കൊളംബോ: ഏകദിന റാങ്കിങ്ങില്‍ ഒന്നാം സ്ഥാനക്കാരായി വന്ന് ഏഷ്യാ കപ്പില്‍ നാലാം സ്ഥാനക്കാരായി മടങ്ങിയിരിക്കുകയാണ് പാകിസ്താന്‍. സൂപ്പര്‍ ഫോറില്‍ ഇന്ത്യയോടും ശ്രീലങ്കയോടും തോറ്റ പാകിസ്താന്‍ ഫൈനല്‍ കാണാതെ പുറത്താവുകയായിരുന്നു. ബംഗ്ലാദേശ് ഇന്ത്യയെ തോല്‍പ്പിച്ചതോടെ പാകിസ്താന്‍ നാലാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടുകയും ചെയ്തു. ഇത്തവണത്തെ ഏഷ്യാ കപ്പിലെ ആതിഥേയര്‍ പാകിസ്താനായിരുന്നു.
വലിയ കിരീട പ്രതീക്ഷയോടെയെത്തി നാണംകെട്ട് ബാബറിനും സംഘത്തിനും മടങ്ങേണ്ടി വന്നു. ഇപ്പോഴിതാ തോല്‍വിക്ക് പിന്നാലെ പാകിസ്താന്‍ ടീമില്‍ തമ്മിലടിയാണെന്ന റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്. നായകന്‍ ബാബര്‍ ആസമിനെതിരേ ടീമിനുള്ളില്‍ പടയൊരുക്കം നടക്കുന്നുണ്ടെന്നാണ് സംഭവങ്ങള്‍ വ്യക്തമാക്കുന്നത്. ശ്രീലങ്കയ്‌ക്കെതിരായ തോല്‍വിക്ക് ശേഷം പാകിസ്താന്റെ ഡ്രസിങ് റൂമില്‍ നടന്ന സംഭവങ്ങള്‍ ബോല്‍ന്യൂസ് റിപ്പോര്‍ട്ട് ചെയ്തിരുന്നു.
ഇതിലാണ് ബാബറും സഹതാരങ്ങളുമായുള്ള അഭിപ്രായ ഭിന്നത തുറന്നുകാട്ടുന്ന സംഭവങ്ങള്‍ അരങ്ങേറിയത്. സഹതാരങ്ങളോട് ബാബര്‍ സംസാരിക്കവെ താരങ്ങള്‍ ഉത്തരവാദിത്തത്തോടെ കളിച്ചില്ലെന്ന് അദ്ദേഹം പറഞ്ഞു. ഇതിന് ഷഹീന്‍ പറഞ്ഞത് നന്നായി ബാറ്റുചെയ്യുകയും പന്തെറിയുകയും ചെയ്തവരെ അഭിനന്ദിക്കുകയെങ്കിലും ചെയ്യാമായിരുന്നു എന്നാണ്. എന്നാല്‍ ഇത് ബാബറിന് ഇഷ്ടമായില്ല. ആരൊക്കെയാണ് നന്നായി കളിച്ചതെന്ന് എനിക്കറിയാമെന്നാണ് ബാബര്‍ പറഞ്ഞത്.
രണ്ട് പേരും തമ്മില്‍ വാക് പോരാട്ടത്തിലേക്കെത്തുന്നതിന് മുമ്പ് തന്നെ മുഹമ്മദ് റിസ്വാന്‍ ഇടപെടുകയും തര്‍ക്കം നിര്‍ത്തണമെന്ന് ആവശ്യപ്പെടുകയുമായിരുന്നു. ഇതില്‍ നിന്ന് പാകിസ്താന്‍ ടീമിനുള്ളിലെ അന്തരീക്ഷം മോശമാണെന്ന് വ്യക്തം. ഏകദിന ലോകകപ്പ് വരാനിരിക്കെ പാകിസ്താന്‍ ടീമിനുള്ളില്‍ വലിയ പ്രശ്‌നങ്ങളുണ്ടെന്ന് വ്യക്തമാക്കുന്നതാണ് ഡ്രസിങ് റൂമില്‍ നടന്ന സംഭവങ്ങള്‍. ബാബറിനെ പാകിസ്താന്റെ നായകസ്ഥാനത്ത് നിന്ന് മാറ്റാനുള്ള പടയൊരുക്കത്തിലേക്കാണ് കാര്യങ്ങളെത്തുന്നത്.

