മുംബൈ: ഏഷ്യാ കപ്പിന്റെ ആവേശത്തിന് ആഗസ്റ്റ് 31ന് തുടക്കമാവുകയാണ്. ഇത്തവണ പാകിസ്താനിലും ശ്രീലങ്കയിലുമായാണ് ഏഷ്യാ കപ്പ് നടക്കുന്നത്. നാല് മത്സരങ്ങള്‍ പാകിസ്താനിലും ശേഷിക്കുന്ന ഒമ്പത് മത്സരങ്ങള്‍ ശ്രീലങ്കയിലും നടക്കും. ഇന്ത്യയുടെ എല്ലാ മത്സരങ്ങളും ശ്രീലങ്കയിലായതിനാല്‍ വലിയ പ്രതീക്ഷയാണുള്ളത്. ശ്രീലങ്കയിലെ ഇന്ത്യയുടെ കണക്കുകളെല്ലാം വളരെ മികച്ചതാണ്. അതുകൊണ്ട് തന്നെ ടീം സജീവ കിരീട പ്രതീക്ഷയിലുമാണ്.
ഇടവേളക്ക് ശേഷം ഇന്ത്യയും പാകിസ്താനും വീണ്ടും നേര്‍ക്കുനേര്‍ എത്തുന്നുവെന്നതാണ് ഏഷ്യാ കപ്പിനെ കൂടുതല്‍ ആവേശകരമാക്കുന്നത്. അവസാനമായി ടി20 ലോകകപ്പില്‍ ഏറ്റുമുട്ടിയപ്പോള്‍ വിരാട് കോലിയുടെ ബാറ്റിങ് കരുത്തില്‍ ഇന്ത്യ പാകിസ്താനെ തോല്‍പ്പിച്ചിരുന്നു. അതുകൊണ്ട് തന്നെ കണക്കുതീര്‍ക്കാനുറച്ചാവും പാകിസ്താന്‍ ഇറങ്ങുക. ഏഷ്യാ കപ്പില്‍ രണ്ട് തവണ ഇന്ത്യ-പാകിസ്താന്‍ പോരാട്ടം ഉറപ്പാണ്. രണ്ട് തവണയും ഇന്ത്യ തോല്‍ക്കാനാണ് സാധ്യത കൂടുതല്‍.
ഇത്തരമൊരു വിലയിരുത്തല്‍ നടത്താനുള്ള മൂന്ന് കാരണങ്ങള്‍ പരിശോധിക്കാം. ഒന്നാമത്തെ കാരണം പാകിസ്താന്റെ പേസ് കരുത്താണ്. ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍മാര്‍ക്ക് ഇടം കൈയന്‍ പേസര്‍മാരെന്നാല്‍ വലിയ തലവേദനയാണ്. രോഹിത് ശര്‍മ, വിരാട് കോലി ഉള്‍പ്പെടെയുള്ള പല പ്രമുഖര്‍ക്കും ഇതേ പ്രശ്‌നമുണ്ട്. പാകിസ്താന്റെ പേസ് കരുത്ത് മറ്റെല്ലാവരെക്കാളും ഒരുപടി മുകളിലുള്ളതാണ്. 2017ലെ ചാമ്പ്യന്‍സ് ട്രോഫിയില്‍ മുഹമ്മദ് അമീര്‍ ഇന്ത്യയെ തകര്‍ത്തത് എല്ലാവരും കണ്ടതാണ്.
അമീറിന്റെ റോളില്‍ ഷഹീന്‍ ഷാ അഫ്രീദിയാണ് ഇപ്പോഴുള്ളത്. അവസാന ടി20 ലോകകപ്പില്‍ കോലിയുടെ ഒറ്റയാള്‍ പ്രകടനത്തോടൊപ്പം ഭാഗ്യവും ഇന്ത്യയെ തുണച്ചതോടെയാണ് പാകിസ്താനെ തോല്‍പ്പിക്കാനായത്. ഇത്തവണയും ശക്തമായ ബൗളിങ് കരുത്ത് പാകിസ്താനൊപ്പമുണ്ട്. മുഹമ്മദ് വസീം, മുഹമ്മദ് ഹസ്‌നെയ്ന്‍, സമാന്‍ ഖാന്‍, ഹാരിസ് റഊഫ്, നസീം ഷാ എന്നിവരെല്ലാം ഇന്ത്യയെ വിറപ്പിക്കാന്‍ കഴിവുള്ള പേസര്‍മാരാണ്.
