ഏഷ്യാ കപ്പിലെ സൂപ്പര്‍ ഫോര്‍ പോരാട്ടത്തില്‍ ഇന്ത്യന്‍ നായകനും സ്റ്റാര്‍ ഓപ്പണറുമായ രോഹിത് ശര്‍മയുടെ ബാറ്റിന്റെ ചൂട് ശരിക്കുമറിഞ്ഞത് പാകിസ്താന്റെ സ്പിന്‍ ബൗളിങ് ഓള്‍റൗണ്ടര്‍ ഷദാബ് ഖാനായിരുന്നു. നന്നായി തല്ലുവാങ്ങിയ ശേഷം ഒടുവില്‍ ഹിറ്റ്മാനെ പുറത്താക്കിയെങ്കിലും ഷദാബിന്റെ ആത്മവിശ്വാസം തല്ലിക്കെടുത്തുന്നതായിരുന്നു താരത്തിന്റെ വെടിക്കെട്ട്. ബൗള്‍ ചെയ്യാന്‍ ഏറ്റവും ബുദ്ധിമുട്ടുള്ള ബാറ്റര്‍ രോഹിത്താണെന്നു ഷദാബ് നേരത്തേ പറയുകയും ചെയ്തിരുന്നു. അതു ശരിവയ്ക്കുന്നതായിരുന്നു അദ്ദേഹത്തിന്റെ കടന്നാക്രമണം.
അതിനിടെ 2019ല്‍ ഇംഗ്ലണ്ടില്‍ നടന്ന ഐസിസിയുടെ ഏകദിന ലോകകപ്പിലെ ഇന്ത്യയും പാകിസ്താനും തമ്മിലുള്ള മല്‍സരത്തില്‍ നിന്നുള്ള രോഹിത്തിന്റെ ബാറ്റിങ് വീഡിയോയും ഇന്നത്തെ കളിയിലെ വീഡിയോയും സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്. അന്നു ഷദാബിനെ രോഹിത് പഞ്ഞിക്കിടുന്നതാണ് വീഡിയോയിലുള്ളത്. ഹിറ്റ്മാന്റെ ഒരു സിക്‌സറിനേയും ഫോറിനേയും താരമത്യം ചെയ്യുന്നതാണ് ഇതിലുള്ളത്.

2019ലെയും ഇപ്പോള്‍ ഏഷ്യാ കപ്പിലെയും ഷദാബിനെതിരേയുള്ള രോഹിത്തിന്റെ ഷോട്ടുകള്‍ തമ്മില്‍ അതിശയിപ്പിക്കുന്ന സാമ്യതയാണ് നമുക്കു കാണാന്‍ സാധിക്കുക. നോണ്‍ സ്‌ട്രൈക്കറും, പിച്ചും അംപയറും മാറിയതൊഴിച്ചാല്‍ അന്നും ഇന്നും ഷദാബിനെതിരേ രോഹിത് പായിച്ച ഷോട്ടുകളില്‍ ഒരു മാറ്റവും നമുക്കു കാണാന്‍ സാധിക്കില്ലെന്നതാണ് ആശ്ചര്യപ്പെടുത്തുന്നത്.
ഷദാബിനെതിരേ രോഹിത് ശര്‍മയുടെ സാമ്യം കാണിക്കുന്ന വീഡിയോ കാണാം
ഇന്നത്തെ കളിയില്‍ ഷദാബിനെതിരേ 15ാം ഓവറില്‍ രോഹിത് തകര്‍പ്പന്‍ സിക്‌സര്‍ പായിച്ചിരുന്നു. ഫുള്‍ ടോസ് ബോള്‍ ഡീപ്പ് മിഡ് വിക്കറ്റിനു മുകളിലൂടെയായിരുന്നു അദ്ദേഹം സിക്‌സറിലെത്തിച്ചത്. ഇതോടെ ഹിറ്റ്മാന്‍ ഫിഫ്റ്റിയുമടിച്ചിരുന്നു.
