ടീം ഇന്ത്യക്കു മുന്നില്‍ നിര്‍ണായകമായ മൂന്നു മാസങ്ങളാണ് ഇനിയുള്ളത്. ആദ്യം ഏഷ്യാ കപ്പും അതിനു ശേഷം ഐസിസിയുടെ ഏകദിന ലോകകപ്പുമെല്ലാം രോഹിത് ശര്‍മയെയും സംഘത്തെയും കാത്തിരിക്കുകയാണ്. അതുകൊണ്ടു തന്നെ താരങ്ങള്‍ പരിക്കേല്‍ക്കാതെ സൂപ്പര്‍ ഫിറ്റായി ഇനിയുള്ള മാസങ്ങളില്‍ തുടരേണ്ടത് വളരെ പ്രധാനമാണ്. കാരണം ഏതെങ്കിലുമൊരു താരത്തിനു പരിക്കേല്‍ക്കുകയോ, ഫിറ്റ്‌നസ് പ്രശ്‌നങ്ങള്‍ നേരിടുകയോ ചെയ്താല്‍ അതു ടീം കോമ്പിനേഷനെയാകെ ബാധിക്കും.
ഇതു മുന്നില്‍ കണ്ട് ഇന്ത്യന്‍ താരങ്ങളെ അടുത്ത മൂന്നു മാസത്തേക്കു പരിക്കിനു വിട്ടുനല്‍കാതെ സൂപ്പര്‍ ഫിറ്റായി കാത്തുസൂക്ഷിക്കാന്‍ ഒരു മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കിയിരിക്കുകയാണ് ബിസിസിഐ. ആറു പ്രധാനപ്പെട്ട ടിപ്‌സുകളാണ് ഇതിനായി ബിസിസിഐ നിര്‍ദേശിച്ചിരിക്കുന്നത്. ഇതു കൃത്യമായി പിന്തുടര്‍ന്നാല്‍ കളിക്കാരെ പൂര്‍ണ ഫിറ്റായി അടുത്ത രണ്ടു ടൂര്‍ണമെന്റുകളിലും നിലനിര്‍ത്താന്‍ സാധിക്കുമെന്നാണ് ബോര്‍ഡിന്റെ കണക്കുകൂട്ടല്‍.

അയര്‍ലാന്‍ഡ് പര്യടനം കഴിഞ്ഞതോടെ ഇന്ത്യന്‍ താരങ്ങള്‍ക്കു ഇനിയുള്ള രണ്ടാഴ്ച വിശ്രമമാണ്. ഈ സമയത്തേക്കു കളിക്കാര്‍ക്കുള്ള പ്രോഗാം ചാര്‍ട്ടാണ് ബിസിസിഐ ഒരുക്കിയിരിക്കുന്നത്. ദിവസവും ഒമ്പതു മണിക്കൂറെങ്കിലും ഉറങ്ങുകയെന്നതാണ് ഇതില്‍ നിര്‍ദേശിച്ചിരിക്കുന്ന ആദ്യത്തെ കാര്യം. അടുത്തത് മുടങ്ങാതെ ജിമ്മില്‍ വ്യായാമത്തിലേര്‍പ്പെടുകയെന്നതാണ്.
മൂന്നാമതായി നിര്‍ദേശിച്ചിരിക്കുന്നത് നടത്തമാണ്. നാലാമതായി യോഗ ചെയ്യാനാണ് കളിക്കാരോടു ബിസിസിഐ നിര്‍ദേശിച്ചിരിക്കുന്നത്. ശാരീരികവും മാനസികവുമായി പുതിയ ഉണര്‍വ് നല്‍കാന്‍ ഇതു കളിക്കാരെ സഹായിക്കുമെന്ന് ബിസിസിഐ ചൂണ്ടിക്കാണിക്കുന്നത്. ദിനചര്യയില്‍ അടുത്തതായി നിര്‍ദേശിച്ചിരിക്കുന്നത് നീന്തലാണ്. അവസാനമായുള്ള നിര്‍ദേശം ദിവസേന നിശ്ചിത അളവില്‍ പ്രോട്ടീന്‍ ശരീരത്തില്‍ എത്തണമെന്നതാണ്.
