ഏഷ്യാ കപ്പില്‍ ശ്രീലങ്കയുമായുള്ള സൂപ്പര്‍ ഫോര്‍ പോരാട്ടത്തില്‍ നാണക്കേടിന്റെ റെക്കോര്‍ഡ് കുറിച്ചിരിക്കുകയാണ് പാകിസ്താന്‍ ക്യാപ്റ്റനും സ്റ്റാര്‍ ബാറ്ററുമായ ബാബര്‍ ആസം. കളിയില്‍ നന്നായി തുടങ്ങിയ അദ്ദേഹത്തില്‍ നിന്നും വലിയൊരു ഇന്നിങ്‌സ് ടീം പ്രതീക്ഷിച്ചിരുന്നു. പക്ഷെ 29 റണ്‍സില്‍ നില്‍ക്കെ ബാബര്‍ പുറത്താവുകയായിരുന്നു. 35 ബോളുകള്‍ നേരിട്ട അദ്ദേഹം മൂന്നു ഫോറുകളടിച്ചു.
സ്പിന്‍ സെന്‍സേഷന്‍ ദുനിത് വെല്ലലഗെയുടെ ബൗളിങില്‍ വിക്കറ്റ് കീപ്പര്‍ കുശാല്‍ മെന്‍ഡിസ് സ്റ്റംപ് ചെയ്താണ് ബാബര്‍ പുറത്തായത്. ഇതോടെയാണ് ഏകദിന ചരിത്രത്തില്‍ മറ്റൊരു ക്യാപ്റ്റനുമില്ലാത്ത നാണക്കേട് അദ്ദേഹത്തെ തേടിയെത്തിയത്. ഒരു കലണ്ടര്‍ വര്‍ഷത്തില്‍ നാലു തവണ സ്റ്റംപിങിനു ഇരയായി പുറത്തായ ലോകത്തിലെ ആദ്യത്തെ ക്യാപ്റ്റനായി ബാബര്‍ മാറി.

നേരത്തേ മൂന്നു തവണയും ന്യൂസിലാന്‍ഡിനെതിരേയായിരുന്നു ബാബര്‍ സ്റ്റംപ് ചെയ്യപ്പെട്ടത്. 66 റണ്‍സെടുത്തു നില്‍ക്കെയായിരുന്നു അദ്ദേഹം ന്യൂസിലാന്‍ഡിനെതിരേ ആദ്യമായി സ്റ്റംപിങിനെ തുടര്‍ന്നു പുറത്തായി ക്രീസ് വിട്ടത്. അതിനു ശേഷം 79 റണ്‍സെടുത്തു നില്‍ക്കെ ബാബറിനു വീണ്ടും സ്റ്റംപിങിനെ തുടര്‍ന്നു വിക്കറ്റ് കൈവിടേണ്ടി വന്നു. മൂന്നാമതായി നാലു റണ്‍സെടുത്തു നില്‍ക്കവെയായിരുന്നു പാക് ക്യാപ്റ്റന്‍ സ്റ്റംപ് ചെയ്യപ്പെട്ടത്.
ശ്രീലങ്കയുമായുള്ള സൂപ്പര്‍ ഫോര്‍ മല്‍സരത്തില്‍ 16ാം ഓവറിലായിരുന്നു ബാബറിന്റെ പുറത്താവല്‍. അവസാന ഓവറിലായിരുന്നു ഏകദിനത്തില്‍ ലോകത്തിലെ നമ്പര്‍ വണ്‍ ബാറ്ററായ പാക് നായകനെ വെല്ലലഗെ വീഴ്ത്തിയത്. അല്‍പ്പം വൈഡായ 86 കിമി മാത്രം വേഗതയുള്ള ബോളായിരുന്നു താരം പരീക്ഷിച്ചത്.
