ഏഷ്യാ കപ്പ് ക്രിക്കറ്റ് ടൂര്‍ണമെന്റിനുള്ള ഇന്ത്യന്‍ ടീമില്‍ നിന്നും മലയാളി വിക്കറ്റ് കീപ്പര്‍ സഞ്ജു സാംസണിനെ തഴഞ്ഞതിരെ വലിയ വിമര്‍ശനങ്ങളും പ്രതിഷേധവുമാണ് ഉയരുന്നത്. അജിത് അഗാര്‍ക്കു കീഴിലുള്ള സെലക്ഷന്‍ കമ്മിറ്റി 17 അംഗ സ്‌ക്വാഡിനെയാണ് കഴിഞ്ഞ ദിവസം തിരഞ്ഞെടുത്തത്. ഈ ടീമില്‍ ഇടം ലഭിക്കാതെ പോയ സഞ്ജു 18ാമനായി ബാക്കപ്പ് ലിസ്റ്റിലാണുള്ളത്. നിലവിലെ പ്രധാന സ്‌ക്വാഡിലെ ആരെങ്കിലും പരിക്കേറ്റ് പുറത്തായാല്‍ മാത്രമേ സഞ്ജുവിനു നേരിയ പ്രതീക്ഷയ്ക്കു വകയുള്ളൂ.
ഏഷ്യാ കപ്പില്‍ നിന്നും ഒഴിവാക്കപ്പെട്ടതോടെ നാട്ടില്‍ നടക്കാനിരിക്കുന്ന ഐസിസിയുടെ ഏകദിന ലോകകപ്പിനുള്ള ഇന്ത്യന്‍ സംഘത്തിലും സഞ്ജു ഉണ്ടാവില്ലെന്നു വ്യക്തമായിരിക്കുകയാണ്. കാരണം 15 അംഗ സ്‌ക്വാഡിനെ മാത്രമേ ലോകകപ്പിനായി തിരഞ്ഞെടുക്കാന്‍ ടീമുകള്‍ക്കു അനുമതിയുള്ളൂ. അതുകൊണ്ടു തന്നെ ഏഷ്യാ കപ്പ് സ്‌ക്വാഡിലെ രണ്ടു പേരെ ഒഴിവാക്കി ലോകകപ്പ് ലിസ്റ്റ് സമര്‍പ്പിക്കുകയാവും ഇന്ത്യ ചെയ്‌തേക്കുക.

ഏകദിനത്തില്‍ 55ന് മുകളില്‍ ശരാശരിയും മൂന്നു ഫിഫ്റ്റികളും സഞ്ജുവിന്റെ പേരിലുണ്ട്. എന്നിട്ടും ഏകദിനത്തില്‍ 25നു താഴെ ശരാശരിയുള്ള ടി20 സ്‌പെഷ്യലിസ്റ്റ് സൂര്യകുമാര്‍ യാദവിനും ഇനിയും ഏകദിനത്തില്‍ അരങ്ങേറിയിട്ടില്ലാത്ത തിലക് വര്‍മയ്ക്കും ഏഷ്യാ കപ്പ് ടീമില്‍ ഇടം ലഭിക്കുകയായിരുന്നു.
ഇതാണ് ആരാധകരെ കൂടുതല്‍ ചൊടിപ്പിക്കുന്നത്. അതിനിടെ ഇന്ത്യയുടെ മുന്‍ ഓപ്പണര്‍ ഗൗതം ഗംഭീര്‍ സഞ്ജുവിനെക്കുറിച്ച് നേരത്തേ പറഞ്ഞ ഒരു വീഡിയോ ഇപ്പോള്‍ ആരാധകര്‍ക്കിടയില്‍ വൈറലായിക്കൊണ്ടിരിക്കുകയാണ്.
