കറാച്ചി: അഭ്യൂഹങ്ങള്‍ക്കൊടുവില്‍ ഏഷ്യാ കപ്പ് നടത്താനുള്ള തീരുമാനത്തിലേക്ക് കഴിഞ്ഞ ദിവസമാണ് ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സിലെത്തിയത്. പാകിസ്താനാണ് ആതിഥേയത്വമെങ്കിലും വെറും നാല് മത്സരം മാത്രമാണ് പാകിസ്താനില്‍ നടക്കുന്നത്. ശേഷിക്കുന്ന ഒമ്പത് മത്സരങ്ങളും നടക്കുന്നത് ശ്രീലങ്കയിലാണ്. പാകിസ്താനില്‍ കളിക്കില്ലെന്ന ഇന്ത്യയുടെ നിലപാടാണ് ശ്രീലങ്കയെക്കൂടി വേദിയാക്കുന്നതിന് കാരണമായത്. ഇതില്‍ പാകിസ്താന്‍ ക്രിക്കറ്റ് ബോര്‍ഡിന് (പിസിബി) കടുത്ത അതൃപ്തിയുണ്ട്.
എന്നാല്‍ ഇന്ത്യയില്ലാതെ ഏഷ്യാ കപ്പ് നടത്തുന്നത് സാമ്പത്തികമായി വലിയ നഷ്ടമുണ്ടാക്കുമെന്നതിനാല്‍ പാകിസ്താന്‍ വിട്ടുവീഴ്ചയ്ക്ക് തയ്യാറാവുകയായിരുന്നു. ഇന്ത്യയുടെ തീരുമാനത്തിന് മുന്നില്‍ വിട്ടുവീഴ്ച ചെയ്യേണ്ടി വന്നത് പിസിബിക്ക് വലിയ ക്ഷീണമായിട്ടുണ്ട്. ഇപ്പോള്‍ ഇന്ത്യക്ക് പാകിസ്താനില്‍ കളിക്കാന്‍ ഭയമാണെന്നും പാകിസ്താനോട് മുട്ടിനില്‍ക്കാനുള്ള കരുത്ത് ഇന്നത്തെ ഇന്ത്യക്കില്ലെന്നും അവരോട് നരകത്തില്‍ പോകാന്‍ പറയാനുമെല്ലാമാണ് മിയാന്‍ദാദ് പറയുന്നത്.
ഏഷ്യാ കപ്പിന്റെ സാഹചര്യങ്ങള്‍ വിലയിരുത്തി സംസാരിക്കുമ്പോഴായിരുന്നു മിയാന്‍ദാദിന്റെ പ്രതികരണം. '2012ലും 2016ലും പാകിസ്താന്‍ ടീം ഇന്ത്യയില്‍ വന്നു. അതുകൊണ്ടുതന്നെ ഇനി ഇന്ത്യന്‍ ടീമിന് പാകിസ്താനിലേക്ക് വരാനുള്ള അവസരമാണുള്ളത്. എനിക്ക് തീരുമാനമെടുക്കാന്‍ അധികാരമുണ്ടായിരുന്നെങ്കില്‍ ലോകകപ്പ് ഉള്‍പ്പെടെ ഒരു മത്സരം പോലും ഇന്ത്യയില്‍ പാക് ടീം കളിക്കേണ്ടന്ന നിലപാടെടുത്തേനെ. ഇന്ത്യയുമായി പരമ്പര കളിക്കാന്‍ ഏത് സമയത്തും ഞങ്ങള്‍ തയ്യാറാണ്.
പക്ഷെ ഇന്ത്യക്ക് അതിന് താല്‍പര്യമില്ല. പാകിസ്താന്‍ ക്രിക്കറ്റ് വളരുകയാണ്. മികച്ച പ്രതിഭകളെ വാര്‍ത്തെടുക്കാന്‍ സാധിക്കുന്നുണ്ട്. ഇന്ത്യയോട് നരകത്തിലോട്ട് പോകാന്‍ പറയൂ. ലോകകപ്പ് കളിക്കാന്‍ പാകിസ്താന്‍ ഇന്ത്യയിലേക്ക് പോയാലും അവരുടെ സമീപനത്തില്‍ മാറ്റമുണ്ടാവുമെന്ന് കരുതാനാവില്ല'-മിയാന്‍ദാദ് പറഞ്ഞു. പാകിസ്താനുമായുള്ള പരമ്പരകള്‍ ഏറെ നാളായി ഇന്ത്യ നിര്‍ത്തിവെച്ചിരിക്കുകയാണ്. ഐസിസി ടൂര്‍ണമെന്റുകളും ഏഷ്യാ കപ്പിലും മാത്രമാണ് ഇപ്പോള്‍ ഇരു ടീമും നേര്‍ക്കുനേര്‍ എത്തുന്നത്.

