മുല്‍ത്താന്‍: ഏഷ്യാ കപ്പിന്റെ ഉദ്ഘാടന മത്സരത്തില്‍ പാകിസ്താന് തകര്‍പ്പന്‍ ജയം. ആതിഥേയരായ പാകിസ്താന്‍ 238 റണ്‍സിനാണ് നേപ്പാളിനെ തകര്‍ത്തത്. ആദ്യം ബാറ്റു ചെയ്ത പാകിസ്താന്‍ 6 വിക്കറ്റിന് 342 റണ്‍സെടുത്തപ്പോള്‍ 23.4 ഓവറില്‍ 104 റണ്‍സിന് നേപ്പാള്‍ ഓള്‍ഔട്ടായി. ബാബര്‍ ആസമിന്റെയും (151) ഇഫ്തിഖര്‍ അഹമ്മദിന്റെയും (109) സെഞ്ച്വറിയും ഷദാബ് ഖാന്റെ നാല് വിക്കറ്റ് പ്രകടനവുമാണ് നേപ്പാളിനെ തകര്‍ത്തത്.
ടോസ് നേടി ആദ്യം ബാറ്റ് ചെയ്യാന്‍ തീരുമാനിച്ച പാകിസ്താന് പ്രതീക്ഷിച്ച തുടക്കമല്ല ലഭിച്ചത്. സ്‌കോര്‍ബോര്‍ഡില്‍ 21 റണ്‍സുള്ളപ്പോള്‍ ഫഖര്‍ സമാനെ (20 പന്തില്‍ 14) കരണ്‍ കെസി പുറത്താക്കി. വിക്കറ്റ് കീപ്പര്‍ക്ക് ക്യാച്ച് നല്‍കിയാണ് ഫഖര്‍ പുറത്തായത്. അധികം വൈകാതെ ഇമാം ഉല്‍ ഹഖും (14 പന്തില്‍ 5) മടങ്ങി. നേപ്പാള്‍ നായകന്‍ രോഹിത് പോഡലിന്റെ ഡയറക്ട് ത്രോയില്‍ റണ്ണൗട്ടായാണ് ഇമാമിന്റെ മടക്കം. രണ്ട് സൂപ്പര്‍ താരങ്ങളെ തുടക്കത്തിലേ നഷ്ടമായതോടെ പാക് ടീം പരുങ്ങി.
മൂന്നാം വിക്കറ്റില്‍ മുഹമ്മദ് റിസ്വാനും ബാബര്‍ ആസമും ചേര്‍ന്ന് രക്ഷാപ്രവര്‍ത്തനം നടത്തി. 86 റണ്‍സിന്റെ കൂട്ടുകെട്ട് സൃഷ്ടിച്ച ശേഷം റിസ്വാന്‍ (50 പന്തില്‍ 44) മടങ്ങി. 6 ബൗണ്ടറികള്‍ ഉള്‍പ്പെടെ മികച്ച ഫോമില്‍ കളിച്ച റിസ്വാന്‍ റണ്ണൗട്ടായാണ് മടങ്ങിയത്. ദിപേന്ദ്ര സിങ്ങിന്റെ ഡയറക്ട് ത്രോയിലാണ് റിസ്വാന്‍ റണ്ണൗട്ടായത്. ക്രീസില്‍ കയറുന്നതിന് മുമ്പ് പന്ത് ശരീരത്ത് തട്ടുമോയെന്ന സംശയത്തില്‍ തിരിഞ്ഞുനോക്കിയ റിസ്വാന് പിഴച്ചു. ഈ സമയത്തിനുള്ളില്‍ ഡയറക്ട് ത്രോയിലൂടെ പന്ത് സ്റ്റംപില്‍ കൊണ്ടു.
ക്രീസിന് തൊട്ടടുത്ത് മാത്രം നിന്ന റിസ്വാന്‍ റണ്ണൗട്ടിലൂടെ പുറത്തായി. അഗ്ഹ സല്‍മാനും (14 പന്തില്‍ 5) നിറം മങ്ങിയതോടെ പാകിസ്താന്‍ ശരാശരി സ്‌കോറിനുള്ളില്‍ ഒതുങ്ങുമെന്ന് തോന്നി. എന്നാല്‍ നായകന്‍ ബാബറും ഇഫ്തിഖര്‍ അഹമ്മദും ചേര്‍ന്ന് പാകിസ്താനെ മികച്ച സ്‌കോറിലേക്ക് നയിച്ചു. 131 പന്ത് നേരിട്ട് 14 ഫോറും 4 സിക്‌സും ഉള്‍പ്പെടെ 151 റണ്‍സുമായി ബാബര്‍ പുറത്താവുമ്പോള്‍ അഞ്ച് വിക്കറ്റിന് 338 എന്ന മികച്ച നിലയിലേക്ക് പാകിസ്താനെത്തിയിരുന്നു.

പതിയെ തുടങ്ങിയ ബാബര്‍ അവസാന 10 ഓവറിലാണ് കടന്നാക്രമിച്ചത്. സ്പിന്നിനേയും പേസിനേയും ഒരുപോലെ കടന്നാക്രമിക്കാന്‍ ബാബറിനായി. ഏകദിനത്തിലെ 19ാം സെഞ്ച്വറി നേടിയ ബാബര്‍ ഏഷ്യാ കപ്പിലെ നായകന്റെ ഉയര്‍ന്ന സ്‌കോറെന്ന റെക്കോഡും സ്വന്തം പേരിലാക്കി. വേഗത്തില്‍ 19 ഏകദിന സഞ്ച്വറി നേടുന്ന താരമെന്ന റെക്കോഡും സ്വന്തം പേരിലാക്കാന്‍ ബാബറിന് സാധിച്ചു.
ബാബറിനൊപ്പം ഇഫ്തിഖരും വെടിക്കെട്ട് പ്രകടനമാണ് കാഴ്ചവെച്ചത്. 71 പന്തില്‍ 11 ഫോറും 4 സിക്‌സും ഉള്‍പ്പെടെ 109 റണ്‍സുമായി ഇഫ്തിഖര്‍ പുറത്താവാതെ നിന്നു. 153ന് മുകളിലായിരുന്നു സ്‌ട്രൈക്ക് റേറ്റ്. ഷദാബ് ഖാന്‍ 2 പന്തില്‍ 4 റണ്‍സുമെടുത്തു. ഇതോടെ 50 ഓവറില്‍ 6 വിക്കറ്റിന് 342 എന്ന തകര്‍പ്പന്‍ സ്‌കോറിലേക്കെത്താനും പാകിസ്താന് സാധിച്ചു. നേപ്പാളിനായി സോംപാല്‍ കാമി രണ്ടും കരണ്‍ കെസി, സന്ദീപ് ലാമിച്ചാനെ എന്നിവര്‍ ഓരോ വിക്കറ്റും വീഴ്ത്തി.
മറുപടിക്കിറങ്ങിയ നേപ്പാളിനെ ആദ്യ ഓവറില്‍ത്തന്നെ ഷഹീന്‍ അഫ്രീദി വിറപ്പിച്ചു. കുശാല്‍ ബൂര്‍ട്ടല്‍ (4 പന്തില്‍ 8) രണ്ട് ബൗണ്ടറി നേടി വിറപ്പിക്കാന്‍ ശ്രമിച്ചെങ്കിലും ആദ്യ ഓവറില്‍ അഞ്ചാം പന്തില്‍ ഷഹീന്‍ പുറത്താക്കി. വിക്കറ്റ് കീപ്പര്‍ മുഹമ്മദ് റിസ്വാന്റെ ക്യാച്ചിലായിരുന്നു മടക്കം. ഓവറിലെ അവസാന പന്തില്‍ നായകന്‍ രോഹിത് പോഡലിനെ ഷഹീന്‍ ഗോള്‍ഡന്‍ ഡെക്കാക്കി. രോഹിത്തിനെ ഹീന്‍ എല്‍ബിയില്‍ കുടുക്കുകയായിരുന്നു.
ആസിഫ് ഷെയ്ഖിനെ (5) നസീം ഷായും പുറത്താക്കി. നാലാം വിക്കറ്റില്‍ ആരിഫ് ഷെയ്ഖും (26) സോംപാല്‍ കാമിയും (28) ചേര്‍ന്ന് അല്‍പ്പനേരം ചെറുത്തുനില്‍പ്പ് നടത്തി. ആരിഫിനെ ക്ലീന്‍ബൗള്‍ഡ് ചെയ്ത് ഹാരിസ് റഊഫ് കൂട്ടുകെട്ട് പൊളിച്ചു. സോംപാലിനെ ഹാരിസ് റിസ്വിന്റെ കൈകളിലുമെത്തിച്ചു.
നേപ്പാളിന്റെ വാലറ്റത്തെ ഷദാബ് ഖാന്‍ ചുരുട്ടിക്കൂട്ടിയതോടെ 23.4 ഓവറില്‍ 104 റണ്‍സിന് നേപ്പാള്‍ ഓള്‍ഔട്ടായി. പാകിസ്താനായി ഷദാബ് ഖാന്‍ നാല് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ ഷഹീന്‍ ഷാ അഫ്രീദിയും ഹാരിസ് റഊഫും രണ്ട് വിക്കറ്റ് വീതം പങ്കിട്ടു. നസീം ഷായും മുഹമ്മദ് നവാസും ഓരോ വിക്കറ്റും വീഴ്ത്തി.
പ്ലേയിങ് 11: പാകിസ്താന്‍- ഫഖര്‍ സമാന്‍, ഇമാം ഉല്‍ ഹഖ്, ബാബര്‍ ആസം (c), മുഹമ്മദ് റിസ്വാന്‍, ഇഫ്തിഖര്‍ അഹമ്മദ്, അഗ്ഹ സല്‍മാന്‍, ഷദാബ് ഖാന്‍, മമുഹമ്മദ് നവാസ്, നസീം ഷാ, ഷഹീന്‍ അഫ്രീദി, ഹൗരിസ് റഊഫ്
നേപ്പാള്‍- കുശാല്‍ ബൂര്‍ട്ടല്‍, ആസിഫ് ഷെയ്ഖ്, രോഹിത് പോഡല്‍ (c), ആരിഫ് ഷെയ്ഖ്, കുശാല്‍ മല്ല, ദിപേന്ദ്ര സിങ് ഐറേ, ഗുല്‍സന്‍ ജാ, സോംപാല്‍ കാമി, കരണ്‍ കെസി, സന്ദീപ് ലാമിച്ചാനെ, ലളിത് രാജ്ബന്‍ഷി