ഇന്ത്യന്‍ ടീമിനെ സംബന്ധിച്ച് അടുത്ത കാലത്തായി അലട്ടിക്കൊണ്ടിരിക്കുന്ന ഏറ്റവും വലിയ തലവേദന താരങ്ങളെ വിടാതെ പിന്തുടരുന്ന പരിക്കുകളാണ്. പല വമ്പന്‍ ടൂര്‍ണമെന്റുകളിലും തങ്ങളുടെ ഫസ്റ്റ് ചോയ്‌സ് ടീമിനെ ഇന്ത്യക്കു ഇറക്കാന്‍ കഴിയാറില്ല. പ്രധാനപ്പെട്ട ഒന്നോ, രണ്ടോ കളിക്കാര്‍ എല്ലായ്‌പ്പോഴും പരിക്കേറ്റ് പുറത്തായിരിക്കും.
രോഹിത് ശര്‍മ ഇന്ത്യയുടെ സ്ഥിരം ക്യാപ്റ്റനായതിനു ശേഷം ഒരിക്കലും തന്റെ ഫുള്‍ ടീമിനെ അദ്ദേഹത്തിനു ലഭിച്ചിട്ടില്ലെന്നു കാണാം. കഴിഞ്ഞ വര്‍ഷത്തെ ഏഷ്യാ കപ്പിലും ഐസിസിയുടെ ടി20 ലോകകപ്പിലും സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറയും സൂപ്പര്‍ ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജയും പരിക്കു കാരണം കളിച്ചിരുന്നില്ല.

ടൂര്‍ണമെന്റില്‍ ഇതു ഇന്ത്യക്കു വലിയ ക്ഷീണമായി മാറുകയും ചെയ്തിരുന്നു. ഇത്തവണത്തെ ഏഷ്യാ കപ്പിലാണ് രോഹിത്തിന് ആദ്യമായി തന്റെ ഫുള്‍ ടീമിന ലഭിച്ചിരിക്കുന്നത്.
പരിക്കേറ്റ് മാസങ്ങളോളം പുറത്തായിരുന്ന സ്റ്റാര്‍ ബാറ്റര്‍മാരായ കെഎല്‍ രാഹുല്‍, ശ്രേയസ് അയ്യര്‍, സൂപ്പര്‍ പേസര്‍ ജസ്പ്രീത് ബുംറ തുടങ്ങിയവരെല്ലാം ഇന്ത്യന്‍ ടീമിലേക്കു തിരികെ വന്നിരിക്കുകയാണ്. ഏഷ്യാ കപ്പിലും ലോകകപ്പിലുമെല്ലാം ഇവരുള്‍പ്പെടെ പ്രധാന കളിക്കാരെയെല്ലാം ഫിറ്റായി തന്നെ നിലനിര്‍ത്തേണ്ടത് ഇന്ത്യയെ സംബന്ധിച്ച് വളരെ പ്രധാനമാണ്.
ഏഷ്യാ കപ്പിനുള്ള ഇന്ത്യയുടെ 17 അംഗ സ്‌ക്വാഡ്
രോഹിത് ശര്‍മ (ക്യാപ്റ്റന്‍), ശുഭ്മന്‍ ഗില്‍, വിരാട് കോലി, കെഎല്‍ രാഹുല്‍ (വിക്കറ്റ് കീപ്പര്‍), ശ്രേയസ് അയ്യര്‍, സൂര്യകുമാര്‍ യാദവ്, തിലക് വര്‍മ, ഇഷാന്‍ കിഷന്‍ (വിക്കറ്റ് കീപ്പര്‍), ഹാര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, അക്ഷര്‍ പട്ടേല്‍, ശര്‍ദ്ദുല്‍ ടാക്കൂര്‍, ജസ്പ്രീത് ബുംറ, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്, കുല്‍ദീപ് യാദവ്, പ്രസിദ്ധ് കൃഷ്ണ.
സഞ്ജു സാംസണ്‍ (ബാക്കപ്പ്).