For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

Asia Cup 2023: ഇന്ത്യക്കു 'ബാറ്റിങ് പ്രാക്ടീസ്'! പാക് പോരില്‍ മഴയ്ക്കു ജയം, ഇനി നേപ്പാളിനെതിരേ

പല്ലെക്കെലെ: ഏഷ്യാ കപ്പില്‍ ഇന്ത്യയും പാകിസ്താനും തമ്മിലുള്ള എല്‍ ക്ലാസിക്കോ പോരാട്ടം മഴയെടുത്തു. ഇന്ത്യക്കു ബാറ്റിങ് പ്രാക്ടീസും പാകിസ്താന് ബൗളിങ് പ്രാക്ടീസുമായ കളിയില്‍ ഒരിന്നിങ്‌സ് മാത്രമേ നടന്നുള്ളൂ. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 48.5 ഓവറില്‍ 266 റണ്‍സെടുക്കുകയായിരുന്നു. മുന്‍നിര പതറിയ ഇന്ത്യയെ രക്ഷിച്ചത് ഹാര്‍ദിക് പാണ്ഡ്യയുടെയും (87) ഇഷാന്‍ കിഷന്റെയും (82) ഇന്നിങ്‌സുകളായിരുന്നു.

ജസ്പ്രീത് ബുംറ (16), രവീന്ദ്ര ജഡേജ (14), ശ്രേയസ് അയ്യര്‍ (14), ക്യാപ്റ്റന്‍ രോഹിത് ശര്‍മ (11), ശുഭ്മന്‍ ഗില്‍ (10) എന്നിവരാണ് രണ്ടക്കം കടന്ന മറ്റുള്ളവര്‍. പക്ഷെ മഴയെ തുടര്‍ന്നു പാകിസ്താനു റണ്‍ചേസില്‍ ഒരോവര്‍ പോലും ബാറ്റ് ചെയ്യാന്‍ കഴിഞ്ഞില്ല. ഒടുവില്‍ മല്‍സരം ഉപേക്ഷിക്കാന്‍ തീരുമാനിക്കുകയായിരുന്നു.

ഇതോടെ ഇന്ത്യക്കും പാകിസ്താനും ഓരോ പോയിന്റ് വീതം ലഭിക്കുകയും ചെയ്തു. മൂന്നു പോയിന്റുമായി പാകിസ്താന്‍ സൂപ്പര്‍ ഫോറില്‍ കടന്നു. ഇന്ത്യയുടെ അവസാന മല്‍സരം തിങ്കളാഴ്ച നേപ്പാളുമായിട്ടാണ്. ഈ മല്‍സരം ജയിച്ചാല്‍ ഇന്ത്യയും സൂപ്പര്‍ ഫോറിലെത്തും.

HARDIK PANDYA

ടോസിനു ശേഷം ബാറ്റിങ് തിരഞ്ഞെടുക്കാനുള്ള ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മയുടെ തീരുമാനം പാളിപ്പോയോ എന്നു സംശയിപ്പിക്കുന്നതായിരുന്നു ആദ്യത്തെ 15 ഓവറുകള്‍. കാരണം പാകിസ്താന്റെ ഷഹീന്‍ അഫ്രീഡി, നസീം ഷാ, ഹാരിസ് റൗഫ് സൂപ്പര്‍ പേസ് ത്രയത്തിനെതിരേ ഇന്ത്യന്‍ മുന്‍നിര ശരിക്കും വിയര്‍ത്തു. 15 ഓവര്‍ കഴിമ്പോഴേക്കും നാലു മുന്‍നിര വിക്കറ്റുകള്‍ നഷ്ടമായ ഇന്ത്യ നാലിനു 66 റണ്‍സിലേക്കു വീണിരുന്നു.

രോഹിത്, ഗില്‍ (10), വിരാട് കോലി (4), ശ്രേയസ് (14) എന്നിവരെയാണ് ഇന്ത്യക്കു നഷ്ടമായത്. രോഹിത്തിനെയും കോലിയെയും ഷഹീന്‍ ബൗള്‍ഡാക്കുകയായിരുന്നു. 22 ബോളില്‍ അദ്ദേഹം രണ്ടു ഫോറടിച്ചപ്പോള്‍ കോലി ഏഴു ബോളില്‍ ഒരു ഫോറും നേടി. 32 ബോളുകളില്‍ നിന്നും ഒരു ഫോര്‍ മാത്രം നേടിയ ഗില്ലിനെ റൗഫ് ബൗള്‍ഡാക്കുകയായിരുന്നു.

അഗ്രസീവായി ബാറ്റ് ചെയ്ത ശ്രേയസ് ഷോര്‍ട്ട് ബോള്‍ കെണിയില്‍ വീണു. ഒമ്പതു ബോളില്‍ രണ്ടു ഫോറടക്കം 14 റണ്‍സെടുത്ത ശ്രേയസിനെ റൗഫിന്റെ ബോളില്‍ ഫഖര്‍ സമാന്‍ ക്യാച്ചെടുത്തു. ഇതിനിടെ ഒന്നിലേറെ തവണ മഴ കളി തടസ്സപ്പെടുത്തുകയും ചെയ്തിരുന്നു. തുടര്‍ന്നായിരുന്നു കരിയറിലാദ്യമായി അഞ്ചാം നമ്പറില്‍ ബാറ്റ് ചെയ്ത ഇഷാന്‍ കിഷന്റെയും വൈസ് ക്യാപ്റ്റന്‍ ഹാര്‍ദിക് പാണ്ഡ്യയുടെയും രക്ഷാപ്രവര്‍ത്തനം.

