ഏഷ്യ കപ്പിന്റെ സൂപ്പര്‍ ഫോറിലെ കഴിഞ്ഞ കളിയില്‍ ശ്രീലങ്കയ്‌ക്കെതിരേ ഇന്ത്യയുടെ പ്രകടനത്തെ ചോദ്യം ചെയ്ത പാകിസ്താന്‍ ആരാധകര്‍ക്കെതിരേ ആഞ്ഞടിച്ച് ഇതിഹാസ ഫാസ്റ്റ് ബൗളര്‍ ഷുഐബ് അക്തര്‍. ലങ്കയ്‌ക്കെതിരായ മല്‍സരത്തില്‍ ഇന്ത്യ മനപ്പൂര്‍വ്വം മോശമായി കളിച്ച് തോല്‍ക്കാന്‍ ശ്രമിച്ചെന്നായിരുന്നു പാകിസ്താന്‍ ആരാധകര്‍ ആരോപിച്ചത്. പാകിസ്താന്‍ ടീം ഫൈനലിലെത്തുന്നത് തടയുകയെന്ന ലക്ഷ്യത്തോടെ ആയിരുന്നു ഇതെന്നും അവര്‍ ചൂണ്ടിക്കാട്ടിയിരുന്നു.
എന്നാല്‍ യാതൊരു അടിസ്ഥാനവുമില്ലാത്തതാണ് പാക് ആരാധകരുടെ ഈ ആരോപണമെന്നാണ് അക്തര്‍ തുറന്നടിച്ചത്. നേരത്തേ പാകിസ്താനുമായുള്ള സൂപ്പര്‍ ഫോര്‍ മല്‍സരത്തില്‍ 356 റണ്‍സ് വാരിക്കൂട്ടിയ ഇന്ത്യ 228 റണ്‍സിന്റെ വമ്പന്‍ ജയവും കൊയ്തിരുന്നു. ഏകദിനത്തില്‍ പാക് പടയ്‌ക്കെതിരേ ഇന്ത്യയുടെ എക്കാലത്തെയും വലിയ വിജയം കൂടിയായിരുന്നു ഇത്.

എന്നാല്‍ ശ്രീലങ്കയുമായുള്ള കളിയില്‍ ഇന്ത്യന്‍ ബാറ്റിങ് നിര തീര്‍ത്തും നിരാശപ്പെടുത്തിയിരുന്നു. 213 റണ്‍സ് മാത്രമെടുത്ത് ഇന്ത്യ കളിയില്‍ ഓള്‍ഔട്ടാവുകയായിരുന്നു. ഇതാണ് പാക് ആരാധകര്‍ ഇന്ത്യക്കെതിരേ ആരോപണമുന്നയിക്കാന്‍ പ്രധാന കാരണം.
സ്വന്തം യൂട്യൂബ് ചാനലിലൂടെയായിരുന്നു പാക് ആരാധകരുടെ അടിസ്ഥാനരഹിതമായ ആരോപണങ്ങളെ അക്തര്‍ വിമര്‍ശിച്ചത്. ജനങ്ങള്‍ക്കു ഇതെന്തു പറ്റി? ശ്രീലങ്കയോടു ഇന്ത്യ മനപ്പൂര്‍വ്വം തോല്‍ക്കാന്‍ ശ്രമിച്ചുവെന്നാണ് അവര്‍ പറയുന്നത്. ഇതുമായി ബന്ധപ്പെട്ട് മീംസ് (memes) ഉണ്ടാക്കുകയും ചെയ്തു. നിങ്ങള്‍ക്കു ഇത്രയും ബോധമില്ലേ?
വെല്ലലെഗെയും അസലെന്‍കയും എത്ര നന്നായിട്ടാണ് ശ്രീലങ്കയ്ക്കു വേണ്ടി ബൗള്‍ ചെയ്തതെന്നു നിങ്ങള്‍ കണ്ടില്ലേ? പാകിസ്താനെ പുറത്താക്കാന്‍ അവര്‍ (ഇന്ത്യ) എന്തിനു തോറ്റു കൊടുക്കണം? ഫൈനിലേക്കു മുന്നേറാന്‍ തന്നെയാണ് ഇന്ത്യന്‍ ടീം ആഗ്രഹിച്ചത്. അതിനായി കളിക്കളത്തില്‍ എല്ലാം നല്‍കുകയും ചെയ്തുവെന്നും അക്തര്‍ വിശദമാക്കി.
ശ്രീലങ്കന്‍ ടീമിനെതിരേ ഇന്ത്യ നടത്തിയ പോരാട്ടവീര്യം നോക്കൂയെന്നും പാകിസ്താന്റെ ഭാഗത്തു നിന്നും ഇതു തനിക്കു കാണാനായില്ലെന്നും അദ്ദേഹം പറഞ്ഞു. ജസ്പ്രീത് ബുംറയടക്കമുള്ള ഇന്ത്യന്‍ താരങ്ങള്‍ ലങ്കയ്‌ക്കെതിരേ നടത്തിയ പോരാട്ടവീര്യം നോക്കൂ. ബോളും ബാറ്റും കൊണ്ട് ശ്രീലങ്കയുടെ യുവതാരം വെല്ലലെഗെ നടത്തിയ പോരാട്ടം നോക്കൂ.

നമ്മുടെ (പാകിസ്താന്‍) താരങ്ങളുടെ ഭാഗത്തു നിന്നും ഇതുപോലെയുള്ള പോരാട്ടമൊന്നും കാണാനായില്ല. പക്ഷെ അവരെയും കുറ്റപ്പെടുത്താന്‍ കഴിയില്ല. എപ്പോഴാണ് പാകിസ്താന്‍ ടീം അവസാനമായി ഒരു വര്‍ഷം 25-30 ഏകദിനങ്ങള്‍ കളിച്ചിട്ടുള്ളതെന്നും അക്തര്‍ ചോദിക്കുന്നു.
ചെറിയ ടോട്ടലിനു പുറത്തായിട്ടും ബൗളിങില്‍ ശക്തമായ തിരിച്ചുവരവ് നടത്തി ശ്രീലങ്കയെ 172നു എറിഞ്ഞൊതുക്കി 41 റണ്‍സിന്റെ വിജയം സ്വന്തമാക്കിയ ഇന്ത്യന്‍ ടീമിന്റെ പ്രകടനത്തെ അദ്ദേഹം വാനോളം പുകഴ്ത്തി.
ഗ്രൗണ്ടില്‍ ഇന്ത്യ തങ്ങളുടെ ഹൃദയമാണ് നല്‍കിയത്. കുല്‍ദീപ്, ബുംറ, ഹാര്‍ദിക്, സിറാജ്, ജഡേജ തുടങ്ങി ഇന്ത്യയുടെ ഓരോ ബൗളര്‍മാരും നടത്തിയ പോരാട്ടം ഏറെ ഇഷ്ടപ്പെട്ടു. ജഡേജ ബാറ്റ്, ബോള്‍, ഫീല്‍ഡിങ് തുടങ്ങി എല്ലാത്തിലും സംഭാവന ചെയ്യുന്ന താരമാണെന്നും അക്തര്‍ കൂട്ടിച്ചേര്‍ത്തു.