പല്ലെക്കെലെ: ഏഷ്യാ കപ്പിലെ സൂപ്പര്‍ ഫോറിലെ ഇന്ത്യ-പാകിസ്താന്‍ പോരാട്ടം ഞായറാഴ്ച നടക്കാന്‍ പോവുകയാണ്. ഗ്രൂപ്പുഘട്ടത്തിലെ മത്സരം മഴയെടുത്തതിനാല്‍ സൂപ്പര്‍ ഫോര്‍ പോരാട്ടം കാണാനാവുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍. എന്നാല്‍ സൂപ്പര്‍ ഫോര്‍ മത്സരവും മഴ മുടക്കാനാണ് സാധ്യത. ഞായറാഴ്ച ശക്തമായ മഴ പെയ്യാനുള്ള സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ റിപ്പോര്‍ട്ടുള്ളത്. മത്സരം നടന്നാല്‍ ഇന്ത്യയെക്കാള്‍ മുന്‍തൂക്കം പാകിസ്താന് അവകാശപ്പെടാം.
ഗ്രൂപ്പുഘട്ടത്തില്‍ ഇന്ത്യയെ വിറപ്പിക്കുന്ന ബൗളിങ് പ്രകടനമാണ് പാകിസ്താന്‍ കാഴ്ചവെച്ചത്. പാകിസ്താന്റെ ഷഹീന്‍ അഫ്രീദി, ഹാരിസ് റഊഫ്, നസീം ഷാ എന്നിവര്‍ മൂന്ന് മത്സരങ്ങളില്‍ നിന്ന് വീഴ്ത്തിയത് 23 വിക്കറ്റുകളാണ്. മൂന്ന് മത്സരത്തിലും എതിരാളികളെ ഓള്‍ഔട്ടാക്കാന്‍ ഇവര്‍ക്ക് സാധിച്ചു. ഇന്ത്യയുടെ ടോപ് ബാറ്റ്‌സ്മാന്‍മാരെ വിറപ്പിക്കാന്‍ കരുത്തുള്ള ബൗളിങ് നിരയാണ് പാകിസ്താനുള്ളതെന്ന് നിസംശയം പറയാം. ഷഹീന്‍ ഷാ അഫ്രീദിയുടെ ന്യൂബോളിലെ ആക്രമണമാണ് ഇന്ത്യക്ക് വലിയ ഭീഷണിയാവുന്നത്.
ഗ്രൂപ്പുഘട്ടത്തില്‍ ഇന്ത്യയുടെ നാല് വിക്കറ്റുകള്‍ വീഴ്ത്താന്‍ ഷഹീന് സാധിച്ചിരുന്നു. അതുകൊണ്ടുതന്നെ സൂപ്പര്‍ ഫോറിലും ഷഹീന്റെ ബൗളിങ് പ്രകടനത്തെയാണ് ഇന്ത്യ ഭയക്കുന്നത്. എന്നാല്‍ സൂപ്പര്‍ ഫോറിലെ പാകിസ്താനെതിരായ മത്സരത്തിന് മുമ്പ് പാകിസ്താന്റെ പേസാക്രമണത്തെ മറികടക്കാന്‍ ഇന്ത്യക്ക് വഴി നിര്‍ദേശിച്ചിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ ഓപ്പണറായ ആകാശ് ചോപ്ര. 'കൊളംബോയിലെ പിച്ച് ബാറ്റിങ്ങിന് അനുകൂലമായതാണ്. ഫ്‌ളാറ്റ് പിച്ചാണ് ഇവിടുത്തേത്.
എന്നാല്‍ ഇന്ത്യന്‍ ടീമിന് മുന്നിലെ പ്രധാന വെല്ലുവിളി ഷഹീന്‍ ഷാ അഫ്രീദി, നസീം ഷാ, ഹാരിസ് റഊഫ് എന്നിവരുടെ ബൗളിങ്ങിനെ നേരിടുകയെന്നതാണ്. ഇന്ത്യ ചെയ്യേണ്ടത് ഓപ്പണിങ് കൂട്ടുകെട്ടില്‍ മികച്ച സ്‌കോര്‍ നേടുകയെന്നതാണ്. 13 ഓവറെങ്കിലും ബാറ്റുചെയ്യാന്‍ സാധിച്ചാല്‍ ഇന്ത്യക്ക് ആധിപത്യം സൃഷ്ടിക്കാനാവും. തീര്‍ച്ചയായും വലിയ സമ്മര്‍ദ്ദം ഉണ്ടാവും. എന്നാല്‍ ഇതിനെ മറികടക്കാനായാല്‍ വലിയ സ്‌കോറിലേക്ക് ഇന്ത്യക്ക് എത്താനാവും'-ആകാശ് ചോപ്ര പറഞ്ഞു.

