Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

Asia Cup 2023: 'കിടുവകളെ കടുവ പിടിച്ചു', നാണംകെട്ട് ഇന്ത്യ, ബംഗ്ലാദേശിന് ത്രില്ലിങ് ജയം

കൊളംബോ: ഏഷ്യാ കപ്പിന്റെ സൂപ്പര്‍ ഫോര്‍ പോരാട്ടത്തില്‍ സമ്പൂര്‍ണ്ണ ജയമെന്ന ഇന്ത്യയുടെ മോഹം നടന്നില്ല. പാകിസ്താനേയും ശ്രീലങ്കയേയും തോല്‍പ്പിച്ച ഇന്ത്യ ബംഗ്ലാദേശിനോട് മുട്ടുകുത്തിയിരിക്കുകയാണ്. ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശ് 50 ഓവറില്‍ 8 വിക്കറ്റിന് 265 റണ്‍സ് നേടിയപ്പോള്‍ മറുപടിക്കിറങ്ങിയ ഇന്ത്യക്ക് 49.5 ഓവറില്‍ 259 റണ്‍സില്‍ കൂടാരം കയറേണ്ടി വന്നു. ശുബ്മാന്‍ ഗില്‍ (121) സെഞ്ച്വറി നേടിയെങ്കിലും ഇന്ത്യയെ വിജയത്തിലേക്കെത്തിക്കാനായില്ല.

ബംഗ്ലാദേശിനായി മുസ്തഫിസുര്‍ റഹ്‌മാന്‍ മൂന്നും തന്‍സിം ഹസന്‍ ഷാക്കിബ്, മെഹതി ഹസന്‍ എന്നിവര്‍ രണ്ടും, ഷക്കീബ് അല്‍ ഹസന്‍, മെഹതി ഹസന്‍ മിറാസ് എന്നിവര്‍ ഓരോ വിക്കറ്റും വീഴ്ത്തി. 11 വര്‍ഷത്തിന് ശേഷമാണ് ഏഷ്യാ കപ്പില്‍ ഇന്ത്യ ബംഗ്ലാദേശിനോട് തോല്‍ക്കുന്നത്. ഏഷ്യാ കപ്പില്‍ (ഏകദിനം) തോല്‍വി അറിയാത്ത നായകനെന്ന രോഹിത് ശര്‍മയുടെ കുതിപ്പിനാണ് ബംഗ്ലാദേശ് തടയിട്ടിരിക്കുന്നത്.

ടോസ് നേടിയ ഇന്ത്യ ബംഗ്ലാദേശിനെ ആദ്യം ബാറ്റിങ്ങിനയക്കുകയായിരുന്നു. ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മയുടെ തീരുമാനം ശരിവെക്കുന്ന തരത്തിലായിരുന്നു ഇന്ത്യന്‍ ബൗളര്‍മാര്‍ തുടങ്ങിയത്. സ്‌കോര്‍ബോര്‍ഡില്‍ 13 റണ്‍സുള്ളപ്പോള്‍ വെടിക്കെട്ട് ഓപ്പണര്‍ ലിറ്റന്‍ ദാസ് (0) കൂടാരം കയറി. മുഹമ്മദ് ഷമിയുടെ ഇന്‍സ്വിങ്ങറില്‍ ലിറ്റന്‍ ദാസ് ക്ലീന്‍ബൗള്‍ഡാവുകയായിരുന്നു. മറ്റൊരു ഓപ്പണറായ തന്‍സിദ് ഹസനെ (13) ശാര്‍ദ്ദുല്‍ താക്കൂര്‍ ക്ലീന്‍ ബൗള്‍ഡ് ചെയ്തു.

