Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

Asia Cup 2023: മറ്റൊരു താരത്തിനുമില്ല, 23 വയസിനുള്ളില്‍ ഗില്‍ സ്വന്തമാക്കി! റെക്കോഡുകള്‍ ഇതാണ്

ഇന്ത്യന്‍ ക്രിക്കറ്റിലെ ഭാവി സൂപ്പര്‍ താരമെന്ന വിശേഷണം ഇതിനോടകം നേടിയെടുത്ത ബാറ്റ്‌സ്മാനാണ് ശുബ്മാന്‍ ഗില്‍. വലം കൈയന്‍ ഓപ്പണറായ താരത്തെ അടുത്ത വിരാട് കോലിയെന്നാണ് ആരാധകര്‍ വിശേഷിപ്പിക്കുന്നത്. 23 വയസിനുള്ളില്‍ മൂന്ന് ഫോര്‍മാറ്റിലും തന്റെ സീറ്റുറപ്പിക്കാന്‍ ഗില്ലിനായിട്ടുണ്ട്. വരാനിരിക്കുന്ന ഏകദിന ലോകകപ്പിലും ഇന്ത്യ വലിയ പ്രതീക്ഷയോടെയാണ് ഗില്ലിന്റെ പ്രകടനത്തെ കാണുന്നത്. ഭാവിയില്‍ ഇന്ത്യയുടെ നായകസ്ഥാനത്തേക്ക് എത്താന്‍ സാധ്യതയുള്ള താരമാണ് ഗില്‍.

അണ്ടര്‍ 19 ലോകകപ്പിലൂടെ വളര്‍ന്ന് ഇന്ത്യന്‍ ടീമിലെ സജീവ താരമായി മാറിയ ശുബ്മാന്‍ ഗില്ലിന്റെ പേരിലുള്ളതും മറ്റാര്‍ക്കും നേടാനാവാത്തതുമായ അഞ്ച് റെക്കോഡുകള്‍ എന്തൊക്കെയാണെന്ന് പരിശോധിക്കാം. ഏകദിനത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ഇരട്ട സെഞ്ച്വറിക്കാരനെന്ന റെക്കോഡ് ഗില്ലിന്റെ പേരിലാണ്. പലരും ഏകദിനത്തില്‍ ഇരട്ട സെഞ്ച്വറി നേടിയിട്ടുണ്ടെങ്കിലും 23 വയസിനുള്ളില്‍ ഏകദിന ഇരട്ട സെഞ്ച്വറി നേടിയത് ഗില്‍ മാത്രമാണ്. ന്യൂസീലന്‍ഡിനെതിരേയാണ് ഗില്ലിന്റെ ഇരട്ട സെഞ്ച്വറി പ്രകടനം.

അത്ര പെട്ടെന്നൊന്നും മറ്റാര്‍ക്കും തകര്‍ക്കാനാവാത്ത നേട്ടമാണിത്. ഇന്ത്യന്‍ താരങ്ങളില്‍ രോഹിത് ശര്‍മ (മൂന്ന് തവണ), സച്ചിന്‍ ടെണ്ടുല്‍ക്കര്‍, വീരേന്ദര്‍ സെവാഗ്, ഇഷാന്‍ കിഷന്‍, ശുബ്മാന്‍ ഗില്‍ എന്നിവരാണ് അന്താരാഷ്ട്ര ഏകദിനത്തില്‍ ഇരട്ട സെഞ്ച്വറി പ്രകടനം നടത്തിയിട്ടുള്ളത്. 23 വയസിനുള്ളില്‍ ഏകദിന ഇരട്ട സെഞ്ച്വറി നേടുകയെന്നത് വളരെ കടുപ്പമാണ്. പ്രതിഭക്കൊപ്പം ഭാഗ്യം കൂടി ഈ നേട്ടത്തിലെത്താന്‍ അത്യാവശ്യമാണ്.

ഏകദിനത്തില്‍ വേഗത്തില്‍ 1500 റണ്‍സെന്ന റെക്കോഡ് ഗില്ലിന്റെ പേരിലാണ്. ദക്ഷിണാഫ്രിക്കയുടെ ഹാഷിം അംലയുടെ പേരിലുണ്ടായിരുന്ന ഈ റെക്കോഡാണ് ഗില്‍ സ്വന്തം പേരിലാക്കിയത്. 23 വയസിനുള്ളില്‍ ഈ ലോക റെക്കോഡ് തകര്‍ക്കാന്‍ ശുബ്മാന്‍ ഗില്ലിന് സാധിച്ചു.

