മുല്‍ത്താന്‍: ഏഷ്യാ കപ്പിന്റെ ഉദ്ഘാടന മത്സരത്തില്‍ത്തന്നെ തകര്‍പ്പന്‍ ബാറ്റിങ് പ്രകടനത്തോടെ എല്ലാവരേയും ഞെട്ടിച്ചിരിക്കുകയാണ് പാകിസ്താന്‍ നായകന്‍ ബാബര്‍ ആസം. 131 പന്തുകള്‍ നേരിട്ട് 14 ഫോറും 4 സിക്‌സും ഉള്‍പ്പെടെ 151 റണ്‍സാണ് ബാബര്‍ അടിച്ചെടുത്തത്.
ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത പാകിസ്താന് പ്രതീക്ഷിച്ച തുടക്കം ലഭിച്ചില്ല. ഓപ്പണര്‍മാരായ ഫഖര്‍ സമാനും (14) ഇമാം ഉല്‍ ഹഖും (5) ചെറിയ സ്‌കോറില്‍ മടങ്ങിയപ്പോള്‍ പാകിസ്താന്‍ പരുങ്ങി. പിന്നീട് ബാബര്‍ പാക് ടീമിനെ ഒറ്റക്ക് ചുമലിലേറ്റുകയായിരുന്നു.
കരുതലോടെ കളിച്ച ബാബര്‍ അവസാന 10 ഓവറില്‍ ബാറ്റിങ് വെടിക്കെട്ടാണ് കാഴ്ചവെച്ചത്. 115.26 സ്‌ട്രൈക്കറേറ്റിലായിരുന്നു ബാബറിന്റെ പ്രകടനം. രണ്ടാം തീയ്യതി ഇന്ത്യക്കെതിരേ പാകിസ്താന്റെ മത്സരം നടക്കാനിരിക്കെയാണ് ബാബറിന്റെ വെടിക്കെട്ട് ബാറ്റിങ്. ഇന്ത്യക്കുള്ള മുന്നറിയിപ്പ് ഇന്നിങ്‌സായി ഇതിനെ വിശേഷിപ്പിക്കാം. നേപ്പാള്‍ ബൗളര്‍മാരെ കരയിച്ച ബാബര്‍ ചില വമ്പന്‍ റെക്കോഡുകളും സ്വന്തം പേരിലാക്കിയാണ് കളം വിട്ടത്.
ഇന്ത്യയുടെ മുന്‍ നായകനും ബാറ്റിങ് ഇതിഹാസവുമായ വിരാട് കോലിയുടെ രണ്ട് വമ്പന്‍ റെക്കോഡുകളെയാണ് ബാബര്‍ പഴങ്കഥയാക്കിയത്. ഏഷ്യാ കപ്പിന്റെ ചരിത്രത്തില്‍ നായകന്‍ നേടുന്ന ഉയര്‍ന്ന സ്‌കോറെന്ന റെക്കോഡ് ബാബര്‍ സ്വന്തം പേരിലാക്കി. നേരത്തെ വിരാട് കോലി നേടിയ 136 റണ്‍സായിരുന്നു ഈ റെക്കോഡില്‍ തലപ്പത്തുണ്ടായിരുന്നത്. 2014ല്‍ ബംഗ്ലാദേശിനെതിരേയായിരുന്നു കോലിയുടെ ഈ പ്രകടനം. സൗരവ് ഗാംഗുലി 2000ല്‍ ബംഗ്ലാദേശിനെതിരേ 135* റണ്‍സും നേടിയിട്ടുണ്ട്.
ഏഷ്യാ കപ്പില്‍ 150ലധികം റണ്‍സ് നേടുന്ന ആദ്യത്തെ നായകനായും ബാബര്‍ മാറിയെന്നതാണ് എടുത്തു പറയേണ്ടത്. മുല്‍ത്താന്റെ സാഹചര്യം നന്നായി മുതലാക്കിയാണ് ബാബര്‍ കളിച്ചത്. ശ്രദ്ധയോടെ കളിച്ച് 19ാം ഏകദിന സെഞ്ച്വറിയാണ് ബാബര്‍ നേടിയെടുത്തത്. വേഗത്തില്‍ 19 ഏകദിന സെഞ്ച്വറി നേടുന്ന താരങ്ങളില്‍ തലപ്പത്തേക്കെത്താനും ബാബറിന് സാധിച്ചിരിക്കുകയാണ്. 102 ഇന്നിങ്‌സില്‍ നിന്നാണ് ബാബര്‍ തന്റെ 19ാം ഏകദിന സെഞ്ച്വറി നേടിയത്.

