കൊളംബോ: ഏഷ്യാ കപ്പിന്റെ ആവേശത്തിന് ആഗസ്റ്റ് 31ന് കൊടിയേറുകയാണ്. ഏഷ്യയിലെ രാജാക്കന്മാരെ കണ്ടെത്താനുള്ള പോരാട്ടത്തിന് പാകിസ്താനും ശ്രീലങ്കയുമാണ് ഇത്തവണ വേദിയാവുന്നത്. പാകിസ്താനില്‍ നാല് മത്സരം നടക്കുമ്പോള്‍ ശേഷിക്കുന്ന ഒമ്പത് മത്സരങ്ങള്‍ ശ്രീലങ്കയിലാണ് നടക്കുക. ഇന്ത്യയുടെ എല്ലാ മത്സരങ്ങള്‍ക്കും ശ്രീലങ്കയാണ് വേദിയാവുന്നത്. പാകിസ്താനില്‍ കളിക്കാന്‍ തയ്യാറല്ലെന്ന ഇന്ത്യയുടെ നിലപാടിന്റെ അടിസ്ഥാനത്തിലാണ് വേദി ശ്രീലങ്കയാക്കിയത്.
ഇടവേളക്ക് ശേഷം ഇന്ത്യ-പാകിസ്താന്‍ പോരാട്ടം കാണാന്‍ സാധിക്കുന്ന ടൂര്‍ണമെന്റായി ഏഷ്യാ കപ്പ് മാറും. ശ്രീലങ്കയിലെ ഫ്‌ളാച്ച് പിച്ചിലാണ് ടൂര്‍ണമെന്റ് നടക്കുന്നത്. അതുകൊണ്ട് തന്നെ ഇരു ടീമിന്റെയും ബാറ്റിങ് കരുത്ത് പരീക്ഷിക്കപ്പെടുന്ന മത്സരമായി ഇത് മാറുമെന്നുറപ്പ്. ഇന്ത്യയും പാകിസ്താനും ഒരു ഗ്രൂപ്പിലാണ് ഉള്‍പ്പെട്ടിരിക്കുന്നത്. മത്സരക്രമം പുറത്തുവിട്ടിട്ടില്ലെങ്കിലും രണ്ടുതവണ ഇന്ത്യ പാകിസ്താന്‍ മത്സരം ഉറപ്പാണ്. എന്നാല്‍ ഇന്ത്യ-പാക് ഫൈനല്‍ നടക്കണമെന്നതാണ് ആരാധകര്‍ ആഗ്രഹിക്കുന്നത്.
ഇന്ത്യ-പാക് പോരാട്ടം പരമാവധി മൂന്ന് തവണയാണ് ഇത്തവണത്തെ ഏഷ്യാ കപ്പില്‍ നടക്കുക. എന്നാല്‍ ഇത് സംഭവിക്കണമെങ്കില്‍ ചില കാര്യങ്ങള്‍ ഇരു ടീമിനും അനുകൂലമാവേണ്ടതായുണ്ട്. അത് എന്തൊക്കെയാണെന്ന് പരിശോധിക്കാം. ഏഷ്യാ കപ്പ് 2023ലെ നിയമപ്രകാരം മൂന്ന് ടീമുകള്‍ വീതമുള്ള രണ്ട് ഗ്രൂപ്പുകളായാണ് മത്സരങ്ങള്‍ നടക്കുക. 13 മത്സരങ്ങളാണ് ടൂര്‍ണമെന്റില്‍ ഉണ്ടാവുക. ലീഗ് ഘട്ടത്തില്‍ ആറ് മത്സരങ്ങളും ആറ് സൂപ്പര്‍ ഫോര്‍ പോരാട്ടങ്ങളും ഫൈനലും.
ഗ്രൂപ്പ് എയില്‍ ഇന്ത്യക്കും പാകിസ്താനുമൊപ്പം നേപ്പാളും ഗ്രൂപ്പ് ബിയില്‍ നിലവിലെ ചാമ്പ്യന്മാരായ ശ്രീലങ്കയും ബംഗ്ലാദേശും അഫ്ഗാനിസ്ഥാനുമാണുള്ളത്. രണ്ട് ഗ്രൂപ്പിലെയും ആദ്യത്തെ രണ്ട് സ്ഥാനക്കാരാണ് സൂപ്പര്‍ ഫോറിലേക്കെത്തുക. ഇന്ത്യയും പാകിസ്താനും ഗ്രൂപ്പ് എയില്‍ നിന്ന് സൂപ്പര്‍ ഫോറിലേക്കെത്തിയേക്കും. നേപ്പാള്‍ അത്ഭുതം സൃഷ്ടിക്കാനുള്ള സാധ്യത വളരെ കുറവാണ്. സൂപ്പര്‍ ഫോറിലെ ടോപ് 2 ടീമുകളാണ് ഫൈനലില്‍ ഏറ്റുമുട്ടുക.