ക്രീസില്‍ നിന്നും അല്‍പ്പം മുന്നോട്ടു കയറി ബാബര്‍ പുഷ് ചെയ്യാന്‍ ശ്രമിക്കുകയായിരുന്നു. എന്നാല്‍ ബോളിന്റെ ടേണ്‍ കണക്കുകൂട്ടല്‍ തെറ്റിച്ചു. ബോള്‍ കണക്ട് ചെയ്യാന്‍ ബാബറിനായില്ല. ഇതോടെ വിക്കറ്റ് കീപ്പര്‍ മെന്‍ഡിസ് മിന്നല്‍ വേഗത്തില്‍ സ്റ്റംപിങും നടത്തി. ബാബര്‍ കാല്‍ തിരികെ ക്രീസിലേക്കു വയ്ക്കുമ്പോഴേക്കും ബേല്‍സ് വീണതായി റീപ്ലേയില്‍ തെളിഞ്ഞതോടെ തേര്‍ഡ് അംപയര്‍ ഔട്ടും നല്‍കുകയായിരുന്നു.

അതേസമയം, മഴയെ തുടര്‍ന്ന് ആദ്യം 45 ഓവറായും പിന്നീട് 42 ഓവറായും വെട്ടിക്കുറച്ച മല്‍സരത്തില്‍ ശ്രീലങ്കയ്ക്കു 253 റണ്‍സിന്റെ വിജയലക്ഷ്യമാണ് പാകിസ്താന്‍ നല്‍കിയത്. ടോസിനു ശേഷം ബാറ്റിങ് തിരഞ്ഞെടുത്ത പാക് പട ഏഴു വിക്കറ്റിനു 252 റണ്‍സെടുക്കുകയായിരുന്നു. നാലാം നമ്പറില്‍ ഇറങ്ങിയ മുഹമ്മദ് റിസ്വാന്റെയും (86*) ഓപ്പണര്‍ അബ്ദുള്ള ഷഫീഖിന്റെയും (52) ഫിഫ്റ്റികളാണ് പാകിസ്താനു കരുത്തായത്.
73 ബോളുകള്‍ നേരിട്ട റിസാന്‍ ആറു ഫോറും രണ്ടു സിക്‌സറുമടിച്ചു. 69 ബോളില്‍ മൂന്നു ഫോറും രണ്ടു സിക്‌സറുമക്കമാണ് ഷഫീഖ് കരിയറിലെ ആദ്യ ഫിഫ്റ്റി കണ്ടെത്തിയത്. 47 റണ്‍സെടുത്ത ഇഫ്തിഖാര്‍ അഹമ്മദമാണ് പാകിസ്താന്റെ മറ്റൊരു പ്രധാന സ്‌കോറര്‍. 40 ബോളില്‍ നാലു ഫോറും രണ്ടു സിക്‌സറും താരത്തിന്റെ ഇന്നിങ്‌സിലുണ്ടായിരുന്നു.
പ്ലെയിങ് ഇലവന്‍
പാകിസ്താന്‍- ഫഖര്‍ സമാന്‍, അബ്ദുള്ള ഷഫീഖ്, ബാബര്‍ ആസം (ക്യാപ്റ്റന്‍), മുഹമ്മദ് റിസ്വാന്‍ (വിക്കറ്റ് കീപ്പര്‍), മുഹമ്മദ് ഹാരിസ്, ഇഫ്തിഖാര്‍ അഹമ്മദ്, ഷദാബ് ഖാന്‍, മുഹമ്മദ് നവാസ്, ഷഹീന്‍ അഫ്രീഡി, മുഹമ്മദ് വസീം ജൂനിയര്‍, സമാന്‍ ഖാന്‍.
ശ്രീലങ്ക- പതും നിസങ്ക, കുശാല്‍ പെരേര, കുശാല്‍ മെന്‍ഡിസ് (വിക്കറ്റ് കീപ്പര്‍), സദീര സമരവിക്രമം, ചരിത് അസലെന്‍ക, ധനഞ്ജയ ഡിസില്‍വ, ദസുന്‍ ഷനക (ക്യാപ്റ്റന്‍), ദുനിത് വെല്ലലെഗെ, മഹീഷ് തീക്ഷണ, പ്രമോദ് മധുഷന്‍, മതീശ പതിരാന.