
ദുബായ്: ഏഷ്യാ കപ്പ് സൂപ്പര്‍ ഫോറിലെ നിര്‍ണ്ണായക മത്സരത്തില്‍ ശ്രീലങ്കയ്ക്ക് മുന്നില്‍ തലകുനിച്ച് ഇന്ത്യ. ആറ് വിക്കറ്റിനാണ് ശ്രീലങ്ക ഇന്ത്യയെ പരാജയപ്പെടുത്തിയത്. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 8 വിക്കറ്റ് നഷ്ടത്തില്‍ 173 റണ്‍സെടുത്തപ്പോള്‍ 1 പന്തും 6 വിക്കറ്റും ബാക്കിനിര്‍ത്തി ശ്രീലങ്ക ജയിക്കുകയായിരുന്നു. ഓപ്പണര്‍മാരായ കുശാല്‍ മെന്‍ഡിസ് (57) പതും നിസങ്ക (52) എന്നിവരുടെ ഫിഫ്റ്റിയും അഞ്ചാം വിക്കറ്റിലെ ദസുന്‍ ഷണക (33*) ബനുക രാജപക്‌സെ (25*) കൂട്ടുകെട്ടുമാണ് ശ്രീലങ്കയ്ക്ക് ജയമൊരുക്കിയത്.
സൂപ്പര്‍ ഫോറില്‍ പാകിസ്താനോടും തോറ്റ ഇന്ത്യയുടെ ഫൈനല്‍ പ്രതീക്ഷ ഏറെക്കുറെ അസ്തമിച്ചു. അത്ഭുതങ്ങള്‍ സംഭവിക്കാത്ത പക്ഷം ഇന്ത്യ പുറത്താണെന്ന് പറയാം. 8ന് അഫ്ഗാനിസ്ഥാനെതിരെയാണ് ഇന്ത്യയുടെ അവസാന മത്സരം. പാകിസ്താന്‍ - അഫ്ഗാനിസ്ഥാന്‍ മത്സരം ഇന്ത്യക്ക് നിര്‍ണ്ണായകമാവും. നിലവിലെ ചാമ്പ്യന്മാരായ ഇന്ത്യ തീര്‍ത്തും നിരാശപ്പെടുത്തിയെന്ന് തന്നെ പറയാം.

ശ്രീലങ്കയ്‌ക്കെതിരേ ഇന്ത്യയുടെ ഭൂരിപക്ഷം ബാറ്റ്സ്മാന്‍മാരും നിരാശപ്പെടുത്തിയപ്പോള്‍ നായകന്‍ രോഹിത് ശര്‍മ (72) അര്‍ധ സെഞ്ച്വറി നേടിയതാണ് ഇന്ത്യയെ ഭേദപ്പെട്ട നിലയിലേക്കെത്തിച്ചത്. ശ്രീലങ്കയ്ക്കായി ദില്‍ഷന്‍ മധുശന്‍ക മൂന്നും ചമിക കരുണരത്നയും ദസുന്‍ ഷണയകയും രണ്ട് വിക്കറ്റ് വീതവും മഹേഷ് തീക്ഷണ ഒരു വിക്കറ്റും വീഴ്ത്തി.
ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയുടെ തുടക്കം പിഴച്ചു. രണ്ടാം ഓവറില്‍ത്തന്നെ ഓപ്പണര്‍ കെ എല്‍ രാഹുലിനെ നഷ്ടമായി. 7 പന്തില്‍ 1 ഫോറടക്കം 6 റണ്‍സെടുത്ത രാഹുലിനെ മഹേഷ് തീക്ഷണ എല്‍ബിയില്‍ കുടുക്കുകയായിരുന്നു. മൂന്നാം ഓവറില്‍ വിരാട് കോലിയേയും (0) ഇന്ത്യക്ക് നഷ്ടമായി. 4 പന്ത് നേരിട്ട കോലിയെ ഇടം കൈയന്‍ പേസര്‍ ദില്‍ഷന്‍ മധുശന്‍ക ക്ലീന്‍ബൗള്‍ഡ് ചെയ്തു. കോലി മടങ്ങുമ്പോള്‍ 2.4 ഓവറില്‍ ഇന്ത്യ 2 വിക്കറ്റിന് 13 റണ്‍സെന്ന നിലയിലായിരുന്നു.
എന്നാല്‍ മൂന്നാം വിക്കറ്റിലൊത്തുചേര്‍ന്ന രോഹിത്തും സൂര്യകുമാര്‍ യാദവും ചേര്‍ന്ന് സ്‌കോര്‍ബോര്‍ഡുയര്‍ത്തി. 32 പന്തില്‍ രോഹിത് 3 ഫോറും 2 സിക്സും ഉള്‍പ്പെടെ ഫിഫ്റ്റി പൂര്‍ത്തിയാക്കി ഇന്ത്യയെ മുന്നില്‍ നിന്ന് നയിച്ചു. ഒരുവശത്ത് രോഹിത് അതിവേഗം സ്‌കോര്‍ ഉയര്‍ത്തിയപ്പോള്‍ സൂര്യകുമാര്‍ മികച്ച പിന്തുണ നല്‍കി. 41 പന്തില്‍ 5 ഫോറും 4 സിക്സും ഉള്‍പ്പെടെ 72 റണ്‍സ് നേടിയ രോഹിത്തിനെ ചമിക കരുണരത്ന പതും നിസങ്കയുടെ കൈയിലെത്തിച്ചു. രോഹിത് പുറത്താവുമ്പോള്‍ 12.2 ഓവറില്‍ 3 വിക്കറ്റിന് ഇന്ത്യ 110 എന്ന മികച്ച നിലയിലായിരുന്നു.

