Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

Asia Cup 2023: അന്ന് ലോകം പരിഹസിച്ചു, ഇന്ന് വാഴ്ത്തുന്നു! സിറാജാണ് ഹീറോ- കോലിക്ക് അഭിമാനം

കൊളംബോ: ഏഷ്യാ കപ്പ് ഫൈനലില്‍ ശ്രീലങ്കയ്‌ക്കെതിരേ ഇടിത്തീയായിരിക്കുകയാണ് സിറാജ്. ഒരോവറില്‍ നാല് വിക്കറ്റ് ഉള്‍പ്പെടെ ഏഷ്യാ കപ്പ് ചരിത്രത്തിലെ ഇന്ത്യക്കാരന്റെ ഏറ്റവും മികച്ച ബൗളിങ് പ്രകടനമാണ് സിറാജ് സ്വന്തം പേരിലാക്കിയത്. ശ്രീലങ്കന്‍ ബാറ്റ്‌സ്മാന്‍മാര്‍ക്ക് പാഡ് കെട്ടാനുള്ള സമയം പോലും കൊടുക്കാതെയാണ് സിറാജ് ഗ്യാലറിയിലേക്ക് മടക്കി അയച്ചത്. ഏകദിനത്തില്‍ ഏറ്റവും വേഗത്തില്‍ അഞ്ച് വിക്കറ്റ് പ്രകടനം നടത്തുന്ന ബൗളറെന്ന റെക്കോഡിലും സിറാജ് രാജാവായിരിക്കുകയാണ്.

ഏഷ്യാ കപ്പിലെ ഇന്ത്യയുടെ ഹീറോയായി സിറാജ് കസറുമ്പോള്‍ രോഹിത് ശര്‍മയെക്കാളും അഭിമാനിക്കുന്നത് വിരാട് കോലിയാണ്. ടെന്നിസ് ബോളില്‍ മാത്രം കളിച്ചിരുന്ന യുവാവിന്റെ മികവില്‍ കോലി അര്‍പ്പിച്ച വിശ്വാസവും നല്‍കിയ പിന്തുണയുമാണ് ഇന്ന് സിറാജിനെ ഇതിഹാസ ബൗളറാക്കി മാറ്റിയത്. ഐപിഎല്ലില്‍ ആര്‍സിബിയിലൂടെയാണ് സിറാജിന്റെ തുടക്കം. റണ്‍സ് വിട്ടുകൊടുക്കാന്‍ മടിയില്ലാതിരുന്ന സിറാജിനെ ചെണ്ട ബൗളര്‍മാരിലൊരാളായാണ് അന്ന് ക്രിക്കറ്റ് ലോകം കണ്ടത്.

ന്യൂബോളിലും ഡെത്തോവറിലും വലിയ മികവില്ലാത്ത സിറാജിന് വലിയ അധിക്ഷേപവും പരിഹാസവും തുടക്ക സമയത്ത് നേരിടേണ്ടി വന്നിട്ടുണ്ട്. പിതാവിനെപ്പോലെ നാട്ടില്‍ ഓട്ടോറിക്ഷ ഓടിക്കാന്‍ പോകുന്നതാണ് നല്ലതെന്ന് പോലും പലരും അഭിപ്രായപ്പെട്ടു. എന്നാല്‍ അപ്പോഴെല്ലാം സിറാജിന് കരുത്തുപകര്‍ന്നത് കോലിയാണ്. ആര്‍സിബിയില്‍ സിറാജിനെ നിലനിര്‍ത്തിയതും അനുജനെപ്പോലെ പിന്തുണച്ചതും കോലിയാണ്. ഇന്ത്യക്കായി അരങ്ങേറ്റം നടത്തിയപ്പോഴും സിറാജ് നനഞ്ഞ പടക്കമായിരുന്നു.

