മുംബൈ: ഇന്ത്യ ആതിഥേയത്വം വഹിക്കുന്ന ഏകദിന ലോകകപ്പിന് മുന്നോടിയായി ടീമിനെ കാത്തിരിക്കുന്ന വലിയ വെല്ലുവിളിയാണ് ഏഷ്യാ കപ്പ്. ഏഷ്യയിലെ ചാമ്പ്യന്മാരായി ഏകദിന ലോകകപ്പിലിറങ്ങുകയെന്നതാണ് ഇന്ത്യയുടെ സ്വപ്നം. നായകന്‍ രോഹിത് ശര്‍മയെ സംബന്ധിച്ച് ഇത്തവണ ഏഷ്യാ കപ്പ് തിരിച്ചുപിടിക്കേണ്ടത് അഭിമാന പ്രശ്‌നമാണ്. പാകിസ്താനാണ് ഏഷ്യാ കപ്പിന്റെ ആതിഥേയരെങ്കിലും ശ്രീലങ്കയിലാണ് ഇന്ത്യയുടെ മത്സരങ്ങള്‍ നടക്കുന്നത്.
അവസാന സീസണില്‍ ഇന്ത്യ നാണംകെട്ടിരുന്നു. ഇത്തവണ പാകിസ്താനെയും ശ്രീലങ്കയേയുമെല്ലാം മറികടന്ന് കപ്പിലേക്കെത്താന്‍ ഇന്ത്യക്കാവുമോയെന്നതാണ് കണ്ടറിയേണ്ടത്. രോഹിത് ശര്‍മ നായകനെന്ന നിലയില്‍ അവസാന സമയത്തിലൂടെയാണ് കടന്നുപോകുന്നത്. അതുകൊണ്ടുതന്നെ കിരീടത്തില്‍ കുറഞ്ഞൊന്നും അദ്ദേഹത്തിന്റെ മുന്നിലില്ല. ചില വമ്പന്‍ റെക്കോഡുകള്‍ ഏഷ്യാ കപ്പില്‍ രോഹിത്തിനെ കാത്തിരിക്കുന്നുണ്ട്.

ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കറുടെ പേരിലുള്ള അഞ്ച് റെക്കോഡുകള്‍ തകര്‍ക്കാനുള്ള അവസരമാണ് രോഹിത്തിന് മുന്നിലുള്ളത്. അത് എന്തൊക്കെയാണെന്ന് പരിശോധിക്കാം. ടൂര്‍ണമെന്റില്‍ കൂടുതല്‍ ശരാശരിയെന്ന സച്ചിന്റെ റെക്കോഡിനെ രോഹിത്തിന് മറികടക്കാം. സച്ചിന്‍ 1990-2012 കാലയളവിലുള്ള ഏഷ്യാ കപ്പില്‍ നിന്ന് 23 മത്സരങ്ങളാണ് കളിച്ചത്. 21 ഇന്നിങ്‌സില്‍ നിന്ന് 971 റണ്‍സ് നേടിയ സച്ചിന്റെ ശരാശരി 51.10 ആണ്.
നിലവില്‍ 46.56 ആണ് രോഹിത്തിന്റെ ഏഷ്യാ കപ്പിലെ ശരാശരി. ഇത്തവണത്തെ ഏഷ്യാ കപ്പില്‍ ശ്രദ്ധേയ പ്രകടനം നടത്തിയാല്‍ സച്ചിനെ മറികടക്കാന്‍ ഹിറ്റ്മാനാവും. ഏഷ്യാ കപ്പില്‍ കൂടുതല്‍ സെഞ്ച്വറിയെന്ന റെക്കോഡ് സച്ചിനും സുരേഷ് റെയ്‌നയും പങ്കിടുകയാണ്. രണ്ടുപേരും രണ്ട് സെഞ്ച്വറികളാണ് നേടിയത്. ഇത്തവണത്തെ ഏഷ്യാ കപ്പില്‍ രണ്ട് സെഞ്ച്വറി നേടിയാല്‍ സച്ചിനെ മറികടക്കാന്‍ രോഹിത്തിന് സാധിക്കും. നിലവില്‍ ഒരു സെഞ്ച്വറിയാണ് ഏഷ്യാ കപ്പില്‍ അദ്ദേഹം നേടിയത്.
