കൊളംബോ: ഏഷ്യാ കപ്പിലെ സൂപ്പര്‍ ഫോര്‍ പോരാട്ടത്തില്‍ ശ്രീലങ്കയ്ക്ക് 214 എന്ന കുഞ്ഞന്‍ വിജയലക്ഷ്യമാണ് ഇന്ത്യ വെച്ചിരിക്കുന്നത്. മറുപടിക്കിറങ്ങിയ ശ്രീലങ്കയെ തുടക്കം മുതല്‍ വിറപ്പിക്കാന്‍ ഇന്ത്യക്കുമായി. സ്പിന്നര്‍മാര്‍ കളം നിറഞ്ഞ മത്സരത്തില്‍ ഇന്ത്യക്കായി കുല്‍ദീപ് യാദവ് തകര്‍പ്പന്‍ ബൗളിങ് പ്രകടനമാണ് കാഴ്ചവെച്ചത്. മത്സരത്തില്‍ ശ്രീലങ്കയുടെ നാലാം നമ്പര്‍ താരം സദീര സമരവിക്രമയെ കുല്‍ദീപ് യാദവിന്റെ പന്തില്‍ കെ എല്‍ രാഹുല്‍ സ്റ്റംപ് ചെയ്താണ് പുറത്താക്കിയത്.
31 പന്തില്‍ 17 റണ്‍സെടുത്ത സമരവിക്രമ അപകടകാരിയായി മാറുമെന്ന് തോന്നിക്കവെ കുല്‍ദീപ് യാദവ് ഇന്ത്യയുടെ രക്ഷകനാവുകയായിരുന്നു. എന്നാല്‍ കുല്‍ദീപിനെ ഈ വിക്കറ്റ് നേട്ടത്തിലേക്കെത്തിച്ചത് കെ എല്‍ രാഹുലിന്റെ മാസ്റ്റര്‍പ്ലാനാണ്. സ്റ്റംപിന് തുടര്‍ച്ചയായി ആക്രമിക്കുകയാണ് കുല്‍ദീപ് ചെയ്തത്. എന്നാല്‍ രാഹുല്‍ കുല്‍ദീപിനോട് ലൈന്‍ മാറ്റാന്‍ നിര്‍ദേശിക്കുകയായിരുന്നു. ഇത് അനുസരിച്ച് കുല്‍ദീപ് ഓഫ് സൈഡില്‍ നിന്ന് സ്റ്റംപിലേക്ക് ടേണ്‍ ചെയ്യിച്ചു.
ക്രീസില്‍ നിന്ന് കയറി കളിക്കാന്‍ ശ്രമിച്ച സമരവിക്രമയുടെ എല്ലാ കണക്കുകൂട്ടലുകളും തെറ്റിക്കുന്ന പന്തായിരുന്നു ഇത്. ലങ്കന്‍ താരത്തിന്റെ എല്ലാ കണക്കുകൂട്ടലുകളും തെറ്റിയപ്പോള്‍ രാഹുല്‍ അനായാസമായി സ്റ്റംപ് ചെയ്തു. രാഹുലൊരുക്കിയ വാരിക്കുഴിയിലേക്ക് സമരവിക്രമയെ കൃത്യമായി എത്തിക്കാന്‍ കുല്‍ദീപിന് സാധിച്ചു. കൈകളുയര്‍ത്തി രാഹുലിന് നേരേ ഓടിയെത്തി കെട്ടിപ്പിടിച്ചാണ് കുല്‍ദീപ് വിക്കറ്റ് നേട്ടം ആഘോഷിച്ചത്.
തന്റെ തന്ത്രം ഫലംകണ്ടതില്‍ രാഹുലും വളരെ സന്തോഷവാനായിരുന്നു. പരിക്കിന് ശേഷം ഇന്ത്യന്‍ ടീമിലേക്ക് തിരിച്ചെത്തിയ രാഹുല്‍ ബാറ്റുകൊണ്ട് മാത്രമല്ല കീപ്പിങ്ങിലും തിളങ്ങിയത് ഏകദിന ലോകകപ്പിന് മുമ്പ് ഇന്ത്യക്ക് വലിയ പ്രതീക്ഷ നല്‍കുന്നതാണ്. പാകിസ്താനെതിരായ സൂപ്പര്‍ ഫോര്‍ മത്സരത്തില്‍ സെഞ്ച്വറി നേടിയാണ് രാഹുല്‍ തിരിച്ചുവരവ് നടത്തിയത്. ശ്രീലങ്കയ്‌ക്കെതിരേ നിര്‍ണ്ണായകമായ 39 റണ്‍സും നേടാന്‍ രാഹുലിന് സാധിച്ചു.