മൂന്ന് ബൗണ്ടറി ഉള്‍പ്പെടെ നിലയുറപ്പിച്ച് വരികയായിരുന്ന താരത്തെ ശാര്‍ദ്ദുല്‍ മടക്കി അയച്ചു. അനാമുല്‍ ഹഖിനെ (4) ശാര്‍ദ്ദുല്‍ വിക്കറ്റ് കീപ്പര്‍ കെ എല്‍ രാഹുലിന്റെ കൈയിലെത്തിച്ചതോടെ 5.4 ഓവറില്‍ 3 വിക്കറ്റിന് 28 എന്ന നിലയിലേക്ക് ബംഗ്ലാദേശ് തകര്‍ന്നു. ശാര്‍ദ്ദുല്‍ താക്കൂറിന്റെ ഓവറില്‍ തിലക് വര്‍മയും സൂര്യകുമാര്‍ യാദവും മെഹതി ഹസന്‍ മിറാസിനെ വിട്ടുകളഞ്ഞു. ഒരോവറില്‍ രണ്ട് തവണ ലൈഫ് ലഭിച്ചെങ്കിലും മുതലാക്കാന്‍ അദ്ദേഹത്തിനായില്ല.

shubman gill

28 പന്ത് നേരിട്ട് 1 ബൗണ്ടറി ഉള്‍പ്പെടെ 13 റണ്‍സെടുത്ത മിറാസിനെ അക്ഷര്‍ പട്ടേലിന്റെ പന്തില്‍ സ്ലിപ്പില്‍ രോഹിത് ശര്‍മയാണ് പിടികൂടിയത്. നാല് വിക്കറ്റ് വീണതോടെ ബംഗ്ലാദേശ് വലിയ തകര്‍ച്ചയെയാണ് മുന്നില്‍ കണ്ടത്. എന്നാല്‍ അഞ്ചാം വിക്കറ്റില്‍ നായകന്‍ ഷാക്കീബ് അല്‍ ഹസനും തൗഹിദ് ഹൃദോയിയും ചേര്‍ന്ന് ബംഗ്ലാദേശിന് അടിത്തറ പാകി. 101 റണ്‍സിന്റെ കൂട്ടുകെട്ടാണ് അഞ്ചാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് സൃഷ്ടിച്ചത്.

85 പന്തില്‍ 6 ഫോറും 3 സിക്‌സും ഉള്‍പ്പെടെ 80 റണ്‍സ് നേടിയ ഷക്കീബിനെ മടക്കി ശാര്‍ദ്ദുലാണ് കൂട്ടുകെട്ട് പൊളിച്ചത്. ശാര്‍ദ്ദുലിന്റെ പന്തില്‍ ഷാക്കീബ് പ്ലേ ഡൗണാവുകയായിരുന്നു. മധ്യനിര താരം ഷമീം ഹൊസൈന്‍ (1) രവീന്ദ്ര ജഡേജക്ക് മുന്നില്‍ എല്‍ബിയില്‍ കുടുങ്ങി. ജഡേജയുടെ 200ാം ഏകദിന വിക്കറ്റായിരുന്നു ഇത്. കപില്‍ ദേവിന് ശേഷം ഏകദിനത്തില്‍ 2000ലധികം റണ്‍സും 200 വിക്കറ്റും നേടുന്ന ആദ്യത്തെ ഇന്ത്യന്‍ താരമാണ് ജഡേജ.

81 പന്ത് നേരിട്ട് 5 ഫോറും 2 സിക്‌സും ഉള്‍പ്പെടെ 54 റണ്‍സ് നേടിയ ഹൃദോയിയെ മുഹമ്മദ് ഷമി തിലക് വര്‍മയുടെ കൈയിലെത്തിച്ചു. എന്നാല്‍ എട്ടാം വിക്കറ്റില്‍ നസും അഹമ്മദും മെഹതി ഹസനും ചേര്‍ന്ന് നിര്‍ണ്ണായക റണ്‍സ് ടീമിന് നല്‍കി. കൂട്ടുകെട്ട് 45ല്‍ നില്‍ക്കവെ 45 പന്ത് നേരിട്ട് 44 റണ്‍സെടുത്ത നസും അഹമ്മദിനെ പ്രസിദ്ധ് കൃഷ്ണ ക്ലീന്‍ബൗള്‍ഡ് ചെയ്തു. 6 ഫോറും 1 സിക്‌സുമാണ് നസും അഹമ്മദ് പറത്തിയത്.

