കാത്തിരിപ്പിന് വിരാമമിട്ട് വീണ്ടുമൊരു ഏഷ്യാ കപ്പ് വരികയാണ്. ഇത്തവണ പാകിസ്താന്‍ ആതിഥേയരാവുമെങ്കിലും ഇന്ത്യയുടെ മത്സരങ്ങള്‍ക്ക് ശ്രീലങ്കയാണ് വേദിയാകുന്നത്. പാകിസ്താന്‍, ഇന്ത്യ, ശ്രീലങ്ക എന്നീ മൂന്ന് ടീമുകളും ഒന്നിനൊന്ന് കരുത്തര്‍. അതുകൊണ്ടുതന്നെ കിരീട പോരാട്ടം കടുക്കും. ഏഷ്യാ കപ്പിലെ നിലവിലെ ചാമ്പ്യന്മാര്‍ ശ്രീലങ്കയാണ്. അവരില്‍ നിന്ന് കിരീടം തിരിച്ചുപിടിക്കാനുറച്ചാവും ഇന്ത്യയും പാകിസ്താനും ഇറങ്ങുക. എന്നാല്‍ ഇത്തവണയും ശ്രീലങ്കയ്ക്ക് തട്ടകത്തിന്റെ മുന്‍തൂക്കം ലഭിക്കുമ്പോള്‍ എതിരാളികള്‍ക്ക് കാര്യങ്ങള്‍ എളുപ്പമാവില്ല.
ഏഷ്യാ കപ്പിലെ ഇന്ത്യ-ശ്രീലങ്ക കളിക്കണക്കുകള്‍ പരിശോധിച്ച് ഏറ്റവും ശക്തരായവര്‍ ആരാണെന്ന് പരിശോധിക്കാം. 1984ലാണ് ഏഷ്യാ കപ്പ് ആരംഭിക്കുന്നത്. അന്ന് മുതല്‍ ഇരു ടീമും ശക്തമായ പ്രകടനം നടത്തുന്നുണ്ട്. പ്രഥമ സീസണിലെ കിരീടം ഇന്ത്യക്കായിരുന്നു. ഏഴ് കിരീടങ്ങളോടെ ഏഷ്യാ കപ്പില്‍ കൂടുതല്‍ കിരീടങ്ങളെന്ന റെക്കോഡ് ഇന്ത്യക്കാണ്.
എന്നാല്‍ ആറ് കിരീടങ്ങളോടെ ശ്രീലങ്ക തൊട്ടുപിന്നാലെയുണ്ട്. ഇന്ത്യ മൂന്ന് തവണ റണ്ണറപ്പുകളായപ്പോള്‍ 6 തവണയാണ് ശ്രീലങ്ക ഫൈനല്‍ കളിച്ചത്. ഇതില്‍ നിന്ന് തന്നെ ഏഷ്യാ കപ്പിലെ ശ്രീലങ്കയുടെ കരുത്ത് വ്യക്തം.
നേര്‍ക്കുനേര്‍ കണക്കിലേക്ക് വരുമ്പോഴും ഇന്ത്യയെ വിറപ്പിക്കുന്ന കണക്കുകള്‍ ശ്രീലങ്കയ്ക്ക് അവകാശപ്പെടാം. ഏകദിന ഫോര്‍മാറ്റില്‍ 19 മത്സരമാണ് ഒരുമിച്ച് കളിച്ചത്. ഇന്ത്യ 9 മത്സരം ജയിച്ചപ്പോള്‍ 10 മത്സരത്തിലാണ് ശ്രീലങ്കയ്ക്ക് ജയിക്കാനായത്. ടി20 ഫോര്‍മാറ്റില്‍ രണ്ട് തവണയാണ് ഇരുടീമും നേര്‍ക്കുനേര്‍ എത്തിയത്. ഓരോ തവണ വീതം ഇരു ടീമും ജയിച്ചു. 21 മത്സരങ്ങള്‍ ആകെ നേര്‍ക്കുനേര്‍ എത്തിയപ്പോള്‍ ഇന്ത്യ 10 മത്സരത്തിലും ശ്രീലങ്ക 11 മത്സരത്തിലുമാണ് ജയിച്ചത്.
