പാകിസ്താനുമായുള്ള ഏഷ്യാ കപ്പിലെ കന്നിയങ്കത്തില്‍ ഇന്ത്യയുടെ ടീം കോമ്പിനേഷനെക്കുറിച്ച് സര്‍പ്രൈസ് നിര്‍ദേശം നല്‍കിയിരിക്കുകയാണ് മുന്‍ താരവും ബാറ്റിങ് കോച്ചുമായിരുന്ന സഞ്ജയ് ബാംഗര്‍. ശനിയാഴ്ച ശ്രീലങ്കയിലെ കാന്‍ഡിയില്‍ നടക്കാനിരിക്കുന്ന ക്ലാസിക് പോരിനെക്കുറിച്ച് സ്റ്റാര്‍ സ്‌പോര്‍ട്‌സിന്റെ ഷോയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ശനിയാഴ്ച വൈകീട്ട് മൂന്നു മണി മുതലാണ് ലോകം ഉറ്റുനോക്കുന്ന ക്രിക്കറ്റിലെ എല്‍ ക്ലാസിക്കോ.
ഫസ്റ്റ് ചോയ്‌സ് വിക്കറ്റ് കീപ്പര്‍ കെഎല്‍ രാഹുലിന്റെ സേവനം പാകിസ്താനെതിരേയും നേപ്പാളിനെതിരേയുമുള്ള ഗ്രൂപ്പ് മല്‍സരങ്ങളില്‍ ഇന്ത്യക്കു ലഭിക്കില്ല. ഇതോടെ പ്ലെയിങ് ഇലവന്റെ കാര്യത്തില്‍ ഇന്ത്യ ആശയക്കുഴപ്പത്തിലായിരിക്കുകയാണ്. രാഹുലിനു പകരം ഇഷാന്‍ കിഷനാണ് വിക്കറ്റ് കീപ്പറായി ടീമിലേക്കു വരിക. പക്ഷെ രാഹുലിന്റെ ബാറ്റിങ് പൊസിഷനായ അഞ്ചാം നമ്പര്‍ ഇഷാന് യോജിക്കില്ല. ഓപ്പണറായിട്ടാണ് താരം നേരത്തേ മികച്ച പ്രകടനങ്ങള്‍ നടത്തിയിട്ടുള്ളത്.

ഇഷാനെ ഓപ്പണിങിലേക്കു കൊണ്ടുവന്നാല്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ- ശുഭ്മന്‍ ഗില്‍ സഖ്യത്തെ ഇന്ത്യക്കു മാറ്റേണ്ടി വരും. രണ്ടിലൊരാളുടെ ബാറ്റിങ് പൊസിഷന്‍ മാറ്റാതെ ഇഷാണ് ഓപ്പണിങ് റോള്‍ നല്‍കാന്‍ കഴിയില്ല. പക്ഷെ ആരെ മാറ്റുമെന്നതാണ് ഇന്ത്യയെ ആശയക്കുഴപ്പത്തിലാക്കുന്നത്. മലയാളി വിക്കറ്റ് കീപ്പര്‍ സഞ്ജു സാംസണ്‍ ബാക്കപ്പായി ടീമിന്റെ ഭാഗമാണെങ്കിലും പ്ലെയിങ് ഇലവനിലേക്കു കൊണ്ടു വരാന്‍ സാധിക്കില്ല.
കാരണം രാഹുലോ, നിലവിലെ 17 അംഗ സ്‌ക്വാഡിലെ മറ്റാരെങ്കിലുമോ പിന്‍മാറിയാല്‍ മാത്രമേ ഔദ്യോഗികമായി സഞ്ജു ടീമിന്റെ ഭാഗമാവുകയുള്ളൂ. 17 അംഗ സ്‌ക്വാഡില്‍ നേരത്തേ അദ്ദേഹത്തെ ഉള്‍പ്പെടുത്തിയിരുന്നെങ്കില്‍ രാഹുലിനു പകരം അഞ്ചാം നമ്പറില്‍ കളിപ്പിക്കാമായിരുന്നു. രോഹിത്- ഗില്‍ ഓപ്പണിങ് ജോടിയെ മാറ്റേണ്ട ആവശ്യവുമില്ലായിരുന്നു.