അതുകൊണ്ടുതന്നെ ഇന്ത്യ-പാക് പോരാട്ടത്തിന് ഇപ്പോള്‍ പ്രത്യേക ആവേശമാണുള്ളത്. ഇന്ത്യയുമായി പരമ്പര കളിക്കാന്‍ ഏറെ നാളുകളായി പിസിബി താല്‍പര്യം കാട്ടുന്നു. നൂട്രല്‍ വേദിയില്‍ വെച്ച് പരമ്പര കളിക്കാമെന്ന നിര്‍ദേശം പല തവണ പിസിബി മുന്നോട്ടുവെച്ചപ്പോഴും ബിസിസി ഐ താല്‍പര്യം കാട്ടിയില്ല. പാകിസ്താനുമായി പരമ്പര കളിക്കേണ്ടെന്ന ശക്തമായ നിലപാടാണ് ബിസിസി ഐ സ്വീകരിച്ചിരിക്കുന്നത്. ഇതിന് പെട്ടെന്ന് മാറ്റം വരാന്‍ സാധ്യതകളുമില്ല.
'അയല്‍ രാജ്യങ്ങളാവുമ്പോള്‍ അല്‍പ്പം കൂടി സഹകരണം ആവിശ്യമാണ്. ഞാന്‍ എപ്പോഴും പറയുന്നതാണ് ക്രിക്കറ്റ് ആളുകളെ അടുപ്പിക്കുന്ന കായിക ഇനമാണ്. തെറ്റിദ്ധാരണകളും രാജ്യങ്ങള്‍ തമ്മിലുള്ള പ്രശ്‌നങ്ങളും തീര്‍ക്കുന്നതിനാണ് കായിക മത്സരങ്ങള്‍. പാകിസ്താന്‍ വിട്ടുവീഴ്ചകള്‍ ചെയ്യുമ്പോഴും ഇന്ത്യന്‍ ടീമിനെ ഏഷ്യാ കപ്പ് കളിക്കാന്‍ പാകിസ്താനിലേക്ക് വിടില്ലെന്നാണ് അവര്‍ ആവര്‍ത്തിക്കുന്നത്'-മിയാന്‍ദാദ് കൂട്ടിച്ചേര്‍ത്തു.
ഇന്ത്യയോട് ഒരു തവണ പോലും ലോകകപ്പില്‍ ജയിക്കാത്തവരെന്ന ചീത്തപ്പേര് 2021ലെ ടി20 ലോകകപ്പിലൂടെ പാകിസ്താന്‍ മാറ്റിയിരുന്നു. ഇന്ത്യയെ 10 വിക്കറ്റിനാണ് പാകിസ്താന്‍ തോല്‍പ്പിച്ചത്. ഇതിന് ശേഷം 2022ലെ ടി20 ലോകകപ്പിലും ഇന്ത്യ-പാക് പോരാട്ടമെത്തിയിരുന്നു. ഇന്ത്യയെ വിറപ്പിക്കുന്ന പ്രകടനം കാഴ്ചവെക്കാന്‍ പാകിസ്താന് സാധിച്ചിരുന്നു. എന്നാല്‍ വിരാട് കോലിയുടെ ഒറ്റയാള്‍ പോരാട്ടത്തിന്റെ മികവില്‍ ഇന്ത്യ ത്രസിപ്പിക്കുന്ന ജയം പാകിസ്താനെതിരേ നേടിയെടുത്തു.
ഇനി ഏഷ്യാ കപ്പിലും ഏകദിന ലോകകപ്പിലും ഇന്ത്യ പാക് പോരാട്ടം ആരാധകര്‍ക്ക് കാണാനാവും. ഏഷ്യാ കപ്പില്‍ ഫൈനലില്‍ ഇന്ത്യ പാക് പോരാട്ടം വന്നാല്‍ ആരാധകര്‍ക്കത് വലിയ ആവേശമാവും. ശ്രീലങ്കയിലാണ് ഏഷ്യാ കപ്പിലെ ഇന്ത്യ പാകിസ്താന്‍ മത്സരം നടക്കുന്നത്. ഇന്ത്യക്ക് മികച്ച റെക്കോഡുള്ള പിച്ചാണ് ശ്രീലങ്കയിലേത്. അതുകൊണ്ടുതന്നെ ഇന്ത്യക്ക് ആത്മവിശ്വാസവുമുണ്ട്. പക്ഷെ പാകിസ്താന്‍ കരുത്തരുടെ നിരയാണ്. ഇന്ത്യക്ക് കീഴ്‌പ്പെടുത്തുക എളുപ്പമായിരിക്കില്ലെന്നുറപ്പ്.