മധ്യ ഓവറുകളില്‍ പാകിസ്താന്റെ ബൗളിങിനെ അനായാസം നേരിട്ട ഇരുവരും മികച്ച കൂട്ടുകെട്ടുമായി ടീമിനെ കളിയിലേക്കു തിരികെ കൊണ്ടുവന്നു. ഇതിനിടെ ഇരുവരും ഫിഫ്റ്റികളും പൂര്‍ത്തിയാക്കി. 142 ബോളില്‍ 138 റണ്‍സിന്റെ തകര്‍പ്പന്‍ കൂട്ടുകെട്ടുണ്ടാക്കാന്‍ ഇവര്‍ക്കു കഴിഞ്ഞു. ടീം സ്‌കോര്‍ 66ല്‍ ഒരുമിച്ച ഇഷാന്‍- ഹാര്‍ദിക് സഖ്യം 38ാം ഓവറില്‍ സ്‌കോര്‍ 204ല്‍ വച്ചായിരുന്നു വേര്‍പിരിഞ്ഞത്.

പുള്‍ ഷോട്ടിനു ശ്രമിച്ച ഇഷാനെ പുറത്താക്കി റൗഫാണ് ഇന്ത്യക്കു ബ്രേക്കിട്ടത്. 81 ബോളില്‍ ഒമ്പതു ഫോറും രണ്ടു സിക്‌സറും ഇഷാന്റെ ഇന്നിങ്‌സിലുണ്ടായിരുന്നു. ഹാര്‍ദിക് സെഞ്ച്വറി കുറിക്കുമെന്നു കരുതിയെങ്കിലും 87ല്‍ വീണു. ഷഹീന്റെ സ്ലോ ബോളില്‍ ആഗ സല്‍മാനാണ് ക്യാച്ചെടുത്തത്. 90 ബോളില്‍ അദ്ദേഹം ഏഴു ഫോറും ഒരു സിക്‌സറുമടിച്ചു.

ഹാര്‍ദിക്കും ജഡേജയും (14) ഒരേ ഓവറിലാണ് പുറത്തായത്. തൊട്ടടുത്ത ഓവറില്‍ ശര്‍ദ്ദുല്‍ ടാക്കൂറും (3) മടങ്ങിയതോടെ അഞ്ചിന് 239ല്‍ നിന്നും ഇന്ത്യ എട്ടിന് 242ലേക്കു കൂപ്പുകുത്തി. എന്നാല്‍ വാലറ്റത്ത് ജസ്പ്രീത് ബുംറയുടെ (14 ബോളില്‍ 16) കൗണ്ടര്‍ അറ്റാക്കിങ് ഇന്നിങ്‌സ് ടീമിനെ 266 വരെയെത്തിക്കുകയായിരുന്നു ഇന്ത്യയുടെ മുഴുവന്‍ വിക്കറ്റുകളും പാക് പേസ് ത്രയം പങ്കിട്ടു. ഷഹീന്‍ നാലു വിക്കറ്റുകള്‍ പിഴുതപ്പോള്‍ നസീമിനും റൗഫിനും മൂന്നു വിക്കറ്റുകള്‍ വീതം ലഭിച്ചു.

ISHAN KISHAN

ടോസിനു ശേഷം ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ ബാറ്റ് ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു. കെഎല്‍ രാഹുലിനു പകരം ഇഷാന്‍ കിഷന്‍ ഇന്ത്യയുടെ പ്ലെയിങ് ഇലവനിലേക്കു വന്നപ്പോള്‍ മുഹമ്മദ് ഷമിക്കു ടീമില്‍ ഇടം ലഭിച്ചില്ല. ഷമിക്കു പകരം ബാറ്റിങ് ശക്തിപ്പെടുത്തുന്നതിനായി സീം ബൗളിങ് ഓള്‍റൗണ്ടര്‍ ശര്‍ദ്ദുല്‍ ടാക്കൂറിനെ ഇന്ത്യ കളിപ്പിക്കുകയായിരുന്നു. മറുഭാഗത്ത് പാകിസ്താന്‍ ആദ്യ മല്‍സരത്തിലെ അതേ ടീമിനെ തന്നെ നിലനിര്‍ത്തി.

പ്ലെയിങ് ഇലവന്‍

ഇന്ത്യ- രോഹിത് ശര്‍മ (ക്യാപ്റ്റന്‍), ശുഭ്മന്‍ ഗില്‍, ഇഷാന്‍ കിഷന്‍ (വിക്കറ്റ് കീപ്പര്‍), വിരാട് കോലി, ശ്രേയസ് അയ്യര്‍, ഹാര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, ശര്‍ദ്ദുല്‍ ടാക്കൂര്‍, കുല്‍ദീപ് യാദവ്, ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്.

പാകിസ്താന്‍- ഫഖര്‍ സമാന്‍, ഇമാമുള്‍ ഹഖ്, ബാബര്‍ ആസം (ക്യാപ്റ്റന്‍), മുഹമ്മദ് റിസ്വാന്‍ (വിക്കറ്റ് കീപ്പര്‍), ആഗ സല്‍മാന്‍, ഇഫ്തിഖാര്‍ അഹമ്മദ്, ഷദാബ് ഖാന്‍, മുഹമ്മദ് നവാസ്, ഷഹീന്‍ അഫ്രീഡി, നസീം ഷാ, ഹാരിസ് റൗഫ്.

Story first published: Saturday, September 2, 2023, 12:49 [IST]
Other articles published on Sep 2, 2023
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+