Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

Asia Cup 2023: ആദ്യം തിലക്, പിന്നാലെ സൂര്യ! ഒരോവറില്‍ രണ്ട് ക്യാച്ച് കൈവിട്ടു! വന്‍ നാണക്കേട്

കൊളംബോ: ഏഷ്യാ കപ്പിന്റെ സൂപ്പര്‍ ഫോറിലെ അവസാന മത്സരത്തില്‍ ബംഗ്ലാദേശിനെ നേരിടുകയാണ് ഇന്ത്യ. ടോസ് നേടിയ ഇന്ത്യ ബംഗ്ലാദേശിനെ ആദ്യം ബാറ്റിങ്ങിനയക്കുകയായിരുന്നു. തുടക്കത്തിലേ തന്നെ ബംഗ്ലാദേശിന്റെ മൂന്ന് ബാറ്റ്‌സ്മാന്‍മാരെ കൂടാരം കയറ്റാന്‍ ഇന്ത്യക്കായി. ബൗളിങ് നിര തകര്‍പ്പന്‍ പ്രകടനം നടത്തുമ്പോഴും ഫീല്‍ഡര്‍മാര്‍ തീര്‍ത്തും നിരാശപ്പെടുത്തുന്ന പ്രകടനമാണ് കാഴ്ചവെക്കുന്നത്. ശാര്‍ദ്ദുല്‍ താക്കൂറിന്റെ ഒരോവറില്‍ രണ്ട് ക്യാച്ചുകളാണ് ഇന്ത്യ നഷ്ടപ്പെടുത്തിയത്.

ശാര്‍ദ്ദുല്‍ താക്കൂര്‍ എറിഞ്ഞ 10ാം ഓവറിലാണ് സംഭവം. ഓവറിലെ നാലാം പന്തില്‍ മെഹതി ഹസന്‍ മിറാസിന് ആദ്യ ലൈഫ് ലഭിക്കുന്നത്. ഔട്ട് സ്വിങ്ങറില്‍ സ്‌ക്വയര്‍ മിഡ് വിക്കറ്റിലേക്ക് ഷോട്ടുകളിച്ച മിറാസിന് പിഴച്ചു. പന്ത് കൃത്യം തിലക് വര്‍മയുടെ കൈയില്‍. ഏകദിന അരങ്ങേറ്റ മത്സരത്തില്‍ ക്യാച്ചെടുക്കാന്‍ തിലകിന് സാധിച്ചില്ല. അനായാസമായി കൈയിലേക്കെത്തിയ പന്ത് തിലക് കൈവിട്ടുകളയുകയായിരുന്നു. പ്രതീക്ഷിച്ച വേഗം പന്തിനില്ലാതെ പോയതാണ് തിലകിന്റെ കണക്കുകൂട്ടല്‍ തെറ്റിച്ചത്.

ആദ്യ ക്യാച്ച് കൈവിട്ട് കളഞ്ഞതിന്റെ ക്ഷീണം മാറുംമുമ്പെ അടുത്ത ക്യാച്ചും ഇന്ത്യ പാഴാക്കി. ഇത്തവണയും മിറാസാണ് ബാറ്റുചെയ്തത്. എഡ്ജില്‍ തട്ടി സ്ലിപ്പിലേക്കെത്തിയ പന്ത് സൂര്യകുമാര്‍ യാദവാണ് കൈവിട്ട് കളഞ്ഞത്. സെക്കന്റ് സ്ലിപ്പിലേക്ക് വേഗത്തിലെത്തിയ പന്തിനെ കൈപ്പിടിയിലാക്കാന്‍ സൂര്യക്ക് സാധിച്ചില്ല. അല്‍പ്പം പ്രയാസമായിരുന്നെങ്കിലും എടുക്കാന്‍ സാധിക്കുമായിരുന്ന ക്യാച്ചായിരുന്നു ഇത്. ഏകദിന ലോകകപ്പ് വരാനിരിക്കെ ഇന്ത്യക്ക് ഏറ്റവും ആശങ്ക സൃഷ്ടിക്കുന്നത് ഫീല്‍ഡിങ്ങാണെന്നതാണ് വസ്തുത.