ബാബര്‍ ആസം സൂപ്പര്‍ താരമെന്ന് പറയുമ്പോഴും ഏഷ്യാ കപ്പില്‍ നിരാശപ്പെടുത്തുന്ന പ്രകടനമാണ് കാഴ്ചവെച്ചത്. നേപ്പാളിനെതിരേ സെഞ്ച്വറി പ്രകടനം നടത്തിയത് മാറ്റിനിര്‍ത്തിയാല്‍ ബാബര്‍ ദുരന്തമായിരുന്നു. പാകിസ്താന്‍ നാലാം സ്ഥാനത്തേക്കെത്തിയതിന് പിന്നില്‍ ബാബറിന്റെ മോശം ഫോമും മോശം ക്യാപ്റ്റന്‍സിയും പ്രധാനപ്പെട്ട കാരണങ്ങളിലൊന്നാണ്. എന്നാല്‍ തോല്‍വിയുടെ ഭാരം ബാബര്‍ സഹതാരങ്ങള്‍ക്ക് മുകളില്‍ കെട്ടിവെക്കുകയാണെന്ന തരത്തിലാണ് ഷഹീന്‍ പ്രതികരിച്ചത്.
ശ്രീലങ്കയ്‌ക്കെതിരായ തോല്‍വിക്ക് ശേഷം പാക് ടീം മടങ്ങുമ്പോള്‍ ബാബര്‍ ആസമില്‍ നിന്ന് സഹതാരങ്ങള്‍ മാറിനില്‍ക്കാന്‍ ശ്രമിക്കുന്നതും കണ്ടിരുന്നു. ഷദാബ് ഖാനും ഷഹീനുമാണ് ബാബറിനോട് കൂടുതല്‍ എതിര്‍പ്പുള്ളത്. എന്നാല്‍ മുഹമ്മദ് റിസ്വാന്‍ ബാബറിനെ പിന്തുണക്കാന്‍ ശ്രമിക്കുന്നതാണ് കാണുന്നത്. പാക് ടീമിന്റെ അടുത്ത നായകനായി ഷഹീന്‍ എത്താനുള്ള സാധ്യതയാണ് കൂടുതല്‍. ഏകദിന ലോകകപ്പിലെ പ്രകടനം വിലയിരുത്തി ഈ മാറ്റം ഉണ്ടായേക്കും.
ബാബറിന്റെ ക്യാപ്റ്റന്‍സി വലിയ മികവുള്ളതല്ല. സഹതാരങ്ങള്‍ വലിയ വില നല്‍കാത്ത നായകനാണ് ബാബര്‍ എന്നത് ഇതിന് മുമ്പ് തന്നെ പല സംഭവങ്ങളില്‍ നിന്നും വ്യക്തം. പല തവണയും ക്യാപ്റ്റനോട് ചോദിക്കാതെ താരങ്ങള്‍ റിവ്യൂവിന് ശ്രമിക്കുന്നതും ബാബര്‍ ഇതില്‍ അതൃപ്തി പ്രകടിപ്പിക്കുന്നതും കണ്ടിട്ടുണ്ട്. ബാബര്‍ ആസമിനെ വിലവെക്കാത്ത താരങ്ങള്‍ പാക് ടീമിലുണ്ട്. പ്ലേയിങ് 11 തിരഞ്ഞെടുപ്പില്‍ പോലും സഹതാരങ്ങള്‍ക്കിടയില്‍ അതൃപ്തിയുണ്ട്.
ഏകദിന ലോകകപ്പിലെ പാകിസ്താന്റെ പ്രകടനം ബാബറിന്റെ കരിയറില്‍ നിര്‍ണ്ണായകമാവും. നിരാശപ്പെടുത്തിയാല്‍ ബാബറിനെ നായകസ്ഥാനത്ത് നിന്ന് നീക്കുമെന്ന കാര്യം ഉറപ്പാണ്. പകരം ഷഹീനാണ് കൂടുതല്‍ സാധ്യത. ടീമിനുള്ളില്‍ കൂടുതല്‍ പിന്തുണ ഷഹീന് ലഭിക്കുന്നുമുണ്ട്. അതുകൊണ്ടുതന്നെ ബാബറിന് മുന്നോട്ടുള്ള യാത്ര എളുപ്പമാവില്ല. ബാബര്‍ നായകസ്ഥാനം ഒഴിയുന്നതാണ് ഒരു തരത്തില്‍ നല്ലത്. ബാറ്റിങ്ങില്‍ കൂടുതല്‍ ശ്രദ്ധിച്ചാല്‍ വലിയ നേട്ടങ്ങളിലേക്കെത്താന്‍ ബാബറിന് സാധിച്ചേക്കും. അതിനുള്ള പ്രതിഭ ബാബറിനുണ്ട്.