കൊളംബോ: ഏഷ്യാ കപ്പ് ക്രിക്കറ്റ് ടൂര്‍ണമെന്റിന് നാളെ ആരംഭമാവുകയാണ്. പാകിസ്താന്‍ ആതിഥേയരാവുന്ന ഏഷ്യാ കപ്പില്‍ ഇന്ത്യയുടെ മത്സരങ്ങളെല്ലാം ശ്രീലങ്കയിലാണ് നടക്കുന്നത്. ഇടവേളക്ക് ശേഷം ഇന്ത്യ-പാകിസ്താന്‍ സൂപ്പര്‍ പോരാട്ടം കാണാനുള്ള അവസരമാണ് ഏഷ്യാ കപ്പിലൂടെ ആരാധകര്‍ക്ക് ലഭിക്കുന്നത്. സെപ്തംബര്‍ 2നാണ് ഏഷ്യാ കപ്പിലെ ചിരവൈരി പോരാട്ടം. രണ്ട് ടീമിനൊപ്പവും ശക്തമായ ടീം കരുത്തുണ്ട്. പാകിസ്താനാണ് നിലവിലെ ഒന്നാം നമ്പര്‍ ഏകദിന ടീം.
രോഹിത് ശര്‍മ നയിക്കുന്ന ഇന്ത്യന്‍ ടീമിലേക്ക് പരിക്കിന്റെ ഇടവേളക്ക് ശേഷം കെ എല്‍ രാഹുലും ശ്രേയസ് അയ്യരും തിരിച്ചുവരാന്‍ തയ്യാറെടുക്കുകയാണ്. ജസ്പ്രീത് ബുംറ മടങ്ങിവരവ് അറിയിച്ചുകഴിഞ്ഞു. മൂന്ന് പേരും ടീമിനൊപ്പമുള്ളത് ഇന്ത്യക്ക് വലിയ ആത്മവിശ്വാസം നല്‍കുന്നു. എന്നാല്‍ മത്സരത്തില്‍ നിര്‍ണ്ണായകമാവുക ഓള്‍റൗണ്ടര്‍മാരുടെ പ്രകടനമായിരിക്കും. ഇന്ത്യ മുഖ്യ ഓള്‍റൗണ്ടറായി ഹാര്‍ദിക്കിനെ കളത്തിലിറക്കുമ്പോള്‍ ഷദാബ് ഖാനാണ് പാകിസ്താന്റെ തുറുപ്പുചീട്ടായ ഓള്‍റൗണ്ടര്‍.

രണ്ട് പേരും മികച്ച റെക്കോഡുള്ള കളിക്കാരാണ്. ഹാര്‍ദിക് പേസ് ഓള്‍റൗണ്ടറാണെങ്കില്‍ ഷദാബ് ഖാന്‍ സ്പിന്‍ ഓള്‍റൗണ്ടറാണ്. ശ്രീലങ്കയിലെ കണക്കുകള്‍ വിലയിരുത്തി ഇരുവരിലെ മികച്ച ഓള്‍റൗണ്ടര്‍ ആരാണെന്ന് പരിശോധിക്കാം. ഇന്ത്യയുടെ ഫിനിഷറാണ് ഹാര്‍ദിക്. കൂടാതെ വൈസ് ക്യാപ്റ്റന്‍ കൂടിയാണ് അദ്ദേഹം. ശ്രീലങ്കയില്‍ ഏഴ് ഏകദിന മത്സരങ്ങളാണ് ഹാര്‍ദിക് കളിച്ചിട്ടുള്ളത്. 2017ലാണ് ഇതില്‍ നാല് മത്സരവും കളിച്ചിട്ടുള്ളത്.
ശ്രീലങ്കയിലെ ഹാര്‍ദിക്കിന്റെ ബാറ്റിങ് കണക്കുകള്‍ നോക്കുമ്പോള്‍ മികച്ചതെന്ന് പറയാനാവില്ല. നാല് ഇന്നിങ്‌സില്‍ നിന്ന് 38 റണ്‍സാണ് ഹാര്‍ദിക് നേടിയത്. 6 വിക്കറ്റും അദ്ദേഹം വീഴ്ത്തിയിട്ടുണ്ട്. ശരാശരി പ്രകടനം മാത്രമാണ് ഹാര്‍ദിക്കിന് ശ്രീലങ്കയില്‍ അവകാശപ്പെടാനാവുക. ഇന്ത്യ ഫിനിഷര്‍ റോളില്‍ ഹാര്‍ദിക്കിനെ അമിതമായി വിശ്വസിച്ചാല്‍ പണികിട്ടുമെന്ന് പറയാവുന്ന കളി കണക്കുകളാണ് അദ്ദേഹത്തിനുള്ളത്. സമീപകാലത്തെ ഹാര്‍ദിക്കിന്റെ ഫോമും പ്രശ്‌നമാണ്.
