‍മാരെല്ലാം നിരാശപ്പെടുത്തുന്ന പ്രകടനമാണ് നടത്തിയത്. നായകന്‍ രോഹിത് ശര്‍മ രണ്ടാം പന്തില്‍ത്തന്നെ ഡെക്കിന് പുറത്തായി.

അരങ്ങേറ്റ താരം തിലക് വര്‍മക്കും (5) കാര്യമായ പ്രകടനം കാഴ്ചവെക്കാനായില്ല. ഇഷാന്‍ കിഷന്‍ (5), സൂര്യകുമാര്‍ യാദവ് (26) എന്നിവരുടെ പ്രകടനമാണ് ഏറ്റവും നിരാശപ്പെടുത്തിയത്. രണ്ട് പേര്‍ക്കും ടീമിനെ വിജയത്തിലേക്കെത്തിച്ച് കൈയടി നേടാന്‍ അവസരമുണ്ടായിരുന്നെങ്കിലും നിരാശപ്പെടുത്തി. ബാറ്റ്‌സ്മാന്‍മാര്‍ പ്രതീക്ഷിച്ച നിലവാരം കാട്ടാത്തതും ഇന്ത്യയുടെ തോല്‍വിയുടെ കാരണമായി പറയാം.

Story first published: Saturday, September 16, 2023, 6:51 [IST]
Other articles published on Sep 16, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+