പല്ലെക്കെലെ: ഏഷ്യാ കപ്പിലെ ആരാധകര്‍ കാത്തിരുന്ന ഇന്ത്യ-പാകിസ്താന്‍ പോരാട്ടം മഴമൂലം ഉപേക്ഷിച്ചിരിക്കുകയാണ്. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 266 റണ്‍സിന് ഓള്‍ഔട്ടായി. മറുപടി ബാറ്റിങ് ആരംഭിക്കുന്നതിന് മുമ്പ് തന്നെ ശക്തമായ മഴയെത്തുകയായിരുന്നു. മഴ കടുത്തതോടെ മത്സരം ഉപേക്ഷിക്കാന്‍ തീരുമാനിക്കുകയായിരുന്നു. ഇതോടെ ഇരു ടീമും ഓരോ പോയിന്റ് പങ്കിടുകയും ചെയ്തു. ഇന്ത്യയുടെ ടോപ് ഓഡര്‍ തകര്‍ന്നടിഞ്ഞ മത്സരത്തില്‍ ഹാര്‍ദിക് പാണ്ഡ്യയും (87) ഇഷാന്‍ കിഷനുമാണ് (82) ടീമിനെ രക്ഷിച്ചത്.
ഇരുവരുടേയും അര്‍ധ സെഞ്ച്വറി പ്രകടനവും 138 റണ്‍സിന്റെ അഞ്ചാം വിക്കറ്റ് കൂട്ടുകെട്ടുമാണ് വലിയ നാണക്കേടില്‍ നിന്ന് ഇന്ത്യയെ കരകയറ്റിയത്. ഇഷാന്‍ ആദ്യമായാണ് ഏകദിനത്തില്‍ അഞ്ചാം നമ്പറില്‍ ബാറ്റുചെയ്തത്. 82 റണ്‍സുമായി നിര്‍ണ്ണായക ഘട്ടത്തില്‍ ഇന്ത്യക്ക് കരുത്താവുകയും ചെയ്തു. അതിവേഗം റണ്‍സുയര്‍ത്താനുള്ള ശ്രമത്തിനിടെ ഹാരിസ് റഊഫിന് വിക്കറ്റ് സമ്മാനിച്ചാണ് ഇഷാന്‍ കിഷന്‍ മടങ്ങിയത്. ഇഷാന്‍ പുറത്തായപ്പോള്‍ അല്‍പ്പം വൈകാരികമായാണ് ഹാരിസ് പെരുമാറിയത്.
ഇറങ്ങിപ്പോടായെന്ന് കൈകൊണ്ട് ആംഗ്യം കാട്ടിയാണ് ഇഷാന്റെ വിക്കറ്റ് നേട്ടം ഹാരിസ് റഊഫ് ആഘോഷിച്ചത്. ഇഷാന്‍ ഏറെ നേരമായി പാകിസ്താനെ പ്രയാസപ്പെടുത്തുന്നുണ്ടായിരുന്നു. എന്നാല്‍ ഇത്തരമൊരു പെരുമാറ്റം ഹാരിസില്‍ നിന്നുണ്ടായത് മോശമായിപ്പോയെന്നാണ് ആരാധകര്‍ പറയുന്നത്. ഇന്ത്യ-പാക് പോരാട്ടത്തിന് വൈകാരികത കൂടും. വലിയ സമ്മര്‍ദ്ദവും മത്സരത്തിലുണ്ടാവും. എന്നാല്‍ താരങ്ങള്‍ തമ്മില്‍ ഇപ്പോള്‍ മികച്ച സൗഹൃദമുണ്ട്.
കളത്തിനകത്തും പുറത്തും ഈ സൗഹൃദം അവര്‍ നിലനിര്‍ത്തുന്നു. അതുകൊണ്ടുതന്നെ ഇഷാനോട് ഹാരിസ് അപമര്യാദയായി പെരുമാറിയെന്നാണ് ആരാധകര്‍ പറയുന്നത്. ഇഷാന്റെ വിക്കറ്റിനായി ഏറെ നേരമായി പാകിസ്താന്‍ ശ്രമിക്കുന്നുണ്ടായിരുന്നു. എന്നാല്‍ മികച്ച ഷോട്ടുകളോടെ മുന്നേറിയ ഇഷാന്‍ 9 ഫോറും 2 സിക്‌സുമാണ് പറത്തിയത്. നിര്‍ണ്ണായക സമയത്താണ് ഇഷാന്റെ വിക്കറ്റ് ഹാരിസ് നേടുന്നത്. ഷോര്‍ട്ട് ബോളില്‍ സിക്‌സറിന് ശ്രമിച്ച ഇഷാന് ടൈമിങ് പിഴച്ചു.

