മുംബൈ: അയര്‍ലന്‍ഡിനെതിരായ ടി20 പരമ്പരക്ക് ശേഷം ഇന്ത്യയെ കാത്തിരിക്കുന്നത് ഏഷ്യാ കപ്പ് പോരാട്ടമാണ്. ഏഷ്യയിലെ ചാമ്പ്യന്മാരാവുകയെന്ന വലിയ സ്വപ്‌നത്തോടെ ടീമുകള്‍ മാറ്റുരക്കുമ്പോള്‍ പോരാട്ടം കടുക്കും. ഇന്ത്യ ആതിഥേയരാവുന്ന ഏകദിന ലോകകപ്പ് പടിവാതുക്കല്‍ നില്‍ക്കുകയാണ്. അതുകൊണ്ടുതന്നെ ഏകദിന ലോകകപ്പിലേക്ക് ഏഷ്യയിലെ രാജാക്കന്മാരായി എത്താമെന്ന പ്രതീക്ഷയിലാവും ഇന്ത്യ ഇറങ്ങുക. എന്നാല്‍ വിറപ്പിക്കാന്‍ പാകിസ്താനും ശ്രീലങ്കയുമുണ്ടാവും.
ഏഷ്യാ കപ്പിന്റെ ചരിത്രം പരിശോധിക്കുമ്പോള്‍ ഇന്ത്യന്‍ ആധിപത്യമാണ് കാണാന്‍ സാധിക്കുന്നത്. വരാനിരിക്കുന്ന ഏഷ്യാ കപ്പില്‍ ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ഇന്ത്യ-പാക് പോരാട്ടം സെപ്തംബര്‍ 2നാണ്. പാകിസ്താനാണ് ആതിഥേയരെങ്കിലും ശ്രീലങ്കയിലാണ് ഇന്ത്യയുടെ മത്സരങ്ങള്‍ നടക്കുന്നത്. അവസാന ഏഷ്യാ കപ്പില്‍ ഫൈനല്‍ കളിക്കാന്‍ ഇന്ത്യക്കായില്ലെങ്കിലും ഇത്തവണയും ഫേവറേറ്റുകളെന്ന് ഇന്ത്യയെ വിളിക്കാം.
ഏഷ്യാ കപ്പിലെ പ്രധാന റെക്കോഡുകളെല്ലാം ഇന്ത്യയുടെ പേരിലാണ്. ഇതില്‍ എതിരാളികള്‍ക്ക് തകര്‍ക്കാന്‍ പ്രയാസമുള്ള അഞ്ച് റെക്കോഡുകള്‍ എന്തൊക്കെയാണെന്ന് പരിശോധിക്കാം. കൂടുതല്‍ കിരീടമെന്ന റെക്കോഡ് ഇന്ത്യയുടെ പേരിലാണ്. 1983ലാണ് ഏഷ്യാ കപ്പ് ആരംഭിക്കുന്നത്. പ്രഥമ കിരീടം തന്നെ ഇന്ത്യ അലമാരയിലെത്തിച്ചു. ശ്രീലങ്കയെ തോല്‍പ്പിച്ചായിരുന്നു ഇന്ത്യയുടെ കിരീട നേട്ടം. നിലവില്‍ 14 ഏഷ്യാ കപ്പ് ടൂര്‍ണമെന്റുകള്‍ നടന്നപ്പോള്‍ ഏഴ് തവണയാണ് ഇന്ത്യ ചാമ്പ്യന്മാരായത്.
2018ലാണ് അവസാനമായി ഇന്ത്യ ഏഷ്യാ കപ്പ് നേടിയത്. ടീമിന്റെ ഈ റെക്കോഡ് തകര്‍ക്കുക പ്രയാസമാണെന്ന് പറയാം. ഏഷ്യാ കപ്പില്‍ കൂടുതല്‍ സെഞ്ച്വറി നേടിയ ടീമെന്ന റെക്കോഡും ഇന്ത്യയുടെ പേരിലാണ്. 16 സെഞ്ച്വറികളാണ് ഏഷ്യാ കപ്പില്‍ ഇന്ത്യ നേടിയിട്ടുള്ളത്. ഇതില്‍ വിരാട് കോലി മൂന്ന് സെഞ്ച്വറി നേടിയപ്പോള്‍ സച്ചിന്‍ ടെണ്ടുല്‍ക്കര്‍, ശിഖര്‍ ധവാന്‍, സുരേഷ് റെയ്‌ന എന്നിവര്‍ രണ്ട് സെഞ്ച്വറികള്‍ വീതവും നേടിയിട്ടുണ്ട്.

