കൊളംബോ: ശ്രീലങ്കയെ തരിപ്പണമാക്കി എട്ടാം തവണയും ഏഷ്യാ കപ്പില്‍ മുത്തമിട്ടതോടെ ടീം ഇന്ത്യ കുറിച്ചത് പുതുചരിത്രം. ഒരു ടി20 മല്‍സരത്തിന്റെ പോലും ദൈര്‍ഘ്യമില്ലാതിരുന്ന കളിയില്‍ ലങ്കയ്ക്കു എന്താണ് സംഭവിക്കുന്നതെന്നു പോലും മനസ്സിലായില്ല. കളി തുടങ്ങിയതും അവസാനിച്ചതുമെല്ലാം കണ്ണടച്ചു തുറക്കും വേഗത്തിലായിരുന്നു.
ഫൈനലിലെ ഏകപക്ഷീയമായ വിജയത്തോടെ വന്‍ റെക്കോര്‍ഡാണ് ഇന്ത്യ തങ്ങളുടെ പേരില്‍ കുറിച്ചിരിക്കുന്നത്. ഏകദിന ചരിത്രത്തില്‍ ബോളുകളുടെ അടിസ്ഥാനത്തില്‍ തങ്ങളുടെ എക്കാലത്തെയും വലിയ വിജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. 263 ബോളുകള്‍ ബാക്കിനില്‍ക്കെയായിരുന്നു ലങ്കയെ രോഹിത് ശര്‍മയും സംഘവും കെട്ടുകെട്ടിച്ചത്. ഇത്രയുമധികം ബോളുകള്‍ ബാക്കിനില്‍ക്കെ ഇന്ത്യ ജയിക്കുന്നത് ഇതാദ്യമായിട്ടാണ്.

നേരത്തേ ഈ വര്‍ഷം ശ്രീലങ്കയ്‌ക്കെതിരേ മറ്റൊരു വന്‍ ജയവും ഇന്ത്യ കുറിച്ചിരുന്നു. 317 റണ്‍സിനായിരുന്നു ലങ്കയെ ഇന്ത്യ മുക്കിയത്. ലോക റെക്കോര്‍ഡ് കൂടിയായിരുന്നു ഇത്. രോഹിത് ശര്‍മയുടെ ക്യാപ്റ്റന്‍സിയില്‍ തന്നെയായിരുന്നു ഈ വിജയവും. ഈ റെക്കോര്‍ഡിന്റെ മനോഹരമായ ഓര്‍മകള്‍ മായും മുമ്പെയാണ് ലങ്കയ്‌ക്കെതിരേ മറ്റൊരു റെക്കോര്‍ഡ് ജയം കൂടി ഇന്ത്യ പിടിച്ചെടുത്തത്.
അതേസമയം, പേസര്‍ മുഹമ്മദ് സിറാജിന്റെ മാജിക്കല്‍ ബൗളിങ് പ്രകടനമാണ് ലങ്കാദഹനത്തിനു ഇന്ത്യയെ സഹായിച്ചത്. ടോസിനു ശേഷം ബാറ്റിങ് തിരഞ്ഞെടുക്കാനുള്ള ലങ്കന്‍ ക്യാപ്റ്റന്‍ ദസുന്‍ ഷനകയുടെ തീരുമാനം തെറ്റായിരുന്നവെന്നു 10 ഓവറിനുള്ളില്‍ തന്നെ തെളിഞ്ഞിരുന്നു. വെറും 15.2 ഓവറില്‍ 50 റണ്‍സിനു ഇന്ത്യ ലങ്കയുടെ കഥ കഴിച്ചു.

സിറാജിന്റെ കരിയര്‍ ബെസ്റ്റ് പ്രകടനത്തിന മുന്നില്‍ ലങ്കന്‍ നിരയില്‍ ആര്‍ക്കും മറുപടിയില്ലായിരുന്നു. വെറും രണ്ടു പേരാണ് അവരുടെ ബാറ്റിങ് ലൈനപ്പില്‍ രണ്ടക്കത്തിലെത്തിയത്. 17 റണ്‍സെടുത്ത വിക്കറ്റ് കീപ്പര്‍ കുശാല്‍ മെന്‍ഡിസാണ് ലങ്കയുടെ ടോപ്‌സ്‌കോററായത്.
സ്പിന്നര്‍ ദുഷന്‍ ഹേമന്ദ പുറത്താവാതെ 13 റണ്‍സും നേടി. ഏഴോവറില്‍ ഒരു മെയ്ഡപ്പെടെ 21 റണ്‍സ് മാത്രം വിട്ടുകൊടുത്തായിരുന്നു സിറാജ് ആറു വിക്കറ്റുകള്‍ കട പുഴക്കിയത്. ഇതില്‍ നാലു വിക്കറ്റുകളും ഒരോവറില്‍ തന്നെയായിരുന്നു. നാലാം ഓവറിലാണ് നാലു പേരെ പുറത്താക്കി ലങ്കയെ തിരിച്ചുവരാന്‍ സാധിക്കാത്ത വിധം സിറാജ് തകര്‍ത്തത്.
റണ്‍ചേസില്‍ 51 റണ്‍സെന്ന വിജയലക്ഷ്യം കൈവരിക്കാന്‍ ഇന്ത്യക്കു 37 ബോളുകള്‍ മാത്രമേ വേണ്ടിവന്നുള്ളൂ. നായകന്‍ രോഹിത് ഓപ്പണിങില്‍ നിന്നും മാറി നിന്നപ്പോള്‍ പകരം ഇഷാന്‍ കിഷനാണ് ശുഭ്മന്‍ ഗില്ലിനൊപ്പം ബാറ്റ് ചെയ്യാനെത്തിയത്. ഗില്‍ 27ഉം ഇഷാന്‍ 23ഉം റണ്‍സെടുത്തപ്പോള്‍ ഇന്ത്യ 6.1 ഓവറില്‍ വളരെ അനായാസം വിജയം പിടിച്ചെടുത്തു.