For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

Asia Cup 2023: ജൂനിയര്‍ 'വീരു' ആകാന്‍ ഗില്ലിനാവും, സര്‍വാധിപത്യം! പ്രശംസിച്ച് ഗംഭീര്‍

കൊളംബോ: ഏഷ്യാ കപ്പിലെ സൂപ്പര്‍ ഫോര്‍ പോരാട്ടത്തില്‍ പാകിസ്താനെതിരേ ബാറ്റിങ് വെടിക്കെട്ടാണ് ശുബ്മാന്‍ ഗില്‍ കാഴ്ചവെച്ചത്. രോഹിത് ശര്‍മയെപ്പോലും കാഴ്ചക്കാരനാക്കി ശുബ്മാന്‍ ഗില്‍ കത്തിക്കയറുകയായിരുന്നു. പാകിസ്താന്‍ സൂപ്പര്‍ പേസര്‍ ഷഹീന്‍ അഫ്രീദിയെ ഗില്‍ അടിച്ചു പറത്തി. നേരിട്ട 12 പന്തുകളില്‍ 6 എണ്ണവും ബൗണ്ടറിയാക്കാന്‍ ഇന്ത്യന്‍ ഓപ്പണര്‍ക്കായി. പവര്‍പ്ലേ അവസാനിക്കുമ്പോള്‍ 41 റണ്‍സാണ് ഗില്ലിന്റെ അക്കൗണ്ടില്‍ ഉണ്ടായിരുന്നത്.

ക്ലാസിക് ഷോട്ടുകളിലൂടെ റണ്‍സുയര്‍ത്താന്‍ കഴിവുണ്ട് എന്നതാണ് ഗില്ലിനെ വ്യത്യസ്തനാക്കുന്നത്. ഗില്ലിന്റെ സ്‌ട്രൈക്കറേറ്റിനെ വിമര്‍ശിക്കുന്നവരുടെ വായടപ്പിക്കാന്‍ അദ്ദേഹത്തിന് സാധിച്ചു. ഇപ്പോഴിതാ ശുബ്മാന്‍ ഗില്ലിന്റെ ബാറ്റിങ് പ്രകടനത്തെക്കുറിച്ചുള്ള വിലയിരുത്തല്‍ നടത്തിയിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ ഓപ്പണര്‍ ഗൗതം ഗംഭീര്‍. സ്റ്റാര്‍ സ്‌പോര്‍ട്‌സില്‍ സംസാരിക്കവെയാണ് ഗില്ലിന്റെ ബാറ്റിങ്ങിനെക്കുറിച്ച് ഗംഭീര്‍ പറഞ്ഞത്.

'കാന്‍ഡിയിലെ സാഹചര്യമല്ല കൊളംബോയിലുള്ളത്. കൊളംബോയില്‍ മത്സരം തുടങ്ങുമ്പോള്‍ നല്ല വെയിലുണ്ടായിരുന്നു. ഷഹീന്‍ ഷാ അഫ്രീദി ബൗളിങ്ങിനെത്തിയപ്പോള്‍ പിച്ചില്‍ തീരെ സ്വിങ് ഇല്ലായിരുന്നു. അതുകൊണ്ടുതന്നെ ഗില്ലിന് ആക്രമിച്ച് കളിക്കാനായി. ഗില്‍ കടന്നാക്രമിച്ച് കളിച്ചതാണ് രോഹിത് ശര്‍മയുടെ സമ്മര്‍ദ്ദം കുറച്ചത്.

മനോഹരമായ ഷോട്ടുകളാണ് അവന്‍ കളിച്ചത്. മിഡ് ഓഫ് ഷോട്ട്, മിഡ് ഓണ്‍ ഷോട്ട്, കവര്‍ ഡ്രൈവ് എന്നിവയെല്ലാം ഉള്‍പ്പെട്ട ബാറ്റിങ് വിരുന്നായിരുന്നു ശുബ്മാന്റെ ബാറ്റിങ്. എല്ലാത്തരം ഷോട്ടും അവന് കളിക്കാന്‍ സാധിക്കും'- ഗംഭീര്‍ പറഞ്ഞു.