2019ലെ ഏകദിന ലോകകപ്പിന് ശേഷമുള്ള ഫീല്‍ഡിങ് എഫിഷ്യന്‍സിയുടെ കണക്കില്‍ ഏറ്റവും താഴെയാണ് ഇന്ത്യയുടെ സ്ഥാനം. അഫ്ഗാനിസ്ഥാന്‍ മാത്രമാണ് ഇന്ത്യക്ക് താഴെയുള്ള ടീം. ആധുനിക ക്രിക്കറ്റിലെ ഏറ്റവും മികച്ച ഫീല്‍ഡര്‍മാരെന്ന് പറയാവുന്നവര്‍ ഇന്ത്യന്‍ ടീമിലുണ്ടെങ്കിലും ടീമിന്റെ ആകെ ഫീല്‍ഡിങ് നിലവാരം ശരാശരിയില്‍ താഴെയാണ്. രോഹിത് ശര്‍മ, വിരാട് കോലി, ശുബ്മാന്‍ ഗില്‍, രവീന്ദ്ര ജഡേജ എന്നിവരെല്ലാം തകര്‍പ്പന്‍ ഫീല്‍ഡര്‍മാരാണ്.

shardul thakur

എന്നാല്‍ പ്രധാന സമയത്ത് അനായാസ ക്യാച്ചുകള്‍ ഇന്ത്യ കൈവിട്ടു കളയുകയാണ്. ഇത് തീര്‍ച്ചയായും ടീമിനെ ആശങ്കപ്പെടുത്തുന്ന കാര്യമാണ്. സൂര്യകുമാര്‍ യാദവിനെ ഇന്ത്യ ഇടവേളക്ക് ശേഷമാണ് പ്ലേയിങ് 11ലേക്ക് പരിഗണിച്ചത്. ഏകദിനത്തില്‍ 55ന് മുകളില്‍ ശരാശരിയുള്ള സഞ്ജു സാംസണെ തഴഞ്ഞ് ഇന്ത്യ സൂര്യകുമാറിനെ ഏഷ്യാ കപ്പിലേക്കും ഏകദിന ലോകകപ്പിലേക്കും പരിഗണിച്ചിരിക്കുകയാണ്. ബംഗ്ലാദേശിനെതിരേ പ്ലേയിങ് 11 എത്തിയപ്പോള്‍ മികവ് കാട്ടേണ്ടിയിരുന്നെങ്കിലും ക്യാച്ച് കൈവിടുകയായിരുന്നു.

സഞ്ജു സാംസണായിരുന്നെങ്കില്‍ അനായാസം പന്ത് കൈയിലാക്കുമായിരുന്നു. ഫീല്‍ഡിങ്ങില്‍ നിരവധി തവണ അത്ഭുത പ്രകടനം നടത്തിയിട്ടുള്ളവനാണ് സഞ്ജു. തിലക് വര്‍മ മികച്ച ഫീല്‍ഡറാണ്. ഐപിഎല്ലിലൂടെയടക്കം നിരവധി തവണ മികച്ച ക്യാച്ചുകള്‍ നേടാന്‍ തിലകിന് സാധിച്ചിട്ടുണ്ട്. എന്നാല്‍ അരങ്ങേറ്റ ഏകദിന മത്സരത്തില്‍ അനായാസ ക്യാച്ച് കൈവിട്ടത് തിലകിന് നാണക്കേടായി മാറിയിരിക്കുകയാണ്. ഇടം കൈയന്‍ താരത്തെ ഇന്ത്യ ഏകദിന ലോകകപ്പിലേക്ക് പരിഗണിച്ചിട്ടില്ല.

എങ്കിലും ബാക്കപ്പ് താരമായി ഒപ്പമുണ്ടാവുമെന്ന് സൂചന നല്‍കിയാണ് ഇപ്പോള്‍ പ്ലേയിങ് 11ലേക്ക് പരിഗണിച്ചിരിക്കുന്നത്. ഇപ്പോഴും സഞ്ജു റിസര്‍വ് താരമായി ഒപ്പമുണ്ടാവുമോയെന്നത് പറയാറായിട്ടില്ല. ഇന്ത്യയുടെ ഫീല്‍ഡിങ് നിലവാരം പിന്നോട്ട് പോകുമ്പോഴും നായകന്‍ രോഹിത് ശര്‍മ മുന്നില്‍ നിന്ന് മാതൃക കാട്ടുന്നുണ്ട്. മെഹതി ഹസന്‍ മിറാസിനെ സ്ലിപ്പില്‍ മനോഹരമായി കൈയിലാക്കാന്‍ രോഹിത്തിനായി. അക്ഷര്‍ പട്ടേലിന്റെ പന്തിലായിരുന്നു ഈ വിക്കറ്റ്.

വിരാട് കോലിയടക്കം ഇന്ത്യയുടെ പ്രധാന താരങ്ങളെല്ലാം ക്യാച്ച് നേടുന്നതില്‍ കൂടുതല്‍ സ്ഥിരത കാട്ടണം. അല്ലാത്ത പക്ഷം പ്രധാനപ്പെട്ട മത്സരങ്ങളില്‍ ഫീല്‍ഡിങ് പിഴവ് മൂലം ഇന്ത്യ തോല്‍ക്കാനുള്ള സാധ്യതയാണ് കൂടുതല്‍.

Story first published: Friday, September 15, 2023, 16:35 [IST]
Other articles published on Sep 15, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+