വലിയ ഇംപാക്ട് സൃഷ്ടിക്കാത്ത സിറാജിനെ കളിപ്പിച്ചതില്‍ അന്ന് കോലിയും വലിയ വിമര്‍ശനം കേട്ടിരുന്നു. എന്നാല്‍ സാമ്പത്തികമായി വളരെ പിന്നോക്കം നിന്നിരുന്ന സാഹചര്യത്തില്‍ നിന്ന് വളര്‍ന്നു വന്ന സിറാജിന്റെ ഉള്ളിലെ തീ കോലി അന്ന് തിരിച്ചറിഞ്ഞു. വിമര്‍ശന ശരങ്ങള്‍ക്കിടയിലും സിറാജിനെ ചേര്‍ത്തുപിടിച്ച് വളര്‍ത്താന്‍ കോലി ധൈര്യം കാട്ടി. അന്ന് കോലിയെടുത്ത ധീരമായ തീരുമാനമാണ് ഇന്ന് രോഹിത്തിന് നെഞ്ചുവിരിച്ച് നില്‍ക്കാന്‍ സഹായിക്കുന്ന വജ്രായുധത്തെ സമ്മാനിച്ചത്.

mohammed siraj

തെറ്റുകളില്‍ നിന്ന് പഠിക്കാന്‍ സിറാജിന് സാധിച്ചു. ഇന്ന് മൂന്ന് ഫോര്‍മാറ്റിലും ഇന്ത്യയുടെ പ്രധാന പേസറാണ് സിറാജ്. മുഹമ്മദ് ഷമിയെപ്പോലും കരക്കിരുത്തി ഇന്ത്യ അവസരം നല്‍കുന്ന ബൗളറെന്ന നിലയിലേക്ക് സിറാജ് വളര്‍ന്നു. കൊളംബോയില്‍ വലിയ സ്‌കോര്‍ പ്രതീക്ഷിച്ച് ആദ്യം ബാറ്റിങ് തിരഞ്ഞെടുത്ത ശ്രീലങ്കയെ 7 ഓവറില്‍ 21 റണ്‍സ് മാത്രം വഴങ്ങി 6 വിക്കറ്റ് വീഴ്ത്തിയ സിറാജ് വലിയ നാണക്കേടിലേക്ക് തള്ളിവിടുകയായിരുന്നു.

വിമര്‍ശനങ്ങളുടെ കനലില്‍ നീറി വളര്‍ന്ന താരമാണ് സിറാജ്. അദ്ദേഹത്തിന്റെ നടന്ന വഴികളിലെ അനുഭവങ്ങളാണ് സിറാജിനെ ലോകോത്തര ബൗളറാക്കി മാറ്റിയതെന്ന് പറയാം. പരിമിതികളോട് തോല്‍ക്കാതെ പൊരുതിയ സിറാജ് ഇന്ത്യയുടെ അഭിമാനമായി മാറിയിരിക്കുകയാണ്. ഹൈദരാബാദിലെ ഇടുങ്ങിയ വീട്ടിലെ ഓട്ടോറിക്ഷാ ഡ്രൈവറുടെ മകനില്‍ നിന്ന് രാജ്യത്തിന്റെ അഭിമാനമായി സിറാജ് മാറിയതിന് പിന്നിലെ കഠിനാധ്വാനം എല്ലാവര്‍ക്കും മാതൃകയാണ്.

സിറാജിന്റെ ബൗളിങ് മികവില്‍ ഇന്ത്യ ശ്രീലങ്കയെ 15.2 ഓവറില്‍ 50 റണ്‍സിലാണ് കൂടാരം കയറ്റിയത്. ഹാര്‍ദിക് പാണ്ഡ്യ മൂന്നും ജസ്പ്രീത് ബുംറ ഒരു വിക്കറ്റും നേടി. 17 റണ്‍സെടുത്ത കുശാല്‍ മെന്‍ഡിസും 13* റണ്‍സെടുത്ത ദുഷന്‍ ഹേമന്തയുമാണ് ശ്രീലങ്കന്‍ നിരയില്‍ രണ്ടക്കം കണ്ടത്.

ജസ്പ്രീത് ബുംറ കുശാല്‍ പെരേരയെ പുറത്താക്കി നല്‍കിയ മികച്ച തുടക്കത്തെ നാലാം ഓവറില്‍ നാല് വിക്കറ്റുകള്‍ വീഴ്ത്തിയാണ് സിറാജ് ആഘോഷിച്ചത്. ഏകദിന ലോകകപ്പ് വരാനിരിക്കെ ഇന്ത്യയുടെ ബൗളിങ് പ്രകടനം വലിയ പ്രതീക്ഷ നല്‍കുന്നതാണ്.

Story first published: Sunday, September 17, 2023, 17:31 [IST]
Other articles published on Sep 17, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+