സഞ്ജു സാംസണിനെക്കുറിച്ച് ഗൗതം ഗംഭീര്‍ സംസാരിക്കുന്ന വീഡിയോ കാണാം
ഏഷ്യാ കപ്പ് സ്‌ക്വാഡില്‍ നിന്നും സഞ്ജു തഴയപ്പെട്ടതിനു പിന്നാലെയായിരുന്നു സഞ്ജുവിനെ വാനോളം പുകഴ്ത്തുന്ന ഗംഭീറിന്റെ വീഡിയോ വീണ്ടും ആരാധകര്‍ കുത്തിപ്പൊക്കിയത്. സഞ്ജു സാംസണ്‍ ഇന്ത്യക്കു വേണ്ടി കളിക്കുന്നില്ലെങ്കില്‍ അതു സഞ്ജുവിന്റെ നഷ്ടമല്ല, മറിച്ച് ഇന്ത്യയുടെ നഷ്ടമാണെന്നായിരുന്നു ഗംഭീര്‍ ഈ വീഡിയോയില്‍ പറയുന്നത്.
സഞ്ജുവിന്റെ യഥാര്‍ഥ പ്രതിഭ ഏറ്റവും നന്നായി തിരിച്ചറിയുകയും മനസ്സിലാക്കുകയും ചെയ്തിട്ടുള്ള ഒരേയൊരു വ്യക്തി ഗൗതം ഗംഭീറാണെന്നു ഈ വീഡിയോയ്ക്കു താഴെ ആരാധകര്‍ കുറിക്കുന്നു. മാത്രല്ല ഗംഭീര്‍ എന്തുകൊണ്ടാണ് മുഖ്യ സെലക്ടര്‍ സ്ഥാനത്തേക്കു അപേക്ഷിക്കാത്തതെന്നും നിങ്ങള്‍ വരികയാണെങ്കില്‍ അതു സഞ്ജുവിന്റെ കരിയര്‍ തന്നെ മാറ്റി മറിക്കുമെന്നും ഇവര്‍ ചൂണ്ടിക്കാട്ടുന്നു.

ഗൗതം ഗംഭീര്‍ സര്‍, നിങ്ങള്‍ പറഞ്ഞിരിക്കുന്നത് വലരെ കറക്ടാണ്. സഞ്ജു സാംസണിനെ നിങ്ങള്‍ തിരിച്ചറിഞ്ഞു. പക്ഷെ അജിത് അഗാര്‍ക്കര്‍ മുംബൈക്കാരെയല്ലാതെ മറ്റാരെയും കാണുന്നു പോലുമില്ലെന്നും ആരാധകര്‍ പറയുന്നു. ഗൗതം ഗംഭീറില്‍ നിന്നും ആദ്യമായിട്ടാണ് നല്ല വാക്കുകള്‍ കേള്‍ക്കുന്നത്. നിങ്ങള്‍ പറഞ്ഞതിനോടു 100 ശതമാനവും യോജിക്കുന്നതായും ആരാധകര്‍ പ്രതികരിച്ചു.
വെസ്റ്റ് ഇന്‍ഡീസുമായുള്ള മൂന്നു മല്‍സരങ്ങളുടെ ഏകദിന പരമ്പരയിലാണ് സഞ്ജു അവസാനമായി ഈ ഫോര്‍മാറ്റില്‍ കളിച്ചത്. ആദ്യ മല്‍സരത്തില്‍ പ്ലെയിങ് ഇലവനില്‍ സ്ഥാനം ലഭിക്കാതെ പോയെങ്കിലും അടുത്ത രണ്ടു കളിയിലും അദ്ദേഹത്തിനു ടീമില്‍ ഇടം ലഭിച്ചു.
നിര്‍ണായകമായ മൂന്നാമത്തെയും അവസാനത്തെയും കളിയില്‍ 41 ബോളില്‍ നിന്നും 51 റണ്‍സോടെ സഞ്ജു കസറുകയും ചെയ്തിരുന്നു. 39 ബോളുകളില്‍ നിന്നായിരുന്നു അദ്ദേഹത്തിന്റെ ഫിഫ്റ്റി. ഏകദിനത്തില്‍ സഞ്ജുവിന്റെ ഏറ്റവും വേഗമേറിയ ഫിഫ്റ്റി കൂടിയായിരുന്നു ഇത്.