വിക്കറ്റിന് പിന്നില്‍ മികച്ച പ്രകടനമാണ് രാഹുല്‍ കാഴ്ചവെച്ചത്. പതും നിസങ്കയെ ജസ്പ്രീത് ബുംറയുടെ പന്തില്‍ തകര്‍പ്പന്‍ ക്യാച്ചിലൂടെയാണ് രാഹുല്‍ മടക്കിയത്. ബൗളര്‍മാര്‍ക്ക് എല്ലാ നിര്‍ദേശങ്ങളും നല്‍കി കളത്തില്‍ രാഹുല്‍ നിറഞ്ഞു നില്‍ക്കുന്നതാണ് കണ്ടത്. എന്നാല്‍ നിര്‍ണ്ണായകമായ ഒരു വിക്കറ്റ് രാഹുല്‍ കാരണം ഇന്ത്യക്ക് നഷ്ടമാവുകയും ചെയ്തു. ധനഞ്ജയ് ഡി സില്‍വയെ (24) രവീന്ദ്ര ജഡേജ വിക്കറ്റിന് മുന്നില്‍ കുടുക്കി. എന്നാല്‍ അംപയര്‍ നോട്ടൗട്ടാണ് വിധിച്ചത്.
ജഡേജ റിവ്യൂവിനായി ആവശ്യപ്പെട്ടെങ്കിലും രാഹുല്‍ ആദ്യം ബാറ്റിലാണ് പന്തുകൊണ്ടതെന്നും റിവ്യൂ വേണ്ടെന്നും പറയുകയായിരുന്നു. എന്നാല്‍ ഇത് വിക്കറ്റായിരുന്നുവെന്ന് റിവ്യൂവിലൂടെ വ്യക്തമായി. എന്നാല്‍ ആദ്യ ഓവറുകളില്‍ മികച്ച തീരുമാനങ്ങളുമായി റിവ്യൂവില്‍ നായകനെ സഹായിക്കാനും രാഹുലിനായി. രാഹുലിന്റെ തിരിച്ചുവരവ് ഇന്ത്യക്ക് വലിയ രീതിയില്‍ ഗുണം ചെയ്തിട്ടുണ്ടെന്ന കാര്യം ഉറപ്പാണ്.
ആദ്യം ബാറ്റ് ചെയ്ത ഇന്ത്യയെ 49.1 ഓവറില്‍ 213ലേക്കൊതുക്കാന്‍ ശ്രീലങ്കയ്ക്ക് സാധിച്ചു. വിക്കറ്റ് പോവാതെ 80 എന്ന നിലയില്‍ നിന്നാണ് ഇന്ത്യയുടെ തകര്‍ച്ച. 20കാരനായ ദുനിത് വെല്ലാലാഗെയുടെ അഞ്ച് വിക്കറ്റ് പ്രകടനമാണ് ഇന്ത്യയെ തകര്‍ത്തത്. ഇന്ത്യയുടെ ടോപ് ഓഡറിനെ വെല്ലാലാഗെ തരിപ്പണമാക്കിയപ്പോള്‍ വാലറ്റത്തെ ചരിത് അസലന്‍കയും പൂട്ടി. നാല് വിക്കറ്റുകളാണ് അസലന്‍ക വീഴ്ത്തിയത്.
പ്ലേയിങ് 11- ഇന്ത്യ-രോഹിത് ശര്‍മ (c), ശുബ്മാന്‍ ഗില്‍, വിരാട് കോലി, കെ എല്‍ രാഹുല്‍, ഇഷാന്‍ കിഷന്‍, ഹാര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, അക്ഷര്‍ പട്ടേല്‍, കുല്‍ദീപ് യാദവ്, ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്
ശ്രീലങ്ക- പതും നിസങ്ക, ദിമുത് കരുണരത്ന, കുശാല്‍ മെന്‍ഡിസ്, സദീര സമരവിക്രമ, ചരിത് അസലന്‍ക, ധനഞ്ജയ് ഡി സില്‍വ, ദസുന്‍ ഷണക (c), വെല്ലെലാഗെ, മഹേഷ് തീക്ഷണ, കസുന്‍ രജിത, മതീഷ പതിരണ