വാലറ്റത്ത് മെഹതി ഹസനും (23 പന്തില്‍ 29*) തന്‍സിം ഹസന്‍ ഷക്കീബും (8 പന്തില്‍ 14*) നിര്‍ണ്ണായക റണ്‍സ് ടീമിനോട് ചേര്‍ത്തു. ഇതോടെ 50 ഓവറില്‍ 8 വിക്കറ്റിന് 265 എന്ന മികച്ച സ്‌കോറിലേക്കും ബംഗ്ലാദേശെത്തി. ഇന്ത്യക്കായി ശാര്‍ദ്ദുല്‍ താക്കൂര്‍ മൂന്നും മുഹമ്മദ് ഷമി രണ്ടും പ്രസിദ്ധ് കൃഷ്ണ, അക്ഷര്‍ പട്ടേല്‍, രവീന്ദ്ര ജഡേജ എന്നിവര്‍ ഓരോ വിക്കറ്റും വീഴ്ത്തി.

മറുപടിക്കിറങ്ങിയ ഇന്ത്യയുടെ തുടക്കം തകര്‍ച്ചയോടെയായിരുന്നു. രണ്ടാം പന്തില്‍ നായകന്‍ രോഹിത് ശര്‍മയെ ഇന്ത്യക്ക് നഷ്ടമായി. മിന്നും ഫോമിലായിരുന്ന രോഹിത്തിനെ 20കാരനായ അരങ്ങേറ്റ താരം തന്‍സീം ഹസന്‍ ഷക്കീബാണ് പുറത്താക്കിയത്. ബൗണ്ടറിക്ക് ശ്രമിച്ച രോഹിത്തിനെ അനാമുല്‍ ഹഖാണ് കൈയിലൊതുക്കിയത്. മൂന്നാം നമ്പറില്‍ അരങ്ങേറ്റക്കാരന്‍ തിലക് വര്‍മയാണെത്തിയത്. 9 പന്തില്‍ 5 റണ്‍സെടുത്ത തിലകിനെ തന്‍സീം ക്ലീന്‍ബൗള്‍ഡ് ചെയ്തു.

ഒരു ബൗണ്ടറിയടക്കം നേടി തിലക് പ്രതീക്ഷ നല്‍കിയെങ്കിലും കണക്കുകൂട്ടല്‍ തെറ്റി. പന്ത് സ്റ്റംപിന് പുറത്തേക്കാണെന്ന് കരുതി തിലക് ഷോട്ട് കളിക്കാതെ ഒഴിവാക്കിയെങ്കിലും പന്ത് സ്റ്റംപ് പിഴുതെടുത്തു. 17ന് രണ്ട് എന്ന് നിലയില്‍ തകര്‍ത്ത ഇന്ത്യയെ മൂന്നാം വിക്കറ്റില്‍ കെ എല്‍ രാഹുലും ശുബ്മാന്‍ ഗില്ലും ചേര്‍ന്ന് കരകയറ്റുമെന്ന് തോന്നിപ്പിച്ചു. എന്നാല്‍ സ്‌കോര്‍ബോര്‍ഡ് 74ല്‍ നില്‍ക്കവെ 39 പന്ത് നേരിട്ട് 19 റണ്‍സെടുത്ത രാഹുലിനെ മെഹതി ഹസന്‍ ഷമീം ഹൊസൈന്റെ കൈയിലെത്തിച്ചു.

ഇഷാന്‍ കിഷനില്‍ പ്രതീക്ഷവെച്ചെങ്കിലും 15 പന്ത് നേരിട്ട് 5 റണ്‍സെടുത്ത താരം എല്‍ബിയില്‍ കുടുങ്ങി. ഹസന്‍ മിറാസിനെതിരേ അനാവശ്യ ഷോട്ടിന് ശ്രമിച്ച് എല്‍ബിയില്‍ കുടുങ്ങിയാണ് ഇഷാന്‍ പുറത്തായത്. ഇതോടെ 4 വിക്കറ്റിന് 94 എന്ന നിലയിലേക്ക് ഇന്ത്യ തകര്‍ന്നു. സൂര്യകുമാര്‍ യാദവ് പ്രതീക്ഷ നല്‍കിയെങ്കിലും 34 പന്തില്‍ 26 റണ്‍സുമായി പുറത്തായി. 3 ബൗണ്ടറികളാണ് അദ്ദേഹം നേടിയത്. ഷക്കീബ് അല്‍ ഹസനെ സ്വീപ് ഷോട്ടിന് ശ്രമിച്ചാണ് സൂര്യ ക്ലീന്‍ബൗള്‍ഡായത്.

