കൊളംബോ: ഏഷ്യാ കപ്പിലെ ഇന്ത്യ-പാക് സൂപ്പര്‍ ഫോര്‍ പോരാട്ടം മഴ മുടക്കിയിരിക്കുകയാണ്. ഇന്ത്യ 24.1 ഓവറില്‍ 2 വിക്കറ്റിന് 147 റണ്‍സില്‍ നില്‍ക്കവെ ശക്തമായ മഴയെത്തുകയായിരുന്നു. ഇതോടെ മത്സരം റിസര്‍വ് ഡേയിലേക്ക് മാറ്റാന്‍ തീരുമാനിക്കുകയായിരുന്നു. എന്നാല്‍ റിസര്‍വ് ഡേയിലും ശക്തമായ മഴ പെയ്യാനുള്ള സാധ്യതയാണ് പ്രവചിക്കപ്പെടുന്നത്. മഴമൂലം റിസര്‍വ് ഡേയിലും കളി നടക്കാത വന്നാല്‍ ഇന്ത്യയുടെ ഫൈനല്‍ സാധ്യതയെ അത് എങ്ങനെ ബാധിക്കും?
ഇന്ത്യ ഫൈനല്‍ കാണാതെ പുറത്താവുമോ? പരിശോധിക്കാം. പാകിസ്താനെതിരായ മത്സരത്തിന് ശേഷം ശ്രീലങ്ക, ബംഗ്ലാദേശ് എന്നിവര്‍ക്കെതിരേ ഇന്ത്യക്ക് മത്സരമുണ്ട്. രണ്ട് മത്സരത്തിലും ജയിച്ചാല്‍ ഇന്ത്യക്ക് അനായാസമായി ഫൈനലിലെത്താം. പാകിസ്താനുമായുള്ള സൂപ്പര്‍ ഫോര്‍ മത്സരം ഉപേക്ഷിക്കപ്പെട്ടാല്‍ ഓരോ പോയിന്റ് പങ്കിടും. ബംഗ്ലാദേശിനെ തകര്‍ത്ത പാകിസ്താന് ഇതിനോടകം 2 പോയിന്റുണ്ട്. ഇന്ത്യ ശ്രീലങ്കയേയും ബംഗ്ലാദേശിനേയും തോല്‍പ്പിച്ചാല്‍ അഞ്ച് പോയിന്റിലേക്കെത്തും.
ഇങ്ങനെ സംഭവിച്ചാല്‍ യാതൊരു ആശങ്കകളുമില്ലാതെ ഇന്ത്യക്ക് അനായാസമായി ഫൈനലിലേക്കെത്താനാവും. ഇന്ത്യ ശ്രീലങ്കയോട് തോല്‍ക്കുകയും ബംഗ്ലാദേശിനോട് ജയിക്കുകയും ചെയ്താല്‍ കാര്യങ്ങള്‍ പ്രയാസമായി മാറും. അങ്ങനെ വരുമ്പോള്‍ ഇന്ത്യക്ക് മൂന്ന് പോയിന്റായിരിക്കും ലഭിക്കുക. ഇതോടെ നെറ്റ് റണ്‍റേറ്റ് ഫൈനലിസ്റ്റിനെ തീരുമാനിക്കുന്ന തരത്തിലേക്ക് കാര്യങ്ങളെത്തും. ബംഗ്ലാദേശ് ഇന്ത്യക്ക് വലിയ ഭീഷണി ഉയര്‍ത്തുന്നില്ല.
അതേ സമയം നിലവിലെ ചാമ്പ്യന്മാരായ ശ്രീലങ്കയെ കീഴടക്കുക ഇന്ത്യയെ സംബന്ധിച്ച് പ്രയാസമാണ്. ശ്രീലങ്കയുടെ തട്ടകത്തിലാണ് മത്സരം നടക്കുന്നത്. ഇത് അവര്‍ നന്നായി മുതലാക്കുകയും ചെയ്താല്‍ കാര്യങ്ങള്‍ ഇന്ത്യക്ക് അനുകൂലമായിരിക്കില്ല. പാകിസ്താനെതിരായ സൂപ്പര്‍ ഫോര്‍ മത്സരം ജയിക്കുകയായിരുന്നെങ്കില്‍ ഇന്ത്യയുടെ ഫൈനല്‍ സാധ്യത ഉയരുമായിരുന്നു. എന്നാല്‍ റിസര്‍വ് ഡേ പ്രഖ്യാപിച്ചത് ഇന്ത്യയെ പ്രതികൂലമായി ബാധിക്കാനാണ് സാധ്യത.

