ടീം ഇന്ത്യയുടെ എട്ടാം കിരീട വിജയത്തോടെ ഏഷ്യാ കപ്പിനു തിരശീല വീണിരിക്കുകയാണ്. കൊളംബോയില്‍ നടന്ന കലാശക്കളിയില്‍ ശ്രീലങ്കയെ പത്തു വിക്കറ്റിനു നിഷ്പ്രഭരാക്കിയായിരുന്നു 2018നു ശേഷമുള്ള ആദ്യ ഏഷ്യാ കപ്പില്‍ ഇന്ത്യ മുത്തമിട്ടത്. നിരവധി റെക്കോര്‍ഡുകളും ഇതോടെ ഇന്ത്യ തകര്‍ക്കുകയും ചെയ്തിരുന്നു. ടൂര്‍ണമെന്റ് സമാപിച്ചതിനു തൊട്ടുപിന്നാലെ വിവിധ ടീമുകള്‍ക്കായി ഏറ്റവും മികച്ച പ്രകടനം നടത്തിയ താരങ്ങളെ ഉള്‍പ്പെടുത്തി ബെസ്റ്റ് ഇലവനെ തിരഞ്ഞെടുത്തിരിക്കുകയാണ് വിസ്ഡണ്‍.
നിലവിലെ ചാംപ്യന്‍മാരായ ഇന്ത്യയുടെ ആധിപത്യമാണ് ഇലവനില്‍ കാണാന്‍ സാധിക്കുക. 11 പേരില്‍ ആറു പേരും ഉന്ത്യന്‍ താരങ്ങളാണ്. ശ്രീലങ്കയില്‍ നിന്നും പാകിസ്താനില്‍ നിന്നും രണ്ടു വീതവും ബംഗ്ലാദേശില്‍ നിന്നും ഒരാളും ഇലവനില്‍ ഇടം പിടിച്ചു. പക്ഷെ ചില വമ്പന്‍ താരങ്ങള്‍ ഇലവനില്‍ നിന്നും തഴയപ്പെട്ടു.

ഇതിഹാസ ബാറ്ററും ഇന്ത്യയുടെ മുന്‍ നായകനുമായ വിരാട് കോലിയും ലോക ഒന്നാം നമ്പറും പാകിസ്താന്‍ ക്യാപ്റ്റനുമായ ബാബര്‍ ആസമും ഇലവനില്‍ ഉള്‍പ്പെട്ടിട്ടില്ല. കൂടാതെ പാകിസ്താന്റെ ഇടംകൈയന്‍ സ്റ്റാര്‍ പേസര്‍ ഷഹീന്‍ അഫ്രീഡിയും ഇലവനില്‍ ഇല്ല. ഇന്ത്യയുടെ സൂപ്പര്‍ പേസര്‍ ജസ്പ്രീത് ബുംറയ്ക്കും ഇലവനില്‍ സ്ഥാനമില്ലെന്നതാണ് മറ്റൊരു ശ്രദ്ധേയായ കാര്യം.
ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മയും യുവ ബാറ്റിങ് സെന്‍സേഷന്‍ ശുഭ്മന്‍ ഗില്ലുമാണ് ഇലവന്റെ ഓപ്പണര്‍മാര്‍. ടൂര്‍ണമെന്റില്‍ ഏറ്റവുമധികം റണ്‍സ് വാരിക്കൂട്ടിയ താരം കൂടിയാണ് ഗില്‍. ആറു ഇന്നിങ്‌സുകളില്‍ നിന്നും 75.50 ശരാശരിയില്‍ 302 റണ്‍സ് അദ്ദേഹം സ്‌കോര്‍ ചെയ്തിരുന്നു. ഒരു സെഞ്ച്വറിയും രണ്ടു ഫിഫ്റ്റികളും ഉള്‍പ്പെടെയായിരുന്നു ഇത്.
മൂന്നാം നമ്പറില്‍ കോലി, ബാബര്‍ എന്നിവരെ പിന്തള്ളി ശ്രീലങ്കയുടെ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ കുശാല്‍ മെന്‍ഡിസ് ഇടം പിടിക്കുകയായിരുന്നു. ടൂര്‍ണമെന്റിലുടനീളം ഉജ്ജ്വല പ്രകനമായിരുന്നു അദ്ദേഹം നടത്തിയത്. നാലാമനായി പാകിസ്താന്‍ വിക്കറ്റ് കീപ്പര്‍ മുഹമ്മദ് റിസ്വാനാണ് ഇലവനിലുള്ളത്.
അഞ്ചാം നമ്പറില്‍ ഇന്ത്യയുടെ വിക്കറ്റ് കീപ്പര്‍ കെഎല്‍ രാഹുല്‍ കളിക്കും. പരിക്കു ഭേദമായി ഈ ടൂര്‍ണമെന്റിലൂടെ മടങ്ങിയെത്തിയ അദ്ദേഹം മിന്നുന്ന പ്രകടനം ബാറ്റിങിലും വിക്കറ്റ് കീപ്പിങിലും കാഴ്ചവച്ചിരുന്നു. ആറാമനായി ഇലവനിലുള്ളത് ബംഗ്ലാദേശ് ക്യാപ്റ്റനും സ്റ്റാര്‍ ഓള്‍റൗണ്ടറുമായ ഷാക്വിബുല്‍ ഹസനാണ്. ഏഴാമനായി ഇന്ത്യന്‍ വൈസ് ക്യാപ്റ്റനും മറ്റൊരു സൂപ്പര്‍ ഓള്‍റൗണ്ടറുമായ ഹാര്‍ദിക് പാണ്ഡ്യയാണുള്ളത്.

ശ്രീലങ്കയുടെ യുവ സ്പിന്‍ ബൗളിങ് ഓള്‍റൗണ്ടര്‍ ദുനിത് വെല്ലാലഗെയാണ് എട്ടാം നമ്പറില്‍. പാകിസ്താന്റെ സ്പീഡ് സ്റ്റാര്‍ ഹാരിസ് റൗഫും ഇന്ത്യയുടെ മുഹമ്മദ് സിറാജുമാണ് പേസാക്രമണത്തിനു ചുക്കാന്‍ പിടിക്കുക. ഇന്ത്യയുടെ കുല്‍ദീപ് യാദവാണ് ടീമിലെ 11ാമന്‍. കുല്‍ദീപും വെല്ലാലഗെയും ചേര്‍ന്നായിരിക്കും ഇലവന്റെ സ്പിന്‍ ബൗളിങ് കൈകാര്യം ചെയ്യുക.
വിസ്ഡണ്‍ തിരഞ്ഞെടുത്ത ടൂര്‍ണമന്റിലെ മികച്ച ഇലവന്‍
രോഹിത് ശര്‍മ (ഇന്ത്യ), ശുഭ്മന്‍ ഗില്‍ (ഇന്ത്യ), കുശാല്‍ മെന്‍ഡിസ് (ശ്രീലങ്ക), മുഹമ്മദ് റിസ്വാന്‍ (പാകിസ്താന്‍), കെഎല്‍ രാഹുല്‍ (ഇന്ത്യ), ഷാക്വിബുല്‍ ഹസന്‍ (ബംഗ്ലാദേശ്), ഹാര്‍ദിക് പാണ്ഡ്യ (ഇന്ത്യ), ദുനിത് വെല്ലലഗെ (ശ്രീലങ്ക), ഹാരിസ് റൗഫ് (പാകിസ്താന്‍), കുല്‍ദീപ് യാദവ് (ഇന്ത്യ), മുഹമ്മദ് സിറാജ് (ഇന്ത്യ)