For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

Asia Cup 2023: സിറാജാണ് ഹീറോ, മാന്‍ ഓഫ് ദി മാച്ച് തുക ഗ്രൗണ്ട് സ്റ്റാഫിന്, അഭിനന്ദന പ്രവാഹം

കൊളംബോ: ഏഷ്യാ കപ്പില്‍ ശ്രീലങ്കയെ തകര്‍ത്ത് ഇന്ത്യ രാജാക്കന്മാരായിരിക്കുകയാണ്. കലാശപ്പോരാട്ടത്തില്‍ ടോസ് നേടി ആദ്യം ബാറ്റുചെയ്ത ശ്രീലങ്കയെ 15.2 ഓവറില്‍ 50 റണ്‍സിനാണ് ഇന്ത്യ ഓള്‍ഔട്ടാക്കിയത്. മറുപടിക്കിറങ്ങിയ ഇന്ത്യ 6.1 ഓവറില്‍ വിക്കറ്റൊന്നും നഷ്ടപ്പെടാതെ വിജയലക്ഷ്യം മറികടക്കുകയും ചെയ്തു. ആറ് വിക്കറ്റ് നേടിയ മുഹമ്മദ് സിറാജും മൂന്ന് വിക്കറ്റ് നേടിയ ഹാര്‍ദിക് പാണ്ഡ്യയും ഒരു വിക്കറ്റ് നേടിയ ജസ്പ്രീത് ബുംറയുമാണ് ശ്രീലങ്കയെ തകര്‍ത്തത്.

ഇതില്‍ എടുത്തു പറയേണ്ടത് സിറാജിന്റെ ബൗളിങ് പ്രകടനമാണ്. ഒരോവറില്‍ നാല് വിക്കറ്റ് ഉള്‍പ്പെടെ 7 ഓവറില്‍ 21 റണ്‍സ് വഴങ്ങി 6 വിക്കറ്റുകളാണ് സിറാജ് പിഴുതത്. 16 പന്തിനുള്ളില്‍ അഞ്ച് വിക്കറ്റുകള്‍ പൂര്‍ത്തിയാക്കാനും സിറാജിനായി. ഏഷ്യാ കപ്പിലെ ഏറ്റവും മികച്ച ബൗളിങ് പ്രകടനങ്ങളിലൊന്നായിരുന്നു സിറാജ് കാഴ്ചവെച്ചത്. തകര്‍പ്പന്‍ പ്രകടനത്തോടെ മത്സരത്തിലെ താരമായത് സിറാജായിരുന്നു. കളിയിലെ താരമായതിന് ലഭിച്ച പണം ഗ്രൗണ്ട് സ്റ്റാഫിന് നല്‍കി സിറാജ് വീണ്ടും ആരാധകരുടെ കൈയടി നേടുകയാണ്.

ഫൈനലിലെ താരമായതിന് 5000 യുഎസ് ഡോളറാണ് സമ്മാനത്തുകയായി സിറാജിന് ലഭിച്ചത്. ഇതാണ് അദ്ദേഹം കൊളംബോയിലേയും കാന്‍ഡിയിലേയും ഗ്രൗണ്ട് സ്റ്റാഫിനായി നല്‍കിയത്. ഏഷ്യാ കപ്പിലെ പല മത്സരങ്ങളും കടുത്ത മഴ ഭീഷണിയിലാണ് നടന്നത്. പല തവണ മൈതാനം മൂടിയിട്ടും പിന്നീട് കവര്‍ മാറ്റിയുമെല്ലാം ഗ്രൗണ്ട് സ്റ്റാഫ് നന്നായി കഷ്ടപ്പെട്ടാണ് മത്സരം നടത്തിയത്. പ്രതികൂല കാലാവസ്ഥക്കിടയിലും ഏഷ്യാ കപ്പ് നടന്നതിന് കാരണം ഗ്രൗണ്ട് സ്റ്റാഫുകളുടെ കഷ്ടപ്പാടാണ്.