പാകിസ്താനെതിരേ ഗില്ലിനെ പ്ലെയിങ് ഇലവനില്‍ നിന്നൊഴിവാക്കി പകരം ഇഷാനെ രോഹിത്തിന്റെ ഓപ്പണിങ് പങ്കാളിയാക്കണമെന്ന ഞെട്ടിക്കുന്ന നിര്‍ദേശമാണ് ബാംഗര്‍ മുന്നോട്ടു വച്ചിരിക്കുന്നത്. ഏകദിനത്തില്‍ ഇതുവരെ ഓപ്പണറായി കളിച്ചിട്ടുള്ള ആറ് ഇന്നിങ്‌സുകളില്‍ ഇഷാന് 70 എന്ന മികച്ച ശരാശരിയുണ്ടെന്നും പക്ഷെ മധ്യനിരയില്‍ 10 ഇന്നിങ്‌സുകളില്‍ വെറും 30 മാത്രമാണ് ശരാശരിയെന്നും ബാംഗര്‍ ചൂണ്ടിക്കാട്ടി.
ഓപ്പണറായാല്‍ മാത്രമേ ബാറ്ററെന്ന നിലയില്‍ ഇഷാനെ പൂര്‍ണമായി ഉപയോഗിക്കാന്‍ ഇന്ത്യക്കു സാധിക്കുകയൂള്ളൂവെന്നും അതുകൊണ്ടു തന്നെ മറ്റൊരു പൊസിഷനിലും കളിപ്പിക്കരുതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. എന്നാല്‍ ഇന്ത്യയെ സംബന്ധിച്ച് ഏകദിനത്തില്‍ മാറ്റിനിര്‍ത്താന്‍ കഴിയാത്ത താരമാണ് ഗില്ലെന്നു കണക്കുകള്‍ അടിവരയിടുന്നു.
കഴിഞ്ഞ വര്‍ഷം ജൂലൈ മുതലുള്ള ഏകദിനത്തിലെ കണക്കുകളെടുത്താല്‍ ഇന്ത്യക്കു വേണ്ടി ഏറ്റവുമധികം റണ്‍സ് സ്‌കോര്‍ ചെയ്തിട്ടുള്ളത് അദ്ദേഹമാണ്. ഈ കാലയളവില്‍ 69 എന്ന ഗംഭീര ശരാശരി ഗില്ലിനുണ്ട്. കൂടാതെ ഈ വര്‍ഷവും ഏകദിനത്തില്‍ ഇന്ത്യയുടെ ടോപ്‌സ്‌കോറര്‍ 23കാരനാണ്.

ഗില്ലിനെ പ്ലെയിങ് ഇലവനില്‍ നിന്നും ഒഴിവാക്കണമെന്ന നിര്‍ദേശം മാത്രമല്ല മറ്റൊരു സര്‍പ്രൈസ് നിര്‍ദേശം കൂടി ബാംഗര്‍ നല്‍കിയിട്ടുണ്ട്. അഞ്ചാം നമ്പറില്‍ സൂര്യകുമാര്‍ യാദവിനെ കളിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെടുന്നു.
അതേസമയം, ഗില്ലിന്റെ ഏകദിന കരിയറെടുക്കുകയാണെങ്കില്‍ 27 ഇന്നിങ്‌സുകളിലാണ് അദ്ദേഹം ഇതുവരെ കളിച്ചിട്ടുള്ളത്. ഇവയില്‍ നിന്നും 62.48 എന്ന കിടിലന്‍ ശരാശരിയില്‍ 1437 റണ്‍സ് അടിച്ചെടുക്കുകയും ചെയ്തു.
ഒരു ഡബിള്‍ സെഞ്ച്വറിയും നാലു സെഞ്ച്വറിയും ആറു ഫിഫ്റ്റികളും ഗില്‍ തന്റെ പേരില്‍ കുറിച്ചുകഴിഞ്ഞു. ഉയര്‍ന്ന സ്‌കോര്‍ 208 റണ്‍സാണ്. ഇഷാനാവട്ടെ ഏകദിനത്തില്‍ 16 ഇന്നിങ്‌സുകളില്‍ നിന്നും 46.27 ശരാശരിയില്‍ നേടിയത് 694 റണ്‍സാണ്. ഒരു ഡബിള്‍ സെഞ്ച്വറിയും ആറു ഫിഫ്റ്റികളും ഇതിലുള്‍പ്പെടും.