കൊളംബോ: ഏഷ്യാ കപ്പിലെ സൂപ്പര്‍ ഫോറില്‍ ശ്രീലങ്കയ്‌ക്കെതിരായ മത്സരത്തില്‍ ഇന്ത്യയുടെ തുടക്കം ഗംഭീരമായിരുന്നെങ്കിലും 91 റണ്‍സിനിടെ പിന്നീടങ്ങോട്ട് തകര്‍ന്നടിഞ്ഞിരിക്കുകയാണ്. ഒന്നാം വിക്കറ്റില്‍ രോഹിത് ശര്‍മയും (53) ശുബ്മാന്‍ ഗില്ലും ചേര്‍ന്ന് (19) 80 റണ്‍സിന്റെ കൂട്ടുകെട്ടാണ് സൃഷ്ടിച്ചത്. എന്നാല്‍ പിന്നീടുള്ള 11 റണ്‍സിനിടെ ഇന്ത്യയുടെ മൂന്ന് വിക്കറ്റുകളാണ് വീണത്. ശുബ്മാന്‍ ഗില്ലാണ് ആദ്യം മടങ്ങിയത്.
25 പന്ത് നേരിട്ട് 2 ബൗണ്ടറി ഉള്‍പ്പെടെ 19 റണ്‍സ് നേടിയ ശുബ്മാന്‍ ഗില്ലിനെ ദുനിത് വെല്ലാലാഗെ ക്ലീന്‍ബൗള്‍ഡ് ചെയ്യുകയായിരുന്നു. പിന്നാലെ വിരാട് കോലി പുറത്തായി. 12 പന്ത് നേരിട്ട് 3 റണ്‍സെടുത്ത കോലിയെ വെല്ലാലാഗെ ദസുന്‍ ഷണകയുടെ കൈയിലെത്തിച്ചു.
48 പന്ത് നേരിട്ട് 7 ഫോറും 2 സിക്‌സുമടക്കം 53 റണ്‍സ് നേടിയ രോഹിത് ശര്‍മയേയും വെല്ലാലാഗെ ക്ലീന്‍ബൗള്‍ഡ് ചെയ്തു. പാകിസ്താനെതിരേ കസറിയ ഇന്ത്യയുടെ ടോപ് ഓഡറിനെ വലിയ അപകടം വിതക്കാതെ പിടിച്ചുകെട്ടാന്‍ ശ്രീലങ്കയ്ക്കായി.
വെല്ലാലാഗെയെന്ന ഇടം കൈയന്‍ സ്പിന്നറെ ഉപയോഗിച്ചാണ് ശ്രീലങ്ക ഇന്ത്യയുടെ ടോപ് ഓഡറിനെ കൂടാരം കയറ്റിയത്. ഇടം കൈയന്‍ സ്പിന്നര്‍ക്കെതിരേ ഇന്ത്യയുടെ ബാറ്റിങ് നിര വിയര്‍ക്കുന്നതാണ് കാണാനായത്. ഇപ്പോഴിതാ പാകിസ്താന്‍ മറന്നുപോയ തന്ത്രമാണിതെന്നാണ് ആരാധകര്‍ ചൂണ്ടിക്കാട്ടുന്നത്. പാകിസ്താന്റെ സ്പിന്‍ നിരയില്‍ ഇടം കൈയന്‍ മുഹമ്മദ് നവാസ് വേണമായിരുന്നു. എന്നാല്‍ പാകിസ്താന്‍ ഇടം കൈയന്‍ സ്പിന്നറെ പരിഗണിക്കാതെയാണ് ഇന്ത്യക്കെതിരേ ഇറങ്ങിയത്.
ഇത് മണ്ടത്തരമായെന്നാണ് ഇപ്പോള്‍ ആരാധകര്‍ ചൂണ്ടിക്കാട്ടുന്നത്. പാകിസ്താനെതിരേ സെഞ്ച്വറി നേടിയ വിരാട് കോലിയെ തൊട്ടടുത്ത മത്സരത്തില്‍ മൂന്ന് റണ്‍സില്‍ കൂടാരം കയറ്റാന്‍ വെല്ലാലാഗെയ്ക്ക് സാധിച്ചു. പാകിസ്താനെതിരേ സെഞ്ച്വറി നേടിയ കെ എല്‍ രാഹുലിനേയും വെല്ലാലാഗെ പുറത്താക്കിയെന്നതാണ് എടുത്തു പറയേണ്ടത്. 44 പന്ത് നേരിട്ട് 2 ബൗണ്ടറിയടക്കം 39 റണ്‍സ് നേടിയ രാഹുലിനെ വെല്ലാലാഗെ റിട്ടേണ്‍ ക്യാച്ചിലൂടെയാണ് മടക്കിയത്.