രണ്ട് വിക്കറ്റിന് 147 എന്ന തകര്‍പ്പന്‍ സ്‌കോറില്‍ ഇന്ത്യ നില്‍ക്കവെയാണ് മഴ വില്ലനായെത്തിയത്.വിരാട് കോലിയും കെ എല്‍ രാഹുലുമാണ് ക്രീസില്‍ നില്‍ക്കുന്നത്. റിസര്‍വ് ഡേയില്‍ എവിടെയാണോ കളി നിര്‍ത്തിയത് അവിടെ നിന്നാവും കളി തുടങ്ങുക. അതുകൊണ്ടുതന്നെ ഇന്ന് മത്സരം പുനരാരംഭിക്കുമ്പോള്‍ കെ എല്‍ രാഹുലും വിരാട് കോലിയുമാവും ന്യൂബോളിനെ നേരിടേണ്ടി വരിക. ഇന്നലെ ശക്തമായ മഴ പെയ്തതിനാല്‍ പിച്ചിന്റെ സ്വഭാവത്തില്‍ വലിയ മാറ്റം സംഭവിച്ചിട്ടുണ്ടാവും.
ഷഹീന്‍ ഷാ അഫ്രീദിയുടെ ന്യൂബോളിലെ ആക്രമണത്തെ കോലിയും രാഹുലും എങ്ങനെ ചെറുക്കുമെന്നതാണ് കണ്ടറിയേണ്ടത്. രോഹിത്തും ശുബ്മാന്‍ ഗില്ലും ചേര്‍ന്ന് സ്വപ്‌ന തുല്യമായ തുടക്കം ഇന്ത്യക്ക് നല്‍കിയെങ്കിലും മഴ വില്ലനാവുകയായിരുന്നു.
രോഹിത് 49 പന്ത് നേരിട്ട് 6 ഫോറും 4 സിക്‌സും പറത്തിയപ്പോള്‍ ശുബ്മാന്‍ ഗില്‍ 52 പന്തില്‍ 10 ബൗണ്ടറി ഉള്‍പ്പെടെ 58 റണ്‍സാണ് അടിച്ചെടുത്തത്. കോലി 16 പന്ത് നേരിട്ട് 8 റണ്‍സുമായി ക്രീസില്‍ തുടരുമ്പോള്‍ രാഹുല്‍ 28 പന്ത് നേരിട്ട് 17 റണ്‍സാണ് നേടിയത്.
കോലിയും രാഹുലും ഭേദപ്പെട്ട രീതിയില്‍ തുടങ്ങി നിലയുറപ്പിച്ച് വരികെയാണ് മഴ വില്ലനായെത്തിയത്. മത്സരം റിസര്‍വ് ഡേയിലേക്കെത്തിയത് പാകിസ്താന് ഗുണം ചെയ്യുമെന്ന കാര്യം ഉറപ്പാണ്. മത്സരത്തിനിടെ ലഭിച്ച ബ്രേക്കിന് ശേഷം ഇന്ത്യയുടെ രണ്ട് ഓപ്പണര്‍മാരേയും രണ്ട് റണ്‍സിന്റെ ഇടവേളയില്‍ മടക്കാന്‍ പാകിസ്താന് സാധിച്ചിരുന്നു. ഇന്നലെ ഭാഗ്യം ഇന്ത്യക്കൊപ്പമായിരുന്നു. ശുബ്മാന്‍ ഗില്ലിന്റെ രണ്ട് ക്യാച്ചടക്കം പാകിസ്താന്‍ നഷ്ടമാക്കി.
എന്നാല്‍ മത്സരം റിസര്‍വ് ഡേയിലേക്കെത്തുമ്പോള്‍ ഭാഗ്യം ആര്‍ക്കൊപ്പമെന്നതാണ് കണ്ടറിയേണ്ടത്. ടോസ് നേടിയ പാക് നായകന്‍ ബാബര്‍ ആസമിന്റെ തീരുമാനം തെറ്റാണെന്ന് തെളിയിക്കുന്ന ബാറ്റിങ്ങാണ് ഇന്ത്യ കാഴ്ചവെച്ചത്. എന്നാല്‍ റിസര്‍വ് ഡേയിലേക്ക് മത്സരമെത്തുന്നത് ഇന്ത്യയെ പ്രതികൂലമായി ബാധിക്കാനാണ് സാധ്യത.