ഏഷ്യാ കപ്പ് ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ ലോകം മുഴുവന്‍ കാത്തിരിക്കുന്നത് ഇന്ത്യയും പാകിസ്താനും തമ്മിലുള്ള ക്ലാസിക് പോരാട്ടത്തിനായാണ്. ക്രിക്കറ്റിലെ എല്‍ ക്ലാസിക്കോയെന്നു വിശേഷിപ്പിക്കപ്പെടുന്ന ഈ പോരില്‍ ആരു ജയിക്കുമെന്നതിനെക്കുറിച്ച് വമ്പന്‍ പ്രവചനം നടത്തിയിരിക്കുകയാണ് പാകിസ്താന്റെ മുന്‍ സ്പിന്നര്‍ ഡാനിഷ് കനേരിയ.
സ്വന്തം യൂട്യൂബ് ചാനലില്‍ മല്‍സരത്തെക്കുറിച്ച് വിശകലനം നടത്തുകയായിരുന്നു അദ്ദേഹം. അടുത്ത മാസം രണ്ടിനു ശ്രീലങ്കയിലെ പല്ലെക്കെലെ അന്താരാഷ്ട്ര സ്റ്റേഡിയത്തിലാണ് ഇന്ത്യയും പാകിസ്താനും കൊമ്പുകോര്‍ക്കുന്നത്. ഇന്ത്യക്കെതിരേ പാകിസ്താനായിരിക്കും മല്‍സരത്തില്‍ മുന്‍തൂക്കമെന്നാണ് കനേരിയയുടെ പ്രവചനം.

ടീം കോമ്പിനേഷന്റെ കാര്യത്തില്‍ ഇന്ത്യക്കു ഇപ്പോഴും പല അവ്യക്തതകളുമുണ്ടെന്നും ഈ കാരണത്താല്‍ തന്നെ വിജയസാധ്യത പാകിസ്താനാണെന്നും കനേരിയ ചൂണ്ടിക്കാട്ടി.
ഏഷ്യാ കപ്പില്‍ തുടര്‍ച്ചയായി രണ്ടാം തവണയാണ് ഇന്ത്യയും പാകിസ്താനും ഒരേ ഗ്രൂപ്പില്‍ ഉള്‍പ്പെട്ടിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം യുഎഇയില്‍ നടന്ന ടൂര്‍ണമെന്റിലും ഇതു സംഭവിച്ചിരുന്നു. അന്നു ഗ്രൂപ്പുഘട്ടത്തില്‍ ഇന്ത്യ ജയിച്ചെങ്കിലും സൂപ്പര്‍ ഫോറില്‍ പാകിസ്താന്‍ കണക്കു തീര്‍ത്തിരുന്നു.
ഏഷ്യാ കപ്പില്‍ ബൗളിങ് ലൈനപ്പിന്റെ കാര്യത്തില്‍ ഇന്ത്യക്കു ഇപ്പോഴും കൃത്യമായ ധാരണയില്ലെന്നു കനേരിയ അഭിപ്രായപ്പെട്ടു. പേസര്‍മാരായി ആരൊക്കെയാണ് അന്തിമ ടീമില്‍ വേണ്ടതെന്ന കാര്യത്തില്‍ രോഹിത് ശര്‍മയ്ക്കു ഇപ്പോഴും വ്യക്തതയില്ലെന്നും അദ്ദേഹം പറയുന്നു.
ടീമില്‍ നിലവിലെ അനിശ്ചിതത്വം പരിഗണിക്കുമ്പോള്‍ ഇന്ത്യക്കെതിരേ പാകിസ്താന്‍ ജയിച്ചുകയറും. ഏതൊക്കെ ഫാസ്റ്റ് ബൗളര്‍മാരായിരിക്കും ടീമില്‍ സ്ഥാനമുറപ്പിക്കുകയെന്ന ചോദ്യത്തിനു ഉത്തരമില്ല. സ്പിന്‍ വിഭാഗത്തിലേക്കു വരികയാണെങ്കില്‍ യുസ്വേന്ദ്ര ചഹലിന്റെ ഫോം സ്ഥിരതയില്ലാത്തതാണ്.