ഗ്രൂപ്പുഘട്ടത്തിലെ ഒരു മത്സരവും സൂപ്പര്‍ ഫോറിലെ ഒരു മത്സരവും ഇന്ത്യയും പാകിസ്താനും തമ്മിലായിരിക്കുമെന്നുറപ്പ്. സൂപ്പര്‍ ഫോറിലെ ആദ്യ രണ്ട് സ്ഥാനക്കാരായി ഇന്ത്യയും പാകിസ്താനും ഫൈനല്‍ കളിച്ചാല്‍ മൂന്ന് തവണ ഇന്ത്യ-പാക് പോരാട്ടം ഇത്തവണത്തെ ഏഷ്യാ കപ്പില്‍ കാണാനാവും. ഇത് സംഭവിക്കണേയെന്ന പ്രാര്‍ത്ഥനയിലാണ് ആരാധകരും. എന്നാല്‍ ശ്രീലങ്കയും അഫ്ഗാനിസ്ഥാനും ഇരു ടീമിനും വലിയ വെല്ലുവിളി ഉയര്‍ത്തും.
ശ്രീലങ്ക, നേപ്പാള്‍, അഫ്ഗാനിസ്ഥാന്‍, ബംഗ്ലാദേശ് എന്നിവര്‍ ഓരോ മത്സരങ്ങള്‍ പാകിസ്താനില്‍ കളിക്കും. പിന്നീടുള്ള ഒമ്പത് മത്സരങ്ങളും ശ്രീലങ്കയിലാണ്. അതുകൊണ്ട് തന്നെ ശ്രീലങ്ക ഇത്തവണയും ഇന്ത്യക്കും പാകിസ്താനും വലിയ വെല്ലുവിളി ഉയര്‍ത്തും. ബംഗ്ലാദേശിന് പഴയ പോരാട്ടവീര്യമില്ല. ഏത് വമ്പന്മാരെയും വിറപ്പിക്കുന്ന പോരാട്ടവീര്യമൊന്നും ഇന്നത്തെ ബംഗ്ലാദേശ് ടീമില്‍ നിന്ന് പ്രതീക്ഷിക്കാനാവില്ല.
അതേ സമയം വിറപ്പിക്കാന്‍ അഫ്ഗാനിസ്ഥാനുണ്ടാവും. റാഷിദ് ഖാന്റെ സംഘം ഏത് കൊലകൊമ്പന്മാരോടും പൊരുതി നില്‍ക്കാന്‍ ചങ്കുറപ്പുള്ളവരുടേതാണ്. അതുകൊണ്ടുതന്നെ ഇന്ത്യക്കും പാകിസ്താനും അഫ്ഗാന്‍ വലിയ തലവേദനയുയര്‍ത്തും. സമീപകാലത്തെ ടീമിന്റെ പ്രകടനങ്ങളും ഗംഭീരമാണ്. സൂപ്പര്‍ ത്രീയുടെ വഴിമുടക്കാന്‍ അഫ്ഗാനുണ്ടാവുമെന്നുറപ്പ്.
ഏഷ്യാ കപ്പിലെ ചരിത്രം ഇന്ത്യക്കനുകൂലമാണ്. 17 തവണയാണ് ഇന്ത്യയും പാകിസ്താനും ഏഷ്യാ കപ്പില്‍ മത്സരിച്ചത്. ഇതില്‍ ഒമ്പത് തവണയും ഇന്ത്യ ജയിച്ചപ്പോള്‍ ആറ് തവണയാണ് പാകിസ്താന് ജയിക്കാനായത്. രണ്ട് മത്സരങ്ങള്‍ക്ക് ഫലമില്ലാതെ പോയി. ഇത്തവണ രണ്ട് ടീമും കരുത്തരുടെ നിരയാണ്. ഇന്ത്യ രോഹിത് ശര്‍മയേയും വിരാട് കോലിയേയും കുന്തമുനകളാക്കുമ്പോള്‍ ബാബര്‍ അസമും മുഹമ്മദ് റിസ്വാനുമാണ് പാകിസ്താന്റെ ബാറ്റിങ് നട്ടെല്ല്.
ഇന്ത്യ-പാക് ക്രിക്കറ്റ് ബോര്‍ഡുകള്‍ തമ്മിലുള്ള ബന്ധം മോശമായിരിക്കുന്ന സാഹചര്യത്തിലും ഏകദിന ലോകകപ്പ് ഇന്ത്യയില്‍ നടക്കാന്‍ പോകുന്ന സാഹചര്യത്തിലും ഏഷ്യാ കപ്പിലെ പോരാട്ടം തീപാറുമെന്ന കാര്യം ഉറപ്പാണ്.