104 ഇന്നിങ്‌സില്‍ നിന്ന് ഈ നേട്ടത്തിലേക്കെത്തിയ ദക്ഷിണാഫ്രിക്കയുടെ ഹാഷിം അംലയുടെ റെക്കോഡിനെയാണ് ബാബര്‍ പഴങ്കഥയാക്കിയത്. 124 ഇന്നിങ്‌സില്‍ നിന്നാണ് വിരാട് കോലി ഈ നേട്ടം സ്വന്തമാക്കിയത്. നിലവിലെ ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ 181 ഇന്നിങ്‌സില്‍ നിന്നാണ് ഈ നേട്ടം കൈവരിച്ചത്. വിരാട് കോലിയുടെ പല റെക്കോഡുകള്‍ക്കും വലിയ ഭീഷണി ഉയര്‍ത്താന്‍ ബാബറിന് സാധിക്കുമെന്ന് തന്നെ പ്രതീക്ഷിക്കാം.
ടെസ്റ്റില്‍ 9 സെഞ്ച്വറിയും ടി20യില്‍ മൂന്ന് സെഞ്ച്വറിയും ബാബര്‍ നേടി. താരത്തിന്റെ 31ാം അന്താരാഷ്ട്ര സെഞ്ച്വറിയാണ് നേപ്പാളിനെതിരേ നേടിയത്. ഇത്തവണത്തെ ഏഷ്യാ കപ്പിലെ റണ്‍വേട്ടക്കാരില്‍ ബാബര്‍ തലപ്പത്തേക്കെത്താനുള്ള സാധ്യതയും കൂടിയിരിക്കുകയാണ്. ആദ്യ മത്സരത്തില്‍ത്തന്നെ 151 റണ്‍സാണ് അദ്ദേഹം അടിച്ചെടുത്തത്. പാകിസ്താനാണ് ഇത്തവണ ആതിഥേയരാവുന്നതെങ്കിലും കൂടുതല്‍ മത്സരങ്ങളും ശ്രീലങ്കയിലാണ് നടക്കുന്നത്.
ഇന്ത്യ-പാക് പോരാട്ടം ശ്രീലങ്കയിലെ കാന്‍ഡിയിലാണ് നടക്കുന്നത്. സൂപ്പര്‍ പോരാട്ടത്തിന് മുമ്പ് ബാബര്‍ ഫോമിലേക്കെത്തിയത് ഇന്ത്യക്ക് വലിയ തലവേദനയായേക്കും. പാകിസ്താന്റെ ബാറ്റിങ് നിരയും ബൗളിങ് നിരയും ശക്തമാണ്. ഇന്ത്യന്‍ ടീമിന്റെ പേരുകേട്ട ബാറ്റിങ് നിര ഷഹീന്‍ ഷാ അഫ്രീദിക്ക് മുന്നില്‍ ഇത്തവണയും വിറക്കുമോയെന്നതാണ് കണ്ടറിയേണ്ടത്. സമീപകാലത്ത് നേര്‍ക്കുനേര്‍ എത്തിയപ്പോഴെല്ലാം ഷഹീന്റെ ബൗളിങ്ങിന് മുന്നില്‍ ഇന്ത്യയുടെ ടോപ് ഓഡര്‍ പതറിയിരുന്നു.
നേപ്പാളിനെതിരേ ഇഫ്തിഖര്‍ അഹമ്മദ് വെടിക്കെട്ട് സെഞ്ച്വറിയും നേടി. 71 പന്തില്‍ 11 ഫോറും 4 സിക്‌സും ഉള്‍പ്പെടെ 109 റണ്‍സുമായി ഇഫ്തിഖര്‍ പുറത്താവാതെ നിന്നു. 153ന് മുകളിലായിരുന്നു സ്‌ട്രൈക്ക് റേറ്റ്. ഇഫ്തിഖറുടെ മധ്യനിരയിലെ പ്രകടനവും ഇന്ത്യക്ക് വലിയ ഭീഷണിയാവുമെന്ന് തന്നെ വിലയിരുത്താം.