ഏഷ്യാ കപ്പിന്റെ സൂപ്പര്‍ ഫോറില്‍ ചിരവൈരികളായ പാകിസ്താനുമായുള്ള പോരാട്ടം മഴ തടസ്സപ്പെടുത്തിയതു കാരണം ടീം ഇന്ത്യക്കു കിട്ടിയത് മുട്ടന്‍ പണിയാണ്. കൊളംബോിലെ പ്രേമദാസ സ്റ്റേഡിയത്തില്‍ നടന്ന മല്‍സത്തില്‍ ഇന്ത്യയുടെ ഇന്നിങ്‌സ് പൂര്‍ത്തിയാക്കാന്‍ പോലും മഴ അനുവദിച്ചില്ല. ഇന്ത്യ 24.1 ഓവറില്‍ രണ്ടു വിക്കറ്റിനു 147 റണ്‍സെന്ന ശക്തമായ നിലയില്‍ മുന്നേറവെയായിരുന്നു മഴ തകര്‍ത്തു പെയ്തത്.
ഒടുവില്‍ ഔട്ട് ഫീല്‍ഡ് ഉണക്കിയതിനു ശേഷം രാത്രി ഒമ്പതു മണിയോടെ മല്‍സരം പുനരാരംഭിക്കാനുള്ള എല്ലാ തയ്യാറെടുപ്പുകളും നടത്തവെ വീണ്ടും മഴയെത്തുകയായിരുന്നു. തുടര്‍ന്നു മല്‍സരം റിസര്‍വ് ദിനമായ തിങ്കളാഴ്ചത്തേക്കു മാറ്റുകയും ചെയ്തു. ഇന്നു നിര്‍ത്തിയ ഇടത്തു നിന്നു തന്നെയണ് തിങ്കളാഴ്ച ഇതേ വേദിയില്‍ കളി പുനരാരംഭിക്കുക. മഴ വീണ്ടും വില്ലനായില്ലെങ്കില്‍ ഇരുടീമുകള്‍ക്കും 50 ഓവറുകള്‍ വീതം കളിക്കാന്‍ അവസരം ലഭിക്കുകയും ചെയ്യും.

മല്‍സരത്തില്‍ ഇന്ത്യ വ്യക്തമായ മേധാവിത്വം നേടി പിടിമുറുക്കവെയായിരുന്നു മഴ പാകിസ്താന്റെ രക്ഷയ്‌ക്കെത്തിയത്. 300ന് മുകളില്‍ സ്‌കോര്‍ അടിച്ചെടുത്ത് പാകിസ്താനെ പ്രതിരോധത്തിലാക്കാമെന്ന കണക്കുകൂട്ടലിലായിരുന്നു ഇന്ത്യ. അതുകൊണ്ടു തന്നെ കളി റിസര്‍വ് ദിനത്തിലേക്കു മാറ്റിയതില്‍ ഏറ്റവുമധികം നിരാശ ഇന്ത്യക്കു തന്നെയായിരിക്കും.
അതു മാത്രമല്ല കളി റിസര്‍വ് ദിനത്തിലേക്കു മാറ്റിയതിനെ തുടര്‍ന്നു മുട്ടന്‍ പണിയും ഇന്ത്യക്കു ലഭിച്ചിരിക്കുകയാണ്. കാരണം വിശ്രമമില്ലാതെ തുടര്‍ച്ചയായി മൂന്നു ദിവസങ്ങളാണ് ഇന്ത്യക്കു മല്‍സരം കളിക്കേണ്ടി വന്നിരിക്കുന്നത്. കാരണം ചൊവ്വാഴ്ച നിലവിലെ ചാംപ്യന്‍മാരായ ശ്രീലങ്കയുമായി ഇന്ത്യയുടെ രണ്ടാമത്തെ സൂപ്പര്‍ ഫോര്‍ മല്‍സരം നടക്കാനിരിക്കുകയാണ്. പാകിസ്താനുമായി തുടര്‍ച്ചയായി രണ്ടു ദിവസം കളിച്ചതിനു പിന്നാലെയാണ് ലങ്കയ്‌ക്കെതിരേ ഇന്ത്യ വീണ്ടുമിറങ്ങുക.
ഇതു താരങ്ങളെ മാനസികമായും ശാരീരികമായും തളര്‍ത്തുമെന്നുറപ്പാണ്. കൂടാതെ തുടര്‍ച്ചയായ മല്‍സരങ്ങള്‍ കളിക്കാര്‍ക്കു പരിക്കേല്‍ക്കാനും ഇടയാക്കിയേക്കും. കെഎല്‍ രാഹുല്‍, ജസ്പ്രീത് ബുംറ എന്നിവരടക്കമുള്ള താരങ്ങള്‍ പരിക്കുകള്‍ ഭേദമായി അടുത്തിടെയാണ് ഫിറ്റ്‌നസ് വീണ്ടെടുത്തത്. ഇവരെ ഇതു ദോഷകരമായി ബാധിക്കുമോയെന്ന ആശങ്കയാണ് ഇന്ത്യക്കുള്ളത്.

പാകിസ്താനുമായുള്ള മല്‍സരത്തില്‍ പരാജയപ്പെടുകയാണെങ്കില്‍ അതു ശ്രീലങ്കയ്‌ക്കെതിരായ കളി ഇന്ത്യക്കു ജീവന്‍ മരണ പോരാട്ടമാക്കി മാറ്റും. ഫൈനലിലെത്താന്‍ ലങ്കയെ തോല്‍പ്പിക്കുകയല്ലാതെ ഇന്ത്യക്കു മുന്നില്‍ മറ്റു ഓപ്ഷനുകള്‍ ഇല്ലാതെ വരികയും ചെയ്യും. സമ്മര്‍ദ്ദത്തോടൊപ്പം തുടര്‍ച്ചയായി മല്‍സങ്ങള്‍ കളിച്ചതിന്റെ ക്ഷീണവും താരങ്ങളെ ലങ്കയ്‌ക്കെതിരേ വേട്ടയാടും.
അതേസമയം, പാകിസ്താനുമായുള്ള സൂപ്പര്‍ ഫോര്‍ മാച്ചില്‍ ടോസ് നഷ്ടമായി ബാറ്റിങിനു അയക്കപ്പെട്ട ഇന്ത്യക്കു ശക്തമായ അടിത്തറയിട്ടത് ഓപ്പണിങ് ജോടികളായ ക്യാപ്റ്റന് രോഹിത് ശര്‍മയും ശുഭ്മന്‍ ഗില്ലുമായിരുന്നു. സെഞ്ച്വറി കൂട്ടുകെട്ടുണ്ടാക്കിയ ഇരുവരും ടീമിനു ആഗ്രഹിച്ച തുടക്കമാണ് നല്‍കിയത്.
ഗില്‍ 58 റണ്‍സും രോഹിത് 56 റണ്‍സുമെടുത്തും പുറത്താവുകയായിരുന്നു. 121 റണ്‍സ് ഇരുവരും ആദ്യ വിക്കറ്റില്‍ നേടിയിരുന്നു. കളി തടസ്സപ്പെടുമ്പോള്‍ വിരാട് കോലിയും (8) കെഎല്‍ രാഹുലുമാണ് (17) ക്രീസിലുള്ളത്.