അതുകൊണ്ടുതന്നെ ഹാര്‍ദിക്കിന്റെ കാര്യത്തില്‍ ഇന്ത്യക്ക് ആശങ്കകളേറെയാണെന്ന് പറയാം. ഷദാബ് ഖാന്‍ സ്പിന്‍ ഓള്‍റൗണ്ടറാണ്. ഹാര്‍ദിക്കിനെപ്പോലെ ഫിനിഷറെന്ന ഉത്തരവാദിത്തം ഷദാബിനില്ല. 7,8 നമ്പറുകളിലെല്ലാം ബാറ്റ് ചെയ്ത് കടന്നാക്രമിച്ച് കളിക്കുകയെന്നതാണ് ഷദാബിന്റെ ജോലി. ഈ ഉത്തരവാദിത്തം അദ്ദേഹം നന്നായി ചെയ്യുന്നുമുണ്ട്. ശ്രീലങ്കയില്‍ മൂന്ന് ഏകദിന ഇന്നിങ്‌സ് കളിച്ച ഷദാബ് 90 റണ്‍സാണ് അടിച്ചെടുത്തത്. 96.77 സ്‌ട്രൈക്ക് റേറ്റാണുള്ളത്. നാല് വിക്കറ്റും അദ്ദേഹം വീഴ്ത്തിയിട്ടുണ്ട്.
ഇക്കഴിഞ്ഞ അഫ്ഗാനിസ്ഥാന്‍ പരമ്പരയില്‍ ഷദാബ് ഖാന്റെ പ്രകടനം ഗംഭീരമായിരുന്നു. മാച്ച് വിന്നറാവാന്‍ അദ്ദേഹത്തിന് സാധിച്ചു. ഹാര്‍ദിക്കിനെക്കാളും ശ്രീലങ്കയില്‍ ഭയപ്പെടേണ്ടത് ഷദാബ് ഖാനെയാണ്. കാരണം ശ്രീലങ്കയിലെ സാഹചര്യം സ്പിന്നിന് അനുകൂലമാണ്. അതുകൊണ്ടുതന്നെ ഷദാബിന്റെ സ്പിന്‍ ബൗളിങ് വലിയ ഇംപാക്ട് സൃഷ്ടിച്ചേക്കും. ഇന്ത്യയുടെ മധ്യനിരയെ വിറപ്പിക്കാന്‍ മികച്ച ഫോമിലാണ് ഷദാബ് ഖാന്‍ എത്തുന്നത്.
അതേ സമയം ക്യാപ്റ്റന്‍സികൊണ്ട് ഭേദപ്പെട്ട് നില്‍ക്കുന്നതൊഴിച്ചാല്‍ ഓള്‍റൗണ്ടറെന്ന നിലയില്‍ ഹാര്‍ദിക് ലോക തോല്‍വിയാണെന്ന് പറയാം. നേരത്തെ ഭയമില്ലാതെ മത്സരം ഫിനിഷ് ചെയ്യുന്ന വെടിക്കെട്ട് ബാറ്റ്‌സ്മാനായിരുന്നു ഹാര്‍ദിക്. എന്നാല്‍ ഇപ്പോള്‍ പഴയ മികവ് ഹാര്‍ദിക്കിന് അവകാശപ്പെടാനാവില്ല. ഹാര്‍ദിക്കിന്റെ ഓള്‍റൗണ്ട് മികവില്‍ ഇന്ത്യ വലിയ പ്രതീക്ഷവെക്കുന്നുണ്ടെങ്കിലും അതിനൊത്തുയരാന്‍ താരത്തിന് സാധിക്കുന്നില്ലെന്നതാണ് വസ്തുത.
ഇത്തവണയും ശക്തമായ ബൗളിങ് കരുത്താണ് പാകിസ്താനുള്ളത്. ഷഹീന്‍ ഷാ അഫ്രീദി, ഹാരിസ് റഊഫ്, നസീം ഷാ എന്നിവരുടെ പേസാക്രമണത്തെ ചെറുക്കാന്‍ ഇന്ത്യ നന്നായി പാടുപെടേണ്ടി വരും. പാകിസ്താന്റെ ബാറ്റിങ് കരുത്തും മികച്ചതാണ്. രവീന്ദ്ര ജഡേജ, കുല്‍ദീപ് യാദവ് എന്നിവരുടെ സ്പിന്‍ ബൗളിങ്ങിലെ പ്രകടനമാവും ഇന്ത്യയുടെ തുറുപ്പുചീട്ടായി മാറുക.