Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

Asia Cup 2023: ഇന്ത്യക്കെതിരേ പാക്പട എന്തുകൊണ്ട് പത്തി മടക്കി? ഒരു കാരണം മാത്രം, അശ്വിന്‍ പറയുന്നു

ഏഷ്യാ കപ്പില്‍ ഇന്ത്യക്കെതിരായ സൂപ്പര്‍ ഫോര്‍ പോരാട്ടത്തില്‍ പാകിസ്താന്‍ ടീം ബാക്ക്ഫൂട്ടിലാവാനുള്ള പ്രധാന കാരണം ചൂണ്ടിക്കാണിച്ചിരിക്കുകയാണ് വെറ്ററന്‍ സ്റ്റാര്‍ ഓഫ് സ്പിന്നര്‍ ആര്‍ അശ്വിന്‍. കൊളംബോയില്‍ രണ്ടു ദിവസങ്ങളിലായി നടന്ന മല്‍സരത്തില്‍ പാക് പടയെ ഇന്ത്യ വാരിക്കളയുകയായിരുന്നു. മഴയെ തുടര്‍ന്നു റിസര്‍വ് ദിനത്തിലേക്കു നടന്ന കളിയില്‍ ആദ്യം ബാറ്റിങിലും പിന്നീട് ബൗളിങിലും പാാകിസ്താനെ ഇന്ത്യ നിഷ്പ്രഭരാക്കി. 228 റണ്‍സിന്റെ റെക്കോര്‍ഡ് വിജയമായിരുന്നു ഇന്ത്യ സ്വന്തമാക്കിയത്.

ഇന്ത്യ നല്‍കിയ 357 റണ്‍സെന്ന കൂറ്റന്‍ സ്‌കോര്‍ പിന്തുടര്‍ന്ന പാകിസ്താന്‍ 32 ഓവറില്‍ വെറും 128 റണ്‍സിനു പുറത്തായി. പരിക്കു കാരണം പാകിസ്താന്റെ അവസാനത്തെ രണ്ടു താരങ്ങളായ നസീം ഷാ, ഹാരിസ് റൗഫ് എന്നിവര്‍ ബാറ്റിങിനു ഇറങ്ങുകയും ചെയ്തിരുന്നില്ല. സ്വന്തം യൂട്യൂബ് ചാനലില്‍ സംസാരിക്കവെയായിരുന്നു ഇന്ത്യക്കെതിരേ എവിടെയാണ് പാകിസ്താനില്‍ നിന്നും കളി വഴുതിപ്പോയതെന്നു അശ്വിന്‍ ചൂണ്ടിക്കാട്ടിയത്.

SHAHEEN AFRIDI

ന്യൂബോള്‍ സ്‌പെഷ്യലിസ്റ്റും പേസാക്രമണത്തിലെ കുന്തമുനയുമായ ഷഹീന്‍ അഫ്രീഡിക്കെതിരേ ഇന്ത്യ ആക്രമണമഴിച്ചു വിട്ടതാണ് പാകിസ്താനെ തളര്‍ത്തിയതെന്നു അശ്വിന്‍ വിലയിരുത്തി. 1996ലെ ലോകകപ്പില്‍ ശ്രീലങ്കയുടെ സനത് ജയസൂര്യ- റൊമേഷ് കലുവിതണ കൂട്ടുകെട്ടിനെയാണ് രോഹിത് ശര്‍മ- ശുഭ്മന്‍ ഗില്‍ ജോടി ഓര്‍മിപ്പിച്ചത്.

ആരാണ് ആദ്യം ബാക്ക്ഫൂട്ടിലേക്കു പോവുന്നത് എന്നതിലായിരുന്നു കാര്യം. തുടക്കത്തില്‍ തന്നെ ഷഹീനെ ഇന്ത്യ ആക്രമിച്ചപ്പോള്‍ പാകിസ്താന്‍ ബാക്ക്ഫൂട്ടില്‍ ആവുകയായിരുന്നുവെന്നും അശ്വിന്‍ വിലയിരുത്തി.

നിങ്ങള്‍ക്കു ചില വിക്കറ്റുകള്‍ നഷ്ടമായേക്കാം. പക്ഷെ തങ്ങളുടെ ബാറ്റിങ് കരുത്തിനെക്കുറിച്ച് ഇന്ത്യക്കു അറിയാമായിരുന്നു. അതുകൊണ്ടു തന്നെ ഓപ്പണര്‍മാരെ നഷ്ടമായാലും വിരാട് കോലി, കെഎല്‍ രാഹുല്‍ എന്നിവരിലൂടെ മികച്ച കൂട്ടുകെട്ടുണ്ടാക്കി കളിയിലേക്കു മടങ്ങിവരാമെന്നു ഇന്ത്യക്കു ഉറപ്പായിരുന്നുവെന്നും അശ്വിന്‍ അഭിപ്രായപ്പെട്ടു.