2019ലെ ലോകകപ്പ് മല്‍സരത്തിലും ഇതേ ഷോട്ടായിരുന്നു അദ്ദേഹത്തിന്റെ ബാറ്റില്‍ നിന്നും വന്നത്. അന്നു 12ാം ഓവറിലെ മൂന്നാമത്തെ ബോള്‍ ഷദാബ് ഫുള്‍ ടോസ് എറിഞ്ഞപ്പോള്‍ ഇതേ ഏരിയയിലൂടെ രോഹിത് സിക്‌സറിലേക്കു പായിക്കുകയായിരുന്നു. രണ്ടു ഷോട്ടുകളും തമ്മില്‍ ഒരു മാറ്റവും ഒറ്റ നോട്ടത്തില്‍ നമുക്കു കാണാന്‍ സാധിക്കില്ല.
ഇന്നത്തെ കളിയില്‍ സിക്‌സറിനു പിന്നാലെ ഷദാബിനെതിരേ തൊട്ടടുത്ത ബോളില്‍ രോഹിത് ബൗണ്ടറിയും നേടിയിരുന്നു. ഓഫ് സ്റ്റംപിന് പുറത്തേക്കു പോയ ബോള്‍ ഹിറ്റ്മാന്‍ കട്ട് ചെയ്യുകയും അതു ഫീല്‍ഡര്‍മാര്‍ക്കു ഇടയിലൂടെ ഡീപ്പ് എക്‌സ്ട്രാ കവറിലൂടെ ബൗണ്ടറിയിലേക്കു കുതിക്കുകയുമായിരുന്നു.
2019ലെ ലോകകപ്പിലും സിക്‌സറിനു പിറകെ തൊട്ടടുത്ത ബോളില്‍ ഷദാബിനെതിരേ ഇതേ ഷോട്ട് തന്നെ കളിച്ച് രോഹിത് ബൗണ്ടറി കണ്ടെത്തിയിരുന്നു. രണ്ടു ഷോട്ടുകളും തമ്മില്‍ ഒരു വ്യത്യാസവും കാണാന്‍ കഴിയില്ല.

അതേസമയം, ഇന്നത്തെ മല്‍സരത്തില്‍ പതിഞ്ഞ താളത്തില്‍ തുടങ്ങിയ ശേഷമായിരുന്നു പവര്‍പ്ലേയ്ക്കു ശേഷം രോഹിത് ആഞ്ഞടിച്ചത്. 10 ഓവര്‍ കഴിയുമ്പോള്‍ 30 ബോളില്‍ 18 റണ്‍സ് മാത്രമേ അദ്ദേഹത്തിന്റെ അക്കൗണ്ടിലുണ്ടായിരുന്നുള്ളൂ. 13ാം ഓവറിലായിരുന്നു ഷദാബ് ആദ്യമായി ബൗള്‍ ചെയ്യാനെത്തിയത്. തുടരെ രണ്ടു സിക്‌സറും ഒരു ഫോറും രോഹിത് വാരിക്കൂട്ടി.
അടുത്ത ഓവറിലും ഷദാബിനെ അദ്ദേഹം വെറുതെ വിട്ടില്ല. ഓരോ സിക്‌സറും ഫോറുമാണ് രോഹിത് ഈ ഓവറില്‍ നേടിയത്. രണ്ടോവര്‍ കഴിഞ്ഞപ്പോള്‍ ഷദാബ് വഴങ്ങിയത് 31 റണ്‍സായിരുന്നു. പക്ഷെ തന്റെ മൂന്നാമത്തെ ഓവറില്‍ രോഹിത്തിനെ അദ്ദേഹം വീഴ്ത്തി.
നാലാമത്തെ ബോളില്‍ കവറിനു മുകളിലൂടെ വമ്പന്‍ ഷോട്ടിനു ശ്രമിച്ച രോഹിത്തിനെ ബൗണ്ടറി ലൈനിന് അരികില്‍ വച്ച് തകര്‍പ്പനൊരു റണ്ണിങ് ക്യാച്ചിലൂടെ ഫഹീം അഷ്‌റഫ് പുറത്താക്കുകയായിരുന്നു. 56 റണ്‍സാണ് അദ്ദേഹം നേടിയത്. 49 ബോളുകള്‍ നേരിട്ട രോഹിത് ആറു ഫോറുകളും നാലു സിക്‌സറുമടിച്ചു.