അക്കൗണ്ട് തുറക്കും മുമ്പെ ഗില്ലിനെ പുറത്താക്കാന്‍ പാകിസ്താന് അവസരം ലഭിച്ചിരുന്നു. എന്നാല്‍ അത് മുതലാക്കാന്‍ സാധിച്ചില്ല. പിന്നീട് സ്ലിപ്പിലും ഗില്‍ ക്യാച്ച് നല്‍കിയെങ്കിലും ഇതും കൈവിട്ട് കളഞ്ഞു. ആക്രമണ ശൈലിയില്‍ മുന്നേറിയ ഗില്‍ 10 ബൗണ്ടറികളാണ് നേടിയത്. 52 പന്ത് നേരിട്ട് 58 റണ്‍സാണ് ഗില്‍ നേടിയത്. സെഞ്ച്വറിയിലേക്ക് പോവുകയായിരുന്ന ഗില്ലിനെ ഷഹീന്‍ അഫ്രീദിയുടെ പന്തില്‍ ആഗ സല്‍മാന്‍ ക്യാച്ചിലൂടെ പുറത്താക്കുകയായിരുന്നു.

rohit, shubman gill

സ്ലോ ബോള്‍ കെണിയില്‍ ശുബ്മാന്‍ വീഴുകയായിരുന്നു. ഏകദിന ലോകകപ്പ് വരാനിരിക്കെ ഇന്ത്യക്ക് വലിയ പ്രതീക്ഷ നല്‍കുന്ന പ്രകടനമാണ് ഗില്‍ കാഴ്ചവെച്ചിരിക്കുന്നത്. രോഹിത് ശര്‍മ പ്രയാസപ്പെടുന്ന സാഹചര്യങ്ങളില്‍ റണ്‍സുയര്‍ത്താന്‍ ഗില്ലിന് സാധിക്കുന്നു. അത്തരമൊരു ഇന്നിങ്‌സാണ് പാകിസ്താനെതിരേ സൂപ്പര്‍ ഫോറിലും കണ്ടത്. ഷഹീനെ സിക്‌സര്‍ പായിച്ചാണ് രോഹിത് തുടങ്ങിയതെങ്കിലും നസീം ഷാ പന്തെറിയാനെത്തിയതോടെ വിറച്ചു.

ഓഫ് സൈഡില്‍ നസീം എറിഞ്ഞ തീപാറുന്ന പന്തുകള്‍ രോഹിത്തിനെ നന്നായി വിറപ്പിച്ചു. അപ്പോഴും ഒരുവശത്ത് റണ്‍സുയര്‍ത്തി ആധിപത്യം തുടരാന്‍ ഗില്ലിന് സാധിച്ചു. 'ഒരു സമയത്ത് ശുബ്മാന്‍ ഗില്‍ 45ഉും രോഹിത് 15 റണ്‍സുമായിരുന്നു. ഇതില്‍ നിന്ന് തന്നെ ഗില്‍ എങ്ങനെയാണ് ബാറ്റുചെയ്തതെന്ന് വ്യക്തം. നസീം ഷായെ രോഹിത് നേരിട്ടത് മനോഹരമായിത്തന്നെയാണ്.

ആരെ ആക്രമിക്കണം എപ്പോള്‍ ആക്രമിക്കണമെന്നത് രോഹിത്തിന് നന്നായി അറിയാം. അത് അനുഭവസമ്പത്തില്‍ നിന്ന് ലഭിക്കുന്നതാണ്. നസീം ഷായുടെ ഓവറില്‍ രണ്ട് ബൗണ്ടറി നേടിയ ശേഷം രോഹിത് കരുതലോടെയാണ് കളിച്ചത്. കാരണം വിക്കറ്റ് പോയാല്‍ നോണ്‍സ്‌ട്രൈക്കര്‍ക്ക് സമ്മര്‍ദ്ദമാവുമെന്ന് രോഹിത്തിന് അറിയാം. രണ്ട് ഓപ്പണര്‍മാരും നന്നായിതന്നെയാണ് കളിച്ചത്'- ഗംഭീര്‍ പറഞ്ഞു.

ലോകോത്തര ബൗളര്‍മാരാണ് പാക് ടീമിനൊപ്പമുള്ളത്. എല്ലാവരും ഒന്നിനൊന്ന് മെച്ചം. അവര്‍ക്കെതിരേ ഇന്ത്യ സമ്പൂര്‍ണ്ണ ആധിപത്യം കാട്ടിയെന്നത് വലിയ ആത്മവിശ്വാസം നല്‍കുന്ന കാര്യമാണ്. ഇന്ത്യയുടെ ഗംഭീര പ്രകടനം നടക്കവെയാണ് വില്ലനായി മഴയെത്തിയത്. ഇതോടെ റിസര്‍വ് ഡേയിലേക്ക് മത്സരം മാറ്റി. എന്നാല്‍ റിസര്‍വ് ഡേയിലും മത്സരം നടക്കാനുള്ള യാതൊരു സാധ്യതയുമില്ല. റിസര്‍വ് ഡേയിലും ശക്തമായ മഴയാണുള്ളത്. അതുകൊണ്ടുതന്നെ ടീം പോയിന്റ് പങ്കിടാനാണ് സാധ്യത.

Story first published: Monday, September 11, 2023, 14:54 [IST]
Other articles published on Sep 11, 2023
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+