ശ്രീലങ്കയിലെ ഫ്‌ളാറ്റ് പിച്ച് ബാറ്റിങ്ങിന് അനുകൂലമാണെന്ന് പറയുമ്പോഴും 145ന് മുകളില്‍ തുടര്‍ച്ചയായി വേഗം കണ്ടെത്തുന്ന പാക് ബൗളര്‍മാര്‍ക്ക് ഇന്ത്യയെ വിറപ്പിക്കാന്‍ സാധിച്ചേക്കും. ഇന്ത്യയുടെ പല ബാറ്റ്‌സ്മാന്‍മാരും സ്ഥിരത കണ്ടെത്താനാവാതെ പ്രയാസപ്പെടുന്ന സാഹചര്യത്തില്‍ പാക് പേസര്‍മാര്‍ വലിയ വെല്ലുവിളി ഉയര്‍ത്തുമെന്ന കാര്യത്തില്‍ സംശയമില്ല. ഇന്ത്യന്‍ പേസ് നിരയെക്കാള്‍ ഒരുപടി മുകളിലാണ് പാകിസ്താന്റെ പേസ് നിര.

പാകിസ്താന്റെ ബാറ്റിങ് കരുത്താണ് എടുത്തു പറയേണ്ടത്. ഇന്ത്യയുടെ പ്രധാന ബാറ്റ്‌സ്മാന്‍മാരായ വിരാട് കോലിയും രോഹിത് ശര്‍മയും പഴയ നിലവാരം ഇപ്പോള്‍ കാട്ടുന്നില്ല. കോലി ഫോമിലേക്ക് തിരിച്ചെത്തിയെന്ന് പറയുമ്പോഴും പ്രധാപകാലത്തെ മികവ് ഇപ്പോള്‍ അവകാശപ്പെടാനാവില്ല. ഇന്ത്യയുടെ പ്രധാനപ്പെട്ട പല താരങ്ങളും പരിക്കിന്റെ ഇടവേളക്ക് ശേഷമാണ് തിരിച്ചെത്തുന്നത്. ജസ്പ്രീത് ബുംറ, കെ എല്‍ രാഹുല്‍, ശ്രേയസ് അയ്യര്‍ എന്നിവരെല്ലാം ഇന്ത്യന്‍ ടീമിലേക്ക് തിരിച്ചെത്തുമെന്നാണ് റിപ്പോര്‍ട്ട്.
പക്ഷെ ഇവരെല്ലാം പരിക്കിന് ശേഷമാണ് മടങ്ങിയെത്തുന്നത്. അതുകൊണ്ട് തന്നെ ഇന്ത്യക്ക് കാര്യങ്ങള്‍ എളുപ്പമായിരിക്കില്ലെന്നുറപ്പ്. അതേ സമയം പാകിസ്താന്‍ നിരയില്‍ ബാബര്‍ അസം, ഫഖര്‍ സമാന്‍, മുഹമ്മദ് റിസ്വാന്‍ എന്നിവരെല്ലാം ഗംഭീര പ്രകടനമാണ് നടത്തുന്നത്. ശ്രീലങ്കയില്‍ ഇന്ത്യയുടെ ബാറ്റിങ് നിരയ്ക്കുള്ള മികവുതന്നെ പാകിസ്താനും അവകാശപ്പെടാം. ഇന്ത്യക്കെതിരേ പാക് ബാറ്റിങ് നിരയ്ക്ക് സവിശേഷമായ മികവുണ്ട്.
പ്രത്യേകിച്ച് ബാബറും റിസ്വാനും ഇന്ത്യക്കെതിരേ കളിച്ചപ്പോഴെല്ലാം മികച്ച ബാറ്റിങ്ങാണ് കാഴ്ചവെച്ചിട്ടുള്ളത്. ഇത് ഇന്ത്യക്കെതിരേ പാകിസ്താന് മുന്‍തൂക്കം നല്‍കുമെന്ന കാര്യം ഉറപ്പാണ്. ഇന്ത്യന്‍ താരങ്ങളുടെ ഫിറ്റ്‌നസ് പ്രധാന പ്രശ്‌നമാണ്. തുടര്‍ച്ചയായി മത്സരങ്ങള്‍ കളിക്കുന്ന ഇന്ത്യന്‍ താരങ്ങള്‍ക്ക് ആവിശ്യത്തിന് വിശ്രമം ലഭിക്കുന്നില്ല. പല താരങ്ങളും പരിക്കിന്റെ പ്രശ്‌നങ്ങള്‍ നേരിടുന്നവരാണ്. അതുകൊണ്ട് തന്നെ ഫിറ്റ്‌നസ് നിലവാരം ഇന്ത്യക്ക് തിരിച്ചടി നല്‍കിയേക്കും.