നേരത്തേ നടന്ന ഗ്രൂപ്പുഘട്ടത്തിലെ മല്‍സരത്തില്‍ ഷഹീന്‍ ഇന്ത്യന്‍ ബാറ്റിങ് നിരയില്‍ നാശം വിതച്ചിരുന്നു. രോഹിത്തിനെയും വിരാടിനെയും പവര്‍പ്ലേയില്‍ പുറത്താക്കിയ അദ്ദേഹം കളിയില്‍ നാലു വിക്കറ്റുകളും പിഴുതു. പക്ഷെ സൂപ്പര്‍ ഫോറില്‍ ഷഹീനെ ഇന്ത്യ ശരിക്കും കൈകാര്യം ചെയ്തു. പവര്‍പ്ലേയില്‍ മൂന്നോവറില്‍ 31 റണ്‍സാണ് രോഹിത്തും ഗില്ലും അദ്ദേഹത്തിനെതിരേ വാരിക്കൂട്ടിയത്. 10 ഓവറില്‍ 79 റണ്‍സും ഷഹീന്‍ വിട്ടുനല്‍കിയിരുന്നു. ഒരു വിക്കറ്റ് മാത്രമാണ് അദ്ദേഹത്തിനു വീഴ്ത്താനായത്.

ROHIT GILL

പരിക്കിനെ തുടര്‍ന്നു മാസങ്ങളോളം പുറത്തിരുന്ന ശേഷം ഏഷ്യാ കപ്പിന്റെ സൂപ്പര്‍ ഫോറിലൂടെ ടീമില്‍ തിരിച്ചെത്തുകയും ആദ്യ കളിയില്‍ തന്നെ സെഞ്ച്വറി നേടുകയും ചെയ്ത കെഎല്‍ രാഹുലിനെ അശ്വിന്‍ പുകഴ്ത്തുകയും ചെയ്തു. പാകിസ്താനുമായുള്ള മല്‍സരത്തില്‍ ശ്രേയസ് അയ്യര്‍ക്കു പകരം ടീമിലെത്തി രാഹുല്‍ നാലാം നമ്പറില്‍ ഇറങ്ങി പുറത്താവാതെ 111 റണ്‍സ് അടിച്ചെടുത്തിരുന്നു. ശ്രീലങ്കയുമായുള്ള അവസാന കളിയില്‍ 39 റണ്‍സും അദ്ദേഹം സ്‌കോര്‍ ചെയ്തു.

രാഹുലിന്റെ വരവ് ഇന്ത്യന്‍ മധ്യനിരയ്ക്കു സ്ഥിരത നല്‍കിയിരിക്കുകയാണ്. അതുകൊണ്ടു തന്നെയാണ് മധ്യനിരയില്‍ ബാറ്റ് ചെയ്യുകയെന്നത് വളരെ ബുദ്ധിമുട്ടേറിയ കാര്യമായി മാറുന്നത്. എംഎസ് ധോണി അക്കാര്യത്തില്‍ കേമനായിരുന്നു. പക്ഷെ ധോണിയെയും രാഹുലിനെയും ഞാന്‍ താരതമ്യം ചെയ്യുന്നില്ല.

രാഹുലില്‍ നിന്നും തികച്ചും വ്യത്യസ്തമായി ആറ്, ഏഴ് സ്ഥാനങ്ങളില്‍ ബാറ്റ് ചെയ്ത് വളരെ വ്യത്യസ്തമായ റോളായിരുന്നു ധോണി കൈകാര്യം ചെയ്തിരുന്നതെന്നും അശ്വിന്‍ വിശദമാക്കി. പക്ഷെ രാഹുല്‍ പതിയെ തന്റെ റോളില്‍ മാസ്റ്റര്‍ ആയിക്കൊണ്ടിരിക്കുകയാണ് എന്നാണ് എനിക്കു തോന്നുന്നത്. ശ്രീലങ്കയുമായുള്ള അവസാനത്തെ മല്‍സരത്തില്‍ ഇഷാന്‍ കിഷനോടൊപ്പവും അദ്ദേഹം നല്ലൊരു കൂട്ടുകെട്ടുണ്ടാക്കി.

ദുനിത് വെല്ലലെഗെ ഉജ്ജ്വലമായി ബൗള്‍ ചെയ്തു കൊണ്ടിരുന്നപ്പോള്‍ രാഹുല്‍ രണ്ടു ബോളുള്‍ മാത്രമാണ് ഷോട്ട് കളിക്കാതെ ഒഴിവാക്കിയത്. അദ്ദേഹത്തിനു വളരെ മികച്ചൊരു ഗെയിം പ്ലാനുണ്ടായിരുന്നുവെന്നാണ് ഇതു കാണിച്ചു തരുന്നതെന്നും അശ്വിന്‍ കൂട്ടിച്ചേര്‍ത്തു.

Story first published: Thursday, September 14, 2023, 17:10 [IST]
Other articles published on Sep 14, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+