ഇന്ത്യക്കെതിരായ ഏഷ്യാ കപ്പിലെ സൂപ്പര്‍ ഫോര്‍ പോരാട്ടത്തില്‍ നാണംകെട്ട തോല്‍വിയേറ്റു വാങ്ങിയ പാകിസ്താന്‍ ടീമിനെതിരേ മാരക ട്രോളുമായി ഐപിഎല്‍ ടീം രാജസ്ഥാന്‍ റോയല്‍സ്. സോഷ്യല്‍ മീഡിയയിലൂടെയായിരുന്നു സഞ്ജു സാംസണിന്റെ ടീം പാകിസ്താനെതിരേ രംഗത്തു വന്നത്. മഴയെ തുടര്‍ന്നു രണ്ടു ദിവസങ്ങളിലായി കൊളംബോയില്‍ നടന്ന മല്‍സരത്തില്‍ പാക് പടയെ നിഷ്പ്രഭരാക്കുന്ന വിജയമാണ് ടീം ഇന്ത്യ സ്വന്തമാക്കിയത്. ആദ്യം ബാറ്റിങിലും പിന്നീട് ബൗളിങിലും ഇന്ത്യയുടെ സമ്പൂര്‍ണ ആധിപത്യത്തിനു മുന്നില്‍ പാകിസ്താന് മറുപടിയില്ലായിരുന്നു.
228 റണ്‍സിന്റെ വിജയമാണ് രോഹിത് ശര്‍മയും സംഘവും സ്വന്തമാക്കിയത്. 357 റണ്‍സിന്റെ കൂറ്റന്‍ വിജയലക്ഷ്യത്തിലേക്കു ബാറ്റ് ചെയ്ത പാകിസ്താന്‍ 32 ഓവറില്‍ 128ന് ഓള്‍ഔട്ടാവുകയായിരുന്നു. കളിയുടെ ഒരു ഘട്ടത്തിലും പാകിസ്താന്‍ ടീം ചിത്രത്തില്‍ പോലും ഇല്ലായിരുന്നുവെന്നതാണ് യാഥാര്‍ഥ്യം. അത്ര മാത്രം ആധികാരികമായിരുന്നു ഇന്ത്യന്‍ ടീമിന്റെ പ്രകടനം. ബാറ്റിങിലും ബൗളിങിലും ഒരുപോലെ പാകിസ്താനെ ഇന്ത്യ നിഷ്പ്രഭരാക്കി.

2021ലെ ഐസിസി ടി20 ലോകകപ്പില്‍ ദുബായില്‍ വച്ച് ഇന്ത്യക്കെതിരേ പാകിസ്താന്‍ നേടിയ ഏകപക്ഷീയ വിജയത്തിനുള്ള ഇന്ത്യയുടെ മറുപടിയാണ് ഇത്തവണത്തെ ജയമെന്നു സൂചിപ്പിക്കുന്നതായിരുന്നു രാജസ്ഥാന്‍ റോയ്ല്‍സിന്റെ സോഷ്യല്‍ മീഡിയ പോസ്റ്റ്. ഓരോ 152/0 നും ഒരു 128/10 ഉണ്ടാവുമെന്നാണിരുന്നു റോയല്‍സ് ട്വീറ്റ് ചെയ്തത്. ഹസ്തദാനം ചെയ്യുന്നതും ഇരുകൈകളുയര്‍ത്തുന്നതുമായ ഇമോജികളും ഇതോടൊപ്പം നല്‍കിയിട്ടുണ്ട്.
