ഏഷ്യാ കപ്പില്‍ തിങ്കളാഴ്ച ഗ്രൂപ്പ് എയില്‍ രണ്ടാം റൗണ്ട് പോരാട്ടത്തിന് ഇറങ്ങുകയാണ് ടീം ഇന്ത്യ. ക്രിക്കറ്റിലെ കുഞ്ഞന്മാരായ നേപ്പാളാണ് രണ്ടാത്തെയും അവസാനത്തെയും അങ്കത്തില്‍ രോഹിത് ശര്‍മയെയും സംഘത്തെയും കാത്തിരിക്കുന്നത്. ചിരവൈരികളായ പാകിസ്താനുമായുള്ള ആദ്യ പോരാട്ടം മഴ കാരണം ഉപേക്ഷിക്കപ്പെട്ടതിനാല്‍ ഇന്ത്യക്കു ഈ മല്‍സരം നിര്‍ണായകമാണ്.
സൂപ്പര്‍ ഫോറില്‍ കടക്കണമെങ്കില്‍ ഇന്ത്യക്കു ഈ കളിയില്‍ നേപ്പാളിനെ തോല്‍പ്പിക്കേണ്ടതുണ്ട്. മഴ കാരണം മല്‍സരം ഉപേക്ഷിക്കപ്പെട്ടാലും ഇന്ത്യക്കു സൂപ്പര്‍ ഫോറിലെത്താം. പക്ഷെ നേപ്പാളിനോടു അട്ടിമറിത്തോല്‍വിയേറ്റു വാങ്ങിയാല്‍ ഇന്ത്യ ടൂര്‍ണമെന്റില്‍ നിന്നും പുറത്താവും. ചരിത്രത്തില്‍ ആദ്യമായിട്ടാണ് നേപ്പാള്‍ ഏഷ്യാ കപ്പില്‍ കളിക്കുന്നത്. ഇന്ത്യയെപ്പോലെ അവര്‍ക്കും അടുത്ത മല്‍സരം ഡു ഓര്‍ ഡൈയാണ്.

തോല്‍ക്കുകയാണെങ്കില്‍ അവര്‍ക്കു നാട്ടിലേക്കു മടങ്ങാം. കാരണം ഉദ്ഘാടന മല്‍സരത്തില്‍ പാകിസ്താനോടു അവര്‍ വന്‍ പരാജയമേറ്റു വാങ്ങിയിരുന്നു. മുള്‍ത്താനില്‍ നടന്ന കളിയില്‍ 238 റണ്‍സിനാണ് പാക് പട നേപ്പാളിനെ വാരിക്കളഞ്ഞത്. സ്റ്റാര്‍ സ്‌പോര്‍ട്‌സിന്റെ ഷോയില്‍ അതിഥിയായി വന്നപ്പോഴായിരുന്നു നേപ്പാളിനെതിരേ എന്തായിരിക്കണം ഇന്ത്യയുടെ ഗെയിം പ്ലാനെന്നു ഇര്‍ഫാന്‍ പഠാന്‍ ചൂണ്ടിക്കാട്ടിയത്.
ക്രിക്കറ്റില്‍ എന്തും സംഭവിക്കാം. ആര്‍ക്കു ആരെയും തോല്‍പ്പിക്കാമെന്നതാണ് ഈ ഗെയിമിന്റെ പ്രത്യേകത. നേപ്പാള്‍ ഇതാദ്യമായാണ് ഏഷ്യാ കപ്പില്‍ കളിക്കുന്നത്. വളരെ ആവേശത്തോടെ ഈ ടൂര്‍ണമെന്റിനെത്തിയവരാണ് അവരെന്നും ഇര്‍ഫാന്‍ അഭിപ്രായപ്പെട്ടു.