ഒമ്പത് വിക്കറ്റുകളുമായി പാകിസ്താന്റെ ഹാരിസ് റഊഫാണ് വിക്കറ്റ് വേട്ടക്കാരില്‍ മുന്നില്‍ നില്‍ക്കുന്നത്. നസീമും ഷഹീനും ഏഴ് വിക്കറ്റുകള്‍ വീതവും വീഴ്ത്തിയിട്ടുണ്ട്. രോഹിത് ശര്‍മ, ശുബ്മാന്‍ ഗില്‍ ഓപ്പണിങ് കൂട്ടുകെട്ടിന് നിര്‍ണ്ണായക പ്രകടനം കാഴ്ചവെക്കാന്‍ സാധിക്കണം. ഇരുവരും നന്നായി തുടങ്ങിയാല്‍ വിരാട് കോലിക്ക് സമ്മര്‍ദ്ദമില്ലാതെ കളിക്കാനാവും. ഓപ്പണര്‍മാര്‍ പെട്ടെന്ന് പുറത്താവുമ്പോള്‍ കോലിയിലേക്ക് അമിത സമ്മര്‍ദ്ദമെത്തുന്നു.
ഇതോടെ കോലിക്കും തിളങ്ങാന്‍ സാധിക്കാതെ പോവുകയാണ്. ഗ്രൂപ്പുഘട്ടത്തില്‍ ഇഷാന്‍ കിഷന്‍, ഹാര്‍ദിക് പാണ്ഡ്യ കൂട്ടുകെട്ടാണ് വലിയ നാണക്കേടില്‍ നിന്ന് ഇന്ത്യയെ രക്ഷിച്ചത്. രണ്ട് പേരും നിര്‍ണ്ണായക അര്‍ധ സെഞ്ച്വറികള്‍ നേടിയിരുന്നു. എന്നാല്‍ ഇതേ മികവ് സൂപ്പര്‍ ഫോറിലും ആവര്‍ത്തിച്ചേക്കില്ല. അതുകൊണ്ടുതന്നെ ഇന്ത്യയുടെ ടോപ് ത്രീക്ക് തിളങ്ങാനാവണം. അതിന് സാധിക്കാത്ത പക്ഷം വലിയ തിരിച്ചടി ഇന്ത്യ നേരിടേണ്ടി വരും.
ഭേദപ്പെട്ട സ്‌കോര്‍ നേടിയാല്‍ എറിഞ്ഞുപിടിക്കാന്‍ ഇന്ത്യയുടെ പേസ് നിരക്ക് സാധിക്കുമോയെന്നതാണ് കണ്ടറിയേണ്ടത്. ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്, മുഹമ്മദ് ഷമി എന്നീ പേസ് ബൗളര്‍മാരാണ് ഇന്ത്യക്കൊപ്പമുള്ളത്. ശാര്‍ദ്ദുല്‍ താക്കൂര്‍, ഹാര്‍ദിക് പാണ്ഡ്യ എന്നിവരുടെ പേസും കരുത്താവും. ചൈനാമാന്‍ സ്പിന്നര്‍ കുല്‍ദീപ് യാദവ് കറക്കിവീഴ്ത്താന്‍ മിടുക്കനാണ്. ബാബര്‍ ആസമിനെയടക്കം പുറത്താക്കിയിട്ടുള്ള സ്പിന്നറാണ് കുല്‍ദീപ്.
ഈ മികവ് അദ്ദേഹത്തിന് തുടരാനാവുമോയെന്നതും കണ്ടറിയണം. പാകിസ്താന്റെ ബാറ്റിങ് കരുത്തും ശക്തമാണ്. അതുകൊണ്ടുതന്നെ ഏറ്റവും മികച്ച പ്രകടനം കാഴ്ചവെക്കാതെ ഇന്ത്യക്ക് ജയിക്കാനാവില്ല. പാകിസ്താന്റെ ബൗളിങ്ങും ഇന്ത്യയുടെ ബാറ്റിങ്ങും ഏറ്റുമുട്ടുമ്പോള്‍ ആര് ജയിക്കുമെന്നത് കണ്ടറിയാം.