Asia Cup 2023: നാലാം നമ്പറില്‍ കളിക്കാന്‍ രോഹിത്, മണ്ടത്തരം! ഓപ്പണിങ് വിട്ടാല്‍ പണികിട്ടും
മുംബൈ: ഏഷ്യാ കപ്പ്, ഏകദിന ലോകകപ്പ് എന്നീ രണ്ട് വമ്പന്‍ ടൂര്‍ണമെന്റുകള്‍ വരാനിരിക്കുകയാണ്. ഏകദിന ലോകകപ്പ് ഇന്ത്യന്‍ മണ്ണിലാണ് നടക്കാന്‍ പോകുന്നത്. അതുകൊണ്ടുതന്നെ ആതിഥേയരെന്ന നിലയില്‍ ഇന്ത്യക്ക് ഇത്തവണത്തെ ലോകകപ്പ് വളരെ പ്രധാനപ്പെട്ടതാണ്. എന്നാല്‍ പരിക്ക് വില്ലനായി മാറിയതോടെ ഇന്ത്യ പല പരീക്ഷണങ്ങള്‍ക്കും നിര്‍ബന്ധിതരാവുകയാണ്. നാലാം നമ്പറില്‍ ആരെന്നത് ഏറെ നാളുകളായി ഇന്ത്യയെ കുഴപ്പിക്കുന്ന ചോദ്യമാണ്.
ഇതിന് പരിഹാരമായി ലോകകപ്പില്‍ രോഹിത് ശര്‍മയെ നാലാം നമ്പറില്‍ കളിപ്പിക്കണമെന്ന അഭിപ്രായം ഉയരുന്നുണ്ട്. വെടിക്കെട്ട് ഓപ്പണറായ രോഹിത് നാലാം നമ്പറിലേക്ക് മാറിയാല്‍ ടീമിന് അത് ഗുണകരമായി മാറുമെന്ന് അഭിപ്രായമുള്ളവര്‍ ഏറെയാണ്. എന്നാല്‍ രോഹിത്തിനെ നാലാം നമ്പറിലേക്ക് മാറ്റുന്നത് ഇന്ത്യ കാട്ടുന്ന വലിയ സാഹസമാവും. ലോകകപ്പിന് തൊട്ടുമുമ്പായി ഇത്തരമൊരു പരീക്ഷണം നടത്തുന്നത് ഇന്ത്യയെ പ്രതികൂലമായി ബാധിച്ചേക്കും.

രോഹിത് ലോകകപ്പിലും ഏഷ്യാ കപ്പിലും ഓപ്പണറായി തുടരണമെന്ന് പറയാനുള്ള കാരണങ്ങള്‍ എന്തൊക്കെയാണെന്ന് പരിശോധിക്കാം. ഒന്നാമത്തെ കാരണം ഇത്തരമൊരു പരീക്ഷണത്തിന് ഇനി സമയമില്ലെന്നതാണ്. ഇന്ത്യക്ക് ഇത്തരമൊരു മാറ്റം വേണമായിരുന്നെങ്കില്‍ നേരത്തെ തന്നെ ഈ പരീക്ഷണം നടത്തണമായിരുന്നു. ഇപ്പോള്‍ സമയം ഏറെ വൈകിയിരിക്കുന്നു. ഇപ്പോള്‍ ഇത്തരമൊരു പരീക്ഷണം നടത്തിയാല്‍ ഇന്ത്യയുടെ പദ്ധതികളെല്ലാം തകരും. ഒന്നില്‍ നിന്ന് ഇന്ത്യ ടീം കെട്ടിപ്പടുക്കേണ്ടതായി വരും.
കരിയറിന്റെ തുടക്ക സമയത്ത് മധ്യനിരയില്‍ കളിച്ചിട്ടുള്ള ബാറ്റ്‌സ്മാനാണ് രോഹിത് ശര്‍മ. എന്നാല്‍ 2013ന് ശേഷം രോഹിത് തുടര്‍ച്ചയായി ഓപ്പണിങ്ങിലാണ് ശോഭിച്ചത്. ഇഷാന്‍ കിഷനെയും ശുബ്മാന്‍ ഗില്ലിനെയും ഒാപ്പണിങ്ങില്‍ ഇറക്കുകയും ഇരുവരും ഫോമിലേക്കെത്താത്ത സാഹചര്യവും ഉണ്ടായാല്‍ ഇന്ത്യയുടെ ലോകകപ്പ് പ്രതീക്ഷകളെത്തന്നെയത് പ്രതികൂലമായി ബാധിച്ചേക്കും. അതുകൊണ്ടുതന്നെ രോഹിത് ഓപ്പണറായി തുടരുന്നതാണ് നല്ലത്.