ഇത് എല്ലാവര്‍ക്കും അറിയാവുന്ന കാര്യമാണ്. എന്നാല്‍ തനിക്ക് ലഭിച്ച സമ്മാനത്തുക നല്‍കി അവരെ ചേര്‍ത്തുനിര്‍ത്താന്‍ സിറാജ് കാട്ടിയത് വലിയ കാര്യമാണെന്നാണ് ആരാധകര്‍ പ്രശംസിക്കുന്നത്. സാമ്പത്തികമായി വളരെ പിന്നോക്കം നിന്ന അവസ്ഥയില്‍ നിന്നാണ് സിറാജിന്റെ വളര്‍ച്ച. ഹൈദരാബാദിലെ ഓട്ടോറിക്ഷാക്കാരന്റെ മകനാണ് സിറാജ്. അതുകൊണ്ടുതന്നെ സിറാജിന് സാധാരണക്കാരുടെ പ്രയാസങ്ങള്‍ മനസിലാകുമെന്നും അതുകൊണ്ടാണ് ഇത്തരമൊരു കാര്യം ചെയ്തതെന്നാണ് ആരാധകര്‍ പറയുന്നത്.

mohammed siraj, virat kohli

നേരത്തെ ബംഗ്ലാദേശിനെതിരായ സൂപ്പര്‍ ഫോര്‍ മത്സരത്തിന് ശേഷം മികച്ച ക്യാച്ചിന് ലഭിച്ച പുരസ്‌കാര തുക രോഹിത് ശര്‍മ ഗ്രൗണ്ട് സ്റ്റാഫിന് നല്‍കിയെന്ന വ്യാജ വാര്‍ത്ത പ്രചരിച്ചിരുന്നു. ഇത് വൈറലായിരുന്നെങ്കിലും പിന്നീട് ഇത് തെറ്റായ വാര്‍ത്തയാണെന്ന് കണ്ടെത്തുകയായിരുന്നു. എന്നാല്‍ ഇപ്പോള്‍ സിറാജ് കാട്ടിയത് വലിയ അഭിനന്ദനം അര്‍ഹിക്കുന്ന കാര്യമാണ്. ഫൈനലിന് തൊട്ടുമുമ്പുവരെ മഴ പെയ്തിരുന്നു. മത്സരം ആരംഭിക്കാന്‍ വൈകി. എന്നാല്‍ വേഗത്തില്‍ മത്സരത്തിനായി മൈതാനം തയ്യാറാക്കാന്‍ സ്റ്റാഫുകള്‍ക്കായി.

ഇന്ത്യയുടെ മികച്ച പ്രകടനത്തിന് പിന്നില്‍ ഗ്രൗണ്ട് സ്റ്റാഫുകളോട് കടപ്പെട്ടിരിക്കുന്നുവെന്ന് പറഞ്ഞാലും തെറ്റാകില്ല. ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സില്‍ തലവനായ ജയ് ഷാ ഫൈനല്‍ കാണാന്‍ കൊളംബോയിലുണ്ടായിരുന്നു. മത്സരത്തിന്റെ നടത്തിപ്പിനായി പ്രയത്‌നിച്ച ഗ്രൗണ്ട് സ്റ്റാഫുകള്‍ക്ക് 42 ലക്ഷം രൂപയാണ് അദ്ദേഹം പ്രഖ്യാപിച്ചത്. അവരുടെ അധ്വാനത്തിന്റേയും കഷ്ടപ്പാടിന്റേയും ഫലം അവര്‍ക്ക് ലഭിച്ചുവെന്ന് തന്നെ പറയാം. ഇത്തവണത്തെ ഏഷ്യാ കപ്പ് പൂര്‍ത്തിയാക്കാന്‍ സാധിച്ചിട്ടുണ്ടെങ്കില്‍ അതിന് പിന്നില്‍ ഗ്രൗണ്ട് സ്റ്റാഫിന്റെ വലിയ മികവാണുള്ളത്.

എന്തായാലും ഏകദിന ലോകകപ്പ് വരാനിരിക്കെ വലിയ ആത്മവിശ്വാസം നല്‍കുന്ന ജയമാണ് ഇന്ത്യ നേടിയെടുത്തിരിക്കുന്നത്. ബാറ്റിങ്ങിലും ബൗളിങ്ങിലും ഇന്ത്യയുടെ കരുത്ത് വ്യക്തമാക്കാന്‍ ഏഷ്യാ കപ്പിലൂടെ സാധിച്ചു. ഒട്ടുമിക്ക താരങ്ങളും ഫോമിലാണുള്ളത്. ഇത് ഇന്ത്യയുടെ ലോകകപ്പ് കിരീട പ്രതീക്ഷകള്‍ കൂടുതല്‍ സജീവമാക്കുന്നു. അതേ സമയം ശ്രീലങ്കയ്ക്ക് ചരിത്രത്തില്‍ മറക്കാനാവാത്ത നാണക്കേടാണ് നേരിടേണ്ടി വന്നത്. സ്വന്തം മൈതാനത്താണ് ശ്രീലങ്ക തകര്‍ന്നടിഞ്ഞതെന്നതാണ് എടുത്തു പറയേണ്ടത്.

Story first published: Monday, September 18, 2023, 6:53 [IST]
Other articles published on Sep 18, 2023
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+