ഏഷ്യാ കപ്പില്‍ ഇന്ത്യ കൂടുതല്‍ ഭയപ്പെടുന്ന എതിരാളികളാണ് ശ്രീലങ്ക. അവസാനമായി ഇരു ടീമും 2022ലെ ഏഷ്യാ കപ്പിലാണ് ഏറ്റുമുട്ടിയത്. ടി20 ഫോര്‍മാറ്റില്‍ നടന്ന മത്സരത്തില്‍ ഇന്ത്യയെ തോല്‍പ്പിക്കാന്‍ ശ്രീലങ്കയ്ക്ക് സാധിച്ചു. ഇതിന് കണക്കുവീട്ടാനുറച്ചാവും ഇന്ത്യ ഇത്തവണ ഇറങ്ങുക. ഏകദിന ഫോര്‍മാറ്റിലാണ് ഇത്തവണ ടൂര്‍ണമെന്റ്. ശക്തമായ താരനിര രണ്ട് ടീമുകള്‍ക്കുമുണ്ട്. എന്നാല്‍ തട്ടകത്തിന്റെ മുന്‍തൂക്കം ശ്രീലങ്കയെ തുണച്ചേക്കും.

ഏഷ്യാ കപ്പിലെ റണ്‍വേട്ടക്കാരുടെയും വിക്കറ്റ് വേട്ടക്കാരുടെയും പട്ടികയില്‍ ഇന്ത്യയെക്കാള്‍ മുന്നില്‍ നില്‍ക്കാന്‍ ശ്രീലങ്കയ്ക്ക് സാധിക്കുന്നുണ്ട്. ഏകദിന ഫോര്‍മാറ്റില്‍ കൂടുതല്‍ റണ്‍സ് നേടിയത് ശ്രീലങ്കയുടെ സനത് ജയസൂര്യയാണ്. 1220 റണ്‍സാണ് അദ്ദേഹം അടിച്ചെടുത്തത്. 53ന് മുകളില്‍ ശരാശരിയില്‍ കളിച്ച ജയസൂര്യ 6 സെഞ്ച്വറിയും 3 ഫിഫ്റ്റിയും സ്വന്തമാക്കി. ഏഷ്യാ കപ്പില്‍ കൂടുതല്‍ സെഞ്ച്വറിയെന്ന റെക്കോഡും ജയസൂര്യയുടെ പേരിലാണ്.
രണ്ടാം സ്ഥാനത്ത് ശ്രീലങ്കയുടെ കുമാര്‍ സംഗക്കാരയാണ്. 1075 റണ്‍സാണ് അദ്ദേഹം നേടിയത്. ഇന്ത്യന്‍ താരങ്ങളില്‍ റണ്‍വേട്ടയില്‍ മുന്നിട്ട് നില്‍ക്കുന്നത് സച്ചിന്‍ ടെണ്ടുല്‍ക്കറാണ്. 971 റണ്‍സാണ് സച്ചിന്‍ നേടിയത്. നിലവിലെ താരങ്ങളിലേക്ക് വരുമ്പോള്‍ ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മയാണ് റണ്‍വേട്ടക്കാരിലെ ഒന്നാമന്‍. 745 റണ്‍സാണ് ഹിറ്റ്മാന്റെ പേരിലുള്ളത്. വിരാട് കോലി 613 റണ്‍സും നേടിയിട്ടുണ്ട്.
ഏഷ്യാ കപ്പിലെ വിക്കറ്റ് വേട്ടക്കാരില്‍ (ഏകദിനം) തലപ്പത്ത് ശ്രീലങ്കയുടെ മുത്തയ്യ മുരളീധരനാണ്. 30 വിക്കറ്റുകളാണ് അദ്ദേഹം വീഴ്ത്തിയത്. രണ്ടാം സ്ഥാനത്ത് ശ്രീലങ്കയുടെ മുന്‍ പേസര്‍ ലസിത് മലിംഗയാണ്. 29 വിക്കറ്റുകളാണ് അദ്ദേഹം വീഴ്ത്തിയത്.
മൂന്നാം സ്ഥാനത്തുള്ള മുന്‍ ശ്രീലങ്കന്‍ സ്പിന്നറായ കുശാല്‍ മെന്‍ഡിസ് വീഴ്ത്തിയത് 26 വിക്കറ്റാണ്. ഇന്ത്യയുടെ വിക്കറ്റ് വേട്ടക്കാരില്‍ ഇര്‍ഫാന്‍ പഠാനാണ് തലപ്പത്ത് നില്‍ക്കുന്നത്. 22 വിക്കറ്റാണ് അദ്ദേഹം വീഴ്ത്തിയത്. നിലവിലെ ഇന്ത്യന്‍ താരങ്ങളില്‍ 19 വിക്കറ്റുമായി രവീന്ദ്ര ജഡേജയാണ് തലപ്പത്ത്.