രോഹിത്തിനെ മാറ്റിയാല്‍ ടോപ് ഓഡര്‍ പൊളിയാനുള്ള സാധ്യത കൂടുതലാണ്. നിലയുറപ്പിച്ചാല്‍ വലിയ സ്‌കോറിലേക്കെത്താന്‍ കെല്‍പ്പുള്ളവനാണ് രോഹിത്. തുടക്കത്തിലേ തന്നെ ബൗളര്‍മാരെ ആക്രമിച്ച് സമ്മര്‍ദ്ദത്തിലാക്കാനും പവര്‍പ്ലേയെ നന്നായി ഉപയോഗപ്പെടുത്താനും രോഹിത്തിനറിയാം. അനുഭവസമ്പന്നനായ ബാറ്റ്‌സ്മാനാണ് അദ്ദേഹം. എന്നാല്‍ ശുബ്മാനും ഇഷാനും യുവതാരങ്ങളാണ്. ലോകകപ്പിന്റെ സമ്മര്‍ദ്ദം ഇവരെ ബാധിക്കുകയും ഫ്‌ളോപ്പാവുകയും ചെയ്താല്‍ ടീമിനെ അത് പ്രതികൂലമായി ബാധിക്കും.
ഓപ്പണര്‍മാര്‍ ഫ്‌ളോപ്പായാല്‍ വിരാട് കോലിക്ക് കൂടുതല്‍ സമ്മര്‍ദ്ദം നേരിടേണ്ടി വരും. ഇത് കോലിയുടെ പ്രകടനത്തേയും മോശമാക്കും. അതുകൊണ്ടുതന്നെ നിലവിലെ ഓപ്പണിങ് കൂട്ടുകെട്ട് തുടരുന്നതാണ് ഇന്ത്യക്ക് നല്ലത്. മൂന്നാമത്തെ കാര്യം രോഹിത്തിന്റെ ഓപ്പണിങ്ങിലെ റെക്കോഡാണ്. മധ്യനിരയില്‍ മികവ് കാട്ടാന്‍ സാധിക്കാതിരുന്ന രോഹിത് സൂപ്പര്‍ താരമായത് ഓപ്പണറായ ശേഷമാണ്. മൂന്ന് ഇരട്ട സെഞ്ച്വറികള്‍ ഓപ്പണറായി അദ്ദേഹം നേടിയിട്ടുണ്ട്.
2019ലെ ഏകദിന ലോകകപ്പില്‍ അഞ്ച് സെഞ്ച്വറികളടക്കം നേടിയാണ് ഹിറ്റ്മാന്‍ ഓപ്പണിങ്ങില്‍ കസറിയത്. ആധുനിക ക്രിക്കറ്റിലെ ഏറ്റവും മികച്ച ഓപ്പണര്‍മാരിലൊരാളായ രോഹിത്തിനെ പെട്ടെന്ന് ആ സ്ഥാനത്ത് നിന്ന് മാറ്റുന്നത് ടീമിനെ പ്രതികൂലമായി ബാധിക്കുമെന്ന കാര്യം ഉറപ്പാണ്. ഈ വര്‍ഷം 383 റണ്‍സാണ് രോഹിത് ഏകദിനത്തില്‍ നേടിയത്. 47.87 ആണ് ശരാശരി. ഇത്രയും മികച്ച ഫോമില്‍ ഓപ്പണിങ്ങില്‍ തുടരുമ്പോള്‍ രോഹിത്തിനെ ആ സ്ഥാനത്ത് നിന്ന് മാറ്റുന്നത് ടീമിന് ഗുണം ചെയ്‌തേക്കില്ല.
നാലാം നമ്പറില്‍ കളിച്ച് അനുഭവസമ്പത്തുള്ള ശ്രേയസ് അയ്യര്‍ ടീമിലേക്ക് തിരിച്ചുവരാനൊരുങ്ങുകയാണ്. പരിക്കിന്റെ ഇടവേളക്ക് ശേഷമാണ് ശ്രേയസിന്റെ വരവ്. സഞ്ജു സാംസണും നാലാം നമ്പറില്‍ അവസരം തേടുന്നു. ഇവരെല്ലാം ഉള്ളപ്പോള്‍ രോഹിത്തിനെ പെട്ടെന്ന് നാലാം നമ്പറിലേക്ക് മാറ്റുന്നത് മണ്ടന്‍ തീരുമാനമായിരിക്കുമെന്ന കാര്യം നിസംശയം പറയാം. ഇതിനോടകം നിരവധി പരീക്ഷണങ്ങള്‍ നടത്തിയ ഇന്ത്യ ഇത്തരമൊരു പരീക്ഷണം കൂടി നടത്താനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications