For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

Asia Cup 2023: മഴയ്ക്കു പിറകെ ഇന്ത്യന്‍ റണ്‍മഴ! മുങ്ങിത്താഴ്ന്ന് പാക് പട; ഇന്ത്യക്കു വന്‍ ജയം

കൊളംബോ: ഏഷ്യാ കപ്പിന്റെ സൂപ്പര്‍ ഫോറിലെ എല്‍ ക്ലാസിക്കോയില്‍ ഇന്ത്യയുടെ സമ്പൂര്‍ണ ആധിപത്യത്തിനു മുന്നില്‍ പാകിസ്താന്‍ നാണംകെട്ടു. മഴയെത്തുടര്‍ന്നു റിസര്‍വ് ദിനത്തിലേക്കു നീണ്ട പോരാട്ടത്തില്‍ ഇന്ത്യന്‍ റണ്‍മഴയ്ക്കാണ് കൊളംബോ സാക്ഷിയായത്. റണ്‍ചേസില്‍ പൊരുതാന്‍ പോലും കഴിയാതെ പാകിസ്താന്‍ 228 റണ്‍സിന്റെ കനത്ത തോല്‍വിയിലേക്കു കൂപ്പുകുത്തുകയായിരുന്നു. 357 റണ്‍സെന്ന അപ്രാപ്യമായ വിജയലക്ഷ്യമായിരുന്നു പാകിസ്താന് ഇന്ത്യ നല്‍കിയത്.

ഒരു ഘട്ടത്തിലും കളിയില്‍ വിജയപ്രതീക്ഷ നല്‍കാന്‍ സാധിക്കാതെ പോയ പാകിസ്താന്‍ നിരുപാധികം കീഴടങ്ങുകയായിരുന്നു. 32 ഓവറില്‍ എട്ടു വിക്കറ്റിനു 128 റണ്‍സെടുത്ത് ബാബറും സംഘവും മല്‍സരം അടിയറവയ്ക്കുകയായിരുന്നു. പരിക്കു കാരണം പാകിസ്താന്റെ അവസാനത്തെ രണ്ടു ബാറ്റര്‍മാരായ ഹാരിസ് റൗഫും നസീം ഷായും ബാറ്റിങിനു ഇറങ്ങിയില്ല.

VIRAT KOHLI

അഞ്ചു വിക്കറ്റുകളെടുത്ത സ്പിന്നര്‍ കുല്‍ദീപ് യാദവാണ് പാകിസ്താന്റെ അന്തകനായത്. എട്ടോവറില്‍ 25 റണ്‍സ് മാത്രം വിട്ടുകൊടുത്താണ് അദ്ദേഹം അഞ്ചു പേരെ പുറത്താക്കിയത്. ജസ്പ്രീത് ബുംറ, ഹാര്‍ദിക് പാണ്ഡ്യ, ശര്‍ദ്ദുല്‍ ടാക്കൂര്‍ എന്നിവര്‍ ഓരോ വിക്കറ്റുകള്‍ വീതമെടുത്തു. പാക് നിരയില്‍ ഒരാള്‍ക്കു പോലും 30 റണ്‍സ് തികയ്ക്കാനായില്ല.

27 റണ്‍സെടുത്ത ഓപ്പണര്‍ ഫഖര്‍ സമാനാണ് പാക് നിരയില്‍ അല്‍പ്പമെങ്കിലും പിടിച്ചുനിന്നത്. 50 ബോളുകള്‍ നേരിട്ട താരം രണ്ടു ഫോറുകളടിച്ചു. 23 റണ്‍സ് വീതമെടുത്ത ആഗ സല്‍മാനും ഇഫ്തിഖാര്‍ അഹമ്മദുമാണ് 20നു മുകളില്‍ സ്‌കോര്‍ ചെയ്ത മറ്റുള്ളവര്‍. ഇമാമുള്‍ ഹഖ് (9), ക്യാപ്റ്റന്‍ ബാബര്‍ (10), മുഹമ്മദ് റിസ്വാന്‍ (2), ഷദാബ് ഖാന്‍ (6), ഫഹീം അഷ്‌റഫ് (4) എന്നിവരെല്ലാം കാര്യമായ ചെറുത്തുനില്‍പ്പില്ലാതെ കീഴടങ്ങി.

നേരത്തേ രണ്ടു വിക്കറ്റിനു 147 റണ്‍സെന്ന നിലയിലായിരുന്നു റിസര്‍വ് ദിനമായ ഇന്നു ഇന്ത്യയുടെ ബാറ്റിങ് പുനരാരംഭിച്ചത്. കളി തടസ്സപ്പെടുമ്പോള്‍ ക്രീസിലുണ്ടായിരുന്ന വിരാട് കോലിയും കെഎല്‍ രാഹുലും അപരാജിത സെഞ്ച്വറികളമായി പാകിസ്താന്റെ കഥ കഴിക്കുകയും ചെയ്തു. കോലി 122 റണ്‍സും രാഹുല്‍ 111 റണ്‍സുമാണ് പുറത്താവാതെ നേടിയത്. 94 ബോളിലായിരുന്നു കോലി ഒമ്പതു ഫോറും മൂന്നു സിക്‌സറുമടക്കം 122 റണ്‍സ് വാരിക്കൂട്ടിയത്. രാഹുല്‍ 106 ബോളില്‍ 12 ഫോറും രണ്ടു സിക്‌സറുമടിച്ചു.

