ഏഷ്യാ കപ്പില്‍ ബദ്ധവൈരികളായ പാകിസ്താനുമായുളള വമ്പന്‍ പോരാട്ടത്തിനു കച്ചമുറുക്കുകയാണ് ടീം ഇന്ത്യ. സപ്തംബര്‍ രണ്ടിനു ശനിയാഴ്ച ശ്രീലങ്കയിലെ കാന്‍ഡിയിലുള്ള പല്ലെക്കെലെ അന്താരാഷ്ട്ര സ്റ്റേഡിയത്തിലാണ് ക്രിക്കറ്റിലെ ഈ എല്‍ ക്ലാസിക്കോ. പാക് പടയ്ക്കു ഇതു ടൂര്‍ണമെന്റിലെ രണ്ടാമങ്കമാണെങ്കില്‍ ഇന്ത്യയുടെ ആദ്യ മല്‍സരം കൂടിയാണിത്. അതുകൊണ്ടു തന്നെ വിജയത്തോടെ തുടങ്ങാനായിരിക്കും രോഹിത് ശര്‍മയുടെയും സംഘത്തിന്റെയും ലക്ഷ്യം.
പാകിസ്താനുമായുള്ള ഈ പോരില്‍ ടീം കോമ്പിനേഷന്റെ കാര്യത്തില്‍ ഇന്ത്യക്കു ഇപ്പോഴും ചിത്രം തെളിഞ്ഞിട്ടില്ല. കാരണം ഫസ്റ്റ് ചോയ്‌സ് വിക്കറ്റ് കീപ്പര്‍ കെഎല്‍ രാഹുല്‍ ഈ മല്‍സരത്തില്‍ കളിക്കുമോയെന്ന കാര്യം സംശയമാണ്. പൂര്‍ണമായി മാച്ച് ഫിറ്റ്‌നസ് വീണ്ടെടുക്കാന്‍ കഴിയാത്തതാണ് കാരണം.

രാഹുല്‍ ഇല്ലെങ്കില്‍ പകരം യുവതാരം ഇഷാന്‍ കിഷനെ ടീമിലെടുക്കുകയും ഓപ്പണിങ് റോളില്‍ കളിപ്പിക്കേണ്ടി വരികയും ചെയ്യും. ഇതോടെ സ്ഥിരം ഓപ്പണിങ് ജോടികളായ രോഹിത്- ശുഭ്മന്‍ ഗില്‍ എന്നിവരിലൊരാള്‍ക്കു താഴേക്കു ഇറങ്ങേണ്ടി വരികയും ഇതു മറ്റുള്ളവരുടെയെല്ലാം ബാറ്റിങ് പൊസിഷനെ ബാധിക്കുകയും ചെയ്യും. രാഹുല്‍ ഫിറ്റായി അഞ്ചാം നമ്പറില്‍ കളിക്കുകയാണെങ്കില്‍ ഇന്ത്യ ഹാപ്പിയാണ്. മറിച്ചാണെങ്കില്‍ പണി പാളുകയും ചെയ്യും.
കാര്യങ്ങള്‍ ഇങ്ങനെയൊക്കെയാണെങ്കിലും പാകിസ്താനുമായുള്ള സൂപ്പര്‍ പോരാട്ടത്തില്‍ ഇപ്പോഴും ഒരുപടി മുന്നില്‍ നില്‍ക്കുന്നത് ഇന്ത്യ തന്നെയാണ്. ഇതിനുള്ള കാരണമെന്താണെന്നു അറിയാം. മല്‍സരവേദിയായ പല്ലെക്കെലെ അന്താരാഷ്ട്ര സ്റ്റേഡിയമാണ് മല്‍സരത്തില്‍ ഇന്ത്യക്കു ആഹ്ലാദിക്കാനും ആശ്വസിക്കാനും വക നല്‍കുന്ന കാര്യം.
കാരണം ഇന്ത്യയെ സംബന്ധിച്ച് ഭാഗ്യവേദികളിലൊന്നാണ് ഇതെന്നു കണക്കുകള്‍ പറയുന്നു. ചരിത്രമെടുത്താല്‍ ഇവിടെ ഇതുവരെ മൂന്നു ഏകദിന മല്‍സരങ്ങളിലാണ് ഇന്ത്യ കളിച്ചിട്ടുള്ളത്. ഇവയിലെല്ലാം ടീം വിജയം കൊയ്യുകയും ചെയ്തു.
എല്ലാ മല്‍സരങ്ങളും ആതിഥേയരായ ശ്രീലങ്കയ്‌ക്കെതിരേയായിരുന്നു. 2012ല്‍ 20 റണ്‍സിനും 2017ല്‍ മൂന്നു വിക്കറ്റിനും 2017ല്‍ തന്നെ ആറു വിക്കറ്റിനുമായിരുന്നു ഇന്ത്യ ലങ്കാദഹനം നടത്തിയത്. ഈ വേദിയില്‍ ഏകദിനത്തില്‍ 100 ശതമാനം വിജയ റെക്കോര്‍ഡുള്ള ലോകത്തിലെ ഏക ടീമും ഇന്ത്യയാണ്.

അതേസമയം, ഈ സ്‌റ്റേഡിയത്തില്‍ പാകിസ്താന്റെ ഇതുവരെയുള്ള ഏകദിന മല്‍സരങ്ങളിലെ കണക്കുകളെടുത്താല്‍ അവ അത്ര മികച്ചതല്ലെന്നു കാണാം. അഞ്ചു ഏകദിന മല്‍സരങ്ങളാണ് പാക് പട ഇവിടെ ഇതിനകം കളിച്ചിട്ടുള്ളത്. ഇവയില്‍ വെറും രണ്ടു കളിയില്‍ മാത്രമേ പാകിസ്താനു വിജയിക്കാന്‍ കഴിഞ്ഞിട്ടുള്ളൂ.
ശേഷിച്ച മൂന്നു മല്‍സരങ്ങളില്‍ പരാജയപ്പെടുകയും ചെയ്തു. 2011ലെ ഐസിസിയുടെ ഏകദിന ലോകകപ്പില്‍ ന്യൂസിലാന്‍ഡിനെതിരേയാണ് ഈ വേദിയില്‍ പാകിസ്താന്‍ ആദ്യമായി കളിച്ചത്. അന്നു 110 റണ്‍സിന്റെ നാണംകെട്ട പരാജയം ഏറ്റുവാങ്ങുകയും ചെയ്തു.
ഇന്ത്യയുടെ ഏഷ്യാ കപ്പ് സ്‌ക്വാഡ്
രോഹിത് ശര്‍മ (ക്യാപ്റ്റന്‍), ശുഭ്മന്‍ ഗില്‍, വിരാട് കോലി, കെഎല്‍ രാഹുല്‍ (വിക്കറ്റ് കീപ്പര്‍), ശ്രേയസ് അയ്യര്‍, സൂര്യകുമാര്‍ യാദവ്, തിലക് വര്‍മ, ഇഷാന്‍ കിഷന്‍ (വിക്കറ്റ് കീപ്പര്‍), ഹാര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, അക്ഷര്‍ പട്ടേല്‍, ശര്‍ദ്ദുല്‍ ടാക്കൂര്‍, ജസ്പ്രീത് ബുംറ, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്, കുല്‍ദീപ് യാദവ്, പ്രസിദ്ധ് കൃഷ്ണ.
സഞ്ജു സാംസണ്‍ (ബാക്കപ്പ്).