വെസ്റ്റ് ഇന്‍ഡീസ് പരമ്പരകളില്‍ മികച്ച ഫോമിലാണ് രോഹിത് കളിക്കുന്നത്. ഇതേ ഫോം ഏഷ്യാ കപ്പിലും തുടരുമെന്ന് പ്രതീക്ഷിക്കാം. ഏഷ്യാ കപ്പില്‍ കൂടുതല്‍ മത്സരം കളിച്ച താരമെന്ന സച്ചിന്റെ റെക്കോഡിനെ തകര്‍ക്കാനുള്ള അവസരവും രോഹിത്തിന് മുന്നിലുണ്ട്. ഏഷ്യാ കപ്പില്‍ 22 മത്സരങ്ങള്‍ രോഹിത് ഇതിനോടകം കളിച്ചിട്ടുണ്ട്. വരാനിരിക്കുന്ന ഏഷ്യാ കപ്പില്‍ രണ്ടു മത്സരം കളിച്ചാല്‍ സച്ചിനെ പിന്നിലാക്കാന്‍ രോഹിത് ശര്‍മക്ക് സാധിക്കും.
2010, 2018 ഏഷ്യാ കപ്പ് കിരീടത്തില്‍ പങ്കാളിയാവാന്‍ രോഹിത് ശര്‍മക്ക് സാധിച്ചിട്ടുണ്ട്. 2018ല്‍ ഇന്ത്യയെ കിരീടത്തിലേക്ക് നയിച്ചത് രോഹിത്താണ്. അഞ്ച് മത്സരത്തില്‍ നിന്ന് 317 റണ്‍സുമായി ബാറ്റിങ്ങില്‍ തിളങ്ങാനും രോഹിത്തിന് സാധിച്ചിരുന്നു. ഏഷ്യാ കപ്പില്‍ കൂടുതല്‍ അര്‍ധ സെഞ്ച്വറിയെന്ന റെക്കോഡിലും സച്ചിനെ മറികടക്കാനുള്ള അവസരം രോഹിത്തിന് മുന്നിലുണ്ട്. എട്ട് അര്‍ധ സെഞ്ച്വറികളുമായി മുന്‍ ശ്രീലങ്കന്‍ നായകന്‍ കുമാര്‍ സംഗക്കാര തലപ്പത്തും ഏഴ് അര്‍ധ സെഞ്ച്വറികളുമായി സച്ചിന്‍ രണ്ടാം സ്ഥാനത്തുമാണ്.
രോഹിത് ശര്‍മയും ഏഴ് അര്‍ധ സെഞ്ച്വറികളാണ് നേടിയത്. ഒരു അര്‍ധ സെഞ്ച്വറികൂടി നേടിയാല്‍ സച്ചിനെ മറികടക്കാന്‍ അദ്ദേഹത്തിനാവും. രണ്ട് അര്‍ധ സെഞ്ച്വറി നേടിയാല്‍ സംഗക്കാരയേയും കടത്തിവെട്ടി ഈ റെക്കോഡില്‍ തലപ്പത്തേക്കെത്താം. ഏഷ്യാ കപ്പില്‍ കൂടുതല്‍ റണ്‍സ് നേടുന്ന ഇന്ത്യക്കാരനെന്ന റെക്കോഡിലും രോഹിത്തിന് സച്ചിനെ കടത്തിവെട്ടാം. സച്ചിന്‍ 971 റണ്‍സാണ് നേടിയത്. 745 റണ്‍സാണ് രോഹിത്തിന്റെ പേരിലുള്ളത്.
ഇത്തവണ മികച്ച പ്രകടനം കാഴ്ചവെച്ചാല്‍ ഏഷ്യാ കപ്പിലെ ഇന്ത്യയുടെ റണ്‍വേട്ടക്കാരില്‍ രോഹിത്തിന് ഒന്നാമനാവാം. എന്നാല്‍ രോഹിത്തിന് കാര്യങ്ങള്‍ എളുപ്പമായിരിക്കില്ലെന്നുറപ്പ്. 1075 റണ്‍സുമായി കുമാര്‍ സംഗക്കാരയാണ് ഏഷ്യാ കപ്പിലെ റണ്‍വേട്ടക്കാരില്‍ ഒന്നാം സ്ഥാനത്തുള്ളത്.