ഉയര്‍ന്ന പന്തിനെ അനായാസമായി ബാബര്‍ ആസം കൈയിലാക്കി. വിക്കറ്റ് നേട്ടം ആഘോഷിക്കേണ്ടത് തന്നെയാണെങ്കിലും മോശമായി പെരുമാറുകയും അപമാനിക്കുന്ന തരത്തില്‍ സംസാരിക്കുകയും ചെയ്തത് അംഗീകരിക്കാനാവില്ലെന്നും ഇതേ രീതിയില്‍ പാക് താരങ്ങളോടും തിരിച്ചുചെയ്യാന്‍ അറിയാമെന്ന് മറക്കരുതെന്നുമാണ് ആരാധകര്‍ പറയുന്നത്. ഹാരിസ് ഇഷാന് മടക്കം നല്‍കുന്നതിന്റെ വീഡിയോയും ചിത്രങ്ങളും വൈറലായിക്കഴിഞ്ഞു.
പാകിസ്താനെതിരേ ഏറ്റവും മികച്ച ഇന്നിങ്‌സുകളിലൊന്ന് കാഴ്ചവെച്ചാണ് ഇഷാന്റെ മടക്കം. പാകിസ്താനെതിരായ മത്സരം ഇന്ത്യക്ക് അഭിമാന പോരാട്ടമാണ്. ടോപ് ഓഡര്‍ തകര്‍ന്നടിഞ്ഞപ്പോഴും പതറാതെ ബാറ്റുചെയ്ത് ടീമിനെ ഭേദപ്പെട്ട സ്‌കോറിലേക്കെത്തിക്കാന്‍ ഇഷാന് സാധിച്ചു. അവസാനം കളിച്ച നാല് ഏകദിന ഇന്നിങ്‌സിലും അര്‍ധ സെഞ്ച്വറി നേടാന്‍ ഇഷാന് സാധിച്ചിട്ടുണ്ട്. എംഎസ് ധോണിക്ക് ശേഷം ഏകദിനത്തില്‍ നാല് തുടര്‍ അര്‍ധ സെഞ്ച്വറി നേടുന്ന ഇന്ത്യന്‍ വിക്കറ്റ് കീപ്പറാണ് ഇഷാന്‍.
പാകിസ്താനുമായി ഇനിയും ഇന്ത്യക്ക് മത്സരമുണ്ട്. പാക് പേസ് നിരയുടെ വെല്ലുവിളി മറികടക്കാന്‍ ഇന്ത്യക്ക് സാധിക്കുന്നില്ല. ഷഹീന്‍ ഷാ അഫ്രീദിയുടെ പേസ് ബൗളിങ്ങാണ് എടുത്തു പറയേണ്ടത്. ഇന്ത്യയുടെ ടോപ് ഓഡറിനെ വിറപ്പിക്കാന്‍ ഷഹീന് സാധിക്കുന്നു. 10 ഓവറില്‍ 35 റണ്‍സ് വിട്ടുകൊടുത്ത് നാല് വിക്കറ്റാണ് ഷഹീന്‍ വീഴ്ത്തിയത്. രോഹിത് ശര്‍മ, വിരാട് കോലി, ഹാര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ എന്നിവരെയെല്ലാം മടക്കാന്‍ ഷഹീനായി.
എന്നാല്‍ വിക്കറ്റ് ആഘോഷത്തില്‍ മോശമായ പെരുമാറ്റം ഉണ്ടാകാതിരിക്കാന്‍ ഷഹീന്‍ ശ്രദ്ധിച്ചിരുന്നു. പക്ഷെ ഹാരിസ് അല്‍പ്പം കൂടി വൈകാരികമായി ആഘോഷം നടത്തിയതാണ് ഇപ്പോള്‍ വിമര്‍ശനത്തിന് കാരണമാകുന്നത്. നസീം ഷായും ഹാരിസ് റഊഫും മൂന്ന് വിക്കറ്റുകള്‍ വീതമാണ് വീഴ്ത്തിയത്. ഇന്ത്യയുടെ 10 വിക്കറ്റും പാക് പേസര്‍മാരാണ് വീഴ്ത്തിയത്. ഇതില്‍ നിന്ന് തന്നെ ടീമിന്റെ ദൗര്‍ബല്യം വ്യക്തം.