സൂര്യയുമായി 97 റണ്‍സിന്റെ കൂട്ടുകെട്ട് സൃഷ്ടിച്ചാണ് രോഹിത് പുറത്തായത്. ഒരു വശത്ത് പതിയെ മുന്നേറിയ സൂര്യകുമാറിനെ (34) ദസുന്‍ ഷണക മഹേഷ് തീക്ഷണയുടെ കൈയിലെത്തിച്ചു. സ്ലോ ബൗണ്‍സറില്‍ അപ്പര്‍കട്ടിന് ശ്രമിച്ചാണ് സൂര്യയുടെ മടക്കം.
പിന്നാലെയെത്തിയ റിഷഭ് പന്തും ഹര്‍ദിക്കും ചേര്‍ന്ന് നിലയുറപ്പിച്ച് വരവെ 13 പന്തില്‍ 1 സിക്സടക്കം 17 റണ്‍സെടുത്ത ഹര്‍ദിക്കിനെ ദസുന്‍ ഷണക പുറത്താക്കി. സിക്സറിന് ശ്രമിച്ച പതും നിസങ്കയ്ക്ക് ക്യാച്ച് നല്‍കിയാണ് മടക്കം. ദീപക് ഹൂഡയെ ഷണക ഡെക്കിന് പുറത്താക്കിയെങ്കിലും ഭാഗ്യം നോബോളായി എത്തിയതിനാല്‍ വിക്കറ്റ് നഷ്ടമായില്ല.

എന്നാല്‍ ഹൂഡക്കിത് മുതലാക്കാനായില്ല. 19ാം ഓവര്‍ എറിയാനെത്തിയ മധുശന്‍ക ആദ്യ പന്തില്‍ ഹൂഡയെ (4 പന്തില്‍ 3) ക്ലീന്‍ബൗള്‍ഡ് ചെയ്തു. മൂന്നാം പന്തില്‍ റിഷഭ് പന്തിനെയും (13 പന്തില്‍ 17) മധുശന്‍ക മടക്കി. ഇന്ത്യയെ തളര്‍ത്തുന്ന വിക്കറ്റായിരുന്നു ഇത്.
അവസാന ഓവറിലെ മൂന്നാം പന്തില്‍ ഭുവനേശ്വര്‍ കുമാറെ (0) കരുണരത്ന ക്ലീന്‍ബൗള്‍ഡ് ചെയ്തു. ആര്‍ അശ്വിന്‍ (7 പന്തില്‍ 15) അവസാന ഓവറില്‍ ഒരു സിക്സറടക്കം നേടിയ ചെറുത്തിനില്‍പ്പാണ് ഇന്ത്യയെ 170 കടത്തിയത്. അര്‍ഷദീപ് സിങ് (1*) പുറത്താവാതെ നിന്നു.