സൗരവ് ഗാംഗുലി, രാഹുല്‍ ദ്രാവിഡ്, ഗൗതം ഗംഭീര്‍, നവജോത് സിങ് സിദ്ദു, എംഎസ് ധോണി, വീരേന്ദര്‍ സെവാഗ്, രോഹിത് ശര്‍മ എന്നിവരെല്ലാം ഓരോ സെഞ്ച്വറികളും ഏഷ്യാ കപ്പില്‍ നേടി. ഏഷ്യാ കപ്പിലെ (ടി20 ഫോര്‍മാറ്റ്) ഉയര്‍ന്ന ടീം ടോട്ടലെന്ന റെക്കോഡും ഇന്ത്യയുടെ പേരിലാണ്. അഫ്ഗാനിസ്ഥാനെതിരേ വിരാട് കോലി സെഞ്ച്വറിയോടെ പട നയിച്ച മത്സരത്തില്‍ രണ്ട് വിക്കറ്റിന് 212 എന്ന കൂറ്റന്‍ ടോട്ടലാണ് ഇന്ത്യ നേടിയത്.
കോലിയുടെ ആദ്യത്തെ അന്താരാഷ്ട്ര ടി20 സെഞ്ച്വറിയായിരുന്നു ഇത്. ഈ മത്സരത്തില്‍ നാല് റണ്‍സ് വഴങ്ങി ഭുവനേശ്വര്‍ കുമാര്‍ അഞ്ച് വിക്കറ്റുകള്‍ വീഴ്ത്തുകയും ചെയ്തു. ഏഷ്യാ കപ്പിലെ ഉയര്‍ന്ന റണ്‍സ് ചേസ് ചെയ്ത് ജയിച്ച ടീമെന്ന റെക്കോഡും ഇന്ത്യക്ക് സ്വന്തം. 2012ലെ ഏഷ്യാ കപ്പില്‍ ആദ്യം ബാറ്റുചെയ്ത പാകിസ്താന്‍ 330 എന്ന കൂറ്റന്‍ ടോട്ടലാണ് മുന്നോട്ട് വെച്ചത്. മുഹമ്മദ് ഹഫീസും നാസര്‍ ജംഷീദും പാകിസ്താനായി സെഞ്ച്വറി നേടി.
മറുപടിക്കിറങ്ങിയ ഇന്ത്യക്കായി വിരാട് കോലി 183 റണ്‍സുമായി തകര്‍ത്താടിയപ്പോള്‍ 13 പന്ത് ബാക്കിയാക്കി ഇന്ത്യ വിജയം നേടിയെടുത്തു. ഏഷ്യാ കപ്പിലെ ഉയര്‍ന്ന വ്യക്തിഗത സ്‌കോറെന്ന റെക്കോഡ് കോലിയുടെ പേരിലാണ്. ടി20 ഫോര്‍മാറ്റില്‍ നടന്ന ഏഷ്യാ കപ്പില്‍ കൂടുതല്‍ ജയം നേടിയ ടീമെന്ന റെക്കോഡും ഇന്ത്യക്ക് സ്വന്തം. ടി20 ഫോര്‍മാറ്റില്‍ എട്ട് ജയങ്ങളാണ് ഇന്ത്യ നേടിയെടുത്തത്. രണ്ട് തവണയാണ് ഏഷ്യാ കപ്പ് ടി20 ഫോര്‍മാറ്റില്‍ നടന്നത്.
ഇത്തവണത്തെ ഏഷ്യാ കപ്പ് ഇന്ത്യക്ക് അഭിമാന പ്രശ്‌നമാണ്. കിരീടം നേടാനാവാതെ പോയാല്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മക്കും പരിശീലകന്‍ രാഹുല്‍ ദ്രാവിഡിനും അത് വലിയ തിരിച്ചടിയായി മാറും. ലോകകപ്പിന് മുമ്പ് എന്ത് വിലകൊടുത്തും ഇന്ത്യക്ക് ഏഷ്യാ കപ്പ് നേടേണ്ടതായുണ്ട്.