നേപ്പാളുമായുള്ള മല്‍സരത്തില്‍ നല്ല ബോളുകളെ ബഹുമാനിക്കാന്‍ ഇന്ത്യ ശ്രദ്ധിക്കണം. വലിയ ടീമുകള്‍ക്കെതിരേ കളിക്കുമ്പോള്‍ ചെറു ടീമുകള്‍ ഒരുപാട് പിഴവുകള്‍ വരുത്താറുണ്ട്. അത്തരത്തിലുള്ള പിഴവുകള്‍ നേപ്പാളിന്റെ ഭാഗത്തു നിന്നും സംഭവിക്കുന്നതിനായി ഇന്ത്യ കാത്തിരിക്കുകയാണ് ചെയ്യേണ്ടത്.
അതോടൊപ്പം ഒരു കാര്യം മറക്കാനും പാടില്ല. മികച്ച ബോളുകള്‍ക്കു അര്‍ഹിച്ച ബഹുമാനം നല്‍കുക തന്നെ വേണം. ബാറ്റിങിലായാലും ബൗളിങിലായാലും ഇക്കാര്യം ശ്രദ്ധിക്കണമെന്നും ഇര്‍ഫാന്‍ ഉപദേശിച്ചു.
അതേസമയം, കഴിഞ്ഞ ദിവസം നടന്ന പാകിസ്താനുമായുള്ള സൂപ്പര്‍ പോരാട്ടത്തിലേക്കു വന്നാല്‍ തുടക്കത്തില്‍ പതറിയ ശേഷമാണ് ഇന്ത്യ ഭേദപ്പെട്ട ടോട്ടല്‍ പടുത്തുയര്‍ത്തിയത്. മൂടിക്കെട്ടിയ കാലാവസ്ഥയായിരുന്നിട്ടും ടോസിനു ശേഷം ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. പക്ഷെ പാകിസ്താന്റെ ന്യൂബോള്‍ ആക്രമണത്തില്‍ ഇന്ത്യ വിറച്ചു.

15 ഓവറുകള്‍ കഴിയുമ്പോഴേക്കും നാലു മുന്‍നിര വിക്കറ്റുകള്‍ കൈവിട്ട ഇന്ത്യ നാലു വിക്കറ്റിനു 66 റണ്‍സിലേക്കു വീണിരുന്നു. ഇതോടെ 200 റണ്‍സ് പോലും ഇന്ത്യ തികയ്ക്കുമോയെന്നു സംശയിച്ചു. പക്ഷെ അഞ്ചാം വിക്കറ്റില്‍ ഇഷാന്‍ കിഷന്‍- ഹാര്‍ദിക് പാണ്ഡ്യ സഖ്യം സെഞ്ച്വറി കൂട്ടുകെട്ടുമായി ടീമിനെ കരകയറ്റി. 138 റണ്‍സാണ് ഇരുവരും അടിച്ചെടുത്തത്. ഇതോടെ ഇന്ത്യ 266 റണ്‍സെന്ന ജയിക്കാവുന്ന ടോട്ടല്‍ പടുത്തുയര്‍ത്തുകയും ചെയ്തു.
87 റണ്‍സുമായി ഹാര്‍ദിക് ടീമിന്റെ ടോപ്‌സ്‌കോററായി മാറി. 90 ബോളുകള്‍ നേരിട്ട ഇന്ത്യന്‍ വൈസ് ക്യാപ്റ്റന്‍ ഏഴു ഫോറുകളും ഒരു സിക്‌സറുമടിച്ചു. ഇഷാനാവട്ടെ 81 ബോളില്‍ ഒമ്പതു ഫോറും രണ്ടു സിക്‌സറുമടക്കം 82 റണ്‍സ് അടിച്ചെടുത്താണ് പുറത്തായത്.
പാകിസ്താനു വേണ്ടി ഷഹീന്‍ അഫ്രീഡി നാലു വിക്കറ്റുകള്‍ വീഴ്ത്തിയപ്പോള്‍ നസീം ഷായും ഹാരിസ് റൗഫും മൂന്നു വീതം വിക്കറ്റുകളെടുത്തു. പക്ഷെ പാകിസ്താന്റെ റണ്‍ചേസിനു മുമ്പ് മഴയെത്തി. പിന്നീട് കളി പുനരാരംഭിക്കാനുമായില്ല. ഇതോടെ മല്‍സരം ഫലമില്ലാതെ ഉപേക്ഷിക്കുകയായിരുന്നു.