അന്നു ഇന്ത്യക്കെതിരായ വന്‍ ജയത്തിനു ശേഷം മുകളിലേക്കു നോക്കി ആഹ്ലാദം പ്രകടിപ്പിക്കുന്ന ബാബര്‍ ആസമിന്റെയും മുഹമ്മദ് റിസ്വാന്റെയും ചിത്രവും, കഴിഞ്ഞ കളിയില്‍ ഇന്ത്യന്‍ ടീം ആഹ്ലാദ പ്രകടനം നടത്തുന്ന ചിത്രവും മുകളിലും താഴെയുമായി റോല്‍സ് ഇതോടൊപ്പം നല്‍കുകയും ചെയ്തിട്ടുണ്ട്.
റണ്‍സിന്റെ അടിസ്ഥാനത്തില്‍ ഏകദിനത്തില്‍ പാകിസ്താനെതിരേ ഇന്ത്യയുടെ എക്കാലത്തെയും വലിയ വിജയം കൂടിയാണിത്. 2008ല്‍ മിര്‍പൂരില്‍ വച്ച് പാകിസ്താനെതിരേ 140 റണ്‍സിനു തോല്‍പ്പിച്ചതായിരുന്നു നേരത്തേയുള്ള റെക്കോര്‍ഡ്. ഇതാണ് ഇത്തവണ ഹിറ്റ്മാനും സംഘവും പഴങ്കഥയാക്കിയത്. കൂടാതെ ഒന്നിലേറെ തവണ ഏകദിനത്തില്‍ ഇന്ത്യയെ 200 റണ്‍സിനു മുകളില്‍ മാര്‍ജിനില്‍ ജയിപ്പിച്ച ഏക ക്യാപ്റ്റനെന്ന റെക്കോര്‍ഡും രോഹിത് തന്റെ പേരിലാക്കിയിരുന്നു.

അതേസമയം, 2021ലെ സൂപ്പര്‍ 12ലെ ഇന്ത്യ- പാകിസ്താന്‍ പോരാട്ടത്തിലേക്കു വരികയാണെങ്കില്‍ അന്നു ഏകപക്ഷീയമായിട്ടാണ് ബാബറും സംഘവും വിജയം പിടിച്ചെടുത്തത്. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യക്കു നിശ്ചിത 20 ഓവറില്‍ ഏഴു വിക്കറ്റ് നഷ്ടത്തില്‍ 151 റണ്‍സാണ് നേടാനായത്.
ക്യാപ്റ്റന്‍ വിരാട് കോലിയുടെ (57) ഫിഫ്റ്റിയും റിഷഭ് പന്തിന്റെ (39) ഇന്നിങ്‌സും ഇന്ത്യയെ ഭേദപ്പെട്ട ടോട്ടലില്‍ എത്തിക്കുകയായിരുന്നു. നാലോവറില്‍ 31 റണ്‍സ് വിട്ടുകൊടുത്ത് മൂന്നു വിക്കറ്റുകളെടുത്ത ഷഹീന്‍ അഫ്രീഡിയാണ് ഇന്ത്യയെ ഒതുക്കിയത്.
മറുപടിയില്‍ ഇന്ത്യന്‍ ബൗളിങിനെ കൂസലില്ലാതെ നേരിട്ട ഓപ്പണിങ് ജോടികളായ ബാബറും റിസ്വാനും അപരാജിത ഫിഫ്റ്റികളുമായി 17.5 ഓവറില്‍ വിക്കറ്റ് പോവാതെ പാകിസ്താനെ ലക്ഷ്യത്തിലെത്തിക്കുകയും ചെയ്തു. റിസ്വാന്‍ 79 റണ്‍സ് നേടിയപ്പോള്‍ ബാബര്‍ 68 റണ്‍സും സ്‌കോര്‍ ചെയ്തു. ജസ്പ്രീത് ബുംറ, മുഹമ്മദ് ഷമി, ഭുവനേശ്വര്‍ കുമാര്‍ എന്നീ മൂന്നു വമ്പന്‍ പേസര്‍മാര്‍ ടീമിലുണ്ടായിട്ടും ഒരു വിക്കറ്റ് പോലും ഇന്ത്യക്കു വീഴ്ത്താനായില്ല.