ഏഷ്യാ കപ്പില്‍ ശ്രീലങ്കയുമായുള്ള നിര്‍ണായകമായ സൂപ്പര്‍ ഫോര്‍ മല്‍സരത്തില്‍ തോറ്റ് പാകിസ്താന്‍ ടീം ഫൈനല്‍ കാണാതെ പുറത്തായതിനു പിന്നാലെ രൂക്ഷവിമര്‍ശനവുമായി രംഗത്തു വന്നിരിക്കുകയാണ് മുന്‍ വിക്കറ്റ് കീപ്പര്‍ കമ്രാന്‍ അക്മല്‍. സ്വന്തം യൂട്യൂബ് ചാനലിലൂടെയായിരുന്നു ലങ്കയ്‌ക്കെതിരേ പാക് ടീമിന്റെ ഭാഗത്തു നിന്നുണ്ടായ പ്രധാന അബദ്ധങ്ങള്‍ അദ്ദേഹം ചൂണ്ടിക്കാട്ടിയത്. കഴിഞ്ഞ ദിവസം കൊളംബോയില്‍ നടന്ന ത്രില്ലിങ് മാച്ചിലായിരുന്നു ലങ്കന്‍ ടീം പാകിസ്താനെ രണ്ടു വിക്കറ്റിനു തോല്‍പ്പിച്ച് ഫൈനലിലെത്തിയത്.
സ്വന്തം പിഴവ് കാരണമാണ് ലങ്കയ്‌ക്കെതിരേ പാക് ടീം പരാജയത്തിലേക്കു വീണതെന്നു അക്മല്‍ ചൂണ്ടിക്കാട്ടി. പ്ലെയിങ് ഇലവനില്‍ മുതല്‍ പല തെറ്റുകളും പാക് ടീം വരുത്തിയിട്ടുണ്ട്. ഒരു സ്‌പെഷ്യലിസ്റ്റ് സ്പിന്നറെ ടീമിലുള്‍പ്പെടുത്താന്‍ പാകിസ്താന്‍ തയ്യാറായില്ല. ടീം മാനേജ്‌മെന്റ് എന്താണ് കാണിക്കുന്നതെന്നു മനസ്സിലാവുന്നില്ല.

സ്‌പെഷ്യലിസ്റ്റ് സ്പിന്നറായ ഉസാമ മിറിനെ എന്തു കൊണ്ടാണ് പാകിസ്താന്‍ കളിപ്പിക്കതിരുന്നത്? ഷദാബ് ഖാനും മുഹമ്മദ് നവാസിനുമെല്ലാം അവസരം നല്‍കി. എന്നിട്ടും ഉസാമയെ കളിപ്പിച്ചില്ലെന്നും അക്മല്‍ നിരീക്ഷിച്ചു. മുഹമ്മദ് വസീം ജൂനിയറിന പകരം ശ്രീലങ്കയ്‌ക്കെതിരേ ഉസാമയെ പ്ലെയിങ് ഇലവനില്‍ ഉള്‍പ്പെടുത്താമായിരുന്നു. മധ്യ ഓവറുകളില്‍ ടീമിനു വിക്കറ്റുകള്‍ നേടിത്തരാന്‍ ഉസാമയ്ക്കു കഴിയുമായിരുന്നു.
വിക്കറ്റുകളെടുക്കാന്‍ സാധിക്കുന്ന സ്‌പെഷ്യലിസ്റ്റ് സ്പിന്നര്‍ ഉണ്ടായിരുന്നെങ്കില്‍ പാകിസ്താന്‍ 50-60 റണ്‍സിനെങ്കിലും മല്‍സരം ജയിക്കുമായിരുന്നു. കാരണം വലിയൊരു ടോട്ടലണ് പാകിസ്താന്‍ ടീം ആദ്യം ബാറ്റ് ചെയ്ത ശേഷം ഈ കളിയില്‍ നേടിയതെന്നും അക്മല്‍ വിലയിരുത്തി.
