മുംബൈ: വെസ്റ്റ് ഇന്‍ഡീസ് പരമ്പരക്ക് പിന്നാലെ ഏഷ്യാ കപ്പ് നടക്കാന്‍ പോവുകയാണ്. പരിക്കേറ്റ് പുറത്തുള്ള കെ എല്‍ രാഹുല്‍ ദേശീയ ക്രിക്കറ്റ് അക്കാദമിയിലെത്തിയെന്നും ഏഷ്യാ കപ്പ് കളിക്കുമെന്നുമുള്ള റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ പുതിയ റിപ്പോര്‍ട്ട് പ്രകാരം രാഹുല്‍ പൂര്‍ണ്ണ ഫിറ്റ്‌നസിലേക്കെത്താന്‍ സമയമെടുത്തേക്കും. അതുകൊണ്ടുതന്നെ ഏഷ്യാ കപ്പ് നഷ്ടമായേക്കുമെന്നാണ് വിവരം.
രാഹുല്‍ കളിക്കാതിരുന്നാല്‍ സഞ്ജു സാംസണ് വിക്കറ്റ് കീപ്പറായി അവസരം ലഭിച്ചേക്കും. ഇഷാന്‍ കിഷന്‍, സഞ്ജു സാംസണ്‍ എന്നിവരിലൊരാള്‍ക്കെ പ്ലേയിങ് 11 ഇടമുണ്ടാവുകയുള്ളൂവെങ്കിലും സഞ്ജുവിന് വിളി ലഭിക്കുമെന്നുറപ്പാണ്. വെസ്റ്റ് ഇന്‍ഡീസിനെതിരായ ഏകദിന പരമ്പരയില്‍ സഞ്ജു സാംസണ്‍ ടീമില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. സഞ്ജുവിന് അവസരം ലഭിക്കാനുള്ള സാധ്യതയുമുണ്ട്. വിന്‍ഡീസില്‍ തിളങ്ങാനായാല്‍ ഏഷ്യാ കപ്പില്‍ ഒന്നാം നമ്പര്‍ കീപ്പറായി സഞ്ജു പരിഗണിക്കപ്പെട്ടേക്കും.
രാഹുലിന്റെ അഭാവം മുതലാക്കി ഏഷ്യാ കപ്പിലും തിളങ്ങാനായാല്‍ ഇന്ത്യ വേദിയാവുന്ന ഏകദിന ലോകകപ്പും കളിക്കാന്‍ സഞ്ജുവിന് അവസരം ലഭിച്ചേക്കും. ശ്രീശാന്തിന് ശേഷം ഏകദിന ലോകകപ്പ് കളിക്കാന്‍ ഭാഗ്യം ലഭിക്കുന്ന മലയാളിയെന്ന നേട്ടമാണ് സഞ്ജുവിനെ കാത്തിരിക്കുന്നത്. ഇപ്പോള്‍ കാര്യങ്ങള്‍ സഞ്ജുവിന് അനുകൂലമാണ്. മുന്‍ ഇന്ത്യന്‍ പരിശീലകനായ രവി ശാസ്ത്രിയടക്കം സഞ്ജുവിനെ പിന്തുണച്ചാണ് സംസാരിച്ചത്.

സുനില്‍ ഗവാസ്‌കറും ഇര്‍ഫാന്‍ പഠാനുമെല്ലാം സഞ്ജുവിനെ വെസ്റ്റ് ഇന്‍ഡീസില്‍ കളിപ്പിക്കണമെന്ന നിലപാടിലാണ്. അതുകൊണ്ടുതന്നെ ഇന്ത്യ അദ്ദേഹത്തെ കളിപ്പിക്കാന്‍ സാധ്യതയുണ്ട്. ടീമില്‍ വേരുറപ്പിക്കാനുള്ള സുവര്‍ണ്ണാവസരമാണ് സഞ്ജുവിന് ലഭിക്കുന്നത്. ദക്ഷിണാഫ്രിക്കന്‍ പരമ്പരയില്‍ തിളങ്ങിയതുപോലെ വെസ്റ്റ് ഇന്‍ഡീസിനെതിരേ സഞ്ജുവിന് മികവുകാട്ടാനായാല്‍ ഏഷ്യാ കപ്പിനുള്ള വഴി തുറക്കും.