ഏഷ്യാ കപ്പിലൂടെയാണ് ഈ റെക്കോഡില്‍ ഗില്‍ തലപ്പത്തേക്കെത്തിയത്. ഈ റെക്കോഡില്‍ ഗില്ലിനൊപ്പം നില്‍ക്കാന്‍ മറ്റാരുമില്ല. 23ാം വയസില്‍ അദ്ദേഹം ഈ ലോക റെക്കോഡില്‍ ഒന്നാമനാണ്.

shubman gill, rohit sharma

എല്ലാ ഫോര്‍മാറ്റിലും സെഞ്ച്വറി നേടുന്ന പ്രായം കുറഞ്ഞ താരമെന്ന റെക്കോഡ് ശുബ്മാന്‍ ഗില്ലിന്റെ പേരിലാണ്. ഈ റെക്കോഡിലും അദ്ദേഹത്തിന് എതിരാളികളില്ല. ഐപിഎല്ലിന്റെ അവസാന സീസണില്‍ ഓറഞ്ച് ക്യാപ് ഗില്ലിന്റെ പേരിലായിരുന്നു. ഐപിഎല്ലിലെ പ്രായം കുറഞ്ഞ ഓറഞ്ച് ക്യാപ് ജേതാവ് എന്ന റെക്കോഡും ഗില്ലിന്റെ പേരിലാണ്.

23ാം വയസിലാണ് അദ്ദേഹം ഈ നേട്ടത്തിലെത്തിയത്. പല ഇന്ത്യന്‍ താരങ്ങളും ഓറഞ്ച് ക്യാപ് നേടിയിട്ടുണ്ടെങ്കിലും ഇത്രയും ചെറിയ പ്രായത്തില്‍ ഈ റെക്കോഡ് ഗില്ലിന് മാത്രം അവകാശപ്പെട്ടതാണ്.

23 വയസിനുള്ളില്‍ കൂടുതല്‍ ടി20 സെഞ്ച്വറി നേടുന്ന താരമെന്ന റെക്കോഡും ഗില്ലിന് സ്വന്തം. അഞ്ച് ടി20 സെഞ്ച്വറികളാണ് അദ്ദേഹം നേടിയത്. മറ്റൊരു താരത്തിനും ഈ നേട്ടം അവകാശപ്പെടാനാവില്ല. 2023ല്‍ ഗില്‍ കസറുകയാണെന്ന് പറയാം. ഒരു വര്‍ഷം തന്നെ എല്ലാ ഫോര്‍മാറ്റിലും സെഞ്ച്വറി നേടുന്ന ഇന്ത്യയുടെ ഏക ഓപ്പണറാണ് ഗില്‍.

രോഹിത് ശര്‍മ, വീരേന്ദര്‍ സെവാഗ്, ഗൗതം ഗംഭീര്‍ എന്നിവര്‍ക്കൊന്നും നേടാനാവാതെ പോയ റെക്കോഡാണിത്. തുടര്‍ച്ചയായി ഏകദിന പരമ്പരകളില്‍ 100 ശരാശരിയിലും 100 പ്ലസ് സ്‌ട്രൈക്ക് റേറ്റിലും കളിച്ച ഏക ഇന്ത്യന്‍ താരമാണ് ഗില്‍.

സച്ചിന്‍ ടെണ്ടുല്‍ക്കറിന് പോലും അവകാശപ്പെടാനാവാത്ത നേട്ടമാണിത്. ഐപിഎല്ലിന്റെ ഒരു സീസണില്‍ ജയിച്ച മത്സരങ്ങളില്‍ 700ലധികം റണ്‍സടിച്ച ഏക താരമാണ് ശുബ്മാന്‍ ഗില്‍. ഭാവിയില്‍ പല വമ്പന്‍ റെക്കോഡുകളും ഗില്‍ സ്വന്തം പേരിലാക്കിയേക്കും. വിരാട് കോലിയുടെ പല റെക്കോഡുകള്‍ക്കും ഭീഷണി ഉയര്‍ത്തുന്ന താരമാണ് ശുബ്മാന്‍ ഗില്ലെന്ന് നിസംശയം പറയാം.

Story first published: Friday, September 8, 2023, 21:51 [IST]
Other articles published on Sep 8, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+