ടോസിന്റെ ആനുകൂല്യം പൂര്‍ണമായി മുതലെടുക്കാന്‍ പാകിസ്താന്‍ ടീമിനു സാധിച്ചിട്ടില്ല. കൃത്യമായ ഒരു ഗെയിം പ്ലാനോ, ഉദ്ദേശമോയൊന്നും പാക് ബാറ്റിങില്‍ തുടക്കത്തില്‍ കാണാന്‍ സാധിച്ചില്ല. പോസിറ്റീവ് ക്രിക്കറ്റല്ല പാക് ടീം കാഴ്ചവയ്ക്കുന്നത്. അവരുടെ ഏറ്റവും വലിയ പ്രശ്‌നവും ഇതു തന്നെയാണ്. മല്‍സരം 42 ഓവറാക്കി കുറച്ചതിനാല്‍ അത്തരമൊരു കണക്കുകൂട്ടലോടെയായിരുന്നു ബാറ്റ് ചെയ്യേണ്ടിയിരുന്നത്. പക്ഷെ യാതൊരു പ്ലാനിങും പാക് ടീമിനുണ്ടായിരുന്നില്ലെന്നും അക്മല്‍ വിമര്‍ശിച്ചു.
പാകിസ്താന്റെ പല താരങ്ങളും നല്ല തുടക്കം ലഭിച്ചതിനു ശേഷം അവ വലിയ സ്‌കോറുകളാക്കി മാറ്റാന്‍ ശ്രമിച്ചില്ല. അബ്ദുള്ള ഷഫീഖിനെ നോക്കൂ. അദ്ദേഹം 52 റണ്‍സെടുത്ത് പുറത്താവുകയായിരുന്നു. ടെസ്റ്റില്‍ നിങ്ങള്‍ക്കു ഡബിള്‍ സെഞ്ച്വറി നേടാന്‍ കഴിയുന്നുണ്ടെങ്കില്‍ ഏകദിനത്തില്‍ സെഞ്ച്വറിയെങ്കിലും നേടാന്‍ സാധിക്കും.
ടീമിനായി കളിക്കാന്‍ അവസരം ലഭിക്കുമ്പോള്‍ അതു പൂര്‍ണമായി പ്രയോജനപ്പെടുത്താന്‍ ശ്രമിക്കണം. തുടക്കത്തില്‍ ഒരു പുറത്താവലില്‍ നിന്നും അബ്ദുള്ള ഷഫീഖ് രക്ഷപ്പെട്ടത് ഭാഗ്യം കൊണ്ടായിരുന്നുവെന്നും അക്മല്‍ അഭിപ്രായപ്പെട്ടു.

ഇഫ്തിഖാര്‍ അഹമ്മദിനേക്കാള്‍ മുമ്പ് മുഹമ്മദ് നവാസിനെ പാകിസ്താന്‍ എന്തുകൊണ്ടാണ് ബാറ്റിങിനായി ആദ്യം ക്രീസിലേക്കു അയച്ചതെന്നു എനിക്കു മനസ്സിലായിട്ടില്ല. നവാസ് ചില കളികളില്‍ സൈഡ് ബെഞ്ചിലായിരുന്നു. അതുകൊണ്ടു തന്നെ ആത്മവിശ്വാസവും വളരെ കുറവായിരിക്കും. ഇങ്ങനെയൊരാളെ എന്തിനാണ് മികച്ച ഫോമിലുള്ള ഇഫ്തിഖാറിനേക്കാള്‍ നേരത്തേ പാകിസ്താന്‍ ബാറ്റിങിനു അയച്ചത്. ഇതെന്ത് പോളിസിയാണ്, എന്തു തീരുമാനമാണ്? എനിക്കു മനസ്സിലാവുന്നില്ല.
ഫീല്‍ഡിങ് കോച്ചിനെ മുഖ്യ കോച്ചാക്കിയാല്‍ ഇങ്ങനെയുള്ള റിസല്‍റ്റായിരിക്കും ലഭിക്കുന്നത്. ഇത്തരം അബദ്ധങ്ങളായിരിക്കും ടീമിന്റെ ഭാഗത്തു നിന്നും സംഭവിക്കുന്നത്. ഇത്തരം സാഹര്യങ്ങളില്‍ ക്യാപ്റ്റന്‍ സ്വന്തമായി ഒരു നിലപാട് എടുക്കണം. തന്റെ ഇഷ്ടത്തിനു ഒരു പ്ലെയിങ് ഇലവനെ തിരഞ്ഞെടുക്കണം. ഉസാമയെ കളിപ്പിച്ചിരുന്നെങ്കില്‍ അതിന്റെ ഗുണം ടീമിനു ലഭിക്കുമായിരുന്നുവെന്നും അക്മല്‍ വിലയിരുത്തി.