ഏഷ്യാ കപ്പിലെ സെമി ഫൈനലിനു തുല്യമായ സൂപ്പര്‍ ഫോര്‍ പോരാട്ടത്തില്‍ ഒരു ഘട്ടത്തില്‍ പതറിയ ശേഷമാണ് ശക്തമായ തിരിച്ചുവരവ് നടത്തി ശ്രീലങ്കയ്ക്കെതിരേ പാകിസ്താന്‍ മികച്ച ടോട്ടല്‍ പടുത്തുയര്‍ത്തിയത്. ഒരു സമയത്തു 230-240 റണ്‍സ് പോലും പാകിസ്താന്‍ എത്തുമോയെന്ന കാര്യം സംശയമായിരുന്നു. എന്നാല്‍ 42 ഓവറാക്കി വെട്ടിക്കുറച്ച കളിയില്‍ ഏഴു വിക്കറ്റിനു 252 റണ്‍സെന്ന മികച്ച സ്‌കോര്‍ അടിച്ചെടുക്കാന്‍ ബാബര്‍ ആസമിനും സംഘത്തിനും കഴിഞ്ഞു.
മഴ കാരണം ഇന്നിങ്‌സ് തടസപ്പെട്ടതും തുടര്‍ന്നു ലഭിച്ച ബ്രേക്കുമാണ് പാകിസ്താനെ അടിമുടി മാറ്റിയെടുത്തതെന്നു കാണാം. മഴ കാരണം കളി തടസപ്പെട്ടപ്പോഴുള്ള പാക് ടീമിനെ ആയിരുന്നില്ല ബ്രേക്കിനു ശേഷം കണ്ടത്. പാകിസ്താന്‍ 27.4 ഓവറില്‍ അഞ്ചിനു 130 റണ്‍സില്‍ നില്‍ക്കെയാണ് മഴയെത്തിയത്. മഹീഷ് തീക്ഷണയുടെ ബൗളിങില്‍ മുഹമ്മദ് നവാസ് ബൗള്‍ഡായതിനു പിന്നാലെ മഴ പെയ്യുകയായിരുന്നു.

ഈ സമയത്തു 4.7 എന്ന മോശം ഇക്കോണമി റേറ്റിലായിരുന്നു പാകിസ്താന്‍ സ്‌കോര്‍ ചെയ്തത്. എന്നാല്‍ മഴ മാറി മല്‍സരം പുനരാരംഭിച്ച ശേഷം പാകിസ്താന്‍ ടോപ്പ് ഗിയറിലേക്കു കയറി. 45 ഓവറായിരുന്ന മല്‍സം പിന്നീട് 42 ഓവര്‍ വീതമാക്കി കുറയ്ക്കുകയും ചെയ്തിരുന്നു. അതുവരെ കളിയില്‍ ആധിപത്യം സ്ഥാപിച്ച ലങ്കയുടെ ബൗളിങിനു മേല്‍ അവര്‍ ആക്രമണമഴിച്ചു വിടുകയായിരുന്നു. ശേഷിച്ച 14.2 ഓവറില്‍ പാക് പട അതിവേഗം റണ്‍സ് വാരിക്കൂട്ടി.
8.6 എന്ന തകര്‍പ്പന്‍ ഇക്കോണമി റേറ്റില്‍ പാകിസ്താന്‍ വാരിക്കൂട്ടിയത് 122 റണ്‍സായിരുന്നു. ബ്രേക്കിനു ശേഷം ലങ്കയ്ക്കു വീഴ്ത്താനായത് രണ്ടു വിക്കറ്റുകള്‍ മാത്രമാണ്. ആറാം വിക്കറ്റില്‍ മുഹമ്മദ് റിസ്വാന്‍- ഇഫ്തിഖാര്‍ അഹമ്മദ് സഖ്യം സെഞ്ച്വറി കൂട്ടുകെട്ടിലൂടെ പാകിസ്താനെ കളിയിലേക്കു തിരികെ കൊണ്ടു വരികയായിരുന്നു. 84 ബോളില്‍ 108 റണ്‍സാണ് ഇരുവരും അടിച്ചെടുത്തത്. 130ല്‍ ഒരുമിച്ച ജോടി വേര്‍പിരിഞ്ഞത് 41ാം ഓവറിലെ മൂന്നാമത്തെ ബോളിലായിരുന്നു.

ഇതിനിടെ ഇഫ്തിഖാറിനെ പുറത്താക്കാന്‍ ലങ്കയ്ക്കു മികച്ചൊരു അവസരം ലഭിച്ചിരുന്നു. മഹീഷ് തീക്ഷണയുടെ ബൗളിങില്‍ ഇഫ്തിഖാര്‍ വിക്കറ്റിനു മുന്നില്‍ കുരുങ്ങിയെങ്കിലും അംപയര്‍ നോട്ടൗട്ട് വിളിക്കുകയായിരുന്നു. തീക്ഷണ റിവ്യു എടുക്കാന്‍ ലങ്കന്‍ നായകന്‍ ദസുന്‍ ഷനകയെ പ്രേരിപ്പിച്ചെങ്കിലും വിക്കറ്റ് കീപ്പര്‍ കുശാല്‍ മെന്‍ഡിസ് ഇതില്‍ നിന്നും പിന്തിരിപ്പിക്കുകയായിരുന്നു.
എന്നാല്‍ റീപ്ലേയില്‍ അതു ഔട്ട് തന്നെയാണെന്നു വ്യക്തമായതോടെയാണ് എത്ര മാത്രം വലിയ അബദ്ധമാണ് സംഭവിച്ചതെന്നു ലങ്കയ്ക്കു വ്യക്തമായത്. ജീവന്‍ തിരിച്ചുകിട്ടിയ ഇഫ്തിഖാര്‍ 40 ബോളില്‍ നാലു ഫോറും രണ്ടു സിക്‌സറുമടക്കം 47 റണ്‍സ് അടിച്ചെടുത്താണ് ക്രീസ് വിട്ടത്.
പുറത്താവാതെ 86 റണ്‍സ് നേടിയ റിസ്വാനാണ് പാക് ഇന്നിങ്‌സിലെ അമരക്കാരനായി മാറിയത്. 73 ബോളുകള്‍ നേരിട്ട താരം ആറു ഫോറും രണ്ടു സിക്‌സറുകളുമടിച്ചു. നേരത്തേ ഇമാമുള്‍ ഹഖിനു പകരം പ്ലെയിങ് ഇലവനിലേക്കു വന്ന അബ്ദുള്ള ഷഫീഖും (52) പാകിസ്താനു വേണ്ടി ഫിഫ്റ്റി കുറിച്ചിരുന്നു.