രവീന്ദ്ര ജഡേജക്കും തിളങ്ങാനായില്ല. 12 പന്തില്‍ 7 റണ്‍സെടുത്ത ജഡേജയെ മുസ്തഫിസുര്‍ റഹ്‌മാന്‍ ക്ലീന്‍ബൗള്‍ഡാക്കുകയായിരുന്നു. ഒരുവശത്ത് തകര്‍പ്പന്‍ പ്രകടനം നടത്തിയ ശുബ്മാന്‍ ഗില്‍ സെഞ്ച്വറിയും പൂര്‍ത്തിയാക്കി. 133 പന്ത് നേരിട്ട് 8 ഫോറും 5 സിക്‌സും ഉള്‍പ്പെടെ 121 റണ്‍സുമായി ഗില്‍ പുറത്താവുമ്പോള്‍ 7 വിക്കറ്റിന് 207 എന്ന നിലയിലായിരുന്നു ഇന്ത്യ. മെഹതി ഹസനെ സിക്‌സര്‍ പറത്താനുള്ള ഗില്ലിന്റെ ശ്രമം ഹൃദോയിയുടെ കൈയില്‍ അവസാനിക്കുകയായിരുന്നു.

ശര്‍ദ്ദുലിനെ കൂട്ടുപിടിച്ച് അക്ഷര്‍ പട്ടേല്‍ വിജയത്തിനായി പൊരുതി. എന്നാല്‍ 49ാം ഓവറിലെ ആദ്യ പന്തില്‍ ശാര്‍ദ്ദുലിനെ മുസ്തഫിസുര്‍ റഹ്‌മാന്‍ പുറത്താക്കി. 13 പന്തില്‍ 11 റണ്‍സെടുത്ത ശാര്‍ദ്ദുല്‍ മെഹതി ഹസന്‍ മിറാസിന് ക്യാച്ച് നല്‍കിയാണ് മടങ്ങിയത്. അവസാന പ്രതീക്ഷയായിരുന്ന അക്ഷര്‍ പട്ടേലിനെ (42) മുസ്തഫിസുര്‍ പുറത്താക്കിയതോടെ ഇന്ത്യ തോല്‍വി മണത്തു.

34 പന്തില്‍ 3 ഫോറും 2 സിക്‌സും ഉള്‍പ്പെടെയാണ് അക്ഷര്‍ തിളങ്ങിയത്.മുഹമ്മദ് ഷമിയെ (6) റണ്ണൗട്ടാക്കിയാണ് 11 വര്‍ഷത്തിന് ശേഷം ബംഗ്ലാദേശ് ചരിത്ര ജയം നേടിയത്. പ്രസിദ്ധ് കൃഷ്ണ (0) പുറത്താവാതെ നിന്നു.

പ്ലേയിങ് 11- ഇന്ത്യ- രോഹിത് ശര്‍മ (c), ശുബ്മാന്‍ ഗില്‍, സൂര്യകുമാര്‍ യാദവ്, തിലക് വര്‍മ, കെ എല്‍ രാഹുല്‍, ഇഷാന്‍ കിഷന്‍, രവീന്ദ്ര ജഡേജ, അക്ഷര്‍ പട്ടേല്‍, ശാര്‍ദ്ദുല്‍ താക്കൂര്‍, മുഹമ്മദ് ഷമി, പ്രസിദ്ധ് കൃഷ്ണ

ബംഗ്ലാദേശ്- ലിറ്റന്‍ ദാസ്, തന്‍സിദ് ഹസന്‍ തമീം, അനാമുല്‍ ഹഖ്, ഷക്കീബ് അല്‍ ഹസന്‍ (c), തൗഹിദ് ഹൃദോയി, ഷമീം ഹൊസൈന്‍, മെഹതി ഹസന്‍ മിറാസ്, മെഹതി ഹസന്‍, നസും അഹമ്മദ്, തന്‍സീം ഹസന്‍ ഷക്കീബ്, മുസ്തഫിസുര്‍ റഹ്‌മാന്‍

Story first published: Friday, September 15, 2023, 12:05 [IST]
Other articles published on Sep 15, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+