അപരാജിതമായ മൂന്നാം വിക്കറ്റില്‍ കോലി- രാഹുല്‍ സഖ്യം 233 റണ്‍സാണ് വാരിക്കൂട്ടിയത്. 18ാം ഓവറില്‍ ടീം സ്‌കോര്‍ 123ല്‍ നില്‍ക്കെ ഒരുമിച്ച ഈ ജോടി പാക് ബൗളര്‍മാര്‍ക്കു ഒരു പഴുതും നല്‍കാതെയാണ് കളി വരുതിയിലാക്കിയത്. ആറു ബൗളര്‍മാരെയാണ് പാകിസ്താന്‍ ഈ കളിയില്‍ പരീക്ഷിച്ചത്. ചെറിയ പരിക്കു കാരണം പേസര്‍ ഹാരിസ് റൗഫിനെ ഇന്നു പാകിസ്താന്‍ ബൗള്‍ ചെയ്യിച്ചതുമില്ല. പാകിസ്താനു വേണ്ടി ഷഹീന്‍ അഫ്രീഡിയും ഷദാബ് ഖാനും ഓരോ വിക്കറ്റുകള്‍ വീതമെടുത്തപ്പോള്‍ മറ്റാര്‍ക്കും വിക്കറ്റ് നേടാനായില്ല.

KL RAHUL

ഞായറാഴ്ച ടോസ് നഷ്ടപ്പെട്ട് ബാറ്റിങിനു അയക്കപ്പെട്ട ഇന്ത്യ 24.1 ഓവറില്‍ രണ്ടു വിക്കറ്റിനു 147 റണ്‍സെന്ന ശക്തമായ നിലയിലുള്ളപ്പോഴായിരുന്നു മഴയെത്തിയത്. വിരാട് കോലിയും (8) കെഎല്‍ രാഹുലുമായിരുന്നു (17) അപ്പോള്‍ ക്രീസില്‍. ക്യാപ്റ്റന്‍ രോഹിത് ശര്‍മയുടെയും ശുഭ്മന്‍ ഗില്ലിന്റെയും തകര്‍പ്പന്‍ ഫിഫ്റ്റികളാണ് പാകിസ്താനെതിരേ ഇന്ത്യക്കു മികച്ച തുടക്കം നല്‍കിയത്.

ഗില്‍ 58 റണ്‍സും രോഹിത് 56 റണ്‍സും നേടി പുറത്താവുകയായിരുന്നു. പാകിസ്താനെതിരേ കന്നി ഫിഫ്റ്റി കൂടിയായിരുന്നു ഗില്‍ ഈ കളിയില്‍ കുറിച്ചത്. 52 ബോളുകള്‍ നേരിട്ട താരത്തിന്റെ ഇന്നിങ്‌സില്‍ 10 ഫോറുകളുള്‍പ്പെട്ടിരുന്നു. രോഹിത് 49 ബോളിലാണ് ആറു ഫോറും നാലു സിക്‌സറുകളുമടക്കം 56 റണ്‍സ് നേടിയത്.

നേരത്തേ ടോസിനു ശേഷം പാക് നായകന്‍ ബാബര്‍ ആസം ഇന്ത്യയോടു ബാറ്റ് ചെയ്യാന്‍ ആവശ്യപ്പെടുകയായിരുന്നു. നേപ്പാളുമായുള്ള അവസാനത്തെ ഗ്രൂപ്പ് മല്‍സരത്തില്‍ ജയിച്ച ടീമില്‍ രണ്ടു മാറ്റങ്ങളോടെയാണ് ഇന്ത്യ ഇറങ്ങിയത്. പരിക്കു കാരണം ശ്രേയസ് അയ്യരെ ഒഴിവാക്കിയപ്പോള്‍ പകരം കെഎല്‍ രാഹുല്‍ ടീമിലേക്കു വരികയായിരുന്നു. മുഹമ്മദ് ഷമിക്കു പകരം ജസ്പ്രീത് ബുംറയെയും പ്ലെയിങ് ഇലവനിലേക്കു ഇന്ത്യ കൊണ്ടു വന്നു.

പ്ലെയിങ് ഇലവന്‍

ഇന്ത്യ- രോഹിത് ശര്‍മ (ക്യാപ്റ്റന്‍), ശുഭ്മന്‍ ഗില്‍, വിരാട് കോലി, കെഎല്‍ രാഹുല്‍, ഇഷാന്‍ കിഷന്‍ (വിക്കറ്റ് കീപ്പര്‍), ഹാര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, ശര്‍ദ്ദുല്‍ ടാക്കൂര്‍, കുല്‍ദീപ് യാദവ്, ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്.

പാകിസ്താന്‍- ഫഖര്‍ സമാന്‍, ഇമാമുള്‍ ഹഖ്, ബാബര്‍ ആസം (ക്യാപ്റ്റന്‍), മുഹമ്മദ് റിസ്വാന്‍ (വിക്കറ്റ് കീപ്പര്‍), ആഗ സല്‍മാന്‍, ഇഫ്തിഖാര്‍ അഹമ്മദ്, ഷദാബ് ഖാന്‍, ഫഹീം അഷ്‌റഫ്, ഷഹീന്‍ അഫ്രീഡി, നസീം ഷാ, ഹാരിസ് റൗഫ്.

Story first published: Monday, September 11, 2023, 12:30 [IST]
Other articles published on Sep 11, 2023
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+