മറുപടിക്കിറങ്ങിയ ശ്രീലങ്കയ്ക്ക് ഗംഭീര തുടക്കമാണ് ലഭിച്ചത്. ഒന്നാം വിക്കറ്റില്‍ പതും നിസങ്കയും കുശാല്‍ മെന്‍ഡിസും ചേര്‍ന്ന് 97 റണ്‍സിന്റെ കൂട്ടുകെട്ടാണ് സൃഷ്ടിച്ചത്. 37 പന്തില്‍ 4 ഫോറും 2 സിക്സും ഉള്‍പ്പെടെ 52 റണ്‍സ് നേടിയ നിസങ്കയെ യുസ് വേന്ദ്ര ചഹാല്‍ രോഹിത്തിന്റെ കൈയിലെത്തിച്ചു. മൂന്നാമന്‍ ചരിത് അസലങ്കയെ (0) ഇതേ ഓവറില്‍ത്തന്നെ ചഹാല്‍ മടക്കി.
നാലാമന്‍ ധനുഷ്‌ക ഗുണതിലകയെ (7 പന്തില്‍ 1) അശ്വിന്‍ രാഹുലിന്റെ കൈയിലുമെത്തിച്ചു. എന്നാല്‍ ഒരുവശത്ത് കുശാല്‍ മെന്‍ഡിസ് ഭീഷണി ഉയര്‍ത്തിയെങ്കിലും 15ാം ഓവറിന്റെ ആദ്യ പന്തില്‍ ചഹാല്‍ മെന്‍ഡിസിനെ എല്‍ബിയില്‍ കുടുക്കി. 37 പന്തില്‍ 4 ഫോറും 3 സിക്സും ഉള്‍പ്പെടെ 57 റണ്‍സാണ് മെന്‍ഡിസ് നേടിയത്.

ഇന്ത്യ തിരിച്ചെത്തുമെന്ന് തോന്നിപ്പിച്ചെങ്കിലും ക്യാപ്റ്റന്‍ ദസുന്‍ ഷണക (18 പന്തില്‍ 33) ബനുക രാജപക്‌സെ (17 പന്തില്‍ 25) എന്നിവരുടെ അപരാജിത കൂട്ടുകെട്ട് ഇന്ത്യയെ തകര്‍ക്കുകയായിരുന്നു. ഇന്ത്യക്കായി യുസ് വേന്ദ്ര ചഹാല്‍ മൂന്നും ആര്‍ അശ്വിന്‍ 1 വിക്കറ്റും വീഴ്ത്തി.
പ്ലേയിങ് 11: ഇന്ത്യ- കെ എല്‍ രാഹുല്‍, രോഹിത് ശര്‍മ (ക്യാപ്റ്റന്‍), വിരാട് കോലി, സൂര്യകുമാര്‍ യാദവ്, റിഷഭ് പന്ത്, ഹര്‍ദിക് പാണ്ഡ്യ, ദീപക് ഹൂഡ, ആര്‍ അശ്വിന്‍, ഭുവനേശ്വര്‍ കുമാര്‍, അര്‍ഷദീപ് സിങ്, യുസ് വേന്ദ്ര ചഹാല്‍.
ശ്രീലങ്ക-പതും നിസങ്ക, കുശാല്‍ മെന്‍ഡിസ്, ചരിത് അസലങ്ക, ധനുഷ്‌ക ഗുണതിലക, ദസുണ്‍ ഷണക (ക്യാപ്റ്റന്‍), ബാനുക രാജപക്‌സെ, വനിന്‍ഡു ഹസരങ്ക, ചമിക കരുണരത്‌ന, മഹേഷ് തീക്ഷണ, അസിത ഫെര്‍ണാണ്ടോ, ദില്‍ഷന്‍ മധുശന്‍ക.