ഇഷാന്‍ കിഷനെ പുറത്താക്കാന്‍ തകര്‍പ്പന്‍ ക്യാച്ചും വെല്ലാലാഗെ നേടി. 61 പന്ത് നേരിട്ട് 33 റണ്‍സ് നേടിയ ഇഷാനെ ഉയര്‍ന്ന് ചാടി വെല്ലാലാഗെ കൈയിലാക്കുകയായിരുന്നു. വെല്ലാലാഗെയുടെ ദിവസമാണിതെന്ന് വ്യക്തമാക്കുന്ന പ്രകടനമാണ് അദ്ദേഹം കാഴ്ചവെക്കുന്നത്. 20 വയസ് മാത്രം പ്രായമുള്ള താരമാണ് ഇന്ത്യയുടെ അനുഭവസമ്പന്നരായ ബാറ്റിങ് നിരയെ വരിഞ്ഞു മുറുക്കിയത്. ഇന്ത്യ വമ്പന്‍ സ്‌കോറിലേക്കെത്തുമെന്ന് തോന്നിക്കവെയാണ് വെല്ലാലാഗെയുടെ മാജിക്കല്‍ ബൗളിങ്.
പാകിസ്താന്‍ ഇടം കൈയന്‍ സ്പിന്നറെ കളിപ്പിക്കാതിരുന്നത് ശുദ്ധ മണ്ടത്തരമായെന്ന് തോന്നിപ്പിക്കുന്ന ബൗളിങ്ങാണ് വെല്ലാലാഗെ കാഴ്ചവെച്ചിരിക്കുന്നത്. ഇന്ത്യയുടെ അവസാന പ്രതീക്ഷയായിരുന്ന ഹാര്‍ദിക് പാണ്ഡ്യയേയും (5) വെല്ലാലാഗെ മടക്കി. ഇതോടെ അഞ്ച് വിക്കറ്റും താരം പൂര്‍ത്തിയാക്കി. 10 ഓവറില്‍ 1 മെയ്ഡനടക്കം 45 റണ്‍സ് വിട്ടുകൊടുത്താണ് വെല്ലാലാഗെയുടെ അഞ്ച് വിക്കറ്റ് പ്രകടനം. ഇന്ത്യയുടെ ടോപ് ബാറ്റ്‌സ്മാന്‍മാരെയാണ് വെല്ലാലാഗെ പുറത്താക്കിയതെന്നതാണ് എടുത്തു പറയേണ്ടത്. വലിയ ഭാവി യുവതാരത്തിനുണ്ട്.
ഇന്ത്യ മൂന്ന് ഇടം കൈയന്‍ സ്പിന്നര്‍മാരുമായാണ് കളത്തിലിറങ്ങിയിരിക്കുന്നത്. രവീന്ദ്ര ജഡേജ, അക്ഷര്‍ പട്ടേല്‍, കുല്‍ദീപ് യാദവ് എന്നിവരാണ് സ്പിന്‍ ബൗളര്‍മാരായി ഇന്ത്യന്‍ പ്ലേയിങ് 11ലുള്ളത്. മൂന്ന് പേരും ഇടം കൈയന്‍മാരാണ്. വെല്ലാലാഗെയും മികവിന് അതേ നാണയത്തില്‍ മറുപടികൊടുക്കാന്‍ ഇന്ത്യക്ക് സാധിക്കുമെന്ന് തന്നെ പ്രതീക്ഷിക്കാം. ശ്രീലങ്കയ്‌ക്കെതിരേ ജയിച്ചാല്‍ ഫൈനലിനോട് അടുക്കാന്‍ ഇന്ത്യക്ക് സാധിക്കും. എന്നാല്‍ തോറ്റാല്‍ കാര്യങ്ങള്‍ അടുപ്പമാവും.