എന്റെ അഭിപ്രായത്തില്‍ ടീമില്‍ വേണ്ട മൂന്നു സ്പിന്നര്‍മാര്‍ കുല്‍ദീപ് യാദവ്, അക്ഷര്‍ പട്ടേല്‍, രവീന്ദ്ര ജഡേജ എന്നിവരാവണം. റിസര്‍വ് സ്പിന്നറുടെ റോളിലേക്കുള്ള ചോയ്‌സ് രവി ബിഷ്‌നോയ് ആവണമെന്നും കനേരിയ നിര്‍ദേശിച്ചു.
ഇന്ത്യയുടെ മധ്യനിര ബാറ്റിങിന്റെ കാര്യത്തിലും കനേരിയ ചില നിരീക്ഷണങ്ങള്‍ നടത്തി. കെഎല്‍ രാഹുലും ശ്രേയസ് അയ്യരും ടൂര്‍ണമെന്റിനുള്ള ഇന്ത്യന്‍ ടീമില്‍ ഇടം പിടിക്കുമോയെന്ന കാര്യത്തില്‍ ഇപ്പോഴും ഉറപ്പില്ല. നിലവില്‍ ബെംഗളൂരുവിലെ ദേശീയ ക്രിക്കറ്റ് അക്കാദമിയില്‍ ഫിറ്റ്‌നസ് വീണ്ടെടുക്കാന്‍ ശ്രമിക്കുന്ന ഇരുവരും നെറ്റ്‌സില്‍ ബാറ്റിങ് പരിശീലനം നടത്തിയിരുന്നു.
പക്ഷെ ഇതു കൊണ്ടു കാര്യമില്ലെന്നും മാച്ച് പ്രാക്ടീസെന്നത് വളരെ പ്രധാനമാണെന്നു കനേരിയ വിലയിരുത്തി. കെഎല്‍ രാഹുലും ശ്രേയസ് അയ്യരും എന്‍സിഎയില്‍ കഠിനാധ്വാനം നടത്തിക്കൊണ്ടിരിക്കുകയാണ്. വരാനിരിക്കുന്ന വലിയ ടൂര്‍ണമെന്റുകളില്‍ ഇന്ത്യന്‍ ടീമില്‍ ഇരുവരുമെത്താനുള്ള സാധ്യതയുണ്ട്.
പക്ഷെ പരിശീലനത്തിലെ പ്രകടനത്തിന്റെ അടിസ്ഥാനത്തില്‍ മാത്രം രണ്ടു പേരെയും ടീമില്‍ ഉള്‍പ്പെടുത്തരുത്. യഥാര്‍ഥ മല്‍സരങ്ങളിലെ സ്ഥിരതയാര്‍ന്ന പ്രകടനങ്ങളായിരിക്കണം ദേശീയ ടീമിലേക്കു ഇവരെ തിരഞ്ഞെടുക്കുന്നതില്‍ മാനദണ്ഡമാക്കേണ്ടതെന്നും കനേരിയ ആവശ്യപ്പെട്ടു.
ഇന്ത്യയെ സംബന്ധിച്ച് നാട്ടില്‍ നടക്കാനിരിക്കുന്ന ഐസിസി ഏകദിന ലോകകപ്പിനു മുന്നോടിയായുള്ള ഏറ്റവും മികച്ച തയ്യാറെടുപ്പ് കൂടിയായിരിക്കും ഏഷ്യാ കപ്പ്. ലോകകപ്പ് സ്‌ക്വാഡിന്റെ ഭാഗമാവാന്‍ സാധ്യതയുള്ളവരെല്ലാം ഏഷ്യാകപ്പിലും ഇന്ത്യന്‍ ടീമിലുണ്ടാവും.
ഏഷ്യാ കപ്പില്‍ നന്നായി പെര്‍ഫോം ചെയ്യാനായില്ലെങ്കില്‍ അതു ടീമിന്റെ ആത്മവിശ്വാസത്തെയും ബാധിക്കാനും ലോകകപ്പില്‍ ഇതു തിരിച്ചടിയാവാനും സാധ്യത കൂടുതലാണ്. ടൂര്‍ണമെന്റ് നാട്ടിലായതിനാല്‍ തന്നെ കിരീടവിജയത്തില്‍ കുറഞ്ഞതൊന്നും ഇന്ത്യക്കു ആശ്വാസം പകരില്ല. അവസാനമായി 2011ല്‍ ലോകകപ്പിനു ആതിഥേയത്വം വഹിച്ചപ്പോള്‍ കിരീടം നേടാന്‍ ഇന്ത്യക്കായിരുന്നു.