പക്ഷെ വെസ്റ്റ് ഇന്‍ഡീസിനെതിരേ തിളങ്ങുകയെന്നതാണ് പ്രധാനപ്പെട്ട കാര്യം. ടി20യില്‍ ലഭിച്ച അവസരങ്ങളെല്ലാം സഞ്ജു കളഞ്ഞുകുളിച്ചിരുന്നു. എന്നാല്‍ ഏകദിനത്തില്‍ അവസരം ലഭിച്ചപ്പോഴെല്ലാം അദ്ദേഹം ഭേദപ്പെട്ട പ്രകടനമാണ് കാഴ്ചവെച്ചത്. ഈ സാഹചര്യത്തില്‍ പ്രതീക്ഷകളേറെയാണ്. സഞ്ജുവിന്റെ കരിയറിലെ നിര്‍ണ്ണായക പരമ്പരയായിരിക്കും വെസ്റ്റ് ഇന്‍ഡീസിലേത്. തിളങ്ങാനായാല്‍ ഏഷ്യാ കപ്പും ലോകകപ്പും കളിക്കാനുള്ള അവസരം മുന്നിലുണ്ട്.
വെസ്റ്റ് ഇന്‍ഡീസില്‍ സഞ്ജു തിളങ്ങിയാല്‍ പെട്ടെന്ന് താരത്തെ തഴയാനാവില്ല. സഞ്ജുവിന് മികച്ച പിന്തുണ ആരാധകരുടെ ഭാഗത്തുനിന്നുണ്ട്. അതുകൊണ്ടുതന്നെ മികവുകാട്ടിയിട്ടും സഞ്ജുവിനെ തഴഞ്ഞാല്‍ ആരാധകര്‍ വിമര്‍ശനവുമായി രംഗത്തെത്താന്‍ സാധ്യത കൂടുതലാണ്. ഇത് പരിഗണിച്ച് മലയാളി താരത്തെ തഴയാന്‍ സെലക്ടമാര്‍ ധൈര്യപ്പെടില്ല. ഇപ്പോള്‍ സഞ്ജുവിന്റെ നല്ല സമയമാണ്. ഇനി കളി സഞ്ജുവിന്റെ കൈയിലാണ്.
കഠിന പരിശീലനം നടത്തി വെസ്റ്റ് ഇന്‍ഡീസില്‍ തിളങ്ങുകയാണ് വേണ്ടത്. വെസ്റ്റ് ഇന്‍ഡീസില്‍ കളിച്ച് സഞ്ജുവിന് വലിയ മുന്‍പരിചയമില്ല. വെസ്റ്റ് ഇന്‍ഡീസിലെ സാഹചര്യം പേസിന് അനുകൂലമാണ്. സഞ്ജു പേസിനെ നന്നായി കളിക്കുന്ന താരമാണ്. എന്നാല്‍ അവസരത്തിനൊത്ത് കളി ശൈലി മാറ്റി കളിക്കാന്‍ തയ്യാറാവണം. എപ്പോഴും വെടിക്കെട്ട് ബാറ്റിങ് നടത്താന്‍ ഇഷ്ടപ്പെടുന്ന താരമാണ് സഞ്ജു. ഇൗ ശൈലി മാറ്റില്ലെന്ന് സഞ്ജു തന്നെ തുറന്നുപറഞ്ഞതാണ്.
എന്നാല്‍ അതേ ശൈലിയില്‍ മുറുകെ പിടിക്കുന്നതോടൊപ്പം അവസരത്തിനൊത്ത് മാച്ച് വിന്നിങ് പ്രകടനങ്ങളും കാഴ്ചവെക്കേണ്ടതായുണ്ട്. എല്ലാത്തരത്തിലും സഞ്ജുവിന് അനുകൂലമാണ് കാര്യങ്ങളെന്നതിനാല്‍ ഈ സുവര്‍ണ്ണാവസരം നഷ്ടപ്പെടുത്താതിരിക്കുകയാണ് വേണ്ടത്. മുതലാക്കിയാല്‍ കരിയറില്‍ വലിയ ഉയര്‍ച്ച സഞ്ജുവിനുണ്ടാവും. നിരാശപ്പെടുത്തിയാല്‍ ഇനിയൊരു തിരിച്ചുവരവ് ഏറെക്കുറെ അസാധ്യമായി മാറുകയും ചെയ്യും.
ഇന്ത്യക്കായി 11 ഏകദിനം കളിച്ച സഞ്ജു 66 ശരാശരിയില്‍ 330 റണ്‍സാണ് നേടിയത്. ഇതില്‍ രണ്ട് അര്‍ധ സെഞ്ച്വറിയും ഉള്‍പ്പെടും. ഏകദിന ലോകകപ്പില്‍ റിഷഭ് പന്ത് കളിക്കാനുള്ള സാധ്യത കുറവാണെന്ന റിപ്പോര്‍ട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ ലഭിച്ച അവസരത്തെ സഞ്ജു മുതലാക്കുമോയെന